Health (Page 29)

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയ കൂടാതെ ട്രാൻസ്‌കത്തീറ്റർ അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷനിലൂടെ ഹൃദയ വാൽവ് മാറ്റിവച്ചു. തിരുവനന്തപുരം ഇളമ്പ സ്വദേശിനിയായ 66കാരിക്ക് അയോർട്ടിക് വാൽവ് സ്റ്റീനോസിസ് എന്ന രോഗത്തിനാണ് ഹൃദയ വാൽവ് മാറ്റിവച്ചത്. രോഗിയുടെ കാലിലെ രക്തക്കുഴലുകൾക്ക് ചുരുക്കമുള്ളതിനാലാണ് സാധാരണയിൽ നിന്ന് വ്യത്യസ്തമായി കഴുത്തിലെ കരോട്ടിഡ് രക്തധമനി വഴി വാൽവ് മാറ്റിവച്ചത്. കേരളത്തിൽ കഴുത്തിലൂടെ ഹൃദയ വാൽവ് മാറ്റി വയ്ക്കുന്ന രണ്ടാമത്തെ സംഭവമാണിത്. രോഗി സുഖം പ്രാപിച്ചു വരുന്നു. വിജയകരമായ അയോർട്ടിക് വാൽവ് ഇംപ്ലാന്റേഷൻ നടത്തിയ മെഡിക്കൽ കോളേജിലെ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

ആശുപത്രി സൂപ്രണ്ട് ഡോ നിസാറുദീന്റെ ഏകോപനത്തിൽ പ്രൊഫ. ഡോ. കെ ശിവപ്രസാദ്, പ്രൊഫ. ഡോ. വിവി രാധാകൃഷ്ണൻ, പ്രൊഫ ഡോ മാത്യു ഐപ്പ്, പ്രൊഫ ഡോ. സിബു മാത്യു, ഡോ. ജോൺ ജോസ്, ഡോ. പ്രവീൺ എസ്, ഡോ. പ്രവീൺ വേലപ്പൻ, ഡോ. അഞ്ജന, ഡോ. ലെയ്‌സ്, ഡോ. ലക്ഷ്മി, സീനിയർ റെസിഡന്റുമാർ എന്നിവരടങ്ങുന്ന കാർഡിയോളജി സംഘം, പ്രൊഫ. ഡോ. രവി, ഡോ. ആകാശ്, ഡോ. നിവിൻ എന്നിവരടങ്ങുന്ന തൊറാസിക് സർജറി സംഘം എന്നിവരാണ് ഇംപ്ലാന്റേഷന് നേതൃത്വം നൽകിയത്. ഡോ. മായ, ഡോ. അൻസാർ എന്നിവരടങ്ങുന്ന അനസ്‌തേഷ്യ സംഘം, കാർഡിയോ വാസ്‌കുലർ ടെക്‌നോളജിസ്റ്റുമാരായ കിഷോർ, അസീം, പ്രജീഷ്, നേഹ, ജയകൃഷ്ണ എന്നിവരും കാത്ത് ലാബ് നഴ്‌സിംഗ് സ്റ്റാഫ് സംഘവും ഇതിൽ പങ്കുചേർന്നു. സർക്കാരിന്റെ സാമ്പത്തിക സഹാത്തോടെയാണ് ശസ്ത്രക്രിയ നടത്തിയത്.

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ സേവനങ്ങൾ ഉറപ്പാക്കുന്നതിന് ആരോഗ്യ വകുപ്പ് ജില്ലാതല ആക്ഷൻ പ്ലാൻ രൂപീകരിച്ച് പ്രവർത്തനങ്ങൾ ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കുട്ടികൾ, പ്രായമായവർ തുടങ്ങി പതിനായിരക്കണക്കിന് സ്ത്രീകൾ പൊങ്കാലയ്‌ക്കെത്തുന്നതിനാൽ വിപുലമായ ക്രമീകരണങ്ങളാണ് ആരോഗ്യ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ളത്. പൊങ്കാലയുടെ തലേ ദിവസം മുതൽ പൊങ്കാല കഴിഞ്ഞ് ഭക്തജനങ്ങൾ മടങ്ങിപ്പോകുന്നതുവരെ ആരോഗ്യവകുപ്പിലെ ഡോക്ടർമാർ അടങ്ങിയ 10 മെഡിക്കൽ ടീമുകളെ ആംബുലൻസ് ഉൾപ്പെടെ വിവിധ ഭാഗങ്ങളിൽ നിയോഗിക്കും. എന്തെങ്കിലും ശാരീരിക അസ്വസ്ഥകൾ ഉണ്ടായാൽ ആരോഗ്യ വകുപ്പിന്റെ സേവനം തേടണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിനാണ് ഏകോപന ചുമതല. വിവിധ ടീമുകളുടെ പ്രവർത്തനം ഏകോപിപ്പിക്കാനായി തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തിച്ചു വരുന്നു. ഫെബ്രുവരി 26 വരെ ഈ കൺട്രോൾ റൂമിന്റെ പ്രവർത്തനം തുടരും. ഇതിന് പുറമെ പൊങ്കാല ദിവസമായ ഫെബ്രുവരി 25ന് ക്ഷേത്ര പരിസരത്ത് ഒരു മെഡിക്കൽ ഓഫീസറിന്റെ നേതൃത്വത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കും.

നഗര പരിധിയിലുള്ള 16 അർബൻ ഹെൽത്ത് സെന്ററുകൾ പ്രാഥമിക ശുശ്രൂഷകൾ നൽകുന്ന ഫീൽഡ് ഹോസ്പിറ്റലുകളായി പ്രവർത്തിക്കും. ഫോർട്ട് താലൂക്ക് ആശുപത്രി, നേമം താലൂക്ക് ആശുപത്രി, ജനറൽ ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഐരാണിമുട്ടം സാമൂഹികാരോഗ്യ കേന്ദ്രം, 10 സ്വകാര്യ ആശുപത്രികൾ എന്നിവ തീവ്രമല്ലാത്ത സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്ന കണ്ടിജന്റ് സെന്ററുകളായി പ്രവർത്തിക്കും. ഏത് അടിയന്തിര സാഹചര്യവും നേരിടുന്ന സെന്ററായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രവർത്തിക്കും. അടിയന്തിര സാഹചര്യമുണ്ടായാൽ നേരിടുന്നതിനായി അത്യാഹിത വിഭാഗത്തിൽ 100 കിടക്കകളും പൊള്ളലേറ്റാൽ ചികിത്സയ്ക്കായി വാർഡ് 26ൽ 30 കിടക്കകളും സജ്ജീകരിക്കും.

ഫെബ്രുവരി 26 വരെ ആരോഗ്യ സേവനങ്ങൾക്ക് രാവിലെ 7 മുതൽ രാത്രി 10 വരെ രണ്ട് ഷിഫ്റ്റുകളായി ഡോക്ടർ, സ്റ്റാഫ് നഴ്സ്, അറ്റന്റമാരുമടങ്ങുന്ന മെഡിക്കൽ ടീമും കുത്തിയോട്ടത്തിന് വ്രതം അനുഷ്ഠിക്കുന്ന കുട്ടികൾക്ക് ആവശ്യമായ വൈദ്യസഹായത്തിന് ശിശുരോഗ വിദഗ്ദ്ധർ, സ്റ്റാഫ് നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ് എന്നിവരടങ്ങിയ മെഡിക്കൽ ടീമും പ്രവർത്തിച്ചു വരുന്നു. ഇതുകൂടാതെ 5 ഡോക്ടർമാരും സ്റ്റാഫ് നേഴ്സുമാരും അടങ്ങിയ ഐഎംഎയുടെ മെഡിക്കൽ ടീം ആറ്റുകാൽ ക്ഷേത്ര പരിസരത്ത് പൊങ്കാല ദിവസം വൈദ്യ സഹായം നൽകും.

ഫെബ്രുവരി 26 വരെ രണ്ട് കനിവ് 108 ആംബുലൻസുകൾ ക്ഷേത്ര പരിസരത്ത് വിന്യസിച്ചിട്ടുണ്ട്. ഇതുകൂടാതെ മറ്റ് വകുപ്പുകളുടെ 10 ആംബുലൻസുകളും സ്വകാര്യ ആശുപത്രികളുടെ 7 ആംബുലൻസുകളും ഒരുക്കിയിട്ടുണ്ട്. പൊങ്കാലയോടനുബന്ധിച്ച് പോലീസ് വകുപ്പ് നിർദേശിച്ച 20 അതീവ ജാഗ്രതാ പോയിന്റുകളിൽ ആരോഗ്യ വകുപ്പിന്റെയും ഇതര വകുപ്പുകളുടെയും സന്നദ്ധ സംഘടനങ്ങളുടെയും ആംബുലൻസുകൾ 24ന് വൈകുന്നേരം മുതൽ സജ്ജമാക്കും.

സാനിറ്റേഷൻ പ്രവർത്തനങ്ങൾക്ക് ടെക്നിക്കൽ അസിസ്റ്റന്റിന്റെ നേതൃത്വത്തിൽ ഒരു ഹെൽത്ത് ഇൻസ്‌പെക്ടറും 3 ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരും അടങ്ങിയ സാനിട്ടേഷൻ ടീമും പൊതുജനാരോഗ്യ പ്രവർത്തനങ്ങൾക്ക് 7 ഹെൽത്ത് സൂപ്പർവൈസർമാരും ഹെൽത്ത് ഇൻസ്‌പെക്ടർമാരും അടങ്ങിയ പബ്ലിക് ഹെൽത്ത് ടീമും പ്രവർത്തിച്ചു വരുന്നു. ഇതുകൂടാതെ ആയുർവേദ ഹോമിയോ വിഭാഗങ്ങളുടെ നേതൃത്വത്തിൽ പ്രത്യേക മെഡിക്കൽ ക്യാമ്പുകളും സജ്ജമാക്കിയിട്ടുണ്ട്.

ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കൺട്രോൾ റുമൂം ആറ്റുകാലിൽ സജ്ജമാക്കിയിട്ടുണ്ട്. 5 പ്രത്യേക സ്‌ക്വാഡുകൾ പ്രവർത്തിച്ചു വരുന്നു. രജിസ്‌ട്രേഷനോ, ലൈസൻസോ ഇല്ലാത്ത ഒരു ഭക്ഷ്യ സ്ഥാപനത്തിനും പ്രവർത്തിക്കാൻ അനുമതിയില്ല. പൊങ്കാലയോടനുബന്ധിച്ച് താത്ക്കാലിക രജിസ്‌ട്രേഷൻ നൽകുന്നതിനായി പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ട്. അന്നദാനം നടത്തുന്ന എല്ലാവർക്കും രജിസ്‌ട്രേഷൻ നിർബന്ധമാണ്. കൃത്യമായ ഭക്ഷ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കണം. ഇതുവരെ അന്നദാനം നടത്തുന്ന 365 വ്യക്തികളും സ്ഥാപനങ്ങളും താത്ക്കാലിക രജിസ്‌ട്രേഷൻ എടുത്തിട്ടുണ്ട്. പരിശോധനയ്ക്കായി മൊബൈൽ ലാബിന്റെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്.

തിരുവനന്തപുരം: എസ്.എസ്.എൽ.സി., ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പൊതു പരീക്ഷകളുമായി ബന്ധപ്പെട്ട് കുട്ടികൾ അനുഭവിക്കുന്ന വിവിധ തരം സമ്മർദ്ദങ്ങൾ ലഘൂകരിക്കുന്നതിനായി വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും ആവശ്യമായ പിന്തുണ നൽകുന്നതിന് ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം ആരംഭിച്ചു, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഹയർസെക്കണ്ടറി വിഭാഗം, വീ ഹെൽപ്പ് എന്ന പേരിലാണ് ടോൾഫ്രീ ടെലിഫോൺ സഹായകേന്ദ്രം ആരംഭിച്ചത്. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഇക്കാര്യം അറിയിച്ചത്. ഇന്ന് (ഫെബ്രുവരി 22) മുതൽ സേവനം ലഭ്യമായി തുടങ്ങി. വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കും രാവിലെ 7 മണി മുതൽ വൈകുന്നേരം 7 മണി വരെ ഫോണിൽ കൗൺസലിംഗ് സഹായം ലഭ്യമാകും.

നിംഹാൻസ് ബംഗളുരൂവിൽ നിന്നും പരീശീലനം ലഭിച്ച സൗഹൃദ കോർഡിനേറ്റർമാരാണ് കൗൺസിലിംഗിന് നേതൃത്വം നൽകുന്നത്. കുട്ടികൾക്കും രക്ഷകർത്താക്കൾക്കും സൗജന്യമായി 1800 425 2844 എന്ന നമ്പറിൽ വിളിക്കാം. പരീക്ഷ അവസാനിക്കുന്നതുവരെ എല്ലാ പ്രവൃത്തി ദിനങ്ങളിലും സേവനം ലഭ്യമാകും.

എല്ലാ ഹയർസെക്കന്ററി സ്‌കൂളുകളിലും സൗഹൃദ കോർഡിനേറ്ററുടെ നേത്രത്വത്തിൽ കൗൺസിലിംഗ് ഒരുക്കിയിട്ടുണ്ട്. സ്‌കൂൾ തലത്തിൽ എല്ലാ പൊതുപരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കും ഈ സേവനം പ്രയോജനപ്പെടുത്താം. ഹയർ സെക്കന്ററി കരിയർ ഗൈഡൻസ് ആൻഡ് അഡോളസെന്റ് കൗൺസലിങ്ങ് സെല്ലിന്റെ നേതൃത്വത്തിലാണ് വീ ഹെൽപ്പ് സംഘടിപ്പിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മോസ്‌കോ: അർബുദത്തിനുള്ള വാക്സിൻ വൈകാതെ യാഥാർത്ഥ്യമാകുമെന്ന് റഷ്യ. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനാണ് ഇക്കാര്യം അറിയിച്ചത്. ഈ നിർണ്ണായക നേട്ടത്തിന് തൊട്ടരികിലാണ് റഷ്യയിലെ ശാസ്ത്രജ്ഞരെന്ന് അദ്ദേഹം പറഞ്ഞു. ഏതെല്ലാം അർബുദങ്ങൾക്കുള്ള വാക്സിനാണ് തയ്യാറായി വരുന്നതെന്ന കാര്യം പുടിൻ വ്യക്തമാക്കിയിട്ടില്ല. പലതരത്തിലുള്ള അർബുദങ്ങൾക്ക് കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരെ നിലവിൽ ആറ് ലൈസൻസ് നേടിയ വാക്സിനുകൾ ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്.

ഇതിന് പുറമേ കരളിന്റെ അർബുദത്തിന് കാരണമാകുന്ന ഹെപ്പറ്റൈറ്റിസ് ബിക്കെതിരെയുളള വാക്‌സിനുകളും ലഭിക്കും. അർബുദ വാക്സിനുകൾ നിർമ്മിക്കാൻ റഷ്യ മാത്രമല്ല ലോകത്തിലെ പല രാജ്യങ്ങളിലും പല കമ്പനികളുടെയും ആഭിമുഖ്യത്തിൽ ഗവേഷണങ്ങൾ നടക്കുന്നുണ്ട്. വ്യക്തിഗത അർബുദ ചികിത്സകൾ ലഭ്യമാക്കുന്നതിനുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുന്നതിന് കഴിഞ്ഞ വർഷം യുകെ സർക്കാർ ജർമ്മനി അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ബയോഎൻടെക്കുമായി ധാരണപത്രം ഒപ്പുവെയ്ക്കുകയും ചെയ്തിരുന്നു.

കൊച്ചി: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാനുള്ള കാർസാപ്പിന്റെ (കേരള ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ) ഭാഗമായി ശക്തിപ്പെടുത്തിയ ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃകയിലൂടെ രാജ്യത്തെ ആദ്യത്തെ ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കുന്ന സംസ്ഥാനമായി കേരളം മാറി. എറണാകുളം ജില്ലയാണ് ആന്റിബയോഗ്രാം പുറത്തിറക്കിയത്. എല്ലാ ജില്ലകളിലും ബ്ലോക്കുകളിലും എ.എം.ആർ. കമ്മിറ്റികൾ രാജ്യത്ത് ആദ്യമായി കേരളത്തിൽ രൂപീകരിച്ചിരുന്നു. അവയുടെ പ്രവർത്തനഫലമായാണ് എറണാകുളം ജില്ലയ്ക്ക് ഇത് പുറത്തിറക്കാൻ സാധിച്ചത്. കാർസാപ്പ് അവലോകന യോഗത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ജില്ലാതല ആന്റിബയോഗ്രാം പുറത്തിറക്കിത്. ലോക എ.എം.ആർ. അവബോധ വാരാചണത്തോടനുബന്ധിച്ചും ആന്റിബയോട്ടിക് സാക്ഷര കേരളം പദ്ധതിയുടെ ഭാഗമായും കേരളം ഇതുവരെ നടത്തിയ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു കൊണ്ടുള്ള പുസ്തകവും മന്ത്രി പുറത്തിറക്കി.

എല്ലാ ജില്ലകളുടേയും ആന്റിബയോഗ്രാം വരും വർഷങ്ങളിൽ പുറത്തിറക്കുക എന്നുള്ളതാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. 11 ജില്ലകളിൽ ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃകയിൽ ലാബ് സംവിധാനം ആരംഭിച്ചിട്ടുണ്ട്. എല്ലാവർഷവും പുറത്തിറക്കുന്ന കാർസ്‌നെറ്റ് ശൃംഖലയിലൂടെയുള്ള കാർസാപ്പ് ആന്റിബയോഗ്രാം വഴി ത്രിതല ആശുപത്രികളിലെ എ.എം.ആർ. രീതിയാണ് പഠിച്ചുകൊണ്ടിരുന്നത്. എന്നാൽ ജില്ലാതല ആന്റിബയോഗ്രാമിലൂടെ പ്രാഥമിക, ദ്വിതീയതല ആശുപത്രികളിലെ എ.എം.ആർ. (ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ്) ട്രെന്റ് മനസിലാക്കാൻ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

മനുഷ്യന്റെ കാര്യത്തിൽ മാത്രമല്ല മൃഗസംരക്ഷണ മേഖലയിലും ഫിഷറീസ്, അക്വാകൾച്ചർ മേഖലയിലും ഭക്ഷ്യമേഖലയിലുമൊക്കെയുള്ള എ.എം.ആർ. ട്രെന്റിനെപ്പറ്റിയും എ.എം.ആർ. കുറയ്ക്കുന്നതിനുമായുള്ള പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനേയും പറ്റിയുമുള്ള ചർച്ചകൾ നടന്നു. ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാൻ സംസ്ഥാനത്ത് ഡ്രഗ്‌സ് കൺട്രോൾ വിഭാഗം നടപ്പിലാക്കിയ ഓപ്പറേഷൻ അമൃതിന്റെ പുരോഗതിയും അവലോകനം ചെയ്തു. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകൾ നൽകുന്നതല്ല എന്ന പോസ്റ്റർ എല്ലാ മെഡിക്കൽ സ്റ്റോറുകളിലും പതിപ്പിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ചിട്ടുള്ള പരിശോധനകൾ കർശനമാക്കാനും നിർദേശം നൽകി. ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി എറണാകുളത്ത് നടപ്പിലാക്കിയ ആന്റിബയോട്ടിക്കുകൾ നീലക്കവറിൽ നൽകുന്ന രീതി സംസ്ഥാനം മുഴുവൻ നടപ്പിലാക്കും. ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രികൾക്ക് പ്രത്യേക എംബ്ലവും സർട്ടിഫിക്കറ്റും നൽകും.

മത്സ്യകൃഷി, കോഴി വളർത്തൽ, മൃഗപരിപാലനം എന്നിവയിൽ ഒരുപോലെ തന്നെ ആന്റിബയോട്ടിക് പ്രതിരോധത്തിന്റെ ആവശ്യകതയും അതിന്റെ ഭാഗമായി നടക്കുന്ന പഠനങ്ങളും യോഗത്തിൽ ചർച്ചയായി. സംയോജിത പ്രവർത്തനങ്ങൾ നടത്തേണ്ടതിന്റെ ആവശ്യകത യോഗത്തിൽ ഉയർന്നുവന്നു. മനുഷ്യരിൽ മാത്രമല്ല മൃഗപരിപാലനം, കോഴിവളർത്തൽ, മത്സ്യകൃഷി തുടങ്ങിയവയിലും അശാസ്ത്രീയമായ രീതിയിൽ ആന്റിബയോട്ടിക്കുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതിനു പുറമേ പരിസ്ഥിതിയിൽ നിന്ന് ശേഖരിച്ച സാമ്പിളുകളിൽ പോലും ആന്റിബയോട്ടികുകളെ പ്രതിരോധിക്കാൻ ശേഷിയുള്ള ബാക്ടീരിയകളെയും ജീനുകളെയും കണ്ടെത്തിയിട്ടുണ്ട്.

മുഖ്യമന്ത്രിയുടെ സയന്റിഫിക് അഡൈ്വസർ ഡോ. എം.സി. ദത്തൻ, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ ജീവൻബാബു, ഡെപ്യൂട്ടി സെക്രട്ടറി ശിഖ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടർ ഡോ. ഡി. മീന, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ ഡോ. നന്ദകുമാർ, പൊല്യൂഷൻ കൺട്രോൾ ബോർഡ് മെമ്പർ സെക്രട്ടറി ഷീല എ.എം., കർസാപ്പ് നോഡൽ ഓഫീസർ ഡോ. മഞ്ജുശ്രീ, വർക്കിംഗ് കമ്മിറ്റി കൺവീനർ ഡോ. അരവിന്ദ്, ഡി.എച്ച്.എസ്. നോഡൽ ഓഫീസർ ഡോ. ശിവപ്രസാദ്, എ.എം.ആർ. സർവയലൻസ് നോഡൽ ഓഫീസർ ഡോ. ജ്യോതി, ഡോ. ആര്യ, എസ്.എച്ച്.എസ്.ആർ.സി. എക്‌സിക്യുട്ടീവ് ഡയറക്ടർ ഡോ. ജിതേഷ്, സ്റ്റേറ്റ് പബ്ലിക് ഹെൽത്ത് ലാബ് ഡയറക്ടർ ഡോ. സുനിജ, ഡ്രഗ്‌സ് കൺട്രോളർ ഡോ. സുജിത് കുമാർ, നോഡൽ ഓഫീസർ ഷാജി വർഗീസ്, മൈക്രോബയോം പ്രോജക്ട് ഡയറക്ടർ ഡോ. സാബു തോമസ്, ഫിഷറീസ് ആന്റ് അക്വകൾച്ചർ വിഭാഗത്തിലെ ഡോ. രാഹുൽ, മൃഗസംരക്ഷണ വകുപ്പിലെ ഡോ. പ്രവീൺ പുന്നൂസ്, ഡോ. ഷീല ലാലി, സ്റ്റുഡന്റ് എഡ്യൂക്കേഷൻ നോഡൽ ഓഫീസർ ഡോ. റിയാസ്, ഭക്ഷ്യ സുരക്ഷാ വകുപ്പ്, ആയുഷ് വകുപ്പ് പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

തിരുവനന്തപുരം: വിരബാധയിൽ നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിന് ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച വിര വിമുക്ത യജ്ഞം വിജയകരമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ലക്ഷ്യം വച്ച 94 ശതമാനം കുട്ടികൾക്കും വിര നശീകരണ ഗുളികയായ ആൽബൻഡസോൾ നൽകാനായി. ഈ വർഷം 1 മുതൽ 19 വയസ് വരെയുള്ള 74,73,566 കുട്ടികൾക്ക് ഗുളിക നൽകാനാണ് ലക്ഷ്യമിട്ടത്. അതിൽ 94 ശതമാനം കുട്ടികൾക്കും (70,28,435) ഗുളിക നൽകാനായി. ലക്ഷ്യമിട്ട 99 ശതമാനം കുട്ടികൾക്കും ഗുളിക നൽകിയ (7,14,451) കോഴിക്കോട് ജില്ലയും 98 ശതമാനം കുട്ടികൾക്കും ഗുളിക നൽകിയ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളുമാണ് മുന്നിലുള്ളത്. ഈ യജ്ഞത്തിന് ഒപ്പം നിന്ന ജില്ലാ ഭരണകൂടം, തദ്ദേശസ്വയം ഭരണം, വിദ്യാഭ്യാസം, വനിതാ ശിശു വികസനം, പട്ടികവർഗ വികസനം തുടങ്ങിയ വകുപ്പുകൾ, ആരോഗ്യ പ്രവർത്തകർ, ജനപ്രതിനിധികൾ തുടങ്ങിയ എല്ലാവരേയും മന്ത്രി അഭിനന്ദിച്ചു.

ദേശീയ വിരവിമുക്ത ദിനാചരണത്തിന്റെ ഭാഗമായി ഫെബ്രുവരി എട്ടിനും പതിനഞ്ചിനുമാണ് യജ്ഞം സംഘടിപ്പിച്ചത്. സ്‌കൂളുകളും അങ്കണവാടികളും വഴിയാണ് കുട്ടികൾക്ക് വിര നശീകരണത്തിനുള്ള ആൽബൻഡസോൾ ഗുളിക നൽകിയത്. വിരബാധ കുട്ടികളുടെ വളർച്ചയെയും ആരോഗ്യത്തെയും ബാധിക്കുന്ന ഒരു പൊതുജനാരോഗ്യ പ്രശ്‌നമാണ്. കുട്ടികളിൽ വിളർച്ചയ്ക്കും പോഷകക്കുറവിനും ഇത് കാരണമാകുന്നു. ഇത് മുന്നിൽ കണ്ട് വിരവിമുക്ത യജ്ഞത്തിന് ആരോഗ്യ വകുപ്പ് വലിയ പ്രാധാന്യമാണ് നൽകിയത്. നിശ്ചയിച്ച ദിവസം സ്‌കൂളുകളിലെത്തിയ കുട്ടികൾക്ക് അവിടെ നിന്നും സ്‌കൂളുകളിലെത്താത്ത 1 മുതൽ 19 വയസ് വരെ പ്രായമുള്ള കുട്ടികൾക്ക് അങ്കണവാടികൾ വഴിയും ഗുളിക നൽകി.

വിരബാധ എല്ലാവരെയും ബാധിക്കുമെങ്കിലും സാധാരണയായി കുട്ടികളെയാണ് കൂടുതൽ ബാധിക്കുന്നത്. മണ്ണിൽ കളിക്കുകയും പാദരക്ഷകൾ ഉപയോഗിക്കാതിരിക്കുകയും ചെയ്താൽ വിരബാധയുണ്ടാകാൻ സാധ്യത കൂടും. സാധാരണയായി കുടലുകളിലാണ് വിരകൾ കാണപ്പെടുന്നത്. വിരബാധയുണ്ടാകാതിരിക്കാൻ വ്യക്തിശുചിത്വം പാലിക്കണം. ഭക്ഷണത്തിന് മുൻപും മലവിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകിയതിന് ശേഷം മാത്രം ഉപയോഗിക്കുക. മാംസം നന്നായി പാചകം ചെയ്യണം. നഖങ്ങൾ വെട്ടി കൈകൾ വൃത്തിയായി സൂക്ഷിക്കണം. വീടിന് പുറത്തുപോകുമ്പോൾ പാദരക്ഷകൾ ധരിക്കുക. ഭക്ഷണം അടച്ച് സൂക്ഷിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കണം. തുറസായ സ്ഥലത്ത് മലമൂത്ര വിസർജനം നടത്താതിരിക്കുക. 6 മാസത്തിലൊരിക്കൽ വിര നശീകരണത്തിനായി ഗുളിക കഴിക്കുക. പല കാരണം കൊണ്ട് വിര നശീകരണ ഗുളിക നൽകാൻ സാധിക്കാത്ത കുട്ടികൾക്ക് തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ നിന്ന് ഗുളിക ലഭ്യമാകും.

കൊച്ചി: കേരളത്തിലെ വേനൽക്കാലം ആരംഭിക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുന്നതുമായ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിന് 1958 ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ 24,25 വ്യവസ്തകൾ പ്രകാരം സംസ്ഥാനത് ജോലി ചെയുന്ന തൊഴിലാളികളുടെ തൊഴിൽ സമയം 2024 ഫെബ്രുവരി 17 മുതൽ ഏപ്രിൽ 30വരെ താഴെ പറയുന്ന രീതിയിൽ ലേബർ കമ്മിഷണർ പുന:ക്രമികരിച്ച് ഉത്തരവായി.

1) പകൽ സമയം വെയിലത്ത് ജോലി ചെയ്യുന്ന എല്ലാ തൊഴിലളികൾക്കും ഉച്ചക്ക് 12 മുതൽ 3 വരെ വിശ്രമം ആയിരിക്കും.

ഇവരുടെ ജോലി സമയം രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ ഉള്ള സമയത്തിന് ഉള്ളിൽ 8 മണിക്കൂർ ആയി നിജപ്പെടുത്തുന്നു.

ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയുന്ന തൊഴിലാളികൾക്ക് രാവിലത്തെ ഷിഫ്റ്റ് ഉച്ചക്ക് 12 ന് അവസാനിക്കുന്ന തരത്തിലും ഉച്ചക്ക് ശേഷമുള്ള ഷിഫ്റ്റ് വൈകുന്നേരം 3 ന് ആരംഭിക്കുന്ന തരത്തിലും പുന:ക്രമീകരിച്ചിട്ടുണ്ട്.

2)സമുദ്രനിരപ്പിൽ നിന്ന് 3000അടിയിൽ കൂടുതൽ ഉയരമുള്ള സൂര്യാഘാതത്തിന് സാധ്യത ഇല്ലാത്ത മേഖലകൾക്ക് ഈ ഉത്തരവ് ബാധകം അല്ല.

കേരളത്തിൽ വേനൽക്കാലം ആരംഭിക്കുകയും പകൽ താപനില ക്രമാതീതമായി ഉയരുന്നതുമായ സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ വെയിലത്ത് പണിയെടുക്കുന്ന തൊഴിലാളികൾക്ക് സൂര്യാഘാതം ഏൽക്കുന്നതിനുള്ള സാഹചര്യമുള്ള പശ്ചാത്തലത്തിൽ വെയിലത്ത് ജോലി ചെയ്യുന്ന തൊഴിലാളികളുടെ തൊഴിൽ സമയം പുനക്രമീകരിച്ച് ലേബർ കമ്മീഷണർ ഡോ.കെ. വാസുകി ഉത്തരവ് പുറപ്പെടുവിച്ച സാഹചര്യത്തിൽ എറണാകുളം ജില്ലയിൽ ജില്ലാ ലേബർ ഓഫീസർ (എൻഫോസ്മെന്റ്) പി. ജി.വിനോദ് കുമാറി ന്റെ നേതൃത്വത്തിൽ ഡെപ്യൂട്ടി ലേബർ ഓഫീസർമാരുടെയും, അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് 1, അസിസ്റ്റന്റ് ലേബർ ഓഫീസർ ഗ്രേഡ് 2 എന്നിവർ അടങ്ങുന്ന സ്‌ക്വാഡ് രൂപീകരിക്കുകയും ജില്ല യുടെ വിവിധ ഭാഗങ്ങളിൽ പരിശോധന നടത്തുകയും തൊഴിൽ സമയം പുന:ക്ര മീകരിക്കാത്ത സ്ഥാപനങ്ങളോടും, കരാറു കാരോടും ആദ്യ ദിനം എന്ന നിലയ്ക്ക് മുന്നറിയിപ്പ് നൽകുകയും തുടർന്നും നിയമലംഘനം കണ്ടത്തിയാൽ 1958-ലെ കേരള മിനിമം വേജസ് ചട്ടങ്ങളിലെ, ചട്ടം 24, 25-ലെ വ്യവസ്ഥകൾ പ്രകാരം ഉള്ള നടപടികൾ ബന്ധപ്പെട്ടവർക്ക് എതിരെ സ്വീകരിക്കും എന്ന് ജില്ലാ ലേബർ ഓഫീസർ അറിയിച്ചു.

കണ്ണൂർ: തലശ്ശേരി മലബാർ കാൻസർ സെന്റർ കാൻസർ ചികിത്സയിൽ അപൂർവ നേട്ടം കൈവരിച്ചു. കണ്ണിലെ കാൻസർ ചികിത്സിക്കാനുള്ള ഒക്യുലാർ പ്ലാക് ബ്രാക്കിതെറാപ്പി ചികിത്സ എം.സി.സി.യിൽ വിജയകരമായി നടത്തി. കണ്ണ് നീക്കം ചെയ്യാതെ കണ്ണിന്റെ കാഴ്ച നിലനിർത്തിക്കൊണ്ടുള്ള കാൻസർ ചികിത്സാ രീതിയാണിത്. യുവിയൽ മെലനോമ ബാധിച്ച 55 വയസുകാരിയിലാണ് ശസ്ത്രക്രിയ വിജയകരമായി നടത്തിയത്. ഇറക്കുമതി ചെയ്ത പ്‌ളാക്കുകളേക്കാൾ വളരെ കുറഞ്ഞ ചെലവിൽ ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ തദ്ദേശീയമായി നിർമ്മിച്ച റുഥേനിയം 106 പ്ലാക് ഉപയോഗിച്ചാണ് ചികിത്സ നടത്തിയത്. ചികിത്സയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ ടീമിനേയും മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും അഭിനന്ദിച്ചു.

കേരളത്തിൽ ഇത്തരമൊരു ചികിത്സ ആദ്യമായാണ് നടത്തുന്നത്. ഇന്ത്യയിലെ വളരെ കുറച്ച് ആശുപത്രികളിൽ മാത്രമേ ഈ ചികിത്സ നടത്തുന്നുള്ളൂ. ഡൽഹി എയിംസ്, ന്യൂഡൽഹി ആർമി ഹോസ്പിറ്റൽ, ചണ്ഡിഗഡ് ഗവ. മെഡിക്കൽ കോളേജ് എന്നിവ കഴിഞ്ഞാൽ ഈ ചികിത്സ നടത്തുന്ന ഇന്ത്യയിലെ നാലാമത്തെ സർക്കാർ ആശുപത്രിയായി ഇതോടെ എം.സി.സി. മാറി. എം.സി.സി.യുടെ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലാണിത്. എം.സി.സി.യിലെ ഒക്യുലാർ ഓങ്കോളജി വിഭാഗവും റേഡിയേഷൻ ഓങ്കോളജി വിഭാഗവും ചേർന്നാണ് ഈ ചികിത്സയ്ക്ക് നേതൃത്വം നൽകിയത്.

കണ്ണിലെ കാൻസർ ചികിത്സയ്ക്കായി ചെയ്യുന്ന അത്യാധുനിക റേഡിയേഷൻ തെറാപ്പിയാണ് പ്ലാക് ബ്രാക്കിതെറാപ്പി. കണ്ണുകൾ നീക്കം ചെയ്യാതെ സംരക്ഷിക്കാനും കാഴ്ച നഷ്ടമാകാതെ നിലനിർത്താനും ഈ ചികിത്സയിലൂടെ കഴിയും. കണ്ണിന്റെ ഉപരിതലത്തിലെ മുഴകൾ, യൂവിയൽ മെലനോമ, റെറ്റിനോബ്ലാസ്റ്റോമ, കണ്ണിനുള്ളിലെ ട്യൂമറുകൾ എന്നിവ ചികിത്സിക്കാൻ പ്ലാക്ക് ബ്രാക്കിതെറാപ്പി ഏറെ ഫലപ്രദമാണ്. റേഡിയോ ആക്ടീവ് ഐസോടോപ്പ് അടങ്ങിയ ഒരു പ്‌ളാക് ശസ്ത്രക്രിയയിലൂടെ കണ്ണിലെ ട്യൂമറിന് മുകളിൽ നിക്ഷേപിക്കുകയും നിശ്ചിത സമയത്തേക്ക് അവിടെ വയ്ക്കുകയും ചെയ്യുന്നു. റേഡിയേഷൻ ചികിത്സയുടെ കാലയളവിനുശേഷം ഈ പ്ലാക് നീക്കം ചെയ്യുകയും രോഗിയെ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യുന്നു. രോഗിയുടെ കാഴ്ച നിലനിർത്താൻ സാധിക്കും എന്നതാണ് ഈ ചികിത്സയുടെ ഏറ്റവും വലിയ പ്രത്യേകത. എം.സി.സി.യിൽ ഈ ചികിത്സ യാഥാർത്ഥ്യമായതോടെ മറ്റ് സംസ്ഥാനങ്ങളിൽ പോകാതെ കേരളത്തിൽ തന്നെ ഈ ചികിത്സ ഉറപ്പാക്കാൻ സാധിക്കും.

എം.സി.സി. ഡയറക്ടർ ഡോ. ബി. സതീശന്റെ ഏകോപനത്തിൽ റേഡിയേഷൻ ഓങ്കോളജി വിഭാഗം മേധാവി ഡോ. ഗീത, ഡോ. ജോനീത, ഡോ. ഗ്രീഷ്മ, ഡോ. ഫൈറൂസ്, ഡോ. ഹൃദ്യ, ഡോ. ശിൽപ, ഡോ. സോണാലി, സ്റ്റാഫ് നഴ്‌സുമാരായ ജിഷ, മനീഷ്, ശ്രീജിൽ തുടങ്ങിയവരടങ്ങുന്ന സംഘമാണ് ചികിത്സയിൽ പങ്കാളികളായത്.

തിരുവനന്തപുരം: സംസ്ഥാനത്ത് 40 പുതിയ ഹോമിയോ ഡിസ്‌പെൻസറികൾ ആരംഭിക്കുന്നതിന് അനുമതി നൽകി ഉത്തരവ് പുറപ്പെടുവിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ്. 40 ഹോമിയോ ഡിസ്‌പെൻസറികൾ ആരംഭിക്കാൻ കഴിഞ്ഞ ദിവസം മന്ത്രിസഭാ യോഗം അനുമതി നൽകിയതിനെ തുടർന്നാണ് ആരോഗ്യ വകുപ്പ് അടിയന്തരമായി നടപടികൾ പൂർത്തിയാക്കി ഉത്തരവ് പുറപ്പെടുവിച്ചത്. പൊതുജനാരോഗ്യ മേഖല ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് എല്ലാ പഞ്ചായത്തുകളിലും ഹോമിയോ ഡിസ്‌പെൻസറികൾ ആരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെ എല്ലാ പഞ്ചായത്തിലും ഹോമിയോ ഡിസ്‌പെൻസറികൾ ആരംഭിക്കുമെന്ന പ്രകടന പത്രികയിലെ വാഗ്ദാനമാണ് സർക്കാർ പാലിച്ചത്. ഇതിനായി 40 ഹോമിയോ മെഡിക്കൽ ഓഫീസർമാരുടെ തസ്തിക ആരോഗ്യ വകുപ്പ് സൃഷ്ടിച്ചിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും നാഷണൽ ആയുഷ് മിഷന്റേയും സഹകരണത്തോടെയാണ് ഹോമിയോ ഡിസ്‌പെൻസറികൾ ആരംഭിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

മലപ്പുറം മുതുവല്ലൂർ, പെരുവള്ളൂർ, വേങ്ങര, പൊൻമുണ്ടം, വെട്ടത്തൂർ, മേലാറ്റൂർ, തേഞ്ഞിപ്പാലം, മുന്നിയൂർ, കണ്ണമംഗലം, മങ്കട, കീഴാറ്റാർ, പാലക്കാട് അകത്തേത്തറ, വടകരപ്പതി, പെരുമാട്ടി, കപ്പൂർ, കുമരംപുത്തൂർ, നെല്ലായ, വടവന്നൂർ, കൊടുമ്പ്, പൂക്കോട്ടുകാവ്, വെള്ളിനേഴി, വിളയൂർ, അയിലൂർ, പട്ടഞ്ചേരി, തൃശൂർ വാടാനപ്പള്ളി, ചേർപ്പ്, ചൂണ്ടൽ, ദേശമംഗലം, കാട്ടൂർ, വല്ലച്ചിറ, ഒരുമനയൂർ, കോഴിക്കോട് ചങ്ങരോത്ത്, ചോറോട്, കായണ്ണ, തുറയൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലും കോഴിക്കോട് വടകര, പാലക്കാട് മണ്ണാർക്കാട്, ഷൊർണൂർ, എറണാകുളം ഏലൂർ, കളമശേരി മുൻസിപ്പാലിറ്റികളിലുമാണ് പുതിയ ഹോമിയോ ഡിസ്‌പെൻസറികൾ ആരംഭിക്കുന്നത്.

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിപുലമായ സേവനങ്ങളാണ് ആരോഗ്യവകുപ്പ് ഭക്തജനങ്ങൾക്കായി സജ്ജമാക്കിയിരിക്കുന്നത്. മെഡിക്കൽ ടീം, പബ്ലിക് ഹെൽത്ത് ടീം, സാനിട്ടേഷൻ ടീം എന്നിങ്ങനെ സംഘങ്ങളായി തിരിഞ്ഞാകും പ്രവർത്തിക്കുക. ഫെബ്രുവരി 17 മുതൽ 26 വരെ രാവിലെ ഏഴ് മുതൽ 10 വരെ രണ്ട് ഷിഫ്റ്റുകളിലായി ഡോക്ടർമാർ, സ്റ്റാഫ് നഴ്‌സ്, അറ്റന്റർ എന്നിവരുടെ സേവനം ക്ഷേത്രപരിസരത്തുണ്ടാകും. രണ്ട് 108 ആംബുലൻസുകളുടെ മുഴുവൻ സമയ സേവനവും ലഭ്യമാകും. അഡീഷണൽ ഡി.എം.ഒയുടെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം, വിവിധ സംഘങ്ങളുടെ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കും. 9447220462 ആണ് കൺട്രോൾ റൂം നമ്പർ.

കുത്തിയോട്ട വ്രതമനുഷ്ഠിക്കുന്ന കുട്ടികൾക്ക് വൈദ്യസഹായത്തിനായി ഒരു സമയം രണ്ട് ശിശുരോഗ വിദഗ്ദ്ധർ, സ്റ്റാഫ് നഴ്‌സ്, നഴ്‌സിംഗ് അസിസ്റ്റന്റ് ഉൾപ്പെടുന്ന മെഡിക്കൽ സംഘവും 24 മണിക്കൂറും പ്രവർത്തിക്കും. ഫെബ്രുവരി 26ന് മണക്കാട് ക്ഷേത്രപരിസരത്തും മെഡിക്കൽ ടീമിനെ സജ്ജമാക്കിയിട്ടുണ്ട്.

ഡോക്ടർമാർ അടങ്ങിയ 10 മെഡിക്കൽ സംഘങ്ങൾ, ആംബുലൻസ് സംവിധാനത്തോടുകൂടി ഫെബ്രുവരി 24 മുതൽ പൊങ്കാല അവസാനിക്കുന്നത് വരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ടാകും. ആരോഗ്യവകുപ്പിന്റെയും അഗ്‌നിരക്ഷാസേനയുൾപ്പെടെ ഇതര വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും ആംബുലൻസുകൾ ഫെബ്രുവരി 24 വൈകിട്ട് മുതൽ വിവിധ പോയിന്റുകളിൽ സജ്ജമായിരിക്കും.

നഗര പരിധിയിലെ 16 അർബൻ ഹെൽത്ത് സെന്ററുകൾ പ്രാഥമിക ശുശ്രൂഷ നൽകുന്ന ഫീൽഡ് ഹോസ്പിറ്റലുകളായി പ്രവർത്തിക്കും. ഫോർട്ട് താലൂക്ക് ആശുപത്രി, നേമം താലൂക്ക് ആശുപത്രി, ജനറൽ ആശുപത്രി, തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, ഐരാണിമുട്ടം സാമൂഹികാരോഗ്യ കേന്ദ്രം, തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികൾ എന്നിവ അതിതീവ്രമല്ലാത്ത സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്ന കേന്ദ്രങ്ങളായും പ്രവർത്തിക്കും.

അതിതീവ്ര അടിയന്തരസാഹചര്യങ്ങളെ നേരിടാനുള്ള കേന്ദ്രമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രവർത്തിക്കും. പൊള്ളൽ സംബന്ധമായ സാഹചര്യങ്ങളുണ്ടായാൽ അത് നേരിടുന്നതിന് 30 കിടക്കകളും പ്രത്യേക ഐ.സി.യുവും സജ്ജമാക്കിയിട്ടുണ്ട്.

ഇതിന് പുറമേ ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ അഞ്ച് ഡോക്ടർമാരും നഴ്‌സുമാരുമടങ്ങുന്ന മെഡിക്കൽ ടീമിന്റെ സേവനവും ഉത്സവദിനങ്ങളിൽ ക്ഷേത്രപരിസരത്തുണ്ടാകും.