Health (Page 28)

സീറ്റ് ബെൽറ്റ് എന്തിന് ഉപയോഗിക്കണമെന്ന് നമുക്കെല്ലാം അറിയാവുന്നതാണ്. എന്നാൽ ചില അവസരങ്ങളിൽ സീറ്റ് ബെൽറ്റ് എങ്ങനെ ഉപയോഗിക്കണമെന്ന് നാം ശ്രദ്ധിക്കാറുണ്ടോ. ഗർഭിണികൾ സീറ്റ് ബെൽറ്റ് ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

  1. എല്ലായ്‌പ്പോഴും നിങ്ങളുടെ സീറ്റ് ബെൽറ്റ് ധരിക്കുക, പിൻസീറ്റിലായാൽ പോലും.
  2. വയർ മുകളിലേക്ക് ഉയർത്തിയ ശേഷം ബെൽറ്റിന്റെ താഴത്തെ ഭാഗം മടങ്ങാതെ ഇടുക.
  3. അതിനു ശേഷം തോളിലെ ബെൽറ്റ് ഭാഗം മുകളിലേക്കു വലിച്ചു തയ്യാറാക്കുക.
  4. ഷോൾഡർ ബെൽറ്റ് നെഞ്ചിന്റെ മദ്ധ്യ ഭാഗത്തു കൂടെ ഇട്ട് ക്ലിപ്പ് ഇടുക. വാഹനത്തിന്റെ സീറ്റ് കഴിവതും നിവർത്തി വയ്ക്കുക.
  5. മുൻവശത്തെ പാസ്സഞ്ചർ സീറ്റ് ആണെങ്കിൽ കഴിയുന്നത്ര സീറ്റ് പിന്നിലേക്ക് നിരക്കി നീക്കി എയർ ബാഗിൽ കഴിവതും അകലെ ഇരിക്കാൻ ശ്രമിക്കുക.
  6. .വാഹനമോടിക്കുമ്പോൾ,സ്റ്റിയറിങ് വീൽ ഉയർത്തി വയ്ക്കാൻ കഴിയുമെങ്കിൽ മുകളിലേക്ക് ഉയർത്തി ക്രമീകരിക്കുക.

തിരുവനന്തപുരം: സംസ്ഥാനത്ത് വാക്‌സിനേഷൻ ശക്തിപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ദേശീയ ഇമ്മ്യൂണൈസേഷൻ ഷെഡ്യൂൾ പ്രകാരം വിവിധ രോഗങ്ങൾക്കെതിരെ 12 വാക്‌സിനുകൾ നൽകുന്നുണ്ട്. രാജ്യത്ത് വാക്‌സിനേഷൻ പദ്ധതി നടപ്പിലാക്കുന്നതിനായി നിരവധി മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്. പല വാക്‌സിനുകൾ ഒരുമിച്ച് കൈകാര്യം ചെയ്യുമ്പോഴുള്ള പിഴവുകൾ ഒഴിവാക്കാനും വാക്‌സിനേഷൻ പ്രക്രിയ സുഗമമാക്കാനും വേണ്ടിയാണ് വാക്‌സിനേഷൻ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. പ്രതിരോധ കുത്തിവയ്പ്പുകൾ നൽകുമ്പോൾ ആരോഗ്യ പ്രവർത്തകർ അനുവർത്തിക്കേണ്ട നടപടിക്രമങ്ങളും പ്രോട്ടോകോളും ഉൾക്കൊള്ളിച്ചു കൊണ്ടാണ് മാർഗനിർദേശങ്ങൾ തയ്യാറാക്കിയത്. എല്ലാ ആരോഗ്യ പ്രവർത്തകരും മാർഗനിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

പ്രധാന വാക്‌സിനേഷൻ മാർഗനിർദേശങ്ങൾ

· ഒരു മെഡിക്കൽ ഓഫീസറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ മാത്രമേ വാക്‌സിനേഷൻ ക്ലിനിക്കോ സെഷനോ നടത്താവൂ. വാക്‌സിനേഷന് മുമ്പ് എല്ലാ കുട്ടികളുടെയും ആരോഗ്യനില പരിശോധിക്കണം.

· ആ സ്ഥാപനത്തിലെ ചുമതലയുള്ള മെഡിക്കൽ ഓഫീസർ മേൽനോട്ടം വഹിക്കണം.

· പരിശീലനം നേടിയ ജിവനക്കാരെ മാത്രമേ വാക്‌സിനേഷനായി നിയോഗിക്കാവൂ.

· പ്രതിരോധ കുത്തിവയ്പ്പുകൾ ആരംഭിക്കുന്നതിന് മുമ്പ് ഐസ് ലൈൻഡ് റഫ്രിജറേറ്ററിൽ നിന്ന് വാക്‌സിൻ പുറത്തെടുത്ത് കാരിയറിൽ വയ്ക്കുമ്പോൾ വാക്സിന്റെ പേര്, ബാച്ച് നമ്പർ, കാലഹരണ തീയതി, വിവിഎം, വാക്‌സിൻ വയൽ എന്നിവ പരിശോധിക്കണം.

· വാക്‌സിനേഷന് മുമ്പ് കുട്ടിയുടെ പ്രായവും വാക്‌സിനും പരിശോധിച്ചുറപ്പിക്കണം.

· കുത്തിവയ്പ്പിന് മുമ്പും വാക്സിന്റെ പേര്, ബാച്ച് നമ്പർ, കാലഹരണപ്പെടുന്ന തീയതി, വിവിഎം എന്നിവ ഉറപ്പാക്കണം.

· വാക്‌സിനേഷൻ എടുത്ത എല്ലാ കുട്ടികളും ഗർഭിണികളും വാക്‌സിനേഷൻ കഴിഞ്ഞ് 30 മിനിറ്റെങ്കിലും നിരീക്ഷണത്തിൽ കഴിയണം.

· സർക്കാർ, സ്വകാര്യ ആശുപത്രികൾ ദേശീയ ഇമ്മ്യൂണൈസേഷൻ ഷെഡ്യൂൾ പാലിക്കണം.

· അഴുക്ക് പുരണ്ട ചർമ്മമാണെങ്കിൽ കുത്തിവയ്പ്പിന് മുമ്പ് ആ ഭാഗം വൃത്തിയായി കഴുകണം.

· മുറിവുള്ള ചർമ്മ ഭാഗം ഒഴിവാക്കി അണുബാധയില്ലാത്ത സ്ഥലത്ത് കുത്തിവയ്ക്കണം.

· കുത്തിവയ്പ്പിന് ശേഷം ആ ഭാഗത്ത് തടവരുത്.

· വാക്‌സിനേഷനായി സിറിഞ്ചുകൾ മുൻകൂട്ടി നിറച്ച് വയ്ക്കരുത്.

· വാക്‌സിനേഷൻ സെഷനിൽ അണുബാധ നിയന്ത്രണ പ്രോട്ടോകോൾ കർശനമായി പാലിക്കണം.

· വാക്‌സിന് ശേഷം എഇഎഫ്‌ഐ (Adverse Event Following Immunization) കേസുണ്ടായാൽ മെഡിക്കൽ ഓഫീസർ മുഖേന ജില്ലാ ആർസിഎച്ച് ഓഫീസർക്ക് റിപ്പോർട്ട് ചെയ്യണം.

· ഈ കേസുകൾ ബന്ധപ്പെട്ട JPHN, PHN, PHNS, മെഡിക്കൽ ഓഫീസർ തുടർ നിരീക്ഷണം നടത്തണം. സിവിയർ, സീരിയസ് കേസുകൾ ജില്ലാതല എഇഎഫ്‌ഐ കമ്മിറ്റി പരിശോധിച്ച് സംസ്ഥാന തലത്തിൽ റിപ്പോർട്ട് ചെയ്യണം.

· ഇതുസംബന്ധിച്ച പരിശീലനം എല്ലാ വാക്‌സിനേറ്റർമാർക്കും സൂപ്പർവൈസർമാർക്കും മെഡിക്കൽ ഓഫീസർ ഉറപ്പാക്കണം.

തിരുവനന്തപുരം: വിദേശികളടക്കം കേരളത്തിന് പുറത്ത് നിന്നെത്തുന്നവരുടെ ആയുർവേദ ചികിത്സയ്ക്കായി പ്രത്യേക വെൽനസ് കേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അതിന് വേണ്ടിയുള്ള അടിസ്ഥാന സൗകര്യ വികസനവും പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകുമെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം ഗവ. ആയുർവേദ കോളേജ് പൂജപ്പുര പഞ്ചകർമ്മ ആശുപത്രി ക്യാമ്പസിലെ യോഗ പരിശീലന കേന്ദ്രം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ആരോഗ്യ സംരക്ഷണം, രോഗ പ്രതിരോധം, രോഗ നിർമാർജനം എന്നിവയ്ക്കാണ് ഈ കാലഘട്ടത്തിൽ ആരോഗ്യ മേഖല ഏറ്റവും പ്രാധാന്യം നൽകുന്നത്. നവകേരളം കർമ്മപദ്ധതി ആർദ്രം രണ്ടിന്റെ ഭാഗമായുള്ള 10 പ്രധാന പദ്ധതികളിൽ ജീവിതശൈലീ രോഗ പ്രതിരോധം, കാൻസർ കെയർ പ്രോഗ്രാം, ഹെൽത്തി ലൈഫ് കാമ്പയിൻ എന്നിവയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് കർമ്മ പദ്ധതികൾ ആവിഷ്‌ക്കരിച്ചത്. അതിൽ ആയുഷ് മേഖലയ്ക്ക് വലിയ സ്ഥാനമാണുള്ളത്.

ശരീരത്തിന്റേയും മനസിന്റേയും ആരോഗ്യകരമായ നിലനിൽപ്പ് ഉറപ്പാക്കുന്നതിൽ യോഗയ്ക്ക് വലിയ സ്ഥാനമുണ്ട്. ഇത് തിരിച്ചറിഞ്ഞാണ് ജീവിതശൈലീ രോഗ പ്രതിരോധത്തിന് പ്രാധാന്യം നൽകിക്കൊണ്ട് സംസ്ഥാനത്ത് 1000 യോഗ ക്ലബ്ബുകൾ കഴിഞ്ഞ രണ്ട് വർഷങ്ങളിലായി ആരംഭിച്ചിട്ടുള്ളത്. സമൂഹത്തിന്റെ പൊതുബോധം ഇതിലേക്ക് കൊണ്ടുവരുന്നതിന് സാധിച്ചു. ധാരാളം സ്ത്രീകളും ചെറുപ്പക്കാരും യോഗ ക്ലബ്ബിലേക്ക് എത്തുന്നത് വലിയ രീതിയിൽ പ്രവർത്തനങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതാണ്.

പുജപ്പുര പഞ്ചകർമ്മ ആശുപത്രിയിൽ 1 കോടി രൂപ ചെലവഴിച്ചാണ് ഒരു യോഗ പരിശിലന കേന്ദ്രവും വിശ്രമ മന്ദിരവും സ്ഥാപിച്ചത്. ഒരേ സമയം 25 പേർക്ക് യോഗ പരിശീലനം നൽകുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. രോഗികളുടെ കൂട്ടിരിപ്പുകാർക്കും, യോഗ പരിശീലനത്തിനെത്തുന്ന പൊതുജനങ്ങൾക്കും വേണ്ടി മതിയായ ടോയ്‌ലെറ്റ് സംവിധാനവും ഏർപ്പെടുത്തിയിട്ടുണ്ട്.

ഈ കാലഘട്ടത്തിൽ ആയുർവേദ മേഖലയ്ക്ക് പ്രാധാന്യം നൽകിക്കൊണ്ടാണ് സർക്കാർ മുന്നോട്ട് പോകുന്നത്. ആയുർവേദ രംഗം ശക്തിപ്പെടുത്തുന്നതിന് ലക്ഷ്യമിട്ടാണ് ഈ സാമ്പത്തിക വർഷം ഒന്നിച്ച് 116 തസ്തികകൾ സൃഷ്ടിച്ചത്. ആയുർവേദ ഗവേഷണം ത്വരിതപ്പെടുത്തുന്നതിനായുള്ള കണ്ണൂരിലെ അന്താരാഷ്ട്ര ആയുർവേദ ഗവേഷണ കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. എല്ലാ പഞ്ചായത്തുകളിലും ആയുഷ് ഡിസ്‌പെൻസറികൾ സ്ഥാപിക്കുക എന്ന സർക്കാരിന്റെ നയം നടപ്പിലാക്കി. ഈ സർക്കാർ വന്ന ശേഷം 510 ആയുഷ് ഡിസ്‌പെൻസറികളെ കൂടി ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകളാക്കി ഉയർത്തി. ഇതോടെ ഹെൽത്ത് ആന്റ് വെൽനസ് സെന്ററുകൾ ആകെ 600 ആയി. ആയുഷ് മേഖലയിലെ കേരളത്തിന്റെ മുന്നേറ്റത്തെ നീതി ആയോഗ് അഭിനന്ദിച്ചിരുന്നു. രാജ്യത്ത് ആയുഷ് രംഗത്ത് ഏറ്റവുമധികം ആളുകൾ ചികിത്സയ്‌ക്കെത്തുന്ന സംസ്ഥാനം കേരളമാണെന്ന് റിപ്പോർട്ടിൽ എടുത്തു പറഞ്ഞു. ഇത് ആയുഷ് മേഖലയിലെ ആരോഗ്യ പ്രവർത്തകർക്കുള്ള അംഗീകാരമാണെന്നും മന്ത്രി പറഞ്ഞു.

ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. ടി.ഡി. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ആയുർവേദ കോളേജ് പ്രിൻസിപ്പൽ ഡോ. ജി. ജയ്, സൂപ്രണ്ട് ഡോ. ആർ.എസ്. ഷിജി, പൊതുമരാമത്ത് വകുപ്പ് എക്‌സി. എഞ്ചിനീയർ വി.എസ്. അജിത് കുമാർ, സർവീസ് സംഘടനാ പ്രതിനിധികളായ ഡോ. സുനീഷ്‌മോൻ എം.എസ്., എം.എ. അജിത് കുമാർ, ശരത്ചന്ദ്രലാൽ എന്നിവർ സംസാരിച്ചു.

തിരുവനന്തപുരം: പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംസ്ഥാന വ്യാപകമായി മാർച്ച് 3ന് നടക്കും. അഞ്ച് വയസിന് താഴെയുള്ള കുഞ്ഞുങ്ങൾക്കാണ് പോളിയോ തുള്ളിമരുന്ന് നൽകുന്നത്. സംസ്ഥാനതല ഉദ്ഘാടനം ആരോഗ്യ മന്ത്രി വീണാ ജോർജ് നിർവഹിക്കും.

23,28,258 കുഞ്ഞുങ്ങൾക്ക് പ്രത്യേകം സജ്ജീകരിച്ച ബൂത്തുകൾ വഴി പൾസ് പോളിയോ തുള്ളിമരുന്ന് നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. ട്രാൻസിറ്റ്, മൊബൈൽ ബൂത്തുകൾ ഉൾപ്പെടെ 23,471 ബൂത്തുകൾ പ്രവർത്തിക്കും. ഇതിനായി 46,942 വോളണ്ടിയർമാർക്കും 1564 സൂപ്പർവൈസർമാർക്കും പരിശീലനം നൽകിയിട്ടുണ്ട്. മാർച്ച് 4, 5 തീയതികളിൽ വോളണ്ടിയർമാർ വീടുകളിൽ സന്ദർശനം നടത്തി അഞ്ച് വയസിൽ താഴെയുള്ള എല്ലാ കുഞ്ഞുങ്ങൾക്കും തുള്ളിമരുന്ന് നൽകി എന്നുറപ്പാക്കുന്നതാണ്. എന്തെങ്കിലും കാരണത്താൽ മാർച്ച് മൂന്നിന് തുള്ളിമരുന്ന് നൽകാൻ സാധിക്കാത്ത കുഞ്ഞുങ്ങൾക്ക് ഭവന സന്ദർശന വേളയിൽ തുള്ളിമരുന്ന് നൽകും.

മാർച്ച് മൂന്നിന് രാവിലെ 8 മണി മുതൽ വൈകിട്ട് 5 മണി വരെയാണ് പോളിയോ ബൂത്തുകൾ പ്രവർത്തിക്കുക. സ്‌കൂളുകൾ, അങ്കണവാടികൾ, വായനശാലകൾ, ആരോഗ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ബൂത്തുകൾ, ബസ് സ്റ്റാന്റുകൾ, റെയിൽവേ സ്റ്റേഷനുകൾ, വിമാനത്താവളങ്ങൾ എന്നിവിടങ്ങളിലെ ട്രാൻസിറ്റ് ബൂത്തുകൾ, അതിഥി തൊഴിലാളികളുടെ ക്യാമ്പുകൾ, വിനോദ സഞ്ചാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിലെ മൊബൈൽ ബൂത്തുകൾ എന്നിവ വഴിയാണ് തുള്ളിമരുന്ന് വിതരണം നടത്തുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണത്തോടെയാണ് പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ പരിപാടി സംഘടിപ്പിക്കുന്നത്.

തിരുവനന്തപുരം: നവകേരളം കർമ്മ പദ്ധതി ആർദ്രം മിഷന്റെ ഭാഗമായി സംസ്ഥാനത്ത് 35 കുടുംബാരോഗ്യ കേന്ദ്രങ്ങൾ കൂടി നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി പ്രവർത്തനസജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കഴിഞ്ഞ ഏപ്രിൽ മാസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്ത 50 കുടുംബാരോഗ്യ കേന്ദ്രങ്ങൾക്ക് ശേഷമുള്ളവയാണിവ. സംസ്ഥാനത്തെ 886 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കെട്ടിടം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയും അധികമായി ജീവനക്കാരെ നിയമിച്ചും ഘട്ടം ഘട്ടമായി കുടുംബാരോഗ്യ കേന്ദ്രങ്ങളായി ഉയർത്തുന്നത്. ഇതോടെ ആകെ 663 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയത്. സമഗ്ര പ്രാഥമിക ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനായി ഈ സർക്കാർ 5415 ജനകീയാരോഗ്യ കേന്ദ്രങ്ങൾ സ്ഥാപിച്ചിരുന്നു. ഇതുകൂടാതെ നഗര പ്രദേശങ്ങളിലും 380 നഗര ജനകീയാരോഗ്യ കേന്ദ്രങ്ങൾ യാഥാർത്ഥ്യമാക്കുന്നു. ഇവയെല്ലാം യാഥാർത്ഥ്യമാകുന്നതോടെ വീട്ടിന് തൊട്ടടുത്ത് തന്നെ പ്രാഥമിക ആരോഗ്യ പരിചരണവും രോഗപ്രതിരോധവും ഉറപ്പാക്കാനാകുമെന്നും മന്ത്രി വ്യക്തമാക്കി.

കൊല്ലം ജില്ലയിലെ ഇടമുളയ്ക്കൽ, തൊടിയൂർ, പത്തനംതിട്ട ജില്ലയിലെ കുളനട, ആങ്ങമൂഴി, ആലപ്പുഴ ജില്ലയിലെ മുളക്കുഴ, ആറാട്ടുപുഴ, ബുധനൂർ, കോട്ടയം ജില്ലയിലെ കടനാട്, തൃശൂർ കുത്താമ്പുള്ളി, കൂർക്കഞ്ചേരി, മുണ്ടത്തിക്കോട്, പൊറത്തിശ്ശേരി, പാലക്കാട് ജില്ലയിലെ തച്ചനാട്ടുകര, കൊടുമ്പ്, പൊൽപ്പുള്ളി, പുതുനഗരം, നാഗലശ്ശേരി, തിരുവേഗപ്പുര, ലക്കിടി, പിരായിരി, മലപ്പുറം ജില്ലയിലെ തൃക്കണാപുരം, തൃപ്പനച്ചി, വെട്ടത്തൂർ, കീഴാറ്റൂർ, കുറുമ്പലങ്ങോട്, എടപ്പറ്റ, അമരമ്പലം, കോഴിക്കോട് ജില്ലയിലെ തൂണേരി, വയനാട് ജില്ലയിലെ കുറുക്കൻമൂല, പാക്കം, മുള്ളൻകൊല്ലി, കാപ്പ്കുന്ന്, ചുള്ളിയോട്, വരദൂർ, കാസർഗോഡ് ജില്ലയിലെ പുത്തിഗെ എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളായി പ്രവർത്തനസജ്ജമാക്കിയത്. ഇതിൽ കുളനട, ആങ്ങമൂഴി, തൂണേരി തുടങ്ങിയ കേന്ദ്രങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞു.

രാവിലെ 9 മണിമുതൽ 6 മണിവരെയുള്ള ഒപി സേവനങ്ങളാണ് കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പ്രത്യേകത. ആശുപത്രികളെ ജനസൗഹൃദമാക്കുന്നതിനായി എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളിലും കാത്തിരിപ്പ് മുറികൾ, ഒ.പി. രജിസ്‌ട്രേഷൻ കൗണ്ടറുകൾ, ഭിന്നശേഷിക്കാർക്കും വയോജനങ്ങൾക്കും ഉപയോഗിക്കുന്നതിനായി റാംപ്, രോഗിയുടെ സ്വകാര്യത ഉറപ്പു വരുത്തുന്നതിനാവശ്യമായ പരിശോധനാ മുറികൾ, ഇൻജക്ഷൻ റൂം, ഡ്രസിംഗ് റൂം, ഒബ്‌സർവേഷൻ റൂം, നഴ്‌സസ് സ്റ്റേഷൻ, ലാബ്, ഫാർമസി, ലാബ് വെയിറ്റിംഗ് ഏരിയ, കാത്തിരിപ്പ് മുറികളിൽ ബോധവത്ക്കരണത്തിനായി ടെലിവിഷൻ, എയർപോർട്ട് ചെയർ, ദിശാബോർഡുകൾ, പബ്ലിക് അഡ്രസിംഗ് സിസ്റ്റം, രോഗീ സൗഹൃദ ശുചിമുറികൾ എന്നിവ ഉറപ്പാക്കുന്നു. എല്ലാ കുടുംബാരോഗ്യ കേന്ദ്രങ്ങളും വയോജന/സ്ത്രീ/ഭിന്നശേഷി സൗഹൃദമായാണ് നിർമ്മിക്കുന്നത്.

കുടുംബാരോഗ്യ കേന്ദ്രങ്ങളായി പരിവർത്തനം ചെയ്യുന്നതോടെ വലിയ മാറ്റങ്ങളാണ് ഉണ്ടാകുന്നത്. 115 കുടുംബാരോഗ്യ കേന്ദ്രങ്ങൾക്കാണ് എൻ.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുള്ളത്. ഇന്ത്യയിൽ ഏറ്റവും മികച്ച കുടുംബാരോഗ്യ കേന്ദ്രങ്ങൾ കേരളത്തിൽ നിന്നുള്ളതാണ് എന്ന പ്രത്യേകതയുമുണ്ട്.

ഡ്രൈവിംഗ് വേളകളിൽ വാഹനങ്ങളിൽ ഇരുന്നു പുകവലിക്കുന്നത് ആരോഗ്യത്തിന് ഹാനികരം മാത്രമല്ല വലിയ റോഡപകടങ്ങൾക്കു കൂടിയാണ് വഴിതെളിക്കുന്നത്. ഇതതസംബന്ധിച്ച മുന്നറിയിപ്പുമായി രംഗത്തെത്തിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. പൊതു ഗതാഗത സംവിധാനങ്ങളിൽ പുകവലി പാടില്ല എന്ന ബോർഡ് വ്യക്തമായി പ്രദർശിപ്പിച്ചിട്ടുണ്ടെന്ന് വാഹനത്തിന്റെ ഫിറ്റ്‌നസ് പരിശോധന വേളകളിൽ ഉദ്യോഗസ്ഥർ ഉറപ്പുവരുത്താറുണ്ട്.

പബ്ലിക് സർവീസ് വാഹനങ്ങളിൽ ഡ്രൈവർ പുകവലിച്ചാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യപ്പെടാവുന്ന കുറ്റമാണ്. വാഹനത്തിൽ ലഹരിവസ്തുക്കളുടെ ഉപയോഗം നിരോധിക്കുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള നിയമങ്ങൾ ഡ്രൈവർമാർ കൃത്യമായി പാലിക്കേണ്ടതും മറ്റ് തൊഴിലാളികളോ, യാത്രക്കാരോ ഉണ്ടെങ്കിൽ അവരും ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.

വേനൽ വരവായതോടെ അന്തരീക്ഷവും പരിസരവും ചൂടുമൂലം ചുട്ടുപൊള്ളുന്ന അവസ്ഥയിലാണ് ഉള്ളത്. അതികഠിനമായ ഉഷ്ണം മൂലം വാഹനങ്ങൾ ചൂടായിരിക്കുന്ന ഈ സമയത്ത് ചെറിയൊരു തീപ്പൊരി പോലും ഒരാപത്തിലേക്കുളള എളുപ്പവഴിയാകാം. അതീവ ശ്രദ്ധയോടെ വാഹനം ഓടിക്കേണ്ട ഡ്രൈവർമാരുടെ ചെറിയ ഒരശ്രദ്ധ പോലും വൻ ദുരന്തങ്ങൾക്ക് കാരണമാകും.

ഓടിക്കൊണ്ടിരിക്കുന്ന വാഹനങ്ങളിൽ നിന്ന് ഉപയോഗശേഷം പുറത്തേക്ക് വലിച്ചെറിയപ്പെടുന്ന സിഗരറ്റ് കുറ്റികൾ മൂലം നിരത്തിലുള്ള മറ്റേതെങ്കിലും വാഹനങ്ങളിൽ നിന്നും പെട്രോൾ, ഗ്യാസ് മുതലായവ ലീക്കായിട്ടുണ്ടെങ്കിൽ വലിയൊരു ദുരന്തത്തിന് ഇടയാക്കും. ഓരോ വ്യക്തിയും പൊതു നിരത്തിലൂടെ വാഹനം ഡ്രൈവ് ചെയ്യുമ്പോൾ സ്വന്തം സുരക്ഷ മാത്രമല്ല മറ്റു ആളുകളുടെ ജീവനും കൂടിയുള്ള സുരക്ഷ ഉറപ്പു വരുത്തേണ്ടതാണെന്നും മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിപുലമായ ആരോഗ്യ സേവനങ്ങൾ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഉയർന്ന ചൂട് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് മതിയായ പരിചരണവും ചികിത്സയും നൽകാനായി നാല് ഹീറ്റ് ക്ലിനിക്കുകൾ കൂടി ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരം ജനറൽ ആശുപത്രി, ഫോർട്ട് താലൂക്ക് ആശുപത്രി, ഐരാണിമുട്ടം സാമൂഹികാരോഗ്യ കേന്ദ്രം, ചാല അർബൻ പ്രാഥമികാരോഗ്യ കേന്ദ്രം എന്നിവിടങ്ങിലാണ് ഹീറ്റ് ക്ലിനിക്കുകൾ ആരംഭിച്ചത്. സൂര്യാതപം പോലുള്ള പ്രശ്‌നങ്ങൾ ബാധിക്കുന്നവരെ പരിചരിക്കുന്നതിനായി കൂളർ, ഫാൻ, കമ്പിളി, ഐസ് പായ്ക്ക്, ഐവി ഫ്‌ലൂയിഡ്, ഒആർഎസ്, ക്രീമുകൾ എന്നിവ ക്ലിനിക്കുകളിൽ സജ്ജമാക്കി. ഉയർന്ന ചൂട് കൊണ്ടുള്ള എന്തെങ്കിലും ശാരീരിക ബുദ്ധിമുട്ടുള്ളവർ ക്ലിനിക്കുകളുടെ സേവനം തേടണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

പൊങ്കാല പ്രമാണിച്ച് ഡോക്ടർമാർ അടങ്ങിയ 10 മെഡിക്കൽ ടീമുകളെ ആംബുലൻസ് ഉൾപ്പെടെ സംവിധാനങ്ങളോടെ വിവിധ ഭാഗങ്ങളിൽ നിയോഗിച്ചിട്ടുണ്ട്. ആറ്റുകാലിലെ കൺട്രോൾ റൂമിലും ഡോക്ടറുടെ സേവനം ലഭ്യമാകും. ക്ഷേത്രപരിസത്ത് രണ്ട് ഡോക്ടർമാരടങ്ങിയ മെഡിക്കൽ ടീമും കുത്തിയോട്ടത്തിന് വ്രതം അനുഷ്ഠിക്കുന്ന കുട്ടികൾക്ക് ആവശ്യമായ വൈദ്യസഹായത്തിന് ശിശുരോഗ വിദഗ്ദ്ധർ, സ്റ്റാഫ് നഴ്സ്, നഴ്സിംഗ് അസിസ്റ്റന്റ് എന്നിവരടങ്ങിയ മെഡിക്കൽ ടീമും പ്രവർത്തിക്കുന്നു. ഇതുകൂടാതെ അഞ്ച് ഡോക്ടർമാരും സ്റ്റാഫ് നേഴ്സുമാരും അടങ്ങിയ ഐഎംഎയുടെ മെഡിക്കൽ സംഘവും മറ്റ് വിഭാഗങ്ങളുടെ മെഡിക്കൽ സംഘങ്ങളും ആറ്റുകാൽ ക്ഷേത്ര പരിസരത്ത് വൈദ്യ സഹായം നൽകും. തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനങ്ങൾ ഏകോപിക്കും.

നഗര പരിധിയിലെ 16 അർബൻ ഹെൽത്ത് സെന്ററുകൾ പ്രാഥമിക ശുശ്രൂഷകൾ നൽകുന്ന ഫീൽഡ് ഹോസ്പിറ്റലുകളായി പ്രവർത്തിക്കും. സമീപത്തെ ആറ് സർക്കാർ ആശുപത്രികൾ, 10 സ്വകാര്യ ആശുപത്രികൾ എന്നിവ തീവ്രമല്ലാത്ത സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്ന കണ്ടിജന്റ് സെന്ററുകളാകും. ഏത് അടിയന്തിര സാഹചര്യവും നേരിടുന്ന സെന്ററായി തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രവർത്തിക്കും.

കനിവ് 108ന്റെ 12 ആംബുലൻസ്, ബൈക്ക് ഫസ്റ്റ് റസ്‌പൊണ്ടെർ, ഐസിയു ആംബുലൻസ്, മറ്റ് വകുപ്പുകളുടെ 10 ആംബുലൻസ്, സ്വകാര്യ ആശുപത്രികളുടെ ഏഴ് ആംബുലൻസ് എന്നിവ സജ്ജമാക്കിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാൻ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കൺട്രോൾ റൂമും, അഞ്ച് പ്രത്യേക സ്‌ക്വാഡുകളും പ്രവർത്തിക്കുന്നുണ്ട്.

തിരുവനന്തപുരം: പൊതുജനങ്ങൾക്കായി മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് കെഎസ്ഇബി. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ചാണ് കെഎസ്ഇബി ജനങ്ങൾക്കായി മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചത്.

കെ എസ് ഇ ബി നൽകുന്ന സുരക്ഷാ നിർദ്ദേശങ്ങൾ

📌 ട്രാന്‍‍സ്ഫോര്‍‍‍‍‍മറുകൾ, അനുബന്ധ ഉപകരണങ്ങൾ, പോസ്റ്റുകളിൽ ഘടിപ്പിച്ചിരിക്കുന്ന ഫ്യൂസ് യൂണിറ്റുകൾ എന്നിവയിൽ നിന്നും വേണ്ടത്ര സുരക്ഷിത അകലം പാലിച്ചു മാത്രമേ പൊങ്കാലയിടാവൂ.
📌 ഒരു കാരണവശാലും ട്രാന്‍‍സ്ഫോര്‍‍‍‍‍മര്‍‍ സ്റ്റേഷന്റെ ചുറ്റുവേലിക്ക് സമീപം വിശ്രമിക്കുകയോ സാധന സാമഗ്രികള്‍ സൂക്ഷിക്കുകയോ ചെയ്യരുത്.
📌 വൈദ്യുതി പോസ്റ്റിന് ചുവട്ടില്‍ പൊങ്കാലയിടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.
📌 ട്രാന്‍‍സ്ഫോര്‍‍‍‍‍മറുകള്‍, വൈദ്യുതി പോസ്റ്റുകള്‍‍ എന്നിവയുടെ ചുവട്ടില്‍‍ ചപ്പുചവറുകള്‍‍ കൂട്ടിയിടരുത്.
📌 ഗുണനിലവാരമുള്ള വയറുകള്‍‍, സ്വിച്ച് ബോര്‍‍ഡുകള്‍‍ എന്നിവ ഉപയോഗിച്ചു മാത്രമേ വൈദ്യുതി കണക്ഷനെടുക്കാവൂ.
📌 വൈദ്യുതി ദീപാലങ്കാരങ്ങള്‍‍ അംഗീകൃത കോണ്‍‍ട്രാക്റ്റര്‍മാരെ മാത്രം ഉപയോഗിച്ച് നിര്‍‍വ്വഹിക്കേണ്ടതാണ്.
📌 ലൈറ്റുകള്‍, ദീപാലങ്കാരങ്ങള്‍‍ തുടങ്ങിയവ പൊതുജനങ്ങള്‍‍ക്ക് കയ്യെത്താത്ത ഉയരത്തില്‍ സ്ഥാപിക്കുക.
📌 ഗേറ്റുകള്‍‍, ഇരുമ്പ് തൂണുകള്‍‍, ഗ്രില്ലുകള്‍‍, ലോഹ ബോര്‍ഡുകള്‍‍ എന്നിവയില്‍ കൂടി വൈദ്യുതി ദീപാലങ്കാരങ്ങള്‍‍ നടത്തുവാന്‍‍ പാടില്ല.
📌 വൈദ്യുതി പോസ്റ്റുകളിലോ അനുബന്ധ ഉപകരണങ്ങളിലോ ബാനര്‍, പരസ്യബോര്‍ഡുകള്‍‍ തുടങ്ങിയവ സ്ഥാപിക്കരുത്.
📌 ഇന്‍‍സുലേഷന്‍ നഷ്ടപ്പെട്ടതോ, ദ്രവിച്ചതോ, പഴകിയതോ, കൂട്ടിയോജിപ്പിച്ചതോ ആയ വയറുകള്‍‍ ഉപയോഗിക്കരുത്.
📌 വൈദ്യുതി പോസ്റ്റുകളില്‍‍ അലങ്കാര വസ്തുക്കള്‍ സ്ഥാപിക്കാന്‍‍ പാടില്ല.
📌 പൊങ്കാല ഇടുന്നവരും പൊങ്കാല മഹോത്സവത്തില്‍ പങ്കാളികളാവുന്നവരും സുരക്ഷാ മുന്‍കരുതലുകള്‍‍ കര്‍‍ശനമായി പാലിക്കണം

കോഴിക്കോട്: തലശ്ശേരി മലബാർ കാൻസർ സെന്ററിൽ കിഫ്ബി പദ്ധതി രണ്ടാം ഘട്ടത്തിലുൾപ്പെടുത്തി നിർമ്മിക്കുന്ന 14 നില ബ്ലോക്കിന്റെ ശിലാസ്ഥാപനം, 3 ടെസ്ല എംആർഐ സ്‌കാനർ, ഡെക്‌സാ സ്‌കാനർ, ഗാലിയം ജനറേറ്റർ, ബയോ ഫീഡ്ബാക്ക് ഡിവൈസ്, ജല ശുദ്ധീകരണ പ്ലാന്റ് എന്നിവയുടെ ഉദ്ഘാടനം ഫെബ്രുവരി 24ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ചടങ്ങിൽ അധ്യക്ഷത വഹിക്കും. നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ, ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ എന്നിവർ മുഖ്യാതിഥികളാകും. എംപിമാരായ കെ. മുരളീധരൻ, വി. ശിവദാസൻ, സന്തോഷ് കുമാർ പി, ജോൺ ബ്രിട്ടാസ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.

മലബാർ കാൻസർ സെന്ററിന്റെ വികസനത്തിൽ നാഴികകല്ലുകളായ പദ്ധതികളാണ് മുഖ്യമന്ത്രി ഉദ്ഘാടനം നിർവഹിക്കുന്നതെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. എം.സി.സിയെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസസ് ആന്റ് റിസർച്ച് ആയി ഉയർത്തിയിരുന്നു. ഉടൻ തന്നെ റോബോട്ടിക് സർജറി സജ്ജമാകും. അടുത്തിടെ എം.സി.സി. കാൻസർ ചികിത്സയിൽ അപൂർവ നേട്ടം കൈവരിച്ചു. കണ്ണിലെ കാൻസർ ചികിത്സിക്കാനുള്ള ഒക്യുലാർ പ്ലാക് ബ്രാക്കിതെറാപ്പി ചികിത്സ നടത്തുന്ന രാജ്യത്തെ നാലാമത്തെ സർക്കാർ ആശുപത്രിയായി എം.സി.സി. മാറി. പുതിയ പദ്ധതികളിലൂടെ എം.സി.സി.യിൽ വലിയ മാറ്റം വരുമെന്നും മന്ത്രി പറഞ്ഞു.

കിഫ്ബി ധനസഹായത്തോടെ നിർമിക്കുന്ന കേരളത്തിലെ ആരോഗ്യമേഖലയിലെ ഏറ്റവും ബൃഹത്തായ പദ്ധതിയാണ് ‘ഡെവലപ്‌മെന്റ് ഓഫ് മലബാർ കാൻസർ സെന്റർ’. ഈ പദ്ധതിക്കായി 565.25 കോടി രൂപയുടെ ഭരണാനുമതിയും 398.31 കോടി രൂപയുടെ സാമ്പത്തിക അനുമതിയും നൽകിയിട്ടുണ്ട്. 14 നിലകളുള്ള ഈ ആശുപത്രി സമുച്ചയത്തിന് 5,52,000 ഓളം അടി വിസ്തീർണമുണ്ട്.

സാധാരണ എംആർഐയെക്കാൾ ഉയർന്ന സിഗ്‌നൽ ടു നോയ്സ് പ്രദാനം ചെയ്യുന്നതാണ് 18.5 കോടി രൂപയുടെ 3 ടെസ്ല എംആർഐ. തലച്ചോറിലുള്ള മുഴകൾ, കിമോ തെറാപ്പി, റേഡിയേഷൻ എന്നിവ കഴിഞ്ഞതിന് ശേഷമുള്ള മുഴകളുടെ പരിശോധന, ശസ്ത്രക്രിയകൾക്ക് മുമ്പുള്ള മുഴകളുടെ വിശകലനം എന്നിവയ്ക്ക് 3 ടെസ്ല എംആർഐ ഉപകാരപ്രദമാണ്. ഉയർന്ന അപകട സാധ്യതയുള്ള രോഗികൾക്ക് അസ്ഥി ബലപ്പെടുത്തുന്ന ചികിത്സ നൽകാൻ സഹായിക്കുന്നതാണ് 53.50 ലക്ഷം രൂപ ചെലവഴിച്ചുള്ള ഡെക്‌സാ സ്‌കാനർ.

പ്രോസ്റ്റേറ്റ് ഗ്രന്ഥിയിൽ ഉണ്ടാകുന്ന കാൻസറിന്റേയും ന്യൂറോ എൻഡോക്രൈൻ വിഭാഗത്തിൽപ്പെടുന്ന കാൻസറുകളുടേയും രോഗ നിർണയത്തിനാവശ്യമായ റേഡിയോ ഫാർമസ്യൂട്ടിക്കലുകൾ ഉൽപാദിപ്പിക്കാൻ കഴിയുമെന്നതാണ് 65 ലക്ഷത്തോളം ചെലഴിച്ചുള്ള ജെർമേനിയം ഗാലിയം ജനറേറ്റർ. സംസ്ഥാനത്ത് ആദ്യമായാണ് ഒരു കാൻസർ സെന്ററിൽ സൈക്കോ-ഓങ്കോളജി വിഭാഗത്തോട് ചേർന്ന് 7.61 ലക്ഷത്തോളം ചെലവഴിച്ച് ബയോ ഫീഡ്ബാക്ക് ഉപകരണം സജ്ജമാക്കുന്നത്. ബയോഫീഡ്ബാക്ക് ഡിവൈസ് ഉപയോഗിച്ച് മാനസിക സമ്മർദ്ദം, ഉത്കണ്ഠ, ഉറക്കമില്ലായ്മ, വേദന, മനസിന്റെ സ്വാധീനത്താലുള്ള മറ്റ് ശാരീരിക ബുദ്ധിമുട്ടുകൾ എന്നിവ കൈകാര്യംചെയ്യുവാൻ സാധിക്കും. 7.61 ലക്ഷത്തോളം രൂപ ചെലവാക്കിയാണ് ഈ ഉപകരണം സജ്ജമാക്കിയത്. 1 കോടി രൂപ ചെലഴിച്ചാണ് പ്രതിദിനം 400,000 ലിറ്റർ വെള്ളം ശുദ്ധീകരിക്കാൻ കഴിയുന്ന ജല ശുദ്ധീകരണ പ്ലാന്റ് സജ്ജമാക്കിയിരിക്കുന്നത്.

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി ആരോഗ്യ വകുപ്പ്. ചൂട് വളരെ കൂടുതലായതിനാൽ പൊങ്കാലയിടുന്ന എല്ലാവരും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് വ്യക്തമാക്കി. അന്തരീക്ഷ താപനില കൂടുതലായതിനാൽ ആരോഗ്യ വകുപ്പിന്റെ നിർദേശങ്ങൾ എല്ലാവരും പാലിക്കണം. ചൂട് കൂടുതലായതിനാൽ നിർജലീകരണം ഉണ്ടാകാതിരിക്കാൻ, ദാഹം തോന്നുന്നില്ലെങ്കിൽ പോലും ഇടയ്ക്കിടയ്ക്ക് ധാരാളം വെള്ളം കുടിക്കുക. ക്ഷീണം, തലവേദന, തലകറക്കം, ശ്വാസതടസം തുടങ്ങിയവ ഉണ്ടായാൽ തണലത്തേക്ക് മാറുകയും വൈദ്യസഹായം തേടുകയും ചെയ്യുക. ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് വിവിധ സ്ഥലങ്ങളിൽ മെഡിക്കൽ ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. ഇതുകൂടാതെ ആംബുലൻസ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്. ദിശ 104, 1056, 0471 2552056 ലേക്ക് വിളിച്ച് ഡോക്ടറുടെ ഉപദേശം തേടാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

· കട്ടികുറഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക

· നേരിട്ട് സൂര്യപ്രകാശം ഏൽക്കാതിരിക്കുവാൻ തൊപ്പി, തുണി ഇവ കൊണ്ട് തല മറയ്ക്കുക

· ശുദ്ധ ജലമോ തിളപ്പിച്ചാറിയ വെള്ളമോ മാത്രം കുടിക്കുക

· തണ്ണിമത്തൻ പോലെ ജലാംശം കൂടുതലുള്ള പഴവർഗങ്ങൾ കഴിക്കുന്നത് നിർജലീകരണം തടയും

· ശുദ്ധമായ ജലത്തിൽ തയാറാക്കിയ ഐസ് മാത്രം പാനീയങ്ങളിൽ ഉപയോഗിക്കുക

· ഇടയ്ക്ക് കൈകാലുകളും മുഖവും കഴുകുക

· ഇടയ്ക്കിടെ തണലത്ത് വിശ്രമിക്കുക

· കുട്ടികളെ തീയുടെ അടുത്ത് നിർത്തരുത്. ഇടയ്ക്കിടെ കുടിക്കാൻ വെള്ളം നൽകണം

· സ്ഥിരമായി കഴിക്കുന്ന മരുന്നുകൾ മുടക്കം വരുത്താതെ കഴിക്കുക

· കഴിക്കുന്ന മരുന്നുകളുടെ വിവരങ്ങൾ കയ്യിൽ കരുതണം

പൊള്ളൽ ഏൽക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കേണ്ടത്

· തീ പിടിക്കുന്ന വിധത്തിൽ അലസമായി വസ്ത്രങ്ങൾ ധരിക്കരുത്.

· ചുറ്റമുള്ള അടുപ്പുകളിൽ നിന്നും തീ പടരാതെ സൂക്ഷിക്കണം.

· അടുപ്പിനടുത്ത് പെട്ടെന്ന് തീപിടിക്കുന്ന സാധനങ്ങൾ വയ്ക്കരുത്

· തൊട്ടടുത്ത് ഒരു ബക്കറ്റ് വെള്ളം കരുതി വയ്ക്കണം

· വസ്ത്രങ്ങളിൽ തീപിടിച്ചാൽ പരിഭ്രമിച്ച് ഓടരുത്. വെള്ളം ഉപയോഗിച്ച് ഉടൻ തീ അണയ്ക്കുക. അടുത്തുള്ള വോളണ്ടിയർമാരുടെ സഹായം തേടുക.

· തീപൊള്ളലേറ്റാൽ പ്രഥമ ശുശ്രൂഷ ചെയ്യണം

· പൊള്ളലേറ്റ ഭാഗം വെള്ളം ഉപയോഗിച്ച് തണുപ്പിക്കണം

· വസ്ത്രമുള്ള ഭാഗമാണെങ്കിൽ വസ്ത്രം നീക്കാൻ ശ്രമിക്കരുത്

· പൊള്ളലേറ്റ ഭാഗത്ത് അനാവശ്യ ക്രീമുകൾ ഉപയോഗിക്കരുത്

· ആവശ്യമെങ്കിൽ ഡോക്ടറുടെ സേവനം തേടുക

· പൊങ്കാലയ്ക്ക് ശേഷം വെള്ളമുപയോഗിച്ച് തീ കെടുത്തണം

ഭക്ഷണം കരുതലോടെ

· ഭക്ഷണം കഴിക്കുന്നതിന് മുമ്പ് വൃത്തിയായി കൈകൾ കഴുകണം

· തുറന്നു വച്ചിരിക്കുന്ന ഭക്ഷണ പദാർത്ഥങ്ങൾ വാങ്ങി കഴിക്കരുത്.

· പഴങ്ങൾ നന്നായി കഴുകിയ ശേഷം മാത്രം കഴിക്കുക

· മാലിന്യങ്ങൾ വലിച്ചെറിയരുത്. നിർദ്ദിഷ്ട സ്ഥലങ്ങളിൽ മാത്രം നിക്ഷേപിക്കുക.