രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വ്യാപനം: ആശങ്ക രേഖപ്പെടുത്തി എയിംസ് മേധാവി

ന്യൂഡൽഹി: രാജ്യത്ത് രണ്ടാംഘട്ട കൊവിഡ് വ്യാപനം അതിവേഗം നടക്കുന്നതിൽ ആശങ്ക രേഖപ്പെടുത്തി ഡൽഹി എയിംസ് ഡയറക്‌ടർ ഡോരൺദീപ് ഗുലേറിയ.രാജ്യത്ത് പരിവർത്തനം വന്ന വൈറസ് വകഭേദങ്ങൾ ഉള‌ളതുകൊണ്ട് രോഗവ്യാപനത്തിന് വേഗം കൂടുതലാണ്. ഫെബ്രുവരി മാസത്തിൽ പ്രതിദിന രോഗനിരക്ക് കുറഞ്ഞുതുടങ്ങിയപ്പോൾ ജനങ്ങൾ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നതിൽ നിന്ന് പിന്നിലേക്ക് പോയി. അവർ വൈറസ് നിഷ്‌ഫലമായി എന്ന് കരുതി. ഇപ്പോൾ ജനങ്ങൾ രോഗത്തെ ലഘുവായാണ് കാണുന്നത്. മാർക്ക‌റ്റുകളിലും, റെസ്‌റ്റൊറന്റുകളിലും ഷോപ്പിംഗ്‌മാളിലുമെല്ലാം ഇപ്പോൾ ജനക്കൂട്ടമാണ്.

ഇത് സൂപ്പർ സ്‌പ്രെഡർ സാദ്ധ്യതയാണ് ഉയർത്തുന്നത്’ ഡോ.ഗുലേറിയ പറഞ്ഞു.മുൻപ് ഒരാളിൽ നിന്ന് പരമാവധി 30 പേരിലേക്കാണ് രോഗം പരത്താൻ കഴിഞ്ഞിരുന്നതെങ്കിൽ ഇപ്പോൾ വളരെ വലിയ അളവിൽ രോഗം പരത്താൻ ഒരാളിലൂടെ സാധിക്കും. സ്ഥിതി നിയന്ത്രിച്ചില്ലെങ്കിൽ രാജ്യത്തെ ആരോഗ്യരംഗത്തിൽ വലിയ പാർശ്വഫലങ്ങളുണ്ടാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആവശ്യമില്ലെങ്കിൽ ജനങ്ങൾ വെറുതേ പുറത്തിറങ്ങരുത്. ഒത്തുചേരലുകൾ ഉണ്ടാകുന്നില്ലെന്ന് സർക്കാർ ഉറപ്പാക്കണമെന്നും ഡോ.ഗുലേറിയ പറഞ്ഞു. വളരെ വേഗം ബാധിക്കാവുന്ന യു.കെ, ദക്ഷിണാഫ്രിക്ക, ബ്രസീൽ വേരിയന്റുകൾ രാജ്യത്തുണ്ട്. എത്രയും വേഗം രോഗപ്രതിരോധത്തിന് വാക്‌സിനെടുക്കണമെന്നും അദ്ദേഹം പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

രാജ്യത്തെ ജനങ്ങൾ ഇപ്പോൾ കൊവിഡിനെ നിസാരമായാണ് കാണുന്നത്. അതിവേഗം വ്യാപിക്കുന്നതും പരിവർത്തനം വന്നതുമായ വൈറസ് വകഭേദങ്ങൾ രാജ്യത്തുള‌ളപ്പോഴാണിത്. ‘കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ രാജ്യത്തെ ആരോഗ്യരംഗത്തെ കാര്യങ്ങളെല്ലാം കൈവിട്ടുപോകുന്ന സ്ഥിതിയാണ്.’ ഡോ.ഗുലേറിയ അഭിപ്രായപ്പെട്ടു.