Health (Page 30)

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ചൂട് വർധിക്കുന്നത് കാരണം നിർജലീകരണവും ദേഹാസ്വാസ്ഥ്യവും ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സൂര്യാതപമേൽക്കാനുള്ള സാധ്യതയുള്ളതിനാൽ നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ പകൽ 11 മണി മുതൽ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കണം.

കൂടുതൽ സമയം വെയിലത്ത് ജോലി ചെയ്യുന്നവരിൽ നേരിട്ട് വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങൾ സൂര്യാതപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകുകയും ചെയ്യാം. ഇവർ ഡോക്ടറെ കണ്ട് ഉടനടി ചികിത്സ തേടേണം. പൊള്ളിയ കുമിളകൾ ഉണ്ടെങ്കിൽ പൊട്ടിക്കരുത്. അന്തരീക്ഷത്തിലെ ചൂട് കൂടുമ്പോൾ ശരീരം കൂടുതലായി വിയർക്കുകയും ജലവും ലവണങ്ങളും നഷ്ട്ടപ്പെട്ട് പേശി വലിവ് അനുഭവപ്പെടുകയും ചെയ്യും. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻവെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കുകയും ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടുകയും വേണം.

സൂര്യാഘാതം

അന്തരീക്ഷ താപം ഒരു പരിധിക്കപ്പുറം ഉയർന്നാൽ മനുഷ്യ ശരീരത്തിലെ താപ നിയന്ത്രണ സംവിധാനങ്ങൾ തകരാറിലാവുകയും ശരീരത്തിലുണ്ടാവുന്ന താപം പുറത്തേക്ക് കളയുന്നതിന് തടസം നേരിടുകയും ചെയ്യുന്നു. തുടർന്ന് ശരീരത്തിന്റെ പല നിർണായക പ്രവർത്തനങ്ങളും തകരാറിലായേക്കാം. ഇത്തരം ഒരവസ്ഥയാണ് സൂര്യാഘാതം എന്ന് പറയുന്നത്.

രോഗ ലക്ഷണങ്ങൾ

വളരെ ഉയർന്ന ശരീരതാപം (103 ഡിഗ്രി ഫാരൻഹീറ്റ്), വറ്റി വരണ്ട് ചുവന്ന് ചൂടായ ശരീരം, ശക്തിയായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ തുടങ്ങിയവയും ഇതേ തുടർന്നുള്ള അബോധാവസ്ഥയും സൂര്യാഘാതം മൂലം ഉണ്ടായേക്കാം. ഉടൻ തന്നെ ഡോക്ടറുടെ സേവനം ലഭ്യമാക്കണം.

സൂര്യാതപമേറ്റുള്ള താപ ശരീരശോഷണം

സൂര്യാഘാതത്തേക്കാൾ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപശരീര ശോഷണം. കനത്ത ചൂടിനെ തുടർന്ന് ശരീരത്തിൽ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയർപ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടർന്ന് ഉണ്ടാകുന്ന അവസ്ഥയാണ് ഇത്.

രോഗ ലക്ഷണങ്ങൾ

ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛർദ്ദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് സൂര്യാതപത്തിന്റെ ലക്ഷണങ്ങൾ. ശരിയായ രീതിയിൽ ചികിത്സിച്ചില്ലെങ്കിൽ താപശരീര ശോഷണം സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം.

സൂര്യാഘാതം താപ ശരീരശോഷണം എന്നിവ ഉണ്ടാകുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ

· സൂര്യാഘാതം ഏറ്റതായി സംശയം തോന്നിയാൽ വെയിലുള്ള സ്ഥലത്ത് നിന്ന് തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം.

· ധരിച്ചിരിക്കുന്ന കട്ടി കൂടിയ വസ്ത്രങ്ങൾ നീക്കം ചെയ്യുക.

· തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കുക.

· ധാരാളം പാനീയങ്ങൾ കുടിക്കാൻ നൽകുക.

· ഫലങ്ങളും സാലഡുകളും കഴിക്കുക.

· ആരോഗ്യ സ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ, ബോധക്ഷയം ഉണ്ടാകുകയോ ചെയ്താൽ അടുത്തുള്ള ആശുപത്രിയിലെത്തിച്ച് ചികിത്സ ഉറപ്പുവരുത്തുക.

പ്രത്യേക ശ്രദ്ധ വേണ്ടവർ

· മുതിർന്ന പൗരൻമാർ (65 വയസിന് മുകളിൽ), ഗർഭിണികൾ, കുഞ്ഞുങ്ങൾ (4 വയസിന് താഴെയുള്ളവർ), ഗുരുതരമായ രോഗമുള്ളവർ, വെയിലത്ത് ജോലി ചെയ്യുന്നവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം.

പ്രതിരോധ മാർഗങ്ങൾ

· വേനൽക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോൾ ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക.

· യാത്രകൾ വേണ്ടി വരുമ്പോൾ തിളപ്പിച്ചാറ്റിയ വെള്ളം കയ്യിൽ കരുതുക.

· നിർജലീകരണം ഉണ്ടാക്കുന്ന പാനീയങ്ങളായ മദ്യം, ചായ, കാപ്പി, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കുക.

· വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ പകൽ 11 മണി മുതൽ 3 മണിവരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.

· കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക. കുട്ടികൾക്ക് ജല ലഭ്യത ഉറപ്പുവരുത്തുക.

· കുട്ടികളെയും വളർത്ത് മൃഗങ്ങളെയും വെയിലത്ത് പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തരുത്.

· ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്ത് മൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.

· കാറ്റ് കയറി ചൂട് പുറത്ത് പോകത്തക്ക രീതിയിൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക.

· കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ വസ്ത്രങ്ങൾ ധരിക്കുക.

· പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ, കുട/തൊപ്പി എന്നിവ ഉപയോഗിക്കുക.

തിരുവനന്തപുരം: നഗരവത്കരണത്തിനനുസൃതമായി ആരോഗ്യ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിനാണ് കേരളം ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അപൂർവരോഗ ചികിത്സാ പദ്ധതി പ്രഖ്യാപനവും 42 നഗര ജനകീയാരോഗ്യ കേന്ദ്രങ്ങളുടെയും 37 ഐസൊലേഷൻ വാർഡുകളുടെയും സംസ്ഥാനതല ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംസ്ഥാനത്തെ 93 നഗരപ്രദേശങ്ങളിലായി 380 നഗര ജനകീയ ആരോഗ്യകേന്ദ്രങ്ങൾ സർക്കാർ ആരംഭിക്കുകയാണ്. ഇതിന്റെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ആരോഗ്യവകുപ്പും ചേർന്ന് പുതുതായി ആരംഭിക്കുന്ന 42 നഗര ജനകീയ ആരോഗ്യകേന്ദ്രങ്ങൾ നാടിനു സമർപ്പിക്കപ്പെടുകയാണ്. കാലാനുസൃതമായി നഗരപ്രദേശങ്ങൾക്കനുയോജ്യമായ രീതിയിൽ ആധുനിക സൗകര്യങ്ങളോടെ ആരംഭിക്കുന്ന ജനകീയ ആരോഗ്യകേന്ദ്രങ്ങളിലൂടെ നടത്തുന്ന പ്രവർത്തനങ്ങൾ സർക്കാരിന്റെ വികസന കാഴ്ചപ്പാടിന്റെ നേർസാക്ഷ്യമാണ്. താരതമ്യേന ജീവിതചെലവ് കൂടുതലുള്ള നഗര പ്രദേശങ്ങളിലും സൗജന്യവും സമഗ്രവുമായ പ്രാഥമികാരോഗ്യ പരിരക്ഷ ഈ കേന്ദ്രങ്ങളിലൂടെ ലഭ്യമാകും. ഉയർന്ന ചെലവിന്റെ പേരിൽ ആർക്കും ചികിൽസ നിഷേധിക്കരുതെന്നാണ് സർക്കാർ നിലപാട് ഇതോടൊപ്പം പൂർത്തിയായ 37 ഐസൊലേഷൻ വാർഡുകളുടെ സേവനവും പൊതുജനങ്ങൾക്ക് ലഭിക്കും. അപൂർവരോഗങ്ങളുടെ ചികിത്സയിൽ സമഗ്ര ചികിത്സാ പദ്ധതിയും ചികിത്സാനയവും രാജ്യത്ത് ആദ്യമായി ആവിഷ്‌ക്കരിക്കുന്ന സംസ്ഥാനമാണ് കേരളം. ഓരോ നിയോജക മണ്ഡലത്തിലും പത്ത് കിടക്കകളുള്ള ഐസൊലേഷൻ വാർഡുകൾ സ്ഥാപിക്കുന്നത് തുടരും. പകർച്ച വ്യാധി വ്യാപന സാഹചര്യത്തിൽ രോഗപ്രതിരോധത്തിനാവശ്യമായ സൗകര്യങ്ങളൊരുക്കണം. കോവിഡിന്റെ പശ്ചാത്തലത്തിൽ നമുക്കിതു ബോധ്യമായതാണ്. 250 കോടി രൂപ ചെലവാണ് ഇതിനായി പ്രതീക്ഷിക്കുന്നത്. 50 % കിഫ്ബി ഫണ്ടും 50 % എം എൽ എ ആസ്തി വികസന ഫണ്ടും ഇതിനായി വിനിയോഗിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അപൂർവ രോഗ ചികിൽസ രംഗത്ത് മാതൃകാപരമായ നടപടികളാണ് കേരളം സ്വീകരിക്കുന്നത്.5000 അപൂർവ രോഗങ്ങളാണ് ലോകാരോഗ്യ സംഘടന കണ്ടെത്തിയിട്ടുള്ളത്. 2021-ലെ ദേശീയ സൂചിക പ്രകാരം 11 മികവിന്റെ കേന്ദ്രങ്ങളെ പ്രഖ്യാപിച്ചപ്പോൾ അതിൽ തിരുവനന്തപുരം എസ് എ ടി ആശുപത്രി ഉൾപ്പെട്ടു. എന്നാൽ പല രോഗങ്ങൾക്കും ചികിൽസ ചെലവ് വളരെ ഉയർന്ന സാഹചര്യത്തിൽ പരിചരണത്തിന് സമഗ്രനയം രൂപീകരിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു.രോഗങ്ങളെ കണ്ടെത്തി പ്രതിരോധിക്കുന്നതിന് ഗൃഹകേന്ദ്രീകൃത സേവനം ഉറപ്പുവരുത്തുന്ന നടപടികൾ സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. അപൂർവ രോഗ ചികിൽസ പദ്ധതിയായ കെയറിന്റെ ലോഗോ പ്രകാശനവും മുഖ്യമന്ത്രി നിർവഹിച്ചു

തിരുവനന്തപുരം ടാഗോർ ഹാളിൽ നടന്ന ചടങ്ങിൽ ആരോഗ്യ വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് അദ്ധ്യക്ഷത വഹിച്ചു.ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ് സ്വാഗതം ആശംസിച്ചു. ആന്റണി രാജു എം എൽ എ, മേയർ ആര്യ രാജേന്ദ്രൻ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. റീന കെ ജെ ,കെ എം എസ് സി എൽ ജനറൽ മാനേജർ ഡോ. എ ഷിബുലാൽ, എൻ എച്ച് എം ഡയറക്ടർ ജീവൻ ബാബു എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: ക്ഷയരോഗനിവാരണവുമായി ബന്ധപ്പെട്ട് സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന നിക്ഷയ് മിത്ര പദ്ധതിയുടെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) യുടെ സിഎസ് ആർ ഫണ്ട് ഉപയോഗിച്ച് പോഷകാഹാരകിറ്റുകൾ നൽകുന്നപദ്ധതിക്ക് തുടക്കം കുറിച്ചു.

സ്റ്റേറ്റ് ബാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേണിംഗ് ആൻഡ് ഡെവലപ്മെൻറ് സെന്ററിൽ നടന്ന ചടങ്ങിൽ എസ് ബി ഐ ഡെപ്യൂട്ടി മാനേജിങ് ഡയറക്ടർ ബിനോദ്കുമാർ മിശ്രയിൽ നിന്നും ആരോഗ്യകേരളം സ്റ്റേറ്റ്മിഷൻ ഡയറക്ടർ ജീവൻ ബാബു ചെക്ക് ഏറ്റുവാങ്ങി. ക്ഷയരോഗികൾക്കു വേണ്ടിയുള്ള പോഷകാഹാരകിറ്റ് സ്റ്റേറ്റ് ടിബി ഓഫീസർ ഡോ. കെ. കെ. രാജാറാമിനു നൽകി ഉദ്ഘാടനം ചെയ്തു.

സംസ്ഥാനത്തെ നിർദ്ധനരായ 2500 ക്ഷയരോഗികൾക്ക് ഈ പദ്ധതിയിലൂടെ ചികിത്സാകാലയളവിൽ സഹായം ലഭിക്കും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായിട്ടുള്ള സിഎസ്ആർ ഫണ്ട് ഉപയോഗിച്ചുകൊണ്ടാണ് ക്ഷയരോഗബാധിതർക്ക് പോഷകാഹാരകിറ്റുകൾ നൽകുന്നത്. ഇതിനായി എസ്ബിഐ 97,50,000 രൂപ വകയിരുത്തിയിട്ടുണ്ട്.

എസ് ബി ഐ തിരുവനന്തപുരം സർക്കിൾ ചീഫ്ജനറൽ മാനേജർ ഭുവനേശ്വരി എ, ജനറൽ മാനേജർ ആരിഫ്ഖാൻ, സിഎസ്ആർ ചുമതല വഹിക്കുന്ന ബാബു തുടങ്ങിയവർ സന്നിഹിതരായിരുന്നു. സ്റ്റേറ്റ് ടിബി സെല്ലിനെ പ്രതിനിധീകരിച്ച് മെഡിക്കൽഓഫീസർ ഡോ. കൃഷ്ണ ഡി എസ്, WHO കോൺസൾട്ടന്റ് ഡോ. അപർണാമോഹൻ, ACSM ഓഫീസർ സതീഷ് ജോയ് ജെഎച്‌ഐ ഷിബു തുടങ്ങിയവർ പങ്കെടുത്തു.

തിരുവനന്തപുരം: 30 വയസിന് മുകളിലുള്ള മുഴുവൻ പേരുടേയും വാർഷികാരോഗ്യ സ്‌ക്രീനിംഗ് നടത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഒന്നാം ഘട്ട സ്‌ക്രീനിംഗിൽ പങ്കെടുക്കാൻ സാധിക്കാതെപോയ എല്ലാവരേയും ഉൾക്കൊള്ളിച്ച് രണ്ടാം ഘട്ടത്തിൽ 100 ശതമാനവും പൂർത്തിയാക്കുന്നതാണ്. ശൈലി രണ്ടിൽ കുടുതൽ രോഗങ്ങളുടെ സ്‌ക്രീനിംഗ് ഉൾക്കൊള്ളിച്ചിട്ടുണ്ട്. സ്‌ക്രീൻ ചെയ്യുക മാത്രമല്ല പരിശോധനയും തുടർ ചികിത്സയും ഉറപ്പാക്കാനും മന്ത്രി നിർദേശം നൽകി. ശൈലി ഒന്നാംഘട്ടത്തിൽ പ്രവർത്തിച്ച എല്ലാവരേയും കൃത്യസമയത്ത് ശൈലി 2.0 ലോഞ്ച് ചെയ്യാനായി പരിശ്രമിച്ച എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു. ജീവിതശൈലീ രോഗങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കിയ ആർദ്രം ആരോഗ്യം ജീവിതശൈലി രോഗനിർണയ സ്‌ക്രീനിംഗിന്റെ രണ്ടാംഘട്ടത്തിന്റെ (ശൈലി 2.0) ലോഞ്ചിംഗ് നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ആദ്യഘട്ടത്തിൽ 30 വയസിന് മുകളിൽ പ്രായമുള്ള 1.54 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് പൂർത്തിയാക്കിയിരുന്നു. സ്‌ക്രീനിംഗിൽ രോഗ സാധ്യതയുള്ള 23.5 ലക്ഷത്തോളം പേരുടെ തുടർ പരിശോധനകൾ പൂർത്തിയാക്കുകയും ആവശ്യമായവർക്ക് തുടർ ചികിത്സ ഉറപ്പാക്കുകയും ചെയ്തു. 30 വയസിന് മുകളിൽ ലക്ഷ്യം വച്ചവരിൽ ബഹുഭൂരിപക്ഷം വ്യക്തികളുടേയും സ്‌ക്രീനിംഗ് പൂർത്തിയായ സ്ഥിതിയിലാണ് രണ്ടാം ഘട്ടത്തിലേക്ക് കടന്നത്. ഇതിനായി ശൈലി 2.0 ആപ്പ് വികസിപ്പിച്ചു.

ജനകീയ പങ്കാളിത്തത്തോടെയായിരിക്കും രണ്ടാംഘട്ടം നടപ്പിലാക്കുക. ഇ ഹെൽത്ത് രൂപകല്പന ചെയ്യുന്ന ശൈലി ആപ്പിന്റെ സഹായത്തോടെ ആശാ പ്രവർത്തകർ നേരിട്ട് വീടുകളിലെത്തിയാണ് സ്‌ക്രീനിംഗ് നടത്തുന്നത്. രണ്ടാം ഘട്ടത്തിൽ കുഷ്ഠ രോഗം, കാഴ്ചക്കുറവ്, കേൾവി കുറവ്, മാനസികാരോഗ്യ പ്രശ്‌നങ്ങൾ, വയോജനങ്ങളുടെ ആരോഗ്യ പ്രശ്‌നങ്ങൾ എന്നിവയുടെ സ്‌ക്രീനിംഗും നടത്തും. നവകേരളം കർമ്മപദ്ധതി ആർദ്രം രണ്ടിന്റെ ഭാഗമായി സംസ്ഥാനത്തെ 30 വയസിന് മുകളിൽ പ്രായമുള്ള എല്ലാ വ്യക്തികളേയും സ്‌ക്രീൻ ചെയ്യുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വാർഷികാരോഗ്യ പരിശോധന സമയബന്ധിതമായി പൂർത്തിയാക്കത്തക്ക രീതിയിൽ പ്രവർത്തനങ്ങൾ ക്രോഡീകരിക്കും.

വീടുകളിലെത്തി സ്‌ക്രീനിംഗിലൂടെ രോഗസാധ്യത കണ്ടെത്തിയ വ്യക്തികൾക്ക് പരിശോധനയും രോഗനിർണവും നടത്തി തുടർചികിത്സ ഉറപ്പാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. നിലവിൽ ജീവിതശൈലീ രോഗങ്ങളുള്ളവരുടേയും രോഗ സാധ്യതയുള്ളവരുടേയും കൃത്യമായ വിവരങ്ങൾ ശേഖരിക്കാൻ ആരോഗ്യ വകുപ്പിനായി. ജീവിതശൈലീ രോഗങ്ങൾ നേരത്തേ തന്നെ കണ്ടുപിടിച്ച് ചികിത്സിക്കുന്നത് വഴി രോഗം സങ്കീർണമാകാതെ നിയന്ത്രിക്കാൻ സാധിക്കും. അതോടൊപ്പം രോഗസാധ്യത കണ്ടെത്തിയവരിൽ ജീവിതശൈലിയിൽ മാറ്റം വരുത്തിയും വ്യായാമത്തിലൂടെയും ജീവിതശൈലീ രോഗങ്ങൾ വരാതെ പ്രതിരോധിക്കാനും സാധിക്കുന്നു.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻ ബാബു, ഇ ഹെൽത്ത് പ്രോജക്ട് ഡയറക്ടർ അനുകുമാരി, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, ഡെപ്യൂട്ടി ഡയറക്ടർ ഡോ. ബിപിൻ ഗോപാൽ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, മറ്റ് സീനിയർ ഉദ്യോഗസ്ഥർ, എല്ലാ ജില്ലകളിലേയും ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലകളിലെ സീനിയർ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: അപൂർവ രോഗ പരിചരണത്തിനായുള്ള കെയർ (KARe: Kerala United Against Rare Diseases) പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനവും 42 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടേയും 37 ഐസൊലേഷൻ വാർഡുകളുടേയും സംസ്ഥാനതല ഉദ്ഘാടനവും ഫെബ്രുവരി 16ന് വൈകിട്ടു നാലിനു തിരുവനന്തപുരം ടാഗോർ തീയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അധ്യക്ഷത വഹിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ്, വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻ കുട്ടി എന്നിവർ മുഖ്യാതിഥികളാകും.

ആരോഗ്യ മേഖലയിലെ സുപ്രധാനങ്ങളായ 3 പദ്ധതികളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു.

അപൂർവ രോഗ പരിചരണത്തിനായി കെയർ സമഗ്ര പദ്ധതി

അപൂർവ രോഗ പരിചരണത്തിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിക്കുന്ന പുതിയ സമഗ്ര പദ്ധതിയാണ് കെയർ. അപൂർവരോഗ ചികിത്സാ രംഗത്തെ കേരളത്തിന്റെ നിർണായക ചുവടുവയ്പ്പാണിത്. അപൂർവ രോഗങ്ങൾക്ക് വിലപിടിപ്പുള്ള മരുന്നുകൾ നൽകാനുള്ള പദ്ധതിയും ലൈസോസോമൽ സ്റ്റോറേജ് രോഗങ്ങൾക്ക് മരുന്ന് നൽകുന്ന പദ്ധതിയും ഈ സർക്കാർ നടപ്പിലാക്കിയിരുന്നു. രണ്ട് പദ്ധതികളിലുമായി 61 കുട്ടികൾക്ക് മരുന്ന് നൽകി. എസ്.എ.ടി. ആശുപത്രിയെ അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്‌സലൻസായി തെരഞ്ഞെടുത്തിരുന്നു. ഈ പദ്ധതിയിലൂടെ ഒരു രോഗിക്ക് പരമാവധി 50 ലക്ഷം രൂപ വരെയുള്ള ചികിത്സയാണ് നൽകാൻ കഴിയുന്നത്. എന്നാൽ പല രോഗങ്ങളുടെയും നിലവിലെ ചികിത്സകൾക്ക് ഈ തുക മതിയാകില്ല. ഇത് കൂടി മുന്നിൽ കണ്ടാണ് സർക്കാർ അപൂർവ രോഗങ്ങൾക്കുള്ള സമഗ്ര പരിചരണ പദ്ധതി നടപ്പിലാക്കുന്നത്.

നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ

നഗര പ്രദേശങ്ങളിലെ ജനങ്ങൾക്ക് സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുന്നതിനായാണ് സംസ്ഥാനത്ത് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ സജ്ജമാകുന്നത്. 380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളാണ് സജ്ജമാക്കുന്നത്. അതിൽ പ്രവർത്തനസജ്ജമായ 42 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളുടെ ഉദ്ഘാടനമാണ് നിർവഹിക്കുന്നത്. നഗര പ്രദേശങ്ങളിൽ പ്രാഥമിക ആരോഗ്യ പരിചരണം ഉറപ്പാക്കുകയാണ് ലക്ഷ്യം. നിലവിൽ 104 നഗര പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും 2 നഗര സാമൂഹികാരോഗ്യ കേന്ദ്രങ്ങളുമാണുള്ളത്. ഈ കേന്ദ്രങ്ങൾക്ക് കീഴിലാണ് 380 നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങൾ അനുവദിച്ചത്. അടിസ്ഥാന സൗകര്യങ്ങളുൾപ്പെടെ വികസിപ്പിച്ച് നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളാക്കി പരിവർത്തനം ചെയ്യാനായി 48 ലക്ഷം രൂപ വീതമാണ് ഓരോ കേന്ദ്രത്തിനും അനുവദിച്ചിട്ടുള്ളത്. ഒരു ഡോക്ടർ, 2 സ്റ്റാഫ് നഴ്‌സ്, ഒരു ഫാർമസിസ്റ്റ്, എന്നിങ്ങനെ നാല് ജീവനക്കാർ ഇവിടെയുണ്ടായിരിക്കും. പൊതു അവധി ദിവസങ്ങളൊഴികെ നഗര ജനകീയ ആരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിൽ ആറു ദിവസവും ഉച്ചയ്ക്ക് 2 മണി മുതൽ വൈകീട്ട് 8 മണി വരെ സേവനങ്ങൾ ലഭ്യമാകും.

മൾട്ടിപർപ്പസിനായി അത്യാധുനിക ഐസൊലേഷൻ വാർഡുകൾ

കോവിഡ് പോലെയുള്ള മഹാമാരികളും മറ്റ് പകർച്ചവ്യാധികളും നേരിടുന്നതിന് ആരോഗ്യ മേഖലയെ കൂടുതൽ സജ്ജമാക്കുന്നതിന്റെ ഭാഗമായാണ് മൾട്ടിപർപ്പസിനായി എല്ലാ നിയോജക മണ്ഡലങ്ങളിലും ഐസൊലേഷൻ വാർഡുകൾ സജ്ജമാക്കുന്നത്. ആദ്യഘട്ടത്തിൽ നിർമ്മാണത്തിനായി അനുമതി നൽകിയ 90 ഐസൊലേഷൻ വാർഡുകളിലെ 10 എണ്ണത്തിന്റെ ഉദ്ഘാടനം മുമ്പ് നടത്തിയിരുന്നു. ഇതുകൂടാതെയാണ് 37 ഐസൊലേഷൻ വാർഡുകൾ കൂടി പ്രവർത്തനസജ്ജമാക്കിയത്. എം.എൽ.എ. ഫണ്ടും കിഫ്ബി ഫണ്ടും തുല്യമായി ഉപയോഗിച്ചുള്ള 250 കോടി രൂപയുടെ ഈ പദ്ധതി നടപ്പാക്കുന്നത് കെ.എം.എസ്.സി.എൽ. ആണ്. പ്രീ എഞ്ചിനീയർഡ് സ്ട്രക്ച്ചർ ഉപയോഗിച്ചാണ് മെഡിക്കൽ ഗ്യാസ് ഉൾപ്പെടെ എല്ലാവിധ സൗകര്യങ്ങളോടും കൂടിയ 2,400 ചതുരശ്ര അടി വിസ്തീർണത്തിലുള്ള ഐസോലേഷൻ വാർഡുകൾ നിർമ്മിക്കുന്നത്. 10 കിടക്കകളുള്ള പേഷ്യന്റ് കെയർ സോൺ, ഡോക്ടേഴ്സ് റൂം, ഡ്രെസിംഗ് റൂം, നഴ്‌സസ് സ്റ്റേഷൻ, എമർജൻസി പ്രൊസീജർ റൂം തുടങ്ങിയവ ഓരോ ഐസോലേഷൻ വാർഡിലും സജ്ജീകരിച്ചിട്ടുണ്ട്.

ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയർപ്പിനെ തുടർന്ന് ശരീരം ചൊറിഞ്ഞ് തിണർക്കുന്നതിനെയാണ് ഹീറ്റ് റാഷ് (ചൂട് കുരു) എന്ന് പറയുന്നത്. കുട്ടികളെയാണ് ഇത് കൂടുതൽ ബാധിക്കുന്നത്. ഇങ്ങനെയുള്ളവർ അധികം വെയിൽ ഏൽക്കാതിരിക്കുകയും തിണർപ്പ് ബാധിച്ച ശരീരഭാഗങ്ങൾ എപ്പോഴും ഈർപ്പ രഹിതമായി സൂക്ഷിക്കുകയും വേണം. യാത്രാവേളയിൽ വെയിൽ നേരിട്ട് ഏൽക്കാതിരിക്കുവാൻ കുട ഉപയോഗിക്കുന്നത് ശീലമാക്കുക

പ്രതിരോധ മാർഗങ്ങൾ

  • വേനൽക്കാലത്ത് പ്രത്യേകിച്ച് ചൂടിന് കാഠിന്യം കൂടുമ്പോൾ ദാഹം തോന്നിയില്ലെങ്കിൽ പോലും ധാരാളം വെള്ളം കുടിക്കുക.
  • ഉപ്പിട്ട കഞ്ഞിവെളളം, നാരങ്ങാവെളളം, കരിക്കിൻ വെള്ളം, തിളപ്പിച്ചാറിയ വെള്ളം തുടങ്ങിയവ ധാരാളമായി കുടിക്കുക.
  • വെള്ളം ധാരാളമായി അടങ്ങിയിട്ടുള്ള പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തിൽ കൂടുതലായി ഉൾപ്പെടുത്തുക.
  • വെയിലത്ത് ജോലി ചെയ്യേണ്ടി വരുന്ന അവസരങ്ങളിൽ ഉച്ചയ്ക്ക് 12 മണി മുതൽ 3 വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലി സമയം ക്രമീകരിക്കുക.
  • കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക.
  • കാറ്റ് കടന്ന് ചൂട് പുറത്ത് പോകത്തക്ക രീതിയിൽ വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക.
  • കട്ടി കുറഞ്ഞതും വെളുത്തതോ, ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
  • വെയിലത്ത് പാർക്ക് ചെയ്യുന്ന കാറിലും മറ്റും കുട്ടികളെ ഇരുത്തിയിട്ട് പോകാതിരിക്കുക.
  • വെയിലത്തും തുറസ്സായ സ്ഥലങ്ങളിലും പണിയെടുക്കുന്നവർ അപകട സാധ്യത കൂടിയ വിഭാഗത്തിൽപെട്ടവർ ആയതിനാൽ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

തിരുവനന്തപുരം: ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണകാരണങ്ങളിൽ രണ്ടാമത്തേത് വയറിളക്ക രോഗങ്ങളാണ്. വയറിളക്ക രോഗമുണ്ടായാൽ ആരംഭത്തിൽതന്നെ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ഒ.ആർ.എസ്. എന്നിവ നൽകുന്നത് വഴി നിർജലീകരണം തടയുവാനും രോഗം ഗുരുതരമാകാതിരിക്കുവാനും സാധിക്കുന്നതാണ്. വയറിളക്ക രോഗമുള്ളപ്പോൾ ഒ.ആർ. എസിനൊപ്പം ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം സിങ്ക് ഗുളികയും നൽകേണ്ടതാണ്.

കുഞ്ഞുങ്ങളിൽ വയറിളക്ക രോഗം പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്:

Ø 6 മാസം വരെ മുലപ്പാൽ മാത്രം നൽകുക.

Ø പാൽക്കുപ്പി കഴിവതും ഉപയോഗിക്കാതിരിക്കുക.

Ø പാൽ നന്നായി തിളപ്പിച്ച ശേഷം മാത്രം നൽകുക.

Ø തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ നൽകുക.

Ø ഭക്ഷണം പാകം ചെയ്യുന്നതിനും പാത്രം കഴുകുന്നതിനും ശുദ്ധജലം ഉപയോഗിക്കുക.

Ø പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.

Ø ആഹാര സാധനങ്ങൾ നന്നായി അടച്ചു സൂക്ഷിക്കുക.

Ø പഴകിയ ആഹാര പദാർത്ഥങ്ങൾ നൽകരുത്.

Ø ഭക്ഷണം തയ്യാറാക്കുന്നതിന് മുൻപും കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുന്നതിന് മുൻപും കൈകൾ നിർബന്ധമായും സോപ്പുപയോഗിച്ച് കഴുകണം.

Ø കുഞ്ഞുങ്ങളുടെ പല്ല് വൃത്തിയാക്കുന്നതിന് ശുദ്ധജലം ഉപയോഗിക്കുക

Ø മത്സ്യം, മാംസം എന്നിവ നന്നായി പാകം ചെയ്ത് മാത്രം നൽകുക.

Ø മുട്ട വേവിക്കുന്നതിന് മുൻപ് നന്നായി കഴുകുക

Ø വഴിയരികിൽ വൃത്തിയില്ലാതെയും തുറന്ന് വെച്ചിരിക്കുന്നതുമായ ഭക്ഷണ പാനീയങ്ങൾ കുഞ്ഞുങ്ങൾക്ക് നൽകരുത്.

Ø കുഞ്ഞുങ്ങളുടെ കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് നന്നായി കഴുകുക

Ø മലമൂത്ര വിസർജ്ജനം ശുചിമുറിയിൽത്തന്നെ ചെയ്യുന്നതിന് കുഞ്ഞുങ്ങളെ ശീലിപ്പിക്കുക.

Ø മലമൂത്ര വിസർജനം കഴിഞ്ഞ് കുഞ്ഞുങ്ങളെ കഴുകിയതിന് ശേഷം മുതിർന്നവർ കൈകൾ സോപ്പുപയോഗിച്ച് കഴുകണം.

Ø ഉപയോഗശേഷം ഡയപ്പെറുകൾ വലിച്ചെറിയരുത്.

Ø കുഞ്ഞുങ്ങളുടെ കൈനഖങ്ങൾ വെട്ടി കൈകൾ വൃത്തിയായി സൂക്ഷിക്കുക.

Ø വയറിളക്ക രോഗമുള്ളവരുമായി കുഞ്ഞുങ്ങൾ ഇടപഴകുന്നത് ഒഴിവാക്കുക.

തിരുവനനന്തപുരം: മികച്ച ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾക്ക് കേരളത്തിന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ പുരസ്‌കാരം ലഭിച്ചു. സ്വകാര്യ മേഖലയിൽ ദേശീയ ക്ഷയരോഗ നിവാരണ പ്രവർത്തനങ്ങൾ (എൻടിഇപി) ഏറ്റവും മികച്ച രീതിയിൽ ഏകോപിപ്പിച്ചതിനാണ് പുരസ്‌കാരം ലഭിച്ചത്. സ്വകാര്യ മേഖലയിൽ നിന്നും നിക്ഷയ് പോർട്ടൽ മുഖേന ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതരെ രജിസ്റ്റർ ചെയ്യിപ്പിച്ചതിനാണ് പുരസ്‌കാരം. 2019ൽ സ്വകാര്യ മേഖലയിൽ നിന്നും 4615 ക്ഷയരോഗ ബാധിതരെ നിക്ഷയ് പോർട്ടലിൽ രജിസ്റ്റർ ചെയ്തപ്പോൾ 2023ൽ അത് 6542 ആയി ഉയർന്നു. ഈ നേട്ടമാണ് പുരസ്‌ക്കാരത്തിന് അർഹമാക്കിയത്.

സ്വകാര്യ മേഖലയുടെ പങ്കാളിത്തം ഉറപ്പാക്കിക്കൊണ്ട് 2025ഓടു കൂടി കേരളത്തെ ക്ഷയ രോഗമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ശക്തമായ പ്രവർത്തനങ്ങൾ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. ക്ഷയരോഗ മുക്തകേരളം എന്ന ലക്ഷ്യത്തിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ക്ഷയരോഗമുക്ത പഞ്ചായത്ത് പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നു. ഇത് കൂടാതെയാണ് സ്വകാര്യ മേഖലയെക്കൂടി സജീവമായി പങ്കെടുപ്പിച്ച് ചികിത്സ ഏകോപിപ്പിക്കുന്നത്. ഇതിനുള്ള അംഗീകാരമാണ് ഈ പുരസ്‌കാരമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്ത് നിലവിൽ 330 സ്റ്റെപ്‌സ് സെന്ററുകൾ (സിസ്റ്റം ഫോർ ടിബി എലിമിനേഷൻ ഇൻ പ്രൈവറ്റ് സെക്ടർ) പ്രവർത്തിച്ചു വരുന്നു. സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്‌ക്കെത്തുന്നവരെ പൊതുമേഖലാ സംവിധാനവുമായി ബന്ധപ്പെടുത്തി ഏകീകൃത ചികിത്സ നൽകുന്ന കേന്ദ്രങ്ങളാണ് സ്റ്റെപ്‌സ് സെന്റർ. ഇവിടെ ചികിത്സക്ക് എത്തുന്ന ക്ഷയരോഗ ബാധിതർക്ക് രോഗ നിർണയവും, ചികിത്സയും, ഉന്നത നിലവാരത്തിലുള്ള മരുന്നുകളും ഉറപ്പാക്കുന്നതിനായി രാജ്യത്തിന് മാതൃകയായി കൊണ്ടുവന്ന സംസ്ഥാന പദ്ധതിയാണിത്.

സ്വകാര്യ സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായിട്ടുള്ള സിഎസ്ആർ ഫണ്ട് ഉപയോഗിച്ചു കൊണ്ട് കേരളത്തിലെ ക്ഷയരോഗ ബാധിതർക്ക് പോഷകാഹാര കിറ്റുകൾ നൽകാൻ സംസ്ഥാന തലത്തിൽ പ്രവർത്തനങ്ങൾ നടത്തിവരുന്നു. നിലവിൽ എറണാകുളം, വയനാട്, തിരുവനന്തപുരം ജില്ലകളിൽ കൊച്ചിൻ ഷിപ്പ്യാഡിന്റെയും, കിംസ് ആശുപത്രിയുടെയും സഹകരണത്തോടെ പോഷകാഹാര കിറ്റുകൾ നൽകിവരുന്നു. മറ്റു ജില്ലകളിലും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടേയും, സ്വകാര്യ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ പോഷകാഹാര കിറ്റുകൾ നൽകുന്നതിനുള്ള ശ്രമങ്ങൾ സംസ്ഥാന തലത്തിൽ നടന്നുവരുന്നു.

തിരുവനന്തപുരം: ഡിമെൻഷ്യ/അൽഷിമേഴ്സ് ബാധിതരായ വയോജനങ്ങൾക്കായി സാമൂഹ്യനീതി വകുപ്പിന്റെ കീഴിൽ രൂപീകരിച്ച ‘ഓർമ്മത്തോണി’ പദ്ധതിയ്ക്ക് ഫെബ്രുവരി 15 ന് തുടക്കമാകും. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം വ്യാഴാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരത്ത് വഴുതക്കാട് വിമൻസ് കോളേജിൽ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ. ബിന്ദു നിർവ്വഹിക്കും. ‘ഓർമ്മത്തോണി’യുടെ ലോഗോ ഫെബ്രുവരി 14നു രാവിലെ 11.30ന് നിയമസഭയിലെ മന്ത്രിയുടെ ചേംബറിൽ വച്ച് മന്ത്രി പ്രകാശനം ചെയ്യും. .

കേരള സാമൂഹ്യസുരക്ഷാ മിഷൻ മറ്റു വകുപ്പുകളുടെ സഹകരണത്തോടെ നടപ്പാക്കുന്ന നൂതന പദ്ധതിയാണ് ‘ഡിമെൻഷ്യ സൗഹൃദ കേരളം’ – ‘ഓർമ്മത്തോണി’. സംസ്ഥാനതല ഉദ്ഘാടനത്തിനു മുന്നോടിയായി വയോമിത്രം ഡോക്ടർമാർ, വയോമിത്രം ജീവനക്കാർ, നഗര തദ്ദേശസ്ഥാപനങ്ങളിലെ ആശാവർക്കർമാർ എന്നിവർക്ക് ഡിമെൻഷ്യ സംബന്ധമായ പരിശീലനം നൽകിയിരുന്നു. ആരോഗ്യവകുപ്പ്, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ്, ആരോഗ്യസർവ്വകലാശാല, ഈ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ധർ എന്നിവർ ഉൾപ്പെടുന്ന സംസ്ഥാനതല റിസോഴ്സ് ഗ്രൂപ്പാണ് പരിശീലനങ്ങൾ നൽകിയത്. സംസ്ഥാനതല ഉദ്ഘാടനത്തിനു ശേഷം ആശാപ്രവർത്തകർക്കുള്ള പരിശീലനം ആരംഭിക്കും.

ഡിമെൻഷ്യയെ ആരോഗ്യപ്രശ്നം എന്നതിനുപരി സാമൂഹ്യപ്രശ്നമായി കൂടി കണ്ടുകൊണ്ട് കേരളത്തിലെ മുഴുവൻ ഡിമെൻഷ്യ ബാധിതർക്കും അനുയോജ്യമായ സേവനങ്ങൾ ലഭ്യമാക്കാനാണ് ‘ഡിമെൻഷ്യ സൗഹൃദ കേരളം’ പദ്ധതിക്ക് സാമൂഹ്യനീതി വകുപ്പ് തുടക്കം കുറിക്കുന്നതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. ഈ സാമ്പത്തിക വർഷം ‘ഓർമ്മത്തോണി’യുടെ പ്രവർത്തനങ്ങൾക്കായി 92 ലക്ഷം രൂപയുടെ ഭരണാനുമതി നൽകിയെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, ആരോഗ്യ സർവകലാശാല തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഓർമ്മത്തോണി പദ്ധതി കേരള സാമൂഹ്യ സുരക്ഷാ മിഷൻ നടപ്പാക്കുന്നത്.

തിരുവനന്തപുരം: വേനൽ കടുക്കുകയാണ് സ്വാഭാവികമായും അന്തരീക്ഷ താപനിലയും വാഹനങ്ങൾ അഗ്‌നിക്കിരയാകുന്നത് അപൂർവമായ സംഭവമല്ല ഇപ്പോൾ, അതുകൊണ്ടുതന്നെ നമ്മൾ തീർത്തും നിസ്സഹായരായി പോകുന്ന ഈ അവസ്ഥ ഒഴിവാക്കുന്നതിനുള്ള മുൻകരുതലുകൾ സ്വീകരിക്കാം.

ഇന്ധന ലീക്കേജും ഗ്യാസ് ലീക്കേജും അനധികൃതമായ ആൾട്ടറേഷനുകളും ഫ്യൂസുകൾ ഒഴിവാക്കിയുള്ള ഇലക്ട്രിക് ലൈനുകളും അധിക താപം ഉല്പാദിപ്പിക്കപ്പെടുന്ന ബൾബുകളും തുടങ്ങി നിർത്തിയിടുന്ന പാർക്കിംഗ് സ്ഥലങ്ങൾ വരെ അഗ്‌നിബാധയ്ക്ക് കാരണമായേക്കാം. അഗ്‌നിബാധയ്ക്ക് സാധ്യതയുള്ള ഘടകങ്ങൾ ഒഴിവാക്കുക എന്നുള്ളതാണ് പ്രാഥമികമായി ചെയ്യേണ്ടുന്ന കാര്യം.

പരിഹാര മാർഗ്ഗങ്ങൾ

  1. കൃത്യമായ ഇടവേളകളിൽ മെയിന്റനൻസ് ചെയ്യുക. രാവിലെ വാഹനം നിർത്തിയിട്ടിരുന്ന തറയിൽ ഓയിൽ/ഇന്ധന ലീക്കേജ് ഉണ്ടൊ എന്ന് പരിശോധിക്കുന്നതും ദിവസത്തിൽ ഒരിക്കലെങ്കിലും ബോണറ്റ് തുറന്ന് പരിശോധിക്കുന്നത് ശീലമാക്കുക.
  2. വാഹനത്തിന്റെ പുറം മാത്രമല്ല എൻജിൻ കംപാർട്ട്‌മെന്റ് വൃത്തിയാക്കി വക്കുന്നതും ഇത് ലീക്കേജ് കണ്ടെത്തുന്നതിനു മാത്രമല്ല ചെറിയ അഗ്‌നിബാധ ഗുരുതരമായുന്നത് തടയുന്നതിനും ഇത് ഉപകാരപ്പെടും.
  3. കൃത്യമായ ഇടവേളകളിൽ ഗ്യാസ് ലൈനുകളിൽ പരിശോധന നടത്തുകയും ഗ്യാസ് ലീക്ക് ഉണ്ടോയെന്ന് എന്ന് ഇടയ്ക്കിടെ പരിശോധിക്കുകയും ഗ്യാസിന്റെ മണം അനുഭവപ്പെട്ടാൽ സർവീസ് സെൻററിൽ കാണിച്ച് റിപ്പയർ ചെയ്യുകയും ചെയ്യുക –
  4. വാഹന നിർമ്മാതാക്കൾ നിഷ്‌കർഷിച്ചിട്ടുള്ളതും നിയമവിധേയവുമായതുമായ പാർട്‌സുകൾ ഉപയോഗിക്കുന്നതും അനാവശ്യമായ ആൾട്ടറേഷനുകൾ ഒഴിവാക്കുക.
  5. ഇന്ധന കുഴലുകളും വയറുകളും കൃത്യമായി ക്ലിപ്പ് ചെയ്ത് ഉറപ്പിക്കണം.
  6. പാനൽ ബോർഡ് വാണിംഗ് ലാംപുകളും , മീറ്ററുകളും സദാ നിരീക്ഷിക്കുകയും കൃത്യമായ ഇടവേളകളിൽ കൂളന്റും എഞ്ചിൻ ഓയിലും മാറ്റുകയും ചെയ്യുക.
  7. വലിയ വാഹനങ്ങളിൽ പ്രൊപ്പല്ലർ ഷാഫ്റ്റിന് ഇരുമ്പ് ബ്രാക്കറ്റുകൾ ഘടിപ്പിക്കണം.
  8. കന്നാസിലും ബോട്ടിലുകളിലും മറ്റും ഇന്ധനം വാങ്ങി സൂക്ഷിക്കുന്നതും കൊണ്ടുപോകുന്നതും കർശനമായി ഒഴിവാക്കണം.
  9. വളരെ ചൂടുള്ള കാലാവസ്ഥയിൽ ഡാഷ് ബോർഡിൽ വച്ചിട്ടുള്ള വാട്ടർ ബോട്ടിലുകൾ ലെൻസ് പോലെ പ്രവർത്തിച്ച് സീറ്റ് അപ്‌ഹോൾസ്റ്ററിയും പ്ലാസ്റ്റിക് ഭാഗങ്ങളും തീ പിടിച്ചിട്ടുള്ള സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് അതുകൊണ്ടുതന്നെ വാട്ടർ ബോട്ടിലുകൾ സാനിറ്റൈസറുകൾ സ്‌പ്രേകൾ എന്നിവ ഡാഷ്‌ബോർഡിൽ സൂക്ഷിക്കുന്നത് ഒഴിവാക്കുക.
  10. വിനോദ യാത്രകളും മറ്റും പോകുമ്പോൾ സ്റ്റൗ ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്യുന്നത് വാഹനത്തിൽ വച്ചാകരുത്.
  11. വാഹനത്തിനകത്ത് ഇന്ധനം തീപ്പെട്ടി, ലൈറ്ററുകൾ, സ്‌ഫോടക വസ്തുക്കൾ എന്നിവ സൂക്ഷിക്കുന്നത് ഒഴിവാക്കേണ്ടുന്ന ശീലങ്ങളിൽ ഒന്നാണ്.
  12. ആംബുലൻസുകളിൽ ഓക്‌സിജൻ സിലിണ്ടറുകൾ കൃത്യമായി ബ്രാക്കറ്റുകൾ ഉപയോഗിച്ച് ഉറപ്പിക്കുകയും റെഗുലേറ്ററുകൾക്ക് തകരാറുകൾ ഇല്ല എന്ന് ഉറപ്പാക്കുകയും ചെയ്യണം.
  13. സാധാരണ വാഹനത്തിന്റെ സീറ്റുകളും മറ്റും അഗ്നിബാധയെ ചെറുക്കുന്ന രീതിയിലുള്ള മെറ്റീരിയൽ ഉപയോഗിച്ചാണ് നിർമ്മിക്കുക എന്നാൽ പെട്ടെന്ന് തീ ആളിപ്പിടിക്കുന്ന റെക്‌സിൻ കവറുകളും പോളിയസ്റ്റർ തുണി കവറുകളും അഗ്‌നി ആളിപ്പിടിക്കുന്നതിന് കാരണമാകാം എന്നതിനാൽ തന്നെ ഒഴിവാക്കേണ്ടതാണ്.
  14. കൂട്ടിയിടികൾ അഗ്‌നിബാധയിലേക്ക് നയിക്കാം എന്നതിനാൽ തന്നെ സുരക്ഷിതമായും ഡിഫൻസീവ് ഡ്രൈവിംഗ് രീതികൾ അനുവർത്തിച്ചു കൊണ്ടും വാഹനം ഓടിക്കുക.
  15. എല്ലാ വാഹനങ്ങളിലും ചെറിയ ഫയർ എക്സ്റ്റിംഗ്യൂഷർ (Fire extinguisher )പെട്ടെന്ന് ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ സൂക്ഷിക്കുക.
  16. വാഹനങ്ങൾ നിർത്തിയിടുമ്പോൾ ഉണങ്ങിയ ഇലകളോ പ്ലാസ്റ്റിക്കോ മറ്റ് അഗ്‌നിബാധയ്ക്ക് സാധ്യതയുള്ള ഏതോ ആയ സ്ഥലങ്ങളോ ഒഴിവാക്കുക.