വായുവിലൂടെ പകരുന്ന ഒരു രോഗമാണ് കുഷ്ഠം. മൈക്കോബാക്റ്റീരിയം ലെപ്രെ എന്ന ബാക്ടീരിയ വഴി പകരുന്ന ഈ രോഗം പൂർണമായി ചികിത്സിച്ച് ഭേദമാക്കാവുന്നതാണ്.
രോഗ ലക്ഷണങ്ങൾ :- തൊലിപ്പുറത്ത് കാണുന്ന സ്പർശനശേഷി കുറഞ്ഞ നിറം മങ്ങിയതോ, ചുവന്നതോ ആയ പാടുകൾ, തടിപ്പുകൾ, ഇത്തരം ഇടങ്ങളിൽ ചൂട്, തണുപ്പ് എന്നിവ അറിയാതിരിക്കുക എന്നിവയാണ് കുഷ്ഠ രോഗത്തിന്റെ ലക്ഷണങ്ങൾ. നിറം മങ്ങിയതോ കട്ടികൂടിയതോ ആയ ചർമ്മം, വേദനയില്ലാത്ത വ്രണങ്ങൾ, കൈകാലുകളിലെ മരവിപ്പ്, ഞരമ്പുകളിലെ തടിപ്പ്, കണ്ണടയ്ക്കാനുള്ള പ്രയാസം തുടങ്ങിയവയും കുഷ്ഠരോഗ ലക്ഷണങ്ങൾ ആകാം.
രോഗാണുക്കൾ ശരീരത്തിൽ പ്രവേശിച്ചാൽ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നതിന് മൂന്നു മുതൽ അഞ്ചു വർഷം വരെ എടുക്കുന്നു. ആരംഭത്തിലേ ചികിത്സിച്ചാൽ കുഷ്ഠരോഗം മൂലമുള്ള വൈകല്യങ്ങൾ തടയുന്നതിനും രോഗപ്പകർച്ച ഇല്ലാതാക്കുന്നതിനും സാധിക്കുന്നു. 6 മുതൽ 12 മാസം വരെയുള്ള വിവിധ ചികിത്സയിലൂടെ ഈ രോഗത്തെ പൂർണമായും ചികിത്സിച്ചു ഭേദമാക്കാം.
ചികിത്സയിലിരിക്കുന്ന രോഗിയിൽ നിന്നും രോഗാണുക്കൾ പകരില്ല. കേരളത്തിൽ കുഷ്ഠരോഗത്തിന്റെ നിരക്ക് മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കുറവാണെങ്കിലും ഇപ്പോഴും കുഷ്ഠ രോഗം റിപ്പോർട്ട് ചെയ്യുന്നുണ്ട്. കേരളത്തിൽ പതിനായിരത്തിൽ 0.14 എന്ന നിരക്കിലാണ് കുഷ്ഠരോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കൂടാതെ കുട്ടികളിലും കുഷ്ഠരോഗം കണ്ടുപിടിക്കപ്പെടുന്നുണ്ട്. അതിനാൽ ശരീരത്തിൽ ഏതെങ്കിലും നിറവ്യത്യാസമുള്ള പാടുകളോ തടിപ്പുകളോ കണ്ടാൽ എത്രയും പെട്ടെന്ന് ഡോക്ടറുടെ അടുത്തെത്തി കുഷ്ഠരോഗമല്ല എന്ന് ഉറപ്പ് വരുത്തണം.

