മോസ്കോ: അർബുദത്തിനുള്ള വാക്സിൻ വൈകാതെ യാഥാർത്ഥ്യമാകുമെന്ന് റഷ്യ. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനാണ് ഇക്കാര്യം അറിയിച്ചത്. ഈ നിർണ്ണായക നേട്ടത്തിന് തൊട്ടരികിലാണ് റഷ്യയിലെ ശാസ്ത്രജ്ഞരെന്ന് അദ്ദേഹം പറഞ്ഞു. ഏതെല്ലാം അർബുദങ്ങൾക്കുള്ള വാക്സിനാണ് തയ്യാറായി വരുന്നതെന്ന കാര്യം പുടിൻ വ്യക്തമാക്കിയിട്ടില്ല. പലതരത്തിലുള്ള അർബുദങ്ങൾക്ക് കാരണമാകുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിനെതിരെ നിലവിൽ ആറ് ലൈസൻസ് നേടിയ വാക്സിനുകൾ ഉണ്ടെന്നാണ് ലോകാരോഗ്യ സംഘടന അറിയിച്ചത്.
ഇതിന് പുറമേ കരളിന്റെ അർബുദത്തിന് കാരണമാകുന്ന ഹെപ്പറ്റൈറ്റിസ് ബിക്കെതിരെയുളള വാക്സിനുകളും ലഭിക്കും. അർബുദ വാക്സിനുകൾ നിർമ്മിക്കാൻ റഷ്യ മാത്രമല്ല ലോകത്തിലെ പല രാജ്യങ്ങളിലും പല കമ്പനികളുടെയും ആഭിമുഖ്യത്തിൽ ഗവേഷണങ്ങൾ നടക്കുന്നുണ്ട്. വ്യക്തിഗത അർബുദ ചികിത്സകൾ ലഭ്യമാക്കുന്നതിനുള്ള ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുന്നതിന് കഴിഞ്ഞ വർഷം യുകെ സർക്കാർ ജർമ്മനി അധിഷ്ഠിതമായി പ്രവർത്തിക്കുന്ന ബയോഎൻടെക്കുമായി ധാരണപത്രം ഒപ്പുവെയ്ക്കുകയും ചെയ്തിരുന്നു.

