Health (Page 214)

കൊച്ചി: കോവിഡ് ലോക്ക്ഡൗണിൽ എറണാകുളം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പോലീസ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നത്.

കഴിഞ്ഞ ഏഴ് ദിവസത്തിനിടെ ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30.77% ആവുകയും 35250 പേർക്ക് കോവിഡ് സ്ഥിരീകിരിക്കുകയും ചെയ്തിട്ടുണ്ട്. ഗുരതരമായ സാഹചര്യത്തെ തുടർന്നാണ് ലോക്ക്ഡൗണിൽ ജില്ലയിലെ നിയന്ത്രണങ്ങൾ പോലീസ് കർശനമാക്കുന്നത്.

ജില്ലാ അതിർത്തികൾ പോലീസ് ബാരിക്കേഡുകൾ വെച്ച് അടക്കുകയും കർശനമായ പരിശോധനകൾക്ക് ശേഷമാണ് ജില്ലയിലേക്ക് ആളുകൾക്ക് പ്രവേശനം അനുവദിച്ചരിക്കുന്നത്. നഗരത്തിനകത്തും പരിശോധനകൾ കൃത്യമായ പരിശോധന നടത്തുന്നുണ്ട്. അതേസമയം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ കടുത്ത ശിക്ഷാ നടപടി സ്വീകരിക്കാൻ കൊച്ചി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു നിർദ്ദേശം നൽകിയിട്ടുണ്ട്. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യും. ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിക്കുന്ന വാഹനങ്ങൾ പിടിച്ചെടുക്കുകയും ലൈസൻസ് റദ്ദാക്കുകയും ചെയ്യുമെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

പൊതുവേ ജില്ലയിലെ ജനങ്ങൾ ലോക്ക്ഡൗണിനോട് സഹകരിക്കുന്ന സാഹചര്യമാണ് ആദ്യ ദിനത്തിലെ കാഴ്ച. അവശ്യസാധനങ്ങൾക്കുള്ള കടകൾ മാത്രമാണ് തുറന്നിട്ടുള്ളത്.

kamala

കൊവിഡ് സാഹചര്യം രൂക്ഷമായ ഇന്ത്യയ്ക്ക് എല്ലാ സഹായവും നല്‍കുമെന്ന് യു എസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. ഇന്ത്യയിലെ കൊവിഡ് മരണങ്ങള്‍ ഹൃദയഭേദകമാണെന്നും അവര്‍ പറഞ്ഞു. ഉറ്റവര്‍ നഷ്ടമായവരുടെ വേദനയ്‌ക്കൊപ്പം തങ്ങള്‍ നില്‍ക്കും. സാധ്യമായ എല്ലാ സഹായവും അമേരിക്ക ഇന്ത്യക്ക് എത്തിക്കുമെന്നും കമല ഹാരിസ് പറഞ്ഞു.

ഓക്‌സിജന്‍ ഉപകരണങ്ങളും മരുന്നുകളും മാസ്‌കുകളും കൂടുതലായി എത്തിക്കും. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് കൂടുതല്‍ വാക്‌സീന്‍ അതിവേഗം ലഭിക്കാന്‍ കൊവിഡ് വാക്‌സീനുകള്‍ക്ക് പേറ്റന്റ് ഒഴിവാക്കുന്നതിനെ പിന്തുണയ്ക്കും. ആദ്യ ഘട്ടത്തില്‍ അമേരിക്ക ബുദ്ധിമുട്ടിയപ്പോള്‍ ഇന്ത്യ സഹായം എത്തിച്ചു. ഇപ്പോള്‍ ഇന്ത്യയെ അമേരിക്ക സഹായിക്കുമെന്നും കമല ഹാരിസ് പറഞ്ഞു.

ന്യൂഡൽഹി: സംസ്ഥാനത്തെ ഓക്സിജൻ ക്ഷാമം പരിഹരിച്ചുവെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. മൂന്ന് മാസത്തിനകം ഡൽഹിയിലെ മുഴുവൻ ആളുകൾക്കും കോവിഡ് വാക്സിൻ നൽകുമെന്നും കെജ്രിവാൾ വ്യക്തമാക്കി. സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താൻ ചേർന്ന ഉന്നതതല യോഗത്തിന് പിന്നാലെയാണ് കെജ്രിവാളിന്റെ പ്രഖ്യാപനം.നിലവിൽ ഡൽഹിയിൽ ഓക്സിൻ ദൗർലഭ്യമില്ല. രോഗികൾക്ക് ഓക്സിജൻ ലഭ്യത ഉറപ്പാക്കാനായി മതിയായ ഓക്സിജൻ കിടക്കകൾ സജ്ജീകരിക്കേണ്ടതുണ്ടെന്നും കെജ്രിവാൾ പറഞ്ഞു. ദിവസേന ഡൽഹിയിലെ രണ്ട്-നാല് വാക്സിനേഷൻ കേന്ദ്രങ്ങൾ സന്ദർശിക്കാൻ എല്ലാ ജില്ലാ മജിസ്ട്രേറ്റുമാർക്കും നിർദേശം നൽകി.

ഉപമുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ആരോഗ്യ സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തിരുന്നു.കോവിഡിന്റെ മൂന്നാം തരംഗത്തെ മറികടക്കാൻ അടുത്ത മൂന്ന് മാസത്തിനകം അർഹരായ എല്ലാവർക്കും വാക്സിൻ നൽകാൻ മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഡൽഹിയിലെ മുഴുവൻ മാധ്യമപ്രവർത്തകർക്കും സൗജന്യമായി വാക്സിൻ നൽകാൻ മാധ്യമസ്ഥാപനങ്ങളിൽ മെഗാ വാക്സിനേഷൻ ക്യാമ്പുകൾ ഒരുക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി.

മെഡിക്കൽ ഓക്സിജൻ ക്ഷാമം രൂക്ഷമായതിനെ തുടർന്ന് കൂടുതൽ ഓക്സിജൻ വിഹിതം ലഭിക്കാൻ കേന്ദ്രവുമായി ഡൽഹി സർക്കാർ ഒരാഴ്ചയിലേറെയായി നിയമപോരാട്ടത്തിലായിരുന്നു. ഡൽഹിക്ക് ആവശ്യമായ ഓക്സിജൻ ലഭ്യമാക്കാൻ സുപ്രീംകോടതി ഉത്തരവിടുകയും ചെയ്തിരുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 19,832 പേർക്കാണ് ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചത്. 341 പേർ കോവിഡ് ബാധിച്ച് മരിച്ചു. 24.92 ശതമാനമാണ് സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 91,000ത്തിലേറേ പേർ നിലവിൽ ചികിത്സയിലുണ്ട്.

തിരുവനന്തപുരം : മുംബൈയില്‍ ആരംഭിച്ച ഡ്രൈവ് ഇന്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ജനപ്രശംസ നേടുന്നു. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വരി നില്‍ക്കാതെയും വാഹനങ്ങളില്‍ നിന്ന് പുറത്തിറങ്ങാതെയും വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയുന്നതാണ് ഡ്രൈവ് ഇന്‍ വാക്‌സിനേഷന്‍. ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഒരു ട്വീറ്റിലൂടെ പങ്കുവെച്ചു.നിരവധി ആളുകളാണ് ബി എം സി അധികൃതരുടെ ഈ സംരംഭത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നത്. ദാദര്‍് വെസ്റ്റിലെ ശിവാജി പാര്‍ക്കിന് സമീപമുള്ള കോഹിനൂര്‍ പാര്‍ക്കാണ് ഡ്രൈവ്-ഇന്‍ വാക്‌സിനേഷന്‍ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. മെയ് 3-ന് പ്രവര്‍ത്തനം ആരംഭിച്ച ഈ ഡ്രൈവ് ഇന്‍ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ആകെ ഏഴ് ബൂത്തുകളാണ് ഉള്ളത്. ജനസാന്ദ്രതയുള്ള നഗരത്തില്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിലെ തിരക്ക് കുറയ്ക്കുന്നതിനായി വീടുകളില്‍ കുത്തിവയ്ക്കാനുള്ള അനുമതി നല്കണമെന്ന ആവശ്യവും ബി എം സി പരിഗണിക്കുന്നുണ്ട്.നഗരത്തിലെ പ്രധാന ഷോപ്പിങ് മാളുകളുടെ പാര്‍ക്കിങ് സ്‌പേസുകളില്‍ ഇതുപോലെ കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന ആവശ്യം സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.അതിനിടെ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ വാക്‌സിനേഷന്റെ ആദ്യ ഡോസ് സ്വീകരിക്കുന്നതിനായി കോവിന്‍ ആപ്പില്‍ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് ബിഎംസി അറിയിച്ചു.

ന്യൂഡൽഹി: ശ്വസനത്തിലൂടെ കൊവിഡിനെ തിരിച്ചറിയാനുള്ള സംവിധാനവുമായി റിലയൻസ് രംഗത്തെത്തുന്നു. മണിക്കൂറുകൾക്കകം ലക്ഷക്കണക്കിന് ടെസ്റ്റുകൾ നടത്തി അതിവേഗം കൊവിഡ് ബാധിതരെ കണ്ടെത്താൻ ഉപകരണം സഹായിക്കും. 95 ശതമാനം സൂക്ഷ്‌മതയോടെ പരിശോധനഫലം ലഭിക്കുകയും ചെയ്യുമെന്നാണ് അവകാശവാദം.പ്രാഥമികഘട്ടത്തിൽതന്നെ ശ്വസനത്തിലൂടെ അതിവേഗം രോഗംതിരച്ചറിയാൻ സംവിധാനത്തിലൂടെ കഴിയും. നിമിഷങ്ങൾക്കകം റിപ്പോർട്ട് ലഭിക്കുമെന്നതാണ് പരിശോധനയുടെ ഗുണം. കൊവിഡ് കേസുകൾ വർദ്ധിക്കുന്നതിനിടെ റിലയൻസ് നടത്തുന്ന ഈ കാൽവയ്‌പ്പ് രാജ്യത്തിന് ആശ്വാസമാകുമെന്നാണ് അധികൃതർ പറയുന്നത്.

ഇസ്രായേലിലെ സ്റ്റാർട്ടപ്പായ ബ്രീത്ത് ഓഫ് ഹെൽത്ത് വികസിപ്പിച്ച സംവിധാനമാണ് ഇന്ത്യയിൽ ഉപയോഗിക്കാൻ അനുമതി ലഭിച്ചത്. ഉപകരണം സ്ഥാപിക്കാനും പരിശീലനം നൽകുന്നതിനും ഇസ്രായേൽ സംഘം ഉടൻ ഇന്ത്യയിലെത്തുമെന്നാണ് വിവരം.അഞ്ച് കോടി ഡോളറിന് നൂറുകണക്കിന് ഉപകരണങ്ങളാണ് റിലയൻസ് വാങ്ങുന്നത്. കൊവിഡ് വ്യാപനം രൂക്ഷമായതിനാൽ ഇന്ത്യയടക്കം ഏഴ് രാജ്യങ്ങളിലേക്ക് പോകുന്നതിന് ഇസ്രായേൽ താത്ക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. എന്നാൽ കമ്പനി പ്രതിനിധികൾക്ക് ഇന്ത്യയിലേക്ക് വരാൻ അനുമതി ലഭിച്ചെന്നാണ് റിലയൻസ് അധികൃതർ പറയുന്നത്.

pinarayi

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മുതൽ ലോക്ഡൗണായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്ഡൗൺ സമയത്ത് സർക്കാർ സൗജന്യ കി‌റ്റുകൾ അടുത്തയാഴ്‌ച വിതരണം ചെയ്യും. അന്യ സംസ്ഥാന തൊഴിലാളികൾക്കും കി‌റ്റ് വിതരണം ചെയ്യും. ബാങ്കുകൾ ഒന്നിടവിട്ട ദിവസങ്ങളിലേ പ്രവർത്തിക്കാവൂ എന്നും ലോക്ഡൗൺ കാലത്ത് വീടുകളിൽ പണപ്പിരിവ് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വർക്‌ഷോപ്പുകൾക്ക് ശനി,ഞായർ മാത്രം പ്രവർത്തിക്കാൻ അനുമതിയുള‌ളൂ.അത്യാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ പൊലീസിന്റെ പാസ് വാങ്ങണം.

പുറത്ത്‌പോയി വരുന്നവ‌ർ ഉടൻ കുട്ടികളുടെ അടുത്ത് പോകരുത്. വീട്ടിലായാലും ഏവരും കൂട്ടംകൂടിയിരിക്കരുത്. അയൽപക്കങ്ങളിൽ പോകുന്നവർ കർശനമായും ഇരട്ടമാസ്‌ക് ധരിക്കണം. സാധനങ്ങൾ കൈമാറിയാൽ സോപ്പുപയോഗിച്ച് കൈകൾ കഴുകണം.വീടുകളിൽ വായുസഞ്ചാരം ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. തട്ടുകടകൾ ലോക്ഡൗൺ സമയത്ത് തുറക്കരുത്, ഹാർബറിൽ ആൾക്കൂട്ടമുണ്ടാകുന്ന ലേലം ഒഴിവാക്കണം.

പൾസ് ഓക്‌സീ‌മീ‌റ്ററുകൾക്ക് വലിയ ചാർജ് ഈടാക്കുന്നവർക്കെതിരം നടപടിയെടുക്കും.18 വയസിനും 45 വയസിനും ഇടയിൽ പ്രായമുള‌ളവർക്ക് ഒറ്റയടിക്ക് വാക്‌സിൻ നൽകില്ലെന്നും രോഗമുള‌ളവർക്കും വാർഡ്തല സമിതിക്കുമാണ് മുൻഗണന നൽകുകയെന്നും മുഖ്യമന്ത്രി പറഞ്ഞു. വാർഡ്‌തല സമിതിയിലുള‌ളവർക്ക് ലോക്ഡൗൺ സമയത്ത് സഞ്ചരിക്കാൻ പാസ് നൽകും.

സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ കൊണ്ട് കൊവിഡ് രോഗം കുറഞ്ഞില്ല. ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം നാല് ലക്ഷം പിന്നിട്ടിരിക്കുകയാണ്. രോഗികളുടെ എണ്ണം കുറയാതെ വരുമ്പോൾ മരണമടയുന്നവരുടെ എണ്ണം കൂടും. ഇത്തരം സാഹചര്യം ഒഴിവാക്കാനാണ് ലോക്‌ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

വുഹാൻ: കോറോണയുടെ പ്രഭവ കേന്ദ്രമെന്ന് അറിയപ്പെടുന്ന വുഹാനിൽ ആയിരങ്ങൾ പങ്കെടുത്ത മ്യൂസിക് ഫെസ്റ്റ്. മാസ്‌ക് പോലും ധരിക്കാതെയാണ് ഭൂരിപക്ഷം ആളുകളും പരിപാടി കാണാൻ എത്തിയത്. വുഹാനിൽ രണ്ട്​ ദിവസങ്ങളിലായി നടന്ന സ്​ട്രോബറി മ്യൂസിക്​ ഫെസ്റ്റിവലിലാണ്​ ആയിരങ്ങൾ പ​ങ്കെടുത്തത്​. മാസ്​ക്​ ധരിക്കാതെ, സാമൂഹിക അകലം പാലിക്കാതെയും ആളുകൾ രണ്ട് ദിവസവും ആഘോഷമാക്കി.

എന്നാൽ വുഹാൻ നഗരം ഇപ്പോൾ കോവിഡ്​മുക്​തമാണെന്നാണ്​ ഔദ്യോഗിക രേഖകളിലുള്ളത്​.ചൈനയിലെ ഏറ്റവും വലിയ ഔട്ട്​ഡോർ സംഗീതോത്സവമായ സ്​ട്രോബറി മ്യൂസിക്​ ഫെസ്റ്റിവൽ കഴിഞ്ഞ വർഷം കോവിഡ്​ വ്യാപനം മൂലം നടത്തിയിരുന്നില്ല. വുഹാനിലെ ഗാർഡൻ എക്​സ്​പോ പാർക്കിലാണ്​ ഇത്തവണ ആഘോഷം നടന്നത്​. ബീജീങിൽ അഞ്ച്​ ദിവസത്തെ സ്​ട്രോബറി മ്യൂസിക്​ ഫെസ്റ്റിവൽ നടക്കാറുണ്ട്​.

തിരുവനന്തപുരം : കോവിഡ് രണ്ടാംതരംഗത്തെ തുടര്‍ന്ന് നാളെ മുതല്‍ സംസ്ഥാനത്ത് ലോക്ഡൗണ്‍് പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴും ലോക്ഡൗണ്‍ വേണോയെന്ന ആശങ്കകള്‍ക്ക മറുപടിയുമായി മുരളിതുമ്മാരുകുടിയുടെ ഫേസ്ബുക്ക് കുറിപ്പ്.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് പോസ്റ്റ്

അവസാനത്തെ ആയുധവും പ്രയോഗിക്കുമ്പോള്‍.
കോവിഡിനെതിരായ യുദ്ധത്തില്‍ ഏറ്റവും പ്രധാനപ്പെട്ടത് നമ്മുടെ ആരോഗ്യ സംവിധാനത്തിന്റെ പരിധിക്കകത്ത് രോഗികളുടെ എണ്ണം നിയന്ത്രിച്ച് അതിനെ കൈകാര്യം ചെയ്യാന്‍ നമ്മുടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കുക എന്നതാണെന്ന് കൊറോണയുടെ ആദ്യകാലം തൊട്ടു തന്നെ പറയാറുണ്ടല്ലോ.
ലോകത്ത് എവിടെയൊക്കെ ആരോഗ്യ സംവിധാനങ്ങളുടെ പരിധിക്ക് പുറത്ത് രോഗികളുടെ എണ്ണം വര്‍ധിച്ചോ അവിടെയൊക്കെ മരണനിരക്ക് കുതിച്ചുയര്‍ന്നു. സാധാരണഗതിയില്‍ രക്ഷിച്ചെടുക്കാവുന്ന കേസുകള്‍ പോലും മരണത്തില്‍ എത്തി. തൊണ്ണൂറു വയസ്സ് കഴിഞ്ഞവരെ പോലും രക്ഷിച്ചെടുത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് എണ്‍പത് കഴിഞ്ഞവര്‍ക്ക് വേണ്ടി ആശുപത്രി സംവിധാനങ്ങള്‍ ഉപയോഗിക്കണോ എന്നുള്ള തീരുമാനങ്ങള്‍ എടുക്കേണ്ടി വന്നു.
നമ്മുടെ ഉറ്റവരും, ബന്ധുക്കളും, നാട്ടുകാരും ഒക്കെ ഓക്‌സിജന്‍ കിട്ടാതെ പിടഞ്ഞു മരിക്കുന്നത് കാണേണ്ടി വരുന്നത്, ആര്‍ക്ക് ചികിത്സ നല്‍കണം, ആര്‍ക്ക് നിഷേധിക്കണം എന്ന് തീരുമാനിക്കേണ്ടി വരുന്നത്, ഇതൊക്കെ നമ്മുടെ സമൂഹത്തില്‍ ഇന്നുള്ള മൂല്യങ്ങളെ പിടിച്ചുലക്കും, കൊറോണക്കാലം കഴിഞ്ഞാലും വിശ്വാസം എന്ന സമൂഹ മൂലധനം ഇല്ലാതാക്കും.
ഇതുകൊണ്ടൊക്കെ തന്നെയാണ് രോഗികളുടെ എണ്ണം ആശുപത്രി സംവിധാനങ്ങളുടെ പരിധിക്കകത്ത് നിര്‍ത്തണം എന്ന് പറയുന്നത്.
കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് രണ്ടു കാര്യങ്ങള്‍ ചെയ്യാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. ഒന്നാമത് ആശുപത്രി സംവിധാനങ്ങളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. സര്‍ക്കാരും സ്വകാര്യ ആശുപത്രികളുമായി, ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആയി, സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ ആയി, ഇപ്പോള്‍ മൂന്നു ലക്ഷത്തോളം രോഗികളെ നമ്മുടെ ആരോഗ്യ സംവിധാനം കൈകാര്യം ചെയ്യുന്നുണ്ട്.
ആരോഗ്യപ്രവര്‍ത്തകര്‍ക്കും പ്രായമായവര്‍ക്കും മറ്റു അപകട സാദ്ധ്യതകള്‍ ഉളളവര്‍ക്കും വാക്‌സിന്‍ നല്കാന്‍ കഴിഞ്ഞതാണ് അടുത്ത മാറ്റം. വാക്‌സിനുകള്‍ നൂറു ശതമാനം പ്രൊട്ടക്ഷന്‍ നല്‍കുന്നില്ല എങ്കിലും ആവശ്യമുള്ള എല്ലാവര്‍ക്കും രണ്ടു ഡോസ് വാക്‌സിന്‍ ലഭിച്ചിട്ടില്ല എങ്കിലും എത്രമാത്രം വാക്‌സിന്‍ സമൂഹത്തില്‍ എത്തിയോ അത്രയും അപകട സാധ്യത കുറഞ്ഞു, അത്രയും ആത്മവിശ്വാസം കൂടി. നമ്മുടെ ആരോഗ്യ പ്രവര്‍ത്തകരില്‍ പ്രത്യേകിച്ചും, അവരുടെ മരണങ്ങള്‍ ഒഴിവാക്കാന്‍ ഇത് തീര്‍ച്ചയായും സഹായിക്കും.
പക്ഷേ കേരളത്തിലെ മൂന്നര കോടി ജനങ്ങളില്‍ ഇപ്പോഴും ഒരു കോടി ആളുകള്‍ക്ക് പോലും വാക്‌സിന്‍ എടുത്തോ രോഗം വന്നോ താത്കാലിക പ്രതിരോധ ശേഷി വന്നിട്ടില്ല. അപ്പോള്‍ വൈറസിന് പരക്കാന്‍ രണ്ടുകോടി ആളുകള്‍ ബാക്കി നില്‍ക്കുകയാണ്. ഒന്നില്‍ നിന്നും രണ്ടിലേക്കും രണ്ടില്‍ നിന്നും നാലിലേക്കും പരക്കുന്ന വൈറസിന് കോടിയിലേക്ക് എത്താന്‍ നമ്മള്‍ വിചാരിക്കുന്ന സമയം ഒന്നും വേണ്ട.
ലോകത്തെ ഒരു ആരോഗ്യ സംവിധാനത്തിനും ഇത്തരത്തില്‍ രോഗം വരാന്‍ സാധ്യതയുള്ള എല്ലാവര്‍ക്കും ആശുപത്രി സംവിധാനങ്ങള്‍ ഒരുക്കാന്‍ കഴിയില്ല.
അത് മാത്രമല്ല. ഒരു കല്യാണ മണ്ഡപം എഫ് എല്‍ ടി സി ആക്കുന്നത് പോലെ ഹോട്ടല്‍ മുറി ഐ സി യു ആക്കാന്‍ പറ്റില്ല. ഐ സി യു വില്‍ ആവശ്യമായ ഉപകരണങ്ങള്‍ ഇപ്പോള്‍ ലോകത്ത് എല്ലാവരും വാങ്ങാന്‍ നടക്കുകയാണ്, അത് ഉല്‍പ്പാദിപ്പിക്കുന്നത് ഉടന്‍ ഉടന്‍ വിറ്റു പോകുന്നു, മാസ്‌ക് ഉണ്ടാക്കുന്ന പോലെ വേഗത്തില്‍ വെന്റിലേറ്റര്‍ ഉണ്ടാക്കാന്‍ പറ്റില്ല.
ഉപകരണങ്ങള്‍ കിട്ടിയാലും ഐ സി യു റൂമിലും വെന്റിലേറ്റര്‍ ഉപയോഗിക്കുന്നതിലും പരിശീലനം കിട്ടിയ ആരോഗ്യ പ്രവര്‍ത്തകരുടെ ക്ഷാമം ഉണ്ട്. വെന്റിലേറ്റര്‍ ഉണ്ടാക്കുന്ന വേഗതയില്‍ പോലും ടെക്‌നീഷ്യന്‍സിനെ പരിശീലിപ്പിച്ചെടുക്കാന്‍ കഴിയില്ല.
കേരളത്തിലെ രോഗത്തിന്റെ വര്‍ദ്ധന (റീപ്രൊഡക്ഷന്‍ റേറ്റ്) ഇപ്പോള്‍ രണ്ടിന് മുകളില്‍ ആണെന്ന് ഞാന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നല്ലോ. നാല്പതിനായിരം രോഗികള്‍ എന്നുണ്ടെങ്കില്‍ ഉണ്ടെങ്കില്‍ അവര്‍ ശരാശരി രണ്ടുപേരിലേക്ക് രോഗം പടര്‍ത്തിയാല്‍ രോഗികളുടെ എണ്ണം താമസിയാതെ എണ്‍പതിനായിരം ആകും
ഇത്തരത്തില്‍ കേരളത്തിലെ ആരോഗ്യ സംവിധാനത്തിന്റെ പരിധിയുടെ തൊട്ടടുത്തേക്ക് കുതിക്കുകയാണ് രോഗികളുടെ എണ്ണം. രോഗികളുടെ എണ്ണം കൂടുമ്പോള്‍ ആനുപാതികമായി തീവ്രപരിചരണം വേണ്ടവരുടെ എണ്ണം കൂടും. രോഗികളുടെ എണ്ണം രണ്ടാഴ്ച കൊണ്ട് നാലിരട്ടിയാവാം, ആധുനിക സൗകര്യങ്ങള്‍ രണ്ടാഴ്ച കൊണ്ട് ഇരട്ടിക്കാന്‍ പോയിട്ട് പത്തു ശതമാനം പോലും കൂട്ടാന്‍ നമുക്ക് സാധിക്കില്ല.
അപ്പോള്‍ രോഗികളുടെ എണ്ണത്തിന് ബ്രേക്ക് ഇട്ടേ പറ്റൂ.
അവിടെയാണ് ലോക്ക് ഡൗണിന്റെ പ്രസക്തി.
രോഗികളും രോഗം ഇല്ലാത്തവരും തമ്മില്‍ അടുത്തുവരുന്ന സാഹചര്യം പരമാവധി ഒഴിവാക്കണം.
റീപ്രൊഡക്ഷന്‍ റേറ്റ് ഒന്നിന് താഴെ എത്തിക്കണം. അതായത് ഒരു രോഗിയില്‍ നിന്നും ശരാശരി ഒരു രോഗി പുതിയതായി ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കണം.
രോഗികളുടെ എണ്ണം ക്രമാനുഗതമായി താഴേക്ക് കൊണ്ടുവരണം.
ഈ യുദ്ധം നമ്മുടെ ആശുപത്രിയുടെ പരിമിതികള്‍ക്കകത്ത് നടത്താന്‍ സാധിക്കണം.
ഇന്ന് ലോക്ക് ഡൌണ്‍ പ്രഖ്യാപിച്ചാലും രോഗികളുടെ എണ്ണം അടുത്ത കുറച്ചു ദിവസങ്ങളിലേക്ക് കൂടും.
പക്ഷെ ലോക്ക് ഡൌണ്‍ തീര്‍ച്ചയായും രോഗവ്യാപനം തടയും.
വാക്‌സിനേഷന്‍ ആവുന്നത് പോലെ തുടരണം
ലോക്ക് ഡൌണ്‍ രോഗികളുടെ എണ്ണം കുറക്കുകയും വാക്‌സിനേഷന്‍ പ്രതിരോധ ശേഷി ഉള്ളവരുടെ എണ്ണം വര്‍ദ്ധിപ്പിക്കുകയും ചെയ്യുമ്പോള്‍ വീണ്ടും നമുക്ക് ശ്വാസം വിടാന്‍ പറ്റുന്ന സമയം വരും.
തല്‍ക്കാലം ഈ ലോക്ക് ഡൗണിനെ പൂര്‍ണ്ണമായും അംഗീകരിച്ച് നിര്‍ദ്ദേശങ്ങള്‍ പാലിക്കേണ്ട സമയമാണ്.
ബുദ്ധിമുട്ടുകള്‍ ഏറെ ഉണ്ട്. എല്ലാവര്‍ക്കും എന്തെങ്കിലും ഒക്കെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകും. ഭക്ഷണത്തിന് ഉള്ള ബുദ്ധിമുട്ടുകള്‍ വരെ മാനസിക സമ്മര്‍ദ്ദം വരെ പലവിധ പ്രശ്‌നങ്ങള്‍ ഉണ്ട്.
എന്നാലും തല്‍ക്കാലം മറ്റൊരു വഴിയില്ല എന്ന് മാത്രമല്ല, ഇതിനപ്പുറത്ത് നമ്മുടെ അടുത്ത് മറ്റൊരു ആയുധവും ഇല്ല എന്നും ഓര്‍ക്കണം.
നമ്മുടെ ചുറ്റും നമ്മുടെ ബന്ധുക്കളും നാട്ടുകാരും ഓക്‌സിജന്‍ കിട്ടാതെ, ആശുപത്രി കിടക്കകള്‍ ലഭിക്കാതെ കഷ്ടപ്പെടുന്നതും മരിക്കുന്നതും ഒഴിവാക്കാന്‍ ഈ ലോക്ക് ഡൌണ്‍ നമുക്ക് വിജയിപ്പിച്ചേ പറ്റൂ.
ഒരു ലോക്ക് ഡൌണ്‍ കണ്ട ആളുകള്‍ ആണ് നമ്മള്‍.
അന്ന് കേരളത്തിലേക്ക് അരിയും പച്ചക്കറിയും വരില്ല എന്നൊക്കെ പേടിച്ചവരാണ് നമ്മള്‍. അതൊന്നും ഉണ്ടായില്ല. അരി വന്നു, പച്ചക്കറി വന്നു. ആരും പട്ടിണി കിടക്കാതെ നമ്മുടെ സര്‍ക്കാര്‍ എല്ലാവരെയും കാത്തു.
ഈ ലോക്ക് ഡൗണും നമ്മള്‍ അതിജീവിക്കും. ഉറപ്പാണ്.

തിരുവനന്തപുരം: കോവിഡ് ഡ്യൂട്ടി ഓഫ് വെട്ടിക്കുറച്ചതിൽ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നഴ്‌സുമാരുടെ പ്രതിഷേധം.10 ദിവസം ഡ്യൂട്ടിക്ക് മൂന്ന് ഓഫ് എന്നത് പുന:സ്ഥാപിക്കണം എന്നാണ് ആവശ്യം.രോഗികളുടെ എണ്ണം കൂടിയതോടെയാണ് ഓഫ് വെട്ടികുറച്ചത്. ഇടത് സംഘടനയായ കേരള ഗവ. നഴ്‍സസ് അസോസിയേഷനാണ് പ്രതിഷേധിക്കുന്നത്. ഇന്ന് അര മണിക്കൂര്‍ സൂചന സമരം മാത്രമാണ് നടന്നത്. ഒ.പി ബ്ലോക്കിന് മുന്നില്‍ പ്ലാക്കാര്‍ഡുകള്‍ ഉയര്‍ത്തിയാണ് പ്രതിഷേധം.

ഇന്നലെ രാത്രിയാണ് ഇത് സംബന്ധിച്ചുള്ള ഉത്തരവ് ഇറങ്ങിയത്. ഇത് പ്രകാരം ആഴ്ചയിലൊരു ദിവസം ഓഫ് മാത്രമാണ് നഴ്‍സുമാര്‍ക്ക് അനുവദിക്കുകയുള്ളൂ എന്നാണ് അറിയിച്ചിരിക്കുന്നത്. നേരത്തെ കോവിഡ് ഡ്യൂട്ടിയില്‍ ഏര്‍പ്പെട്ടിരുന്നവര്‍ക്ക് 7 ദിവസത്തെ ഡ്യൂട്ടിയും 3 ദിവസത്തെ ഓഫുമാണ് കൊടുത്തിരുന്നത്. പിന്നീട് രോഗികളുടെ എണ്ണം കൂടിയപ്പോള്‍ 10 ദിവസത്തെ ഡ്യൂട്ടിയും 3 ദിവസത്തെ ഓഫും ആക്കി മാറ്റി.

vaccine

ന്യൂഡല്‍ഹി: സംസ്ഥാനങ്ങള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും വിദേശരാജ്യങ്ങളില്‍ നിന്ന് അംഗീകൃത കോവിഡ് വാക്‌സിനുകള്‍ നേരിട്ട് ഇറക്കുമതി ചെയ്യാന്‍ കേന്ദ്രം അനുമതി നല്‍കി. സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനാണ് ഇതുസംബന്ധിച്ച മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. സംസ്ഥാന സര്‍ക്കാരുകള്‍ക്കും സ്വകാര്യ കമ്പനികള്‍ക്കും വിതരണം ചെയ്യുന്നതിനായി വാക്‌സിന്‍ ഇറക്കുമതി ചെയ്യാമെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്.

രാജ്യം അംഗീകാരം കൊടുത്ത വാക്‌സിനാണെങ്കില്‍ ഇറക്കുമതി ലൈസന്‍സ് ലഭിച്ചാല്‍ ഏത് സ്വകാര്യ കമ്പനികള്‍ക്കും ഈ വാക്‌സിനുകള്‍ നേരിട്ട് ഇറക്കുമതി ചെയ്യാമെന്ന് സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനെ ഉദ്ധരിച്ച് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നുത്. വാക്‌സിന് ഇന്ത്യയില്‍ ഇതുവരെ അംഗീകാരം ലഭിച്ചിട്ടില്ലെങ്കില്‍ ഇറക്കുമതി ചെയ്യുന്നവരോ വാക്‌സിന്‍ നിര്‍മാതാവിന്റെ അംഗീകൃത പ്രതിനിധിയോ അനുമതി ലൈസന്‍സിന് അപേക്ഷിക്കേണ്ടതുണ്ട്. റഷ്യന്‍ നിര്‍മിത സ്പുടിനിക് വി വാക്‌സിനായിരിക്കും രാജ്യത്തെ സ്വകാര്യ വിപണിയില്‍ ലഭ്യമാകുന്ന ആദ്യ ഇറക്കുമതി വാക്‌സിന്‍.