തിരുവനന്തപുരം: ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളുടെ മരണകാരണങ്ങളിൽ രണ്ടാമത്തേത് വയറിളക്ക രോഗങ്ങളാണ്. വയറിളക്ക രോഗമുണ്ടായാൽ ആരംഭത്തിൽതന്നെ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ഒ.ആർ.എസ്. എന്നിവ നൽകുന്നത് വഴി നിർജലീകരണം തടയുവാനും രോഗം ഗുരുതരമാകാതിരിക്കുവാനും സാധിക്കുന്നതാണ്. വയറിളക്ക രോഗമുള്ളപ്പോൾ ഒ.ആർ. എസിനൊപ്പം ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം സിങ്ക് ഗുളികയും നൽകേണ്ടതാണ്.
കുഞ്ഞുങ്ങളിൽ വയറിളക്ക രോഗം പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇവയെല്ലാമാണ്:
Ø 6 മാസം വരെ മുലപ്പാൽ മാത്രം നൽകുക.
Ø പാൽക്കുപ്പി കഴിവതും ഉപയോഗിക്കാതിരിക്കുക.
Ø പാൽ നന്നായി തിളപ്പിച്ച ശേഷം മാത്രം നൽകുക.
Ø തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ നൽകുക.
Ø ഭക്ഷണം പാകം ചെയ്യുന്നതിനും പാത്രം കഴുകുന്നതിനും ശുദ്ധജലം ഉപയോഗിക്കുക.
Ø പഴങ്ങളും പച്ചക്കറികളും നന്നായി കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.
Ø ആഹാര സാധനങ്ങൾ നന്നായി അടച്ചു സൂക്ഷിക്കുക.
Ø പഴകിയ ആഹാര പദാർത്ഥങ്ങൾ നൽകരുത്.
Ø ഭക്ഷണം തയ്യാറാക്കുന്നതിന് മുൻപും കുഞ്ഞുങ്ങൾക്ക് ഭക്ഷണം നൽകുന്നതിന് മുൻപും കൈകൾ നിർബന്ധമായും സോപ്പുപയോഗിച്ച് കഴുകണം.
Ø കുഞ്ഞുങ്ങളുടെ പല്ല് വൃത്തിയാക്കുന്നതിന് ശുദ്ധജലം ഉപയോഗിക്കുക
Ø മത്സ്യം, മാംസം എന്നിവ നന്നായി പാകം ചെയ്ത് മാത്രം നൽകുക.
Ø മുട്ട വേവിക്കുന്നതിന് മുൻപ് നന്നായി കഴുകുക
Ø വഴിയരികിൽ വൃത്തിയില്ലാതെയും തുറന്ന് വെച്ചിരിക്കുന്നതുമായ ഭക്ഷണ പാനീയങ്ങൾ കുഞ്ഞുങ്ങൾക്ക് നൽകരുത്.
Ø കുഞ്ഞുങ്ങളുടെ കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് നന്നായി കഴുകുക
Ø മലമൂത്ര വിസർജ്ജനം ശുചിമുറിയിൽത്തന്നെ ചെയ്യുന്നതിന് കുഞ്ഞുങ്ങളെ ശീലിപ്പിക്കുക.
Ø മലമൂത്ര വിസർജനം കഴിഞ്ഞ് കുഞ്ഞുങ്ങളെ കഴുകിയതിന് ശേഷം മുതിർന്നവർ കൈകൾ സോപ്പുപയോഗിച്ച് കഴുകണം.
Ø ഉപയോഗശേഷം ഡയപ്പെറുകൾ വലിച്ചെറിയരുത്.
Ø കുഞ്ഞുങ്ങളുടെ കൈനഖങ്ങൾ വെട്ടി കൈകൾ വൃത്തിയായി സൂക്ഷിക്കുക.
Ø വയറിളക്ക രോഗമുള്ളവരുമായി കുഞ്ഞുങ്ങൾ ഇടപഴകുന്നത് ഒഴിവാക്കുക.

