Health (Page 241)

മുംബൈ: കോവിഡ്് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുംബൈയില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ കോവിഡ് ആശുപത്രികളാക്കുന്നു. അടുത്ത അഞ്ചോ ആറോ ആഴ്ചയ്ക്കുള്ളില്‍ മൂന്ന് ജംബോ ഫീല്‍ഡ് ആശുപത്രികള്‍ ആരംഭിക്കുമെന്നും ഫോര്‍ സ്റ്റാര്‍, ഫെവ് സ്റ്റാര്‍ ഹോട്ടലുകള്‍ കോവിഡ് കെയര്‍ സെന്ററുകളാക്കി മാറ്റുമെന്നും ബ്രിഹന്‍ മുംബൈ മുനിസിപ്പല്‍ കോര്‍പറേഷനാണ് അറിയിച്ചത്. കൂടാതെ, 200 ഐസിയു കിടക്കകളും 70 ശതമാനം ഓക്‌സിജന്‍ കിടക്കകളും ഉള്‍പ്പെടെ 2,000 കിടക്കകള്‍ ഉണ്ടാകുമെന്നും ബിഎംസി മേധാവി ഇക്ബാല്‍ സിംഗ് ചഹാല്‍ പറഞ്ഞു. ബിഎംസി കണക്ക് അനുസരിച്ച് മുംബൈയില്‍ 141 ആശുപത്രികളിലായി 19,151 കിടക്കകളാണ് ഉള്ളത്. ഇതില്‍ 3,777 എണ്ണം ഇപ്പോഴത്തെ കൊവിഡ് അടിയന്തരഘട്ടത്തിന് ഉപയോഗിക്കാന് പ്രാപ്തമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

covid

തിരുവനന്തപുരം:കൊവിഡ് നിയന്ത്രണങ്ങൾ നിശ്ചയിച്ച് ഉത്തരവ് ഉടനുണ്ടാകും. രണ്ടാംഘട്ട രോഗ വ്യാപനം ശക്തമായിരിക്കെ രോഗനിയന്ത്രണത്തിനുള‌ള മാർഗങ്ങളുമായി ബന്ധപ്പെട്ട കോർ കമ്മ‌ിറ്റി യോഗത്തിലെ നിർദ്ദേശങ്ങൾ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി മുഖ്യമന്ത്രി അംഗീകരിക്കുന്നതോടെയാണ് ഉത്തരവിറങ്ങുക.
സംസ്ഥാനത്ത് പൊതു ചടങ്ങുകളിൽ നിയന്ത്രണമുണ്ടാകും.

ചടങ്ങുകൾ പരമാവധി രണ്ട് മണിക്കൂർ നേരമേ പാടുള‌ളൂ, ഹോട്ടലുകളടക്കം കടകൾ രാത്രി ഒൻപത് മണിക്ക് മുൻപ് അടക്കണം. ഹോട്ടലുകളിൽ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ, ബസുകളിലും ട്രെയിനുകളിലും നിന്നുകൊണ്ടുള‌ള യാത്ര ഒഴിവാക്കണം, ബസിൽ ആളുകളെ കുത്തിനിറച്ച് യാത്ര ചെയ്‌താൽ നടപടിയെടുക്കും, യാത്രാ തിരക്ക് ഒഴിവാക്കാൻ മോട്ടോർ വാഹന പരിശോധനയുണ്ടാകും.

അത്യാവശ്യമില്ലാത്ത യോഗങ്ങൾ മൂന്നാഴ്‌ചത്തേക്ക് നീട്ടിവയ്‌ക്കണം, ടെലി ഡോക്‌ടർ സംവിധാനം ഏർപ്പെടുത്തണം, നിത്യോപയോഗ സാധനങ്ങൾ വീട്ടിലെത്തിക്കാൻ ഓൺലൈൻ സംവിധാനമുണ്ടാകും ഇതിന് സപ്ളൈക്കോയും ഹോർട്ടികോർപ്പും അടക്കം സഹകരിക്കുന്ന സംവിധാനം വേണം. എല്ലാ ജില്ലകളിലും മതിയായ അളവിൽ ഐസി‌യു കിടക്കകൾ, ആർ‌ടി‌പി‌സി‌ആർ പരിശോധന പരമാവധി വർദ്ധിപ്പിക്കുക,വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രണവിധേയമാക്കുക എന്നീ നിർദ്ദേശങ്ങളും യോഗത്തിലുയർന്നു.

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിനെതിരെ കനത്ത ജാഗ്രതവേണമെന്നും കൂട്ടം കൂടരുതെന്നും മാസ്ക്കും സാമൂഹിക അകലവും പാലിക്കണമെന്ന മുന്നറിയിപ്പുകളൊക്കെ നിലനിൽക്കുമ്പോഴാണ് ഇവയെല്ലാം കാറ്റിൽ പറത്തി വിനോദ സഞ്ചാരങ്ങളിൽ ആഘോഷങ്ങൾ പൊടിപൊടിക്കുന്നത്. കോവളം ,ശംഖുമുഖം , വേളി, വർക്കല, ആഴിമല തുടങ്ങിയ തീരങ്ങളിലെല്ലാം വൻതോതിലുള്ള ജനക്കൂട്ടമാണ് അവധി ദിനങ്ങളിൽ ഒഴുകിയെത്തുന്നത്. അതുകൊണ്ട് തന്നെ പലപ്പോഴും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാനാകാത്ത സ്ഥിതിയുമുണ്ട്. കൊവിഡ് രൂക്ഷമായിത്തുടരുന്ന ഉത്തരേന്ത്യയിൽ നിന്നുപോലും ആഡംബര വാഹനങ്ങളിൽ നൂറ് കണക്കിന് പേർ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വന്നു പോകുന്നുണ്ട്. വിശാലമായി തുറന്ന് കിടക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളൽ സാമൂഹ്യ അകലം ഉൾപ്പെടെയുള്ള കോവിഡ് നിയന്ത്രണങ്ങൾ അപ്പാടെ കാറ്റിൽപ്പറത്തി വിലസുന്ന സംഘങ്ങൾ നാട്ടുകാർക്കും തലവേദനയാണ്.

മാസ്ക് ധരിക്കണമെന്ന് ബീച്ചുകളിലെ സുരക്ഷാ ചുമതലയുള്ള പോലീസുകാർ കർശന നിർദ്ദേശംനൽകുന്നുണ്ടെങ്കിലും കടലിൽ കുളിക്കുന്നതിന് തടസമില്ലാത്തതും കുളിക്കുമ്പോൾ മാസ്കിൻറെ ആവശ്യമില്ലെന്നതും പലരും ദുരുപയോഗം ചെയ്യുന്നുണ്ട്. നേരത്തെ ലോക്ഡൗണിന് ശേഷം ബീച്ചുകൾ തുറന്നപ്പോൾ ചില നിർദ്ദേശങ്ങളും നിയന്ത്രണങ്ങളും ഉണ്ടായിരുന്നെങ്കിലും പിന്നീട് ഇവയെല്ലാം കാറ്റിൽപ്പറന്നു.

കോവിഡ് പ്രോട്ടോക്കാളിൻറെ ഭാഗമായി തെർമ്മൽ സ്കാനർ , സാനിറ്റൈസർ തീരങ്ങളിലെത്തുന്ന വിനോദ സഞ്ചാരികളുടെ രജിസ്ട്രേഷൻ, തുടങ്ങിയവ കർശനമായി നടപ്പിലാക്കുമെന്ന് ടൂറിസംവകുപ്പ് പറഞ്ഞിരുന്നെങ്കിലും പ്രായോഗികമായി ഇവയൊന്നും ഫലം ചെയ്തില്ല. അവധി ദിവസങ്ങളിൾ ബീച്ചുകളിൾ ജനം വലിയ തോതിലെത്തിയതോടെ നിയന്ത്രണങ്ങൾ അപ്പാടെ പാളി. വീണ്ടും കൊവിഡ് പടരുന്നതായ മുന്നറിയിപ്പ് വന്നതോടെയാണ് വീണ്ടും ആശങ്ക ഉയർന്നത്. നിയന്ത്രണങ്ങൾ സംബന്ധിച്ച് സർക്കാരിൽ നിന്ന് വ്യക്തമായ നിർദ്ദേശം ഒന്നും ലഭിക്കാതെ നടപടിയെടുക്കാനാകില്ലെന്നാണ് ടൂറിസം പൊലീസ് പറയുന്നത്. ഇതു സംബന്ധിച്ച ഒരു മാർഗ്ഗനിർദ്ദേശവും നൽകാൻ ടൂറിസം വകുപ്പിനുമായിട്ടില്ല.

രാത്രികാലങ്ങളിൽ പൊലീസിൻറെ സാന്നിധ്യമില്ലാത്ത തീരങ്ങളിൽ നിരവധിപേർ എത്തുന്നുണ്ടെന്നും പുലർച്ചെവരെയൊക്കെ തീരത്ത് തങ്ങുന്നവർ ആരൊക്കെയാണെന്നോ എന്തിനാണ് എത്തുന്നതെന്നോ തിരക്കാൻ പോലും ആളില്ലാത്ത സ്ഥിതിയാണെന് ആക്ഷേപവുമുയരുന്നുണ്ട്.ഇങ്ങനെയെത്തുന്നവർ എവിടത്തുകാരെന്നോ ഇവരിൽ രോഗം ബാധിച്ചവരുണ്ടോ തുടങ്ങിയ കാര്യങ്ങൾ അന്വേഷിക്കാൻ തീരങ്ങളിൽ ടൂറിസംവകുപ്പിൻറേതായി ഒരു സംവിധാനവുമില്ല. വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നവരെ നിയന്ത്രിക്കാനായി ആകെയുള്ളത് ലൈഫ് ഗാർഡുകളും ടൂറിസം പൊലീസുമാണ്. തിരക്കേറിയ ദിനങ്ങളിൽ ഇവരു നിസഹായരാവുകയാണ് പതിവ്.

ന്യൂഡൽഹി: രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വ്യാപനം അതിവേഗം നടക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഡൽഹി എയിംസ് ഡയറക്‌ടർ ഡോരൺദീപ് ഗുലേറിയ.രാജ്യത്ത് പരിവർത്തനം വന്ന വൈറസ് വകഭേദങ്ങൾ ഉള‌ളതുകൊണ്ട് രോഗവ്യാപനത്തിന് വേഗം കൂടുതലാണ്. ഫെബ്രുവരി മാസത്തിൽ പ്രതിദിന രോഗനിരക്ക് കുറഞ്ഞുതുടങ്ങിയപ്പോൾ ജനങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ നിന്ന് പിന്നിലേക്ക് പോയി. അവർ വൈറസ് നിഷ്‌ഫലമായി എന്ന് കരുതി. ഇപ്പോൾ ജനങ്ങൾ രോഗത്തെ ലഘുവായാണ് കാണുന്നത്. മാർക്ക‌റ്റുകളിലും, റെസ്‌റ്റൊറന്റുകളിലും ഷോപ്പിംഗ്‌മാളിലുമെല്ലാം ഇപ്പോൾ ജനക്കൂട്ടമാണ്.

ഇത് സൂപ്പർ സ്‌പ്രെഡർ സാദ്ധ്യതയാണ് ഉയർത്തുന്നത്’ ഡോ.ഗുലേറിയ പറഞ്ഞു.മുൻപ് ഒരാളിൽ നിന്ന് പരമാവധി 30 പേരിലേക്കാണ് രോഗം പരത്താൻ കഴിഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ വളരെ വലിയ അളവിൽ രോഗം പരത്താൻ ഒരാളിലൂടെ സാധിക്കും. സ്ഥിതി നിയന്ത്രിച്ചില്ലെങ്കിൽ രാജ്യത്തെ ആരോഗ്യരംഗത്തിൽ വലിയ പാർശ്വഫലങ്ങളുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആവശ്യമില്ലെങ്കിൽ ജനങ്ങൾ വെറുതേ പുറത്തിറങ്ങരുത്. ഒത്തുചേരലുകൾ ഉണ്ടാകുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്നും ഡോ.ഗുലേറിയ പറഞ്ഞു. വളരെ വേഗം ബാധിക്കാവുന്ന യു.കെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ വേരിയന്റുകൾ രാജ്യത്തുണ്ട്. എത്രയും വേഗം രോഗപ്രതിരോധത്തിന് വാക്‌സിനെടുക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

രാജ്യത്തെ ജനങ്ങൾ ഇപ്പോൾ കൊവിഡിനെ നിസാരമായാണ് കാണുന്നത്. അതിവേഗം വ്യാപിക്കുന്നതും പരിവർത്തനം വന്നതുമായ വൈറസ് വകഭേദങ്ങൾ രാജ്യത്തുള‌ളപ്പോഴാണിത്. ‘കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ രാജ്യത്തെ ആരോഗ്യരംഗത്തെ കാര്യങ്ങളെല്ലാം കൈവിട്ടുപോകുന്ന സ്ഥിതിയാണ്.’ ഡോ.ഗുലേറിയ അഭിപ്രായപ്പെട്ടു.

തിരുവനന്തപുരം: രണ്ട്‌ലക്ഷം ഡോസ് കോവാക്‌സിന്‍ ഇന്ന് സംസ്ഥാനത്ത് എത്തുമെന്ന് ഭാരത് ബയോടെക്ക് സംസ്ഥാനത്തെ അറിയിച്ചു. ഇതോടെ സംസ്ഥാനം നേരിടുന്ന കോവിഡ് വാക്‌സിന്‍ പ്രതിസന്ധിക്ക് താത്കാലിക പരിഹാരമാകും.ചൊവ്വാഴ്ച രണ്ട് ലക്ഷം ഡോസ് കൊവാക്‌സിന്‍ മരുന്നുകളാണ് സംസ്ഥാനത്ത് എത്തുക. തിരുവനന്തപുരം മേഖലകളില്‍ 68,000 ഡോസും എറണാകുളം മേഖലയില്‍ 78,000 ഡോസും കോഴിക്കോട് മേഖലയില്‍ 54,000 ഡോസ് മരുന്നുകളാണ് എത്തിക്കുക. സംസ്ഥാനത്തിന് കൂടുതല്‍ വാക്‌സിന്‍് നല്‍കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധന്‍ ഇന്നലെ കത്തയച്ചിരുന്നു.

pinarayi

തിരുവനന്തപുരം: കൊവിഡ് വാക്‌സിന്‍ അടിയന്തരമായി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹര്‍ഷവര്‍ധന് മുഖ്യമന്ത്രി പിണറായി വിജയന്‍ കത്തയച്ചു. കൊവിഡ് പ്രതിരോധത്തിനായി 45 ദിന കര്‍മ്മ പരിപാടികള്‍ സംഘടിപ്പിക്കുകയും ദിവസം രണ്ട് ലക്ഷം പേര്‍ക്ക് വരെ വാക്‌സിന്‍ കുത്തിവയ്പ്പ് നടത്തിയതായും, ഇത് മൂന്ന് ലക്ഷം വരെയായി വര്‍ധിപ്പിക്കാന്‍ പദ്ധതി രൂപികരിച്ചതായും മുഖ്യമന്ത്രി കത്തില്‍ പറയുന്നു. അടുത്ത ദിവസങ്ങളില്‍ വാക്‌സിനേഷന്‍ സാധാരണഗതിയില്‍ നടത്താന്‍ 50 ലക്ഷം ഡോസ് വാക്‌സിന്‍ അടിയന്തിരമായി അനുവദിക്കണമെന്നുമാണ് മുഖ്യമന്ത്രിയുടെ കത്ത് ആവശ്യപ്പെടുന്നത്.സംസ്ഥാനത്ത് മാസ് വാക്‌സിനേഷന്‍ തുടങ്ങിയതോടെ വാക്‌സിന്‍ ലഭ്യതക്കുറവ് ഉണ്ടാകുന്നുണ്ടെന്നും പല മേഖലയിലും രണ്ട് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമേയുള്ളുവെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ നേരത്തെ പ്രതികരിച്ചിരുന്നു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 1.69 ലക്ഷം കൊവിഡ് -19 കേസുകൾ ഇന്ത്യയിൽ രേഖപ്പെടുത്തിയതോടെ ആഭ്യന്തര ബെഞ്ച്മാർക്ക് സൂചികകൾ 2.5 ശതമാനത്തിലധികം ഇടിഞ്ഞു. ബിഎസ്ഇ സെൻസെക്സ് 1,400 പോയിന്റ് ഇ‌ടിഞ്ഞ് 48,160 ലെവലിലും നിഫ്റ്റി 50 സൂചിക 14,500 മാർക്കിൽ നിന്നും താഴേക്കും പോയി. ഇൻഡസ് ഇൻഡ് ബാങ്ക് എട്ട് ശതമാനം ഇടിഞ്ഞു. സെൻസെക്സിൽ ഏറ്റവും ഇടിവ് നേരിട്ട ഓഹരിയും ഇൻഡസ് ഇൻഡ് ബാങ്കാണ്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബജാജ് ഫിനാൻസ് (രണ്ടും 5 ശതമാനം ഇടിഞ്ഞു) തു‌ടങ്ങിയ ഓഹരികളിലും ഇടിവ് നേരിട്ടു.നിഫ്റ്റി ഫാർമ സൂചിക ഒഴികെയുള്ള എല്ലാ നിഫ്റ്റി സെക്ടറൽ സൂചികകളിലും നഷ്ടം രേഖപ്പെടുത്തി. നിഫ്റ്റി പി എസ് യു ബാങ്ക് സൂചിക ഏഴ് ശതമാനം താഴേക്ക് പോയി. ബിഎസ്ഇ മിഡ്ക്യാപ്പ്, സ്മോൾക്യാപ്പ് സൂചികകൾ യഥാക്രമം നാല് ശതമാനവും 3.5 ശതമാനവും ഇടിഞ്ഞു. 

ടാറ്റ കൺസൾട്ടൻസി സർവീസസ്, എച്ച്ഡിഐഎൽ, കാലിഫോർണിയ സോഫ്റ്റ്‍വെയർ, കുപിഡ് ട്രേഡ്സ് & ഫിനാൻസ്, ലോയ്ഡ്സ് മെറ്റൽസ് ആൻഡ് എനർജി എന്നിവ അവരുടെ ത്രൈമാസ ഫലങ്ങൾ ഇന്ന് പ്രഖ്യാപിക്കും.

 പോസ്റ്റ്ബാങ്ക്, പ്രുഡൻഷ്യൽ ഫിനാൻഷ്യൽ തുടങ്ങിയ ചില വലിയ ഡീലുകളുടെ സഹായത്തോടെ മാർച്ച് ക്വാർട്ടർ വരുമാനത്തിൽ ടിസിഎസ് ഒമ്പത് ശതമാനം വളർച്ച നേടുമെന്ന് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നു, മുൻ പാദത്തിൽ നേടിയ 50-100 മില്യൺ ഡോളറിന്റെ ഡീലുകളുടെ റാംപ്-അപ്പ്, ക്ലൗഡ്, ഉപഭോക്തൃ മേഖലകളിൽ ശക്തമായ ആവശ്യമുയർന്നിട്ടുണ്ട്.പകർച്ചവ്യാധി സാഹചര്യം മൂലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിയന്ത്രണങ്ങൾ വർധിപ്പിച്ചിട്ടുണ്ട്. 

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ റെംഡസിവിറും അതിന്റെ ഔഷധ ഘടകങ്ങളും കയറ്റുമതി ചെയ്യുന്നത് ഇന്ത്യ നിരോധിച്ചു. കോവിഡ് വ്യാപനം കുറയുന്നതു വരെ കയറ്റുമതി നിരോധിച്ചതായി സർക്കാർ ഉത്തരവിൽ വ്യക്തമാക്കി. കോവിഡ് കേസുകകള്‍ ഇന്ത്യയില്‍ കുതിച്ചുയരുകയാണ്. ഏപ്രിൽ 11 വരെ 11.08 ലക്ഷം സജീവമായ കോവിഡ് കേസുകളാണുള്ളത്. ഇതോടെ കുത്തിവയ്പ്പിനുള്ള പ്രാധാന്യം വർദ്ധിച്ചു. കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന റെംഡെസിവിറിന്റെ ആവശ്യം ഇനിയും വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്, സർക്കാർ പ്രസ്താവനയിൽ പറഞ്ഞു.

കോവിഡ് ചികിത്സ നല്‍കുന്ന ആശുപത്രികളിലേക്കും രോഗ ബാധിതര്‍ക്കും റെംഡെസിവിര്‍ എളുപ്പത്തില്‍ ലഭ്യമാകുമെന്നതിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ കയറ്റുമതി നിര്‍ത്തിവച്ചിരിക്കുന്നത്. ഗിലെയാദ് സയന്‍സില്‍ നിന്ന് മരുന്ന് നിര്‍മ്മിക്കുന്നതിനായി ഏഴു ഇന്ത്യന്‍ കമ്പനികള്‍ക്കാണ് ലൈസന്‍സ് ഉള്ളത്. പ്രതിമാസം 3.9 ദശലക്ഷം യൂണീറ്റ് മരുന്നാണ് ഉല്‍പാദിപ്പിക്കുന്നത്. കോവിഡിനെതിരെയുള്ള പോരാട്ടത്തില്‍ ഒരു പ്രധാന ആന്റി വൈറല്‍ മരുന്നായി കണക്കാക്കപ്പെടുന്ന റെംഡെവിസിറിന്റെ കുറവ് നിരവധി ആശുപത്രികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

മരുന്നിന്റെ ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് ചില സ്ഥലങ്ങളില്‍ പ്രതിഷേധം നടക്കുകയും ചെയ്തിരുന്നു. അതേസമയം സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കുന്നതിനായി മറ്റു ചില നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ പ്രസ്താവനയില്‍ പറയുന്നു. കൂടാതെ എല്ലാ റെംഡെസിവിര്‍ നിര്‍മ്മാതക്കളും അവരുടെ സ്റ്റോക്കുകളെക്കുറിച്ചും വിതരണക്കാരെ കുറിച്ചുള്ള വിവരങ്ങള്‍ വൈബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ദേശം നല്‍കി.

ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കും മറ്റ് ഉദ്യോഗസ്ഥന്‍മാര്‍ക്കും ഓഹരികള്‍ പരിശോധിക്കാനും ദുരുപയോഗങ്ങള്‍ പരിശോധിക്കാനും ഹോര്‍ഡിംഗ്‌സ്, ബ്ലാക്ക് മാര്‍ക്കറ്റിങ് എന്നിവ തടയുന്നതിനായി ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുമായി ഇക്കാര്യം അവലോകനം ചെയ്യുന്നതിനായി സംസ്ഥാന ആരോഗ്യ സെക്രട്ടറിമാരെ ചുമതലപ്പെടുത്തുകയും ചെയ്തു.
രാജ്യത്ത് 85 ദിവസത്തിനുള്ളില്‍ 10 കോടി വാക്‌സിന്‍ നല്‍കി. ലോകത്തിലെ ഏറ്റവും വേഗതയേറിയ വാക്‌സിനേഷന്‍ ആണിത്. 10 കോടി കോവിഡ് വാക്‌സിന്‍ നല്‍കാന്‍ യു എസ് 89 ദിവസം എടുത്തു. ചൈന 102 ദിവസവും എടുത്തു. ആഗോള തലത്തില്‍ ഇന്ത്യ പ്രതിദിനം 38,93,288 ഡോസുകളാണ് നല്‍കുന്നത്. രാജ്യത്ത് ഇതുവരെ 10,12,84,282 ഡോസ് വാക്‌സിന്‍ നല്‍കി.

കണ്ണൂര്‍: സംസ്ഥാനത്ത് മാസ് വാക്‌സിനേഷന്‍ തുടങ്ങിയതോടെ വാക്‌സിന്‍ ലഭ്യതക്കുറവുണ്ടെന്നും പല മേഖലയിലും രണ്ട് ദിവസത്തേക്കുള്ള സ്റ്റോക്ക് മാത്രമേയുള്ളുവെന്നും ആരോഗ്യമന്ത്രി കെകെ ശൈലജ. കേരളവും വാക്‌സീന്‍ ക്ഷാമത്തിലേക്ക് പോകുകയാണ്. ജീവന്‍ എല്ലാവരുടേതും ഒരു പോലെ പ്രാധാന്യമുള്ളതായതിനാല്‍ കയറ്റുമതി പാടില്ലെന്ന് പറയാന്‍ കഴിയില്ല. എന്നാല്‍ വാക്‌സീന്‍ ലഭ്യത ഉറപ്പാക്കിയിട്ട് വേണം വിദേശത്തേക്ക് കയറ്റി അയക്കാനെന്നും മന്ത്രി പറഞ്ഞു.
കൊവിഡിന്റെ നിലവിലെ സാഹചര്യത്തില്‍ തൃശൂര്‍ പൂരത്തിന് വലിയ ആള്‍ക്കൂട്ടം ഉണ്ടാകുന്നത് അപകടകരമാണെന്നും മന്ത്രി പറഞ്ഞു. ആറ്റുകാല്‍ പൊങ്കാല നടത്തിയത് പോലെ പ്രതീകാത്മകമായി നടത്താനാകുമോ എന്ന് ആലോചിക്കണമെന്നും ഇക്കാര്യത്തില്‍ ദേവസ്വം ബോര്‍ഡ് ചര്‍ച്ചയിലൂടെ തീരുമാനം എടുക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സിബിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ മാറ്റി വയ്ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്രിയാലിന് പ്രിയങ്ക കത്തയക്കുകയായിരുന്നു. ഭര്‍ത്താവ് റോബര്‍ട്ട് വധേര കോവിഡ് ബാധിതനായതിനെ തുടര്‍ന്ന് ഡല്‍ഹിയിലെ വീട്ടില്‍ ക്വാറന്റൈനിലാണ് പ്രിയങ്ക ഗാന്ധി. നിലവിലെ സാഹചര്യത്തില്‍ ഏതെങ്കിലും പരീക്ഷാ കേന്ദ്രം കൊവിഡ് ഹോട്ട്‌സ്‌പോട്ട് ആയാല്‍ അതിന് ഉത്തരവാദികള്‍ കേന്ദ്രവും സിബിഎസ്ഇ ബോര്‍ഡുമായിരിക്കുമെന്നും പരീക്ഷ മാറ്റി വയ്ക്കണമെന്ന വിദ്യാര്‍ത്ഥികളുടെ ആവശ്യത്തെ പിന്തുണച്ച് നടന്‍ സോനു സൂദും രംഗത്തെത്തിയിരുന്നു.