ജനപ്രശംസ നേടി ഡ്രൈവ് ഇന്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍

തിരുവനന്തപുരം : മുംബൈയില്‍ ആരംഭിച്ച ഡ്രൈവ് ഇന്‍ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ ജനപ്രശംസ നേടുന്നു. പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വരി നില്‍ക്കാതെയും വാഹനങ്ങളില്‍ നിന്ന് പുറത്തിറങ്ങാതെയും വാക്‌സിന്‍ സ്വീകരിക്കാന്‍ കഴിയുന്നതാണ് ഡ്രൈവ് ഇന്‍ വാക്‌സിനേഷന്‍. ഇതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ബ്രിഹന്‍മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ഒരു ട്വീറ്റിലൂടെ പങ്കുവെച്ചു.നിരവധി ആളുകളാണ് ബി എം സി അധികൃതരുടെ ഈ സംരംഭത്തെ പ്രശംസിച്ചുകൊണ്ട് രംഗത്ത് വന്നത്. ദാദര്‍് വെസ്റ്റിലെ ശിവാജി പാര്‍ക്കിന് സമീപമുള്ള കോഹിനൂര്‍ പാര്‍ക്കാണ് ഡ്രൈവ്-ഇന്‍ വാക്‌സിനേഷന്‍ കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. മെയ് 3-ന് പ്രവര്‍ത്തനം ആരംഭിച്ച ഈ ഡ്രൈവ് ഇന്‍ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ആകെ ഏഴ് ബൂത്തുകളാണ് ഉള്ളത്. ജനസാന്ദ്രതയുള്ള നഗരത്തില്‍ വാക്‌സിനേഷന്‍ കേന്ദ്രത്തിലെ തിരക്ക് കുറയ്ക്കുന്നതിനായി വീടുകളില്‍ കുത്തിവയ്ക്കാനുള്ള അനുമതി നല്കണമെന്ന ആവശ്യവും ബി എം സി പരിഗണിക്കുന്നുണ്ട്.നഗരത്തിലെ പ്രധാന ഷോപ്പിങ് മാളുകളുടെ പാര്‍ക്കിങ് സ്‌പേസുകളില്‍ ഇതുപോലെ കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കണമെന്ന ആവശ്യം സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് ഉയരുന്നുണ്ട്.അതിനിടെ 45 വയസിന് മുകളില്‍ പ്രായമുള്ളവര്‍ വാക്‌സിനേഷന്റെ ആദ്യ ഡോസ് സ്വീകരിക്കുന്നതിനായി കോവിന്‍ ആപ്പില്‍ മുന്‍കൂറായി രജിസ്റ്റര്‍ ചെയ്തിരിക്കണമെന്ന് ബിഎംസി അറിയിച്ചു.