Health (Page 31)

ന്യൂഡൽഹി: ഇന്ത്യയിൽ വികസിപ്പിച്ച പ്രത്യേകതരം ചികിത്സാരീതിയിലൂടെ ഒമ്പതു വയസുകാരി തിരികെ ജീവിതത്തിലേക്ക്. മാസങ്ങൾക്ക് മുമ്പ് ഇന്ത്യയുടെ ഡ്രഗ് റെഗുലേറ്ററായ സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ അംഗീകരിച്ച CAR-T സെൽ തെറാപ്പി സ്വീകരിച്ച ഒൻപതു വയസുകാരിയാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. നാസിക്കിൽ നിന്നുള്ള ഈശ്വരി ഭാഗീരവ് എന്ന പെൺകുട്ടിയാണ് മരുന്ന് സ്വീകരിച്ചത്.

ആറാംവയസ്സിലാണ് രക്തത്തേയും മജ്ജയേയും ബാധിക്കുന്ന അക്യൂട്ട് ലിംഫോസൈറ്റിക് ലുക്കീമിയ പെൺകുട്ടിയ്ക്ക് സ്ഥിരീകരിച്ചത്. മുംബൈയിലെ ടാറ്റമെമ്മോറിയൽ സെന്ററിലാണ് ഈശ്വരിയുടെ ചികിത്സ നടന്നത്. നിരവധി ചികിത്സകൾക്കുശേഷവും ഈശ്വരിയുടെ ശരീരത്തിൽ കാൻസർ തിരിച്ചുവന്നിരുന്നു. തുടർന്നാണ് CAR-T സെൽ തെറാപ്പി സ്വീകരിക്കാൻ കുടുംബം തീരുമാനിച്ചത്. കുട്ടികളിൽ ഈ ചികിത്സ നടത്തിയതിന്റെ ആദ്യഗുണഭോക്താവാണ് ഈശ്വരിയെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

തുടർപരിശോധനകൾക്കൊടുവിൽ ഈശ്വരി കാൻസർമുക്തയാണെന്നു തെളിഞ്ഞുവെന്നും ഇപ്പോൾ ആരോഗ്യവതിയാണെന്നും കുടുംബം പറയുന്നു. രാജ്യത്ത് അർബുദബാധിതരായ കുട്ടികൾക്ക് പ്രതീക്ഷയേകുന്നതാണ് ഈശ്വരിയുടെ അതിജീവനകഥ. ഈ തെറാപ്പിയുടെ വാണിജ്യാടിസ്ഥാനത്തിലുള്ള അനുമതി വർഷാവസാനത്തോടെ ലഭിക്കുമെന്നാണ് കരുതുന്നതെന്ന് ടാറ്റാ മെമോറിയൽ സെന്ററിലെ ഡോക്ടർമാർ വ്യക്തമാക്കി. മുതിർന്നവർക്കായി ഈ തെറാപ്പി ഇതിനകംതന്നെ വാണിജ്യാടിസ്ഥാനത്തിൽ ലഭ്യമാക്കിയിട്ടുണ്ട്. NexCAR19 എന്ന പേരിലുള്ള തദ്ദേശീയമായി വികസിപ്പിച്ച ഈ ചികിത്സാരീതി ലുക്കീമിയ, ലിംഫോമ തുടങ്ങിയ രക്താർബുദ രോഗികളിൽ കൂടുതൽ ഫലപ്രദമാണെന്നാണ് പറയപ്പെടുന്നത്.

രോഗിയുടെ രക്തത്തിൽ നിന്ന് ഇമ്മ്യൂൺ സെല്ലുകളായ ടി-സെല്ലുകളെ വേർതിരിച്ചെടുത്ത് ലബോറട്ടറിയിൽ പരിഷ്‌കരിച്ചെടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. രോഗിയുടെ പ്രതിരോധശേഷിയെ ജനിതകപരമായി പരിഷ്‌കരിച്ചെടുത്ത് കാൻസർ സെല്ലുകളോട് പോരാടാൻ പ്രാപ്തമാക്കുകയാണ് ചെയ്യുന്നത്- 2023 ഒക്ടോബറിലാണ് സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ ഈ ചികിത്സാരീതിക്ക് അംഗീകാരം നൽകിയത്.

ശരീരത്തിൽ കനത്ത ചൂട് നേരിട്ട് ഏൽക്കുന്നവർക്കാണ് സൂര്യാഘാതം ഏൽക്കാൻ സാധ്യത കൂടുതൽ. അന്തരീക്ഷതാപം പരിധിക്കപ്പുറം ഉയർന്നാൽ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് പോകാൻ തടസം നേരിടുന്നതോടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾ തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം.

ലക്ഷണങ്ങൾ :ശരീരോഷ്മാവ് ഉയരുക, ചർമ്മം വരണ്ട് പോകുക, ശ്വസനപ്രക്രിയ സാവധാനമാകുക, തലവേദന, ക്ഷീണം, ബോധക്ഷയം, പേശിവലിവ്.

സൂര്യതപം

സൂര്യാഘാതത്തേക്കാൾ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതപം. വെയിലത്ത് ജോലി ചെയ്യുന്നവരിൽ നേരിട്ട് വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങൾ ചുവന്നു തുടുക്കുകയും, വേദനയും പൊള്ളലും ശരീരത്തിൽ നീറ്റലും ഉണ്ടാവുകയും ചെയ്യാം. കടുത്ത ചൂടിനെ തുടർന്ന് ശരീരത്തിൽ നിന്നും ധാരാളം ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്നതുമൂലമാണ് ഇങ്ങനെയുണ്ടാകുന്നത്.

ലക്ഷണങ്ങൾ :അമിതമായ വിയർപ്പ്, ക്ഷീണം, തലക്കറക്കം, തലവേദന, ഓക്കാനം, ഛർദ്ദി, ബോധക്ഷയം

അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ ശരീരം കൂടുതലായി വിയർത്ത് നിർജ്ജലീകരണം സംഭവിക്കാം. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ, വെയിലത്ത് ജോലിചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.

ഇവ ശ്രദ്ധിക്കാം

ദാഹമില്ലെങ്കിലും തിളപ്പിച്ചാറിയ വെള്ളം ധാരാളം കുടിക്കണം.
നേരിട്ടുള്ള വെയിൽ ഏൽക്കരുത്. കുടയോ, തൊപ്പിയോ ഉപയോഗിക്കുക.
കട്ടി കുറഞ്ഞ ഇളം നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്.
വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിൽ കുട്ടികളെ ഇരുത്തിയിട്ട് പോകരുത്.
വീടിന്റെ വാതിലുകളും ജനലുകളും തുറന്നിട്ട് വായു സഞ്ചാരം ഉറപ്പു വരുത്തുക.
വെയിൽ ഏൽക്കാൻ സാധ്യതയുള്ളവർ മദ്യവും കഫീനും അടങ്ങിയ പാനീയങ്ങൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക.

സൂര്യാഘാതം ഏറ്റതായി തോന്നിയാൽ വെയിലുള്ള സ്ഥലത്തു നിന്നും തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങൾ മാറ്റി, തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. ധാരാളം വെള്ളം കുടിയ്ക്കുക. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാവുകയോ ചെയ്താൽ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ തേടണം.ചൂടുകാലത്ത് കുടുതലായി ഉണ്ടാകുന്ന വിയർപ്പിനെ തുടർന്ന് ശരീരം ചൊറിഞ്ഞ് തിണർത്ത് ഹീറ്റ് റാഷ് (ചൂടുകുരു) ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. പ്രധാനമായും കുട്ടികളെയാണ് ഇത് ബാധിക്കുന്നത്. ചൂടുകാലത്ത് മറ്റ് പകർച്ച വ്യധികൾക്കും സാധ്യതയുള്ളതിനാൽ കൂടുതൽ ശ്രദ്ധ പുലർത്തണം.

പുതുച്ചേരി: പഞ്ഞിമിഠായിക്ക് നിരോധനം ഏർപ്പെടുത്തി പുതുച്ചേരി. സംസ്ഥാന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ ക്യാൻസറിന് കാരണമാകുന്ന മാരക രാസവസ്തു കണ്ടെത്തിയതോടെയാണ് പഞ്ഞിമിഠായിക്ക് പുതുച്ചേരിയിൽ നിരോധനമേർപ്പെടുത്തിയത്. ക്യാൻസറിന് കാരണമാകുന്ന റോഡാമൈൻ ബി എന്ന രാസവസ്തുവാണ് പഞ്ഞിമിഠായിയിൽ കണ്ടെത്തിയത്.

തുടർന്ന് ലഫ്റ്റനൻറ് ഗവർണർ തമിഴിസൈ സൗന്ദർരാജൻ പഞ്ഞിമിഠായിക്ക് സംസ്ഥാനത്ത് നിരോധനമേർപ്പെടുത്തി ഉത്തരവിറക്കുകയായിരുന്നു.

പത്തനംതിട്ട: ജില്ലയിൽ വേനൽച്ചൂടിന്റെ കാഠിന്യം കൂടിവരുന്നതിനാൽ സൂര്യതപം ഏൽക്കാനുള്ള സാധ്യതയുണ്ടെന്നും രാവിലെ 11 മുതൽ മൂന്നു വരെയുള്ള സമയം നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പത്തനംതിട്ട ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) ഡോ.എൽ.അനിതാകുമാരി അറിയിച്ചു. സൂര്യതപം, സൂര്യാഘാതം, മറ്റ് പകർച്ചവ്യാധികൾ എന്നിവയ്‌ക്കെതിരെ ജാഗ്രത വേണമെന്ന് ഡിഎംഒ അഭ്യർത്ഥിച്ചു.

ശരീരത്തിൽ കനത്ത ചൂട് നേരിട്ട് ഏൽക്കുന്നവർക്കാണ് സൂര്യാഘാതം ഏൽക്കാൻ സാധ്യത കൂടുതൽ. അന്തരീക്ഷതാപം പരിധിക്കപ്പുറം ഉയർന്നാൽ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. ശരീരത്തിലുണ്ടാകുന്ന താപം പുറത്തേക്ക് പോകാൻ തടസം നേരിടുന്നതോടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾ തകരാറിലാകുന്ന അവസ്ഥയാണ് സൂര്യാഘാതം. ശരീരോഷ്മാവ് ഉയരുക, ചർമ്മം വരണ്ട് പോകുക, ശ്വസനപ്രക്രിയ സാവധാനമാകുക, തലവേദന, ക്ഷീണം, ബോധക്ഷയം, പേശിവലിവ് എന്നിവയാമ് ഇതിന്റെ ലക്ഷണങ്ങൾ.

സൂര്യാഘാതത്തേക്കാൾ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതപം. വെയിലത്ത് ജോലി ചെയ്യുന്നവരിൽ നേരിട്ട് വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങൾ ചുവന്നു തുടുക്കുകയും, വേദനയും പൊള്ളലും ശരീരത്തിൽ നീറ്റലും ഉണ്ടാവുകയും ചെയ്യാം. കടുത്ത ചൂടിനെ തുടർന്ന് ശരീരത്തിൽ നിന്നും ധാരാളം ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്നതുമൂലമാണ് ഇങ്ങനെയുണ്ടാകുന്നത്. അമിതമായ വിയർപ്പ്, ക്ഷീണം, തലക്കറക്കം, തലവേദന, ഓക്കാനം, ഛർദ്ദി, ബോധക്ഷയം എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ ശരീരം കൂടുതലായി വിയർത്ത് നിർജ്ജലീകരണം സംഭവിക്കാം. പ്രായമായവർ, കുട്ടികൾ, ഗർഭിണികൾ, ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉള്ളവർ, വെയിലത്ത് ജോലിചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.

സൂര്യാഘാതം ഏറ്റതായി തോന്നിയാൽ വെയിലുള്ള സ്ഥലത്തു നിന്നും തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം. ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങൾ മാറ്റി, തണുത്ത വെള്ളം കൊണ്ട് ശരീരം തുടയ്ക്കുക. ധാരാളം വെള്ളം കുടിയ്ക്കുക. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാവുകയോ ചെയ്താൽ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ തേടണം.ചൂടുകാലത്ത് കുടുതലായി ഉണ്ടാകുന്ന വിയർപ്പിനെ തുടർന്ന് ശരീരം ചൊറിഞ്ഞ് തിണർത്ത് ഹീറ്റ് റാഷ് (ചൂടുകുരു) ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. പ്രധാനമായും കുട്ടികളെയാണ് ഇത് ബാധിക്കുന്നത്. ചൂടുകാലത്ത് മറ്റ് പകർച്ച വ്യധികൾക്കും സാധ്യതയുള്ളതിനാൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് സെർവിക്കൽ ക്യാൻസർ പ്രതിരോധത്തിന്റെ ഭാഗമായി ഹയർസെക്കൻഡറി വിദ്യാർഥിനികൾക്ക് സെർവിക്കൽ കാൻസർ വാക്‌സിനേഷൻ നൽകാൻ തീരുമാനിച്ച് ആരോഗ്യവകുപ്പ്. ആദ്യഘട്ടമായി ആലപ്പുഴയിലും വയനാട്ടിലും ഉടൻ നടപ്പാക്കുമെന്ന് നേരത്തെ ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു.

ഹ്യൂമൺ പാപ്പിലോമ വൈറസ് വാക്‌സിനാണ് നൽകുന്നത്. പദ്ധതി നടപ്പാക്കുന്നത് ആരോഗ്യ, വിദ്യാഭ്യാസ, തദ്ദേശ വകുപ്പുകൾ സംയുക്തമായാണ്.

സർക്കാരാണ് വാക്‌സിന്റെ മുഴുവൻ ചെലവും വഹിക്കുന്നതാണ്. സ്തനാർബുദം കഴിഞ്ഞാൽ സ്ത്രീകളിൽ ഏറ്റവും കൂടുതൽ കാണുന്ന സെർവിക്കൽ കാൻസർ പ്രതിരോധിക്കാനുള്ള വാക്‌സിൻ വിതരണം ചെയ്യുമെന്ന പ്രഖ്യാപനം കഴിഞ്ഞവർഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയിരുന്നു.

തിരുവനന്തപുരം: ഓപ്പറേഷൻ ഫോസ്‌കോസിന്റെ ഭാഗമായി രജിസ്‌ട്രേഷൻ/ ലൈസൻസ് ഇല്ലാത്ത സ്ഥാപനങ്ങൾ കണ്ടെത്താനായി സംസ്ഥാന വ്യാപകമായി ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തി. 13,100 സ്ഥാപനങ്ങൾ പരിശോധിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. 103 സ്‌ക്വാഡുകൾ നാല് ദിവസങ്ങളിലായാണ് പരിശോധനകൾ നടത്തിയത്. ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാതെ പ്രവർത്തിച്ച 1663 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവയ്പ്പിച്ചു. രജിസ്‌ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിച്ച 1000 സ്ഥാപനങ്ങൾക്ക് ലൈസൻസ് എടുക്കുവാനുള്ള നോട്ടീസ് നൽകി. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.

മുഴുവൻ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസൻസ് പരിധിയിൽ കൊണ്ടുവരുന്നതിനാണ് ഡ്രൈവ് സംഘടിപ്പിച്ചത്. ഭക്ഷ്യസുരക്ഷാ ഗുണനിലവാര നിയമം 2006, വകുപ്പ് 31 പ്രകാരം എല്ലാ ഭക്ഷ്യ സംരംഭകരും ഭക്ഷ്യസുരക്ഷ ലൈസൻസ് (FSSAI License) എടുക്കേണ്ടതാണ്. എന്നാൽ നിരവധി സ്ഥാപനങ്ങൾ ലൈസൻസ് എടുക്കുന്നതിന് പകരം രജിസ്‌ട്രേഷൻ മാത്രം എടുത്ത് പ്രവർത്തിക്കുന്നതായി പരിശോധനകളിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് പരിശോധന കർശനമാക്കിയത്.

ലൈസൻസ്/ രജിസ്‌ട്രേഷൻ ഇല്ലാതെ ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, സംഭരണം, വിതരണം, വിപണനം, കയറ്റുമതി, ഇറക്കുമതി എന്നിവ നടത്തുന്നത് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം 10 ലക്ഷം രൂപ വരെ പിഴ ലഭിക്കാവുന്ന കുറ്റമാണ്. ലൈസൻസ് പരിധിയിൽ വന്നിട്ടും രജിസ്‌ട്രേഷൻ മാത്രമെടുത്ത് പ്രവർത്തിക്കുന്നവരെ ലൈസൻസ് ഇല്ലാത്തവരായി പരിഗണിച്ചാണ് നടപടികൾ സ്വീകരിച്ചത്. ഓപ്പറേഷൻ ഫോസ്‌കോസിലൂടെ നിരവധി ഭക്ഷ്യ സംരംഭകരെ ലൈസൻസിൽ ഉൾപ്പെടുത്താൻ കഴിഞ്ഞിട്ടുണ്ട്.

ലൈസൻസ് ഡ്രൈവിന് ഭക്ഷ്യ സുരക്ഷാ ജോയിന്റ് കമ്മീഷണർ ജേക്കബ് തോമസ്, ഡെപ്യൂട്ടി കമ്മീഷണർമാരായ എസ്. അജി, ജി. രഘുനാഥ കുറുപ്പ്, വി.കെ. പ്രദീപ്കുമാർ എന്നിവർ നേതൃത്വം നൽകി.

തിരുവനന്തപുരം: വിരബാധയിൽ നിന്നും കുട്ടികളെ സംരക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വിരബാധ കുട്ടികളുടെ വളർച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണ്. ഫെബ്രുവരി 8 വിരവിമുക്ത ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി 1 മുതൽ 19 വയസ് വരെ പ്രായമുള്ളവർക്ക് വിര നശീകരണ ഗുളിക നൽകും. സ്‌കുളിലെത്തുന്ന കുട്ടികൾക്ക് അവിടെ നിന്ന് ഗുളിക നൽകും. സ്‌കൂളിലെത്താത്ത കുട്ടികൾക്ക് അങ്കണവാടികൾ വഴി വിതരണം ചെയ്യും. ഫെബ്രുവരി 8ന് ഗുളിക ലഭിക്കാത്ത കുട്ടികൾക്ക് ഫെബ്രുവരി 15ന് ഗുളിക നൽകും.

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 1 മുതൽ 14 വയസ്സ് വരെയുള്ള 64 ശതമാനം കുട്ടികളിൽ വിരബാധയുണ്ടാകുവാൻ സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ടാണ് വിര നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കിയത്. ഈ വർഷം 1 മുതൽ 19 വയസ് വരെയുള്ള 77,44,054 കുട്ടികൾക്ക് ഗുളിക നൽകാനാണ് ലക്ഷ്യമിടുന്നത്. 1 മുതൽ 2 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് അര ഗുളികയും (200 മി.ഗ്രാം) 2 മുതൽ 19 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് ഒരു ഗുളികയും (400 മി.ഗ്രാം) നൽകും. ചെറിയ കുട്ടികൾക്ക് തിളപ്പിച്ചാറിയ വെള്ളത്തിൽ ഗുളിക അലിയിച്ച് നൽകണം. മുതിർന്ന കുട്ടികൾ ഉച്ചഭക്ഷണത്തിന് ശേഷം ഗുളിക ചവച്ചരച്ച് കഴിക്കണം. അതോടൊപ്പം തിളപ്പിച്ചാറിയ വെള്ളം കുടിക്കണം. അസുഖമുള്ള കുട്ടികൾക്ക് ഗുളിക നൽകേണ്ടതില്ല. എന്നാൽ വിരയുടെ തോത് കൂടുതലുള്ള കുട്ടികളിൽ ഗുളിക കഴിക്കുമ്പോൾ അപൂർവമായി വയറുവേദന, ഛർദ്ദി, ചൊറിച്ചിൽ, ശരീരത്തിൽ തടിപ്പുകൾ തുടങ്ങിയവ ഉണ്ടായേക്കും.

ജില്ലാ ഭരണകൂടം, തദ്ദേശസ്വയം ഭരണം, വിദ്യാഭ്യാസം, വനിതാ ശിശു വികസനം, പട്ടികവർഗ വികസനം തുടങ്ങിയ വകുപ്പുകൾ, ജനപ്രതിനിധികൾ എന്നിവർ സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല പ്രമാണിച്ച് തീർഥാടകർക്കും പൊതുജനങ്ങൾക്കും ഭക്ഷ്യസുരക്ഷ ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യസ്ഥാപനങ്ങൾ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു പ്രവർത്തിക്കണമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദ്ദേശിച്ചു. ഇതു സംബന്ധിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു.

എല്ലാ ഭക്ഷ്യസ്ഥാപനങ്ങളും ഭക്ഷ്യസുരക്ഷാ ലൈസൻസിന്റെ/ രജിസ്ട്രേഷന്റെ പകർപ്പ് സ്ഥാപനങ്ങളിൽ പ്രദർശിപ്പിക്കണം. സ്ഥാപനത്തിലെ മുഴുവൻ ജീവനക്കാരുടെയും ഹെൽത്ത് സർട്ടിഫിക്കറ്റ് പരിശോധനാ സമയം ഹാജരാക്കണം. സ്ഥാപനത്തിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ശുദ്ധി ഉറപ്പു വരുത്തുന്ന സർട്ടിഫിക്കറ്റ് കൈവശം ഉണ്ടായിരിക്കണം.

ഭക്ഷ്യസംരംഭകർ, പാചകത്തൊഴിലാളികൾ എന്നിവർക്കായി ഭക്ഷ്യ സുരക്ഷാ വകുപ്പ് ബോധവത്കരണ ക്ലാസ് 13 ന് നടത്തും. ഉത്സവ മേഖലയിൽ പ്രവർത്തിക്കുന്ന ഭക്ഷ്യസംരംഭകർ ക്ലാസിൽ പങ്കെടുക്കണം. fsonemomcirclee@gmail.com ലേക്ക് ക്ലാസിൽ പങ്കെടുക്കുന്നവരുടെ പേര്, ഫോൺ നമ്പർ, ഭക്ഷ്യസുരക്ഷാ രജിസ്ട്രേഷൻ നമ്പർ എന്നിവ നൽകി രജിസ്റ്റർ ചെയ്യണം.

പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് അന്നദാനം, ലഘുഭക്ഷണം, ശീതള പാനീയം, ദാഹജല വിതരണം എന്നിവ നടത്തുന്ന സ്ഥാപനങ്ങളും സംഘടനകളും വ്യക്തികളും ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ രജിസ്ട്രേഷൻ മുൻകൂറായി എടുക്കണം.അക്ഷയ കേന്ദ്രങ്ങളിൽ ഇതിനുള്ള സംവിധാനം ലഭ്യമാണ്. ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികൾ 1800 425 1125 എന്ന ടോൾഫ്രീ നമ്പറിൽ അറിയിക്കാം.

ന്യൂഡൽഹി: ഭക്ഷ്യസുരക്ഷ സംബന്ധിച്ച ചട്ടങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രം. ഭക്ഷ്യോത്പന്നങ്ങൾക്ക് ഒന്നിലധികം സർട്ടിഫിക്കേഷനുകൾ ആവശ്യമില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സർട്ടിഫിക്കറ്റ് മാത്രം മതിയെന്നാണ് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. പുതിയ ഭേദഗതികൾ നടപ്പിലായാൽ ഭക്ഷ്യോത്പന്നങ്ങൾക്ക്, ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്സ്, എജിമാർക് എന്നിവയിൽ നിന്നുള്ള സർട്ടിഫിക്കേഷനുകൾ ആവശ്യമായി വരില്ല. ഭക്ഷ്യസുരക്ഷയും ചട്ടങ്ങളും കാര്യക്ഷമമാക്കുന്നതിനുള്ള വിവിധ ഭേദഗതികൾക്ക് അംഗീകാരം നൽകിയെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുള്ളത്.

ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ 43-ാമത് യോഗത്തിലായിരുന്നു ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി അപൂർവ ചന്ദ്രയുടെ അധ്യക്ഷതയിലായിരുന്നു യോഗം ചേർന്നത്. ഒരു രാജ്യം, ഒരേ സാധനങ്ങൾ, ഒരു റെഗുലേറ്റർ എന്ന നയം സ്വീകരിക്കുന്നതിലൂടെ ബിസിനസ് എളുപ്പമാക്കാൻ ഈ നീക്കം സഹായിക്കും. ഭക്ഷ്യ സുരക്ഷ, സർട്ടിഫിക്കേഷനുള്ള മാനദണ്ഡം എന്നിവ സംബന്ധിച്ച വിവിധ ഭേദഗതികൾക്ക് യോഗത്തിൽ അംഗീകാരം ലഭിച്ചുവെന്നും ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ വിശദമാക്കി.

ഭക്ഷ്യോത്പന്നങ്ങൾക്ക് എഫ്എസ്എസ്എഐ സർട്ടിഫിക്കേഷൻ മാത്രം നിർബന്ധമാക്കുന്നതോടെ, ഇതിനായി ഇനി വിവിധ റെഗുലേറ്റർമാരെ സമീപിക്കേണ്ടതില്ല.

തിരുവവന്തപുരം: അപൂർവ രോഗ പരിചരണത്തിനായി കെയർ (KARe: Kerala Against Rare Diseases) എന്ന പേരിൽ സമഗ്ര പദ്ധതി കേരളം ആരംഭിക്കുന്നു. രോഗങ്ങൾ പ്രതിരോധിക്കാനും, നേരത്തെ കണ്ടെത്താനും, ചികിത്സകൾ ലഭ്യമായ സാഹചര്യങ്ങളിൽ അവ ലഭ്യമാക്കാനും, മരുന്നുകൾ കൂടാതെ സാധ്യമായ തെറാപ്പികൾ, സാങ്കേതിക സഹായ ഉപകരണങ്ങൾ ലഭ്യമാക്കുക, ഗൃഹ കേന്ദ്രീകൃത സേവനങ്ങൾ ഉറപ്പ് വരുത്തുക, മാതാപിതാക്കൾക്കുള്ള മാനസിക, സാമൂഹിക പിന്തുണ ഉറപ്പ് വരുത്തുക തുടങ്ങിയ സേവനങ്ങൾ ഉൾക്കൊള്ളുന്ന സമഗ്ര പരിചരണ പദ്ധതിയാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്.

കെയർ പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും 61 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടേയും 31 ഐസൊലേഷൻ വാർഡുകളുടേയും സംസ്ഥാനതല ഉദ്ഘാടനവും ഫെബ്രുവരി 6ന് വൈകുന്നേരം 3.30ന് തിരുവനന്തപുരം ടാഗോർ തീയറ്ററിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി എന്നിവർ മുഖ്യാതിഥികളാകും.

അപൂർവരോഗ ചികിത്സാ രംഗത്തെ കേരളത്തിന്റെ നിർണായക ചുവടുവയ്പ്പാണിതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്കായി ആദ്യമായി എസ്.എ.ടി. ആശുപത്രിയിൽ എസ്.എം.എ. ക്ലിനിക് ആരംഭിച്ചു. അതിന് പിന്നാലെ അപൂർവ രോഗങ്ങൾക്ക് വിലപിടിപ്പുള്ള മരുന്നുകൾ നൽകാനുള്ള പദ്ധതിയും ലൈസോസോമൽ സ്റ്റോറേജ് രോഗങ്ങൾക്ക് മരുന്ന് നൽകുന്ന പദ്ധതിയും നടപ്പിലാക്കി. രണ്ട് പദ്ധതികളിലുമായി 61 കുട്ടികൾക്ക് മരുന്ന് നൽകി. എസ്.എ.ടി. ആശുപത്രിയെ അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്‌സലൻസായി തെരഞ്ഞെടുത്തിരുന്നു. ഈ പദ്ധതിയിലൂടെ ഒരു രോഗിക്ക് പരമാവധി 50 ലക്ഷം രൂപ വരെയുള്ള ചികിത്സയാണ് നൽകാൻ കഴിയുന്നത്. എന്നാൽ പല രോഗങ്ങളുടെയും നിലവിലെ ചികിത്സകൾക്ക് ഈ തുക മതിയാകില്ല എന്നതാണ് യാഥാർഥ്യം. ഇത് കൂടി മുന്നിൽ കണ്ടാണ് സർക്കാർ അപൂർവ രോഗങ്ങൾക്കുള്ള സമഗ്ര പരിചരണ പദ്ധതി നടപ്പിലാക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.