Health (Page 240)

ന്യൂഡല്‍ഹി : ഇനിയൊരു ലോക്ഡൗണ്‍ ഉണ്ടാകില്ലെന്നും പ്രാദേശിക നിയന്ത്രണങ്ങള്‍ മാത്രമേയുണ്ടാകൂവെന്നും കേന്ദ്ര മന്ത്രി നിര്‍മ്മല സീതാരാമന്‍. ആളുകള്‍ ലോക്ഡൗണ്‍ സംബന്ധിച്ച് ആശങ്കയിലായിരിക്കുന്ന സാഹചര്യത്തിലാണ് നിര്‍മ്മല സീതാരാമന്‍ ഇക്കാര്യം അറിയിച്ചത്. രോഗവ്യാപനം തടയാന്‍ ഇന്ത്യ സ്വീകരിക്കുന്ന നടപടികളും ധനമന്ത്രി യോഗത്തില്‍ വിശദീകരിച്ചു. ലോകബാങ്കും ഇന്ത്യയും തമ്മിലുള്ള പങ്കാളിത്തത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ഡേവിഡ് മാല്‍പാസും ധനമന്ത്രിയും ചര്‍ച്ച ചെയ്തു.

ഇന്ത്യയുടെ കൊറോണ പോരാട്ടത്തെക്കുറിച്ചും രാജ്യത്തിന്റെ വാക്സിന്‍ ഉല്‍പ്പാദന ശേഷിയെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ലോക ബാങ്കിന്റെ പ്രസ്താവനയിലാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്തു വിട്ടത്. രാജ്യവ്യാപകമായ ലോക്ഡൗണ്‍ ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് അത് താങ്ങാന്‍ സാധിക്കില്ലെന്നാണ് അദ്ദേഹം പറഞ്ഞത്

മുംബൈ: കോവിഡ് വ്യാപനപശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ പതിനഞ്ച് ദിവസത്തേക്ക് മഹാരാഷ്ട്രയില്‍ നിരോധനാജ്ഞ. രാത്രി എട്ട് മുതലായിരിക്കും നിയന്ത്രണങ്ങള്‍ നിലവില്‍ വരുക. സംസ്ഥാനത്ത് 144 പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി ഉദ്ധവ് താക്കറെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അവശ്യസര്‍വീസുകള്‍ മാത്രമേ അനുവദിക്കു. ഒഴിച്ചുകൂടാനാവാത്ത ആവശ്യങ്ങള്‍ക്ക് വേണ്ടിയുള്ള യാത്രകള്‍ മാത്രമെ സംസ്ഥാനത്ത് ഉടനീളം അനുവദിക്കൂ. കൂട്ടംകൂടാന്‍ പാടില്ല. മെഡിക്കല്‍ സേവനങ്ങള്‍, ബാങ്കുകള്‍, മാധ്യമങ്ങള്‍, ഇ – കോമേഴ്‌സ്, ഇന്ധന വിതരണം എന്നിവ മാത്രമേ അനുവദിക്കൂ. പൊതുഗതാഗതങ്ങള്‍ നിര്‍ത്തിവയ്ക്കില്ല. അവശ്യ യാത്രകള്‍ക്കുവേണ്ടി മാത്രമെ ബസ്സുകളിലും ട്രെയിനുകളിലും ജനങ്ങള്‍ സഞ്ചരിക്കാവൂ.അതേസമയം, മഹാരാഷ്ട്രയില്‍ ഇന്നലെ 60,212 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചതെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കോവിഡ് കേസുകളുടെ എണ്ണം അപകടകരമായ രീതിയില്‍ വര്‍ധിക്കുകയാണ്. മെഡിക്കല്‍ ഓക്‌സിജന്റെ ദൗര്‍ലഭ്യവും സംസ്ഥാനം നേരിടുന്നുണ്ട്.

ലക്‌നൗ: കഴിഞ്ഞ 24 മണിക്കൂറിനിടെ ഉത്തര്‍ പ്രദേശില്‍ കൊവിഡ് സ്ഥിരീകരിച്ചത് 18,021 പേര്‍ക്ക്. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് 85 പേർ രോഗം മൂലം മരണമടഞ്ഞിട്ടുമുണ്ട്. ഈ കാലയളവിൽ രോഗമുക്തി നേടിയവരുടെ എണ്ണം 3,474 ആണ്.ഇതാദ്യമായാണ് സംസ്ഥാനത്ത് ഒറ്റദിവസം ഇത്രയും ആളുകളിൽ രോഗം കണ്ടെത്തുന്നത്.

സംസ്ഥാനത്തിപ്പോൾ കൊവിഡ് മൂലം ചികിത്സയിലുള്ളവരുടെ എണ്ണം 95,980 ആണ്. ആകെ രോഗം ബാധിച്ചവരുടെ എണ്ണം 7,23,582 ആണ്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണമാകട്ടെ 9,309 ആയി ഉയർന്നിട്ടുണ്ട്. അതിനിടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഐസൊലേഷനിലാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ചില ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് സ്വയം നിരീക്ഷണത്തില്‍ പോയത്.

കൊവിഡ് ബാധിച്ച ചിലരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയതിനാല്‍ ഐസൊലേഷനില്‍ പോവുകയാണെന്നാണ് യോഗി ആദിത്യനാഥ് ട്വീറ്റ് ചെയ്തിട്ടുണ്ട്. ഉദ്യോഗസ്ഥർ ആരാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല. നിരീക്ഷണത്തിലിരിക്കെ മുഖ്യമന്ത്രിയുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുമെന്നും യോഗി അറിയിച്ചിട്ടുണ്ട്.

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വാക്സിന്‍ ക്ഷാമമില്ലെന്നും വാക്സിന്‍ വിതരണം സംബന്ധിച്ച സംസ്ഥാനങ്ങളുടെ ആസൂത്രണത്തിലാണ് കുഴപ്പം സംഭവിച്ചതെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍. ഇക്കാര്യത്തില്‍ സംസ്ഥാനങ്ങളുടെ ഭാഗത്ത് നിന്നും കൂടുതല്‍ ശ്രദ്ധ ഉണ്ടാകേണ്ടതുണ്ടെന്നും അദ്ദേഹം ഇന്ന് ന്യൂഡല്‍ഹിയില്‍ വച്ച്‌ നടത്തിയ വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു.കേരളത്തിൽ ഒരു ശതമാനം പോലും വാക്‌സിന്‍ പാഴാകുന്നില്ല. എന്നാല്‍ മറ്റുപല സംസ്ഥാനങ്ങളും എട്ട് മുതല്‍ ഒന്‍പത് ശതമാനം വരെ വാക്‌സിനുകള്‍ പാഴാക്കിക്കളയുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 1.67 കോടി കോവിഡ് വാക്‌സിന്‍ ഡോസുകള്‍ ഇപ്പോഴും ലഭ്യമാണന്നും അദ്ദേഹം പറയുന്നു. 13,10,90,370 ഡോയുകളാണ് കേന്ദ്ര സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും എത്തിയത്. ഇതില്‍ 11,43,69,677 ഡോസുകളാണ് ഉപയോഗിക്കപ്പെട്ടത്. ഏപ്രില്‍ അവസാനത്തോടെ രണ്ടകോടി വാക്‌സിന്‍ ഡോസുകള്‍ സംസ്ഥാനങ്ങളിലേക്കും, യൂണിയന്‍ ടെറിട്ടറികളിലേക്കും എത്തുമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി വ്യക്തമാക്കുന്നു.

ഇന്ത്യയില്‍ ഇന്നലെ മാത്രം 1,61,736 പേര്‍ക്കാണ് രോഗം വന്നതായി സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ 879 പേര്‍ മരണപ്പെട്ടു. 12,64,698 പേരാണ് രാജ്യത്ത് കോവിഡ് രോഗം ബാധിച്ച്‌ ചികിത്സയില്‍ കഴിയുന്നത്.രാജ്യത്ത് കോവിഡ് ബാധിച്ചവരില്‍ 89.51 ശതമാനം പേരും രോഗമുക്തി നേടി. 1.25 ശതമാനം പേര്‍ മരിച്ചു. 9.24 ശതമാനമാണ് നിലവിലെ ആക്ടീവ് കേസുകള്‍.

ദില്ലി: രാജ്യത്തെ കൊവിഡ് വ്യാപനം അതിതീവ്രമെന്ന് ചൊവ്വാഴ്ച വൈകിട്ട് പുറത്തുവിട്ട വാ‍ർത്താക്കുറിപ്പിലൂടെ ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി. സംസ്ഥാനങ്ങൾ കൊവിഡ് പരിശോധനയ്ക്ക് ആർടിപിസിആർ സംവിധാനം ഉപയോ​ഗിക്കാത്തതും പ്രശ്നമാണെന്നാണ് ആരോ​ഗ്യമന്ത്രാലയത്തിൻ്റെ വിലയിരുത്തൽ. ഇതുവരെയുള്ളതിൽ ഏറ്റവും ഉയ‍ർന്ന രോ​ഗബാധ നിരക്കാണ് ഇപ്പോഴത്തേതെന്നും പല സംസ്ഥാനങ്ങളിലും ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് വളരെ ഉയ‍ർന്ന നിലയിലാണെന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കുന്നു.

ജോൺസൺ ആൻറ് ജോൺസണും, മൊഡേണയടക്കമുള്ള എല്ലാ വിദേശ കമ്പനികളേയും ഇന്ത്യയിലേക്ക് സ്വാ​ഗതം ചെയ്യുന്നതായും വി.കെ.പോൾ പറഞ്ഞു. റഷ്യൻ നിർമ്മിത സ്പുട്നിക് വി വാക്സിന് ഇനി ക്ലിനിക്കൽ പരീക്ഷണം നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം രാജ്യത്ത് കൊവിഡ് വാക്സിന് ക്ഷാമം നേരിടുന്നതിനിടെ വാക്സിൻ്റെ അടിയന്തര ഉപയോ​ഗത്തിനുള്ള നയത്തിൽ കേന്ദ്രസ‍ർക്കാ‍ർ മാറ്റം വരുത്തി. ലോകാരോഗ്യ സംഘടന അടിയന്തര ഉപയോഗാനുമതി നൽകിയ എല്ലാ വാക്സീനുകൾക്കും ഇന്ത്യയിൽ അനുമതി നൽകുമെന്ന് നീതി ആയോ​ഗ് അം​ഗമായ ഡോ.വി.കെ.പോൾ അറിയിച്ചു.

covid

തിരുവനന്തപുരം: രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവരിലും കൊവിഡ് വരാനുള്ള സാധ്യത വർദ്ധിച്ചുവെന്ന് റിപ്പോർട്ട്. പ്രതിരോധ മാര്‍ഗങ്ങളെ മറികടക്കാന്‍ ശേഷിയുള്ള വൈറസ് രോഗ വ്യാപനം തീവ്രമാക്കുമെന്നാണ് ഐജിഐബി ചൂണ്ടിക്കാട്ടുന്നത്. കൊവിഡ് വ്യാപനത്തിന്റെ രണ്ടാംതരംഗത്തില്‍ ഒഡീഷ, ഛത്തീസ്ഗഡ്, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിദ്ധ്യം കേരളത്തിലെ പല ജില്ലകളിലും കണ്ടെത്തി.

നേരത്തെ യുറോപ്യന്‍ രാജ്യങ്ങളില്‍ ജനിത മാറ്റം സംഭവിച്ച കൊവിഡ് വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇന്ത്യയിലേതടക്കം രോഗവ്യാപനത്തില്‍ ആശങ്കയറിയിച്ച ലോകാരോഗ്യസംഘടന, ആരോഗ്യസംവിധാനങ്ങള്‍ വലിയ വെല്ലുവിളി നേരിടുകയാണെന്ന് വ്യക്തമാക്കി.ഇതിനെ നേരിടാന്‍ അന്ന് ഇന്ത്യയിലും നടപടി സ്വീകരിച്ചു.

എന്നാല്‍ ഇതുഫലപ്രദമായില്ല എന്നതിന് തെളിവാണ് ഇന്ത്യയില്‍ കണ്ടെത്തിയ ജനിതക വ്യതിയാനം സംഭവിച്ച വൈറസിന്റെ സാന്നിദ്ധ്യം. അതേസമയം ഇന്ത്യയില്‍ പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം ഇന്നും ഒന്നരലക്ഷം കടന്നിട്ടുണ്ട്.വൈറസുകളിലെ ജനിതക വ്യതിയാനത്തെ കുറിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സിഎസ്‌ഐആര്‍- ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക് ആന്റ് ഇന്റ്‌ഗ്രേറ്റഡ് ബയോളജിയെന്ന (ഐജിഐബി) കേന്ദ്രസര്‍ക്കാര്‍ സ്ഥാപനത്തിന്റെ പഠനത്തിലാണ് പല ജില്ലകളിലും എന്‍440 കെ വകഭേദത്തില്‍പ്പെട്ട വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

തിരുവനന്തപുരം: പൊതുപരിപാടികളില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം നിജപ്പെടുത്തുന്നതടക്കം ഉള്‍ക്കൊള്ളിച്ചുള്ള ഉത്തരവ് പുറത്തിറക്കി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്(ടിപിആര്‍) കൂടിയ മേഖലകളില്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാനുള്ള അധികാരവും ഉത്തരവിലുണ്ട്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് വീണ്ടും നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്. പൊതുപരിപാടികളില്‍ പരമാവധി 200 പേരെ മാത്രമേ പങ്കെടുപ്പിക്കാവൂ. അടച്ചിട്ടമുറികളില്‍ നടക്കുന്ന പരിപാടികളിലും യോഗങ്ങളിലും പരമാവധി 100 പേര്‍ മാത്രം. ഇതില്‍ കൂടുതല്‍പേരെ പങ്കെടുപ്പിക്കണമെങ്കില്‍ കോവിഡ് പരിശോധന റിപ്പോര്‍ട്ട് നെഗറ്റീവ് ആയ സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിവാഹം, മരണാനന്തര ചടങ്ങുകള്‍, ആഘോഷങ്ങള്‍, കലാകായിക മേളകള്‍, സാംസ്‌കാരിക പരിപാടികള്‍ തുടങ്ങിയവയ്ക്ക് ഇത് ബാധകമാണ്.

പരിപാടികളുടെ ദൈര്‍ഘ്യം രണ്ട് മണിക്കൂറില്‍ കൂടരുത്.പരിപാടികളില്‍ ഭക്ഷണം നല്‍കുന്നുണ്ടെങ്കില്‍ പാക്കറ്റുകളില്‍ നല്‍കാന്‍ ശ്രമിക്കണം. എല്ലാ വ്യാപാരസ്ഥാപനങ്ങളും രാത്രി ഒമ്പത് മണിക്ക് അടയ്ക്കണം. സ്ഥാപനങ്ങള്‍ ഹോംഡെലിവറി പ്രോത്സാഹിപ്പിക്കണം. ബസുകളില്‍ നിന്നുള്ള യാത്ര അനുവദിക്കില്ല. ഇക്കാര്യം മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ ഉറപ്പുവരുത്തണം.എ.സി. സംവിധാനമുള്ള മാളുകള്‍ തിയേറ്ററുകള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണം. പ്രവേശനം പരിമിതപ്പെടുത്തണം.

ഇവിടങ്ങളില്‍ തെര്‍മല്‍ സ്‌ക്രീനിങ് സംവിധാനം ഏര്‍പ്പെടുത്തണം. യോഗങ്ങളും മറ്റും ഓണ്‍ലൈനില്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കണം. ആശുപത്രികളിലെ ഒപികളിലെ തിരക്ക് ഒഴിവാക്കന്‍ ഇ-സഞ്ജീവനി ടെലിമെഡിസിന്‍ ഉള്‍പ്പെടെയുള്ള സൗകര്യം ഉപയോഗപ്പെടുത്തണം. സിനിമാ തിയേറ്ററുകളും ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഒരേസമയം അമ്പത് ശതമാനം ആളുകളെ മാത്രമേ പ്രവേശിക്കാവൂ. ഹോട്ടലുകളും റെസ്‌റ്റോറന്റുകളും ഹോംഡെലിവറി പ്രോത്സോഹിപ്പിക്കണം.

ഉയര്‍ന്ന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രേഖപ്പെടുത്തിയ മേഖലകളില്‍ ആവശ്യമെങ്കില്‍ ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്ക് സിആര്‍പിസി 144 പ്രകാരം നിരോധനാജ്ഞ പ്രഖ്യാപിക്കാം. മെഗാ ഷോപ്പിങ് ഫെസ്റ്റിവലും മറ്റു മേളകളും രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കണം. സിവില്‍ സപ്ലൈസ്, ഹോര്‍ട്ടികോര്‍പ്, കെപ്‌കോ, മത്സ്യഫെഡ്, മില്‍മ തുടങ്ങിയ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഓണ്‍ലൈന്‍ വില്‍പനയും ഹോംഡെലിവറിയും പ്രോത്സാഹിപ്പിക്കണം. റംസാന്‍ സമയമായതിനാല്‍ ഇഫ്താര്‍ പാര്‍ട്ടികളില്‍ ആളുകള്‍ കൂടുന്നത് ഒഴിവാക്കാന്‍ മതനേതാക്കളും ജില്ലാ അധികാരികളും ശ്രദ്ധിക്കണം.

covid

തിരുവനന്തപുരം:കൊവിഡ് നിയന്ത്രണങ്ങൾ നിശ്ചയിച്ച് ഉത്തരവ് ഉടനുണ്ടാകും. രണ്ടാംഘട്ട രോഗ വ്യാപനം ശക്തമായിരിക്കെ രോഗനിയന്ത്രണത്തിനുള‌ള മാർഗങ്ങളുമായി ബന്ധപ്പെട്ട കോർ കമ്മ‌ിറ്റി യോഗത്തിലെ നിർദ്ദേശങ്ങൾ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി മുഖ്യമന്ത്രി അംഗീകരിക്കുന്നതോടെയാണ് ഉത്തരവിറങ്ങുക.സംസ്ഥാനത്ത് പൊതു ചടങ്ങുകളിൽ നിയന്ത്രണമുണ്ടാകും.

ചടങ്ങുകൾ പരമാവധി രണ്ട് മണിക്കൂർ നേരമേ പാടുള‌ളൂ, ഹോട്ടലുകളടക്കം കടകൾ രാത്രി ഒൻപത് മണിക്ക് മുൻപ് അടക്കണം. ഹോട്ടലുകളിൽ 50 ശതമാനം ആളുകളെ മാത്രമേ പ്രവേശിപ്പിക്കാവൂ, ബസുകളിലും ട്രെയിനുകളിലും നിന്നുകൊണ്ടുള‌ള യാത്ര ഒഴിവാക്കണം, ബസിൽ ആളുകളെ കുത്തിനിറച്ച് യാത്ര ചെയ്‌താൽ നടപടിയെടുക്കും, യാത്രാ തിരക്ക് ഒഴിവാക്കാൻ മോട്ടോർ വാഹന പരിശോധനയുണ്ടാകും.

അത്യാവശ്യമില്ലാത്ത യോഗങ്ങൾ മൂന്നാഴ്‌ചത്തേക്ക് നീട്ടിവയ്‌ക്കണം, ടെലി ഡോക്‌ടർ സംവിധാനം ഏർപ്പെടുത്തണം, നിത്യോപയോഗ സാധനങ്ങൾ വീട്ടിലെത്തിക്കാൻ ഓൺലൈൻ സംവിധാനമുണ്ടാകും ഇതിന് സപ്ളൈക്കോയും ഹോർട്ടികോർപ്പും അടക്കം സഹകരിക്കുന്ന സംവിധാനം വേണം. എല്ലാ ജില്ലകളിലും മതിയായ അളവിൽ ഐസി‌യു കിടക്കകൾ, ആർ‌ടി‌പി‌സി‌ആർ പരിശോധന പരമാവധി വർദ്ധിപ്പിക്കുക,വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ തിരക്ക് നിയന്ത്രണവിധേയമാക്കുക എന്നീ നിർദ്ദേശങ്ങളും യോഗത്തിലുയർന്നു.

തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്ന സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് ന്യൂമോണിയ ബാധിച്ചു. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിയിൽ ചികിത്സയിലുള്ള സ്പീക്കറെ ഐസിയുവിലേക്ക് മാറ്റിയതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

സ്പീക്കറുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ശ്രീരാമകൃഷ്ണന് ഹൃദയസംബന്ധമായ പ്രശ്നങ്ങൾ ഉള്ളതിനാലായിരുന്നു തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നത്. പ്രത്യേക മെഡിക്കൽ ബോര്‍ഡ് രൂപീകരിച്ചാണ് അദ്ദേഹത്തിന്‍റെ ചികിത്സ പുരോഗമിക്കുന്നത്. രണ്ട് ദിവസം മുന്നേയായിരുന്നു അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.

ഔദ്യോഗിക വസതിയിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെയാണ് അദ്ദേഹമത്തെ ആശുപത്രിയിലേക്ക് മാറ്റുന്നത്. ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൊവിഡ് സ്ഥിരീകരിക്കുന്നത്. ഇതിന് പിന്നാലെ തന്നെ അദ്ദേഹത്തെ ചോദ്യം ചെയ്ത കസ്റ്റംസ് ഉദ്യോഗസ്ഥരും നിരീക്ഷണത്തിൽ പ്രവേശിച്ചിരുന്നു.

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കിയിട്ടുണ്ട്. ഹോട്ടലുകൾക്കും കടകൾക്കും രാത്രി 9 മണിവരെ മാത്രം പ്രവർത്തിക്കാം. 50 ശതമാനം ആളുകളെ മാത്രമേ ഹോട്ടലുകളിൽ പ്രവേശിപ്പിക്കാൻ പാടുള്ളൂ എന്ന കർശന നിർദേശമാണ് നൽകിയിരിക്കുന്നത്.

pooram

തൃശൂർ:കര്‍ശന കൊവിഡ് നിയന്ത്രണങ്ങളോടെ പൂരം നടത്താൻ തീരുമാനം. പരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും ആളുകളെ പ്രവേശിപ്പിക്കുന്നത്. 45 വയസ് കഴിഞ്ഞവർ വാക്‌സീൻ സ്വീകരിച്ചാൽ മാത്രമേ പ്രവേശനം അനുവതിക്കൂ. 45 വയസിന് താഴെ ഉള്ളവർ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായി കാണിക്കണം. ആര്‍ടിപിസിആര്‍ പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്ക് മാക്രമായിരിക്കും പ്രവേശനം. 

വാക്‌സീൻ നൽകാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കാനും ചീഫ് സെക്രട്ടറി തലത്തില്‍ ചേര്‍ന്ന  യോഗത്തില്‍ തീരുമാനമായി.പൂരം നടത്തിപ്പിൽ ആശങ്ക പ്രകടിപ്പിച്ച് ആരോഗ്യ വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. പൂരത്തിനെത്തുന്ന ആളുകളെ നിയന്ത്രിച്ചില്ലെങ്കിൽ വലിയ വിപത്താകും സംഭവിക്കുകയെന്നാണ് തൃശൂർ ഡിഎംഒ മുന്നറിയിപ്പ് നല്‍കിയത്.