Health (Page 15)

തിരുവനന്തപുരം: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. എലിപ്പനി, ഡെങ്കിപ്പനി, വയറിളക്ക രോഗങ്ങൾ, എച്ച് 1 എൻ 1 തുടങ്ങിയ പകർച്ചവ്യാധികളാണ് പൊതുവേ കൂടുതലായി കാണുന്നത്. പലയിടത്തും വെള്ളക്കെട്ടുണ്ടാകുന്നതിനാൽ എലിപ്പനിയ്ക്കെതിരെ വളരെയേറെ ശ്രദ്ധിക്കണം. എലിപ്പനി പ്രതിരോധത്തിനായി മണ്ണുമായും മലിനജലവുമായും ഇടപെടുന്നവർ നിർബന്ധമായും ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം. ഫീൽഡ്തല പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കാനും മന്ത്രി നിർദേശം നൽകി.

ജില്ലകൾ നടത്തിയ പ്രതിരോധ പ്രവർത്തനങ്ങൾ യോഗത്തിൽ അവലോകനം ചെയ്തു. ക്യാമ്പുകൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് മന്ത്രി നിർദേശം നൽകി. സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തം ഉറപ്പാക്കാൻ ഐ എം എയുമായുള്ള അടിയന്തര യോഗം ചേരണം. സംസ്ഥാന തലത്തിൽ കൺട്രോൾ റൂം പ്രവർത്തിക്കുന്നുണ്ട്. കൺട്രോൾ റൂം ഇല്ലാത്ത ജില്ലകളിൽ അടിയന്തരമായി കൺട്രോൾ റൂം ആരംഭിക്കും. ജില്ലാ തലത്തിൽ ഒരു ആശുപത്രിയിലെങ്കിലും 8 മണി വരെ പ്രത്യേക ഫീവർ ഒപി ഉണ്ടായിരിക്കണമെന്ന് നിർദേശിച്ചു. എല്ലാ മെഡിക്കൽ കോളേജിലും ഫീവർ ക്ലിനിക്ക് ആരംഭിക്കും. ആശുപത്രികളിൽ മതിയായ ജീവനക്കാരെ ഉറപ്പാക്കും. ആവശ്യമെങ്കിൽ അധിക ജീവനക്കാരെ ഈ കാലയളവിൽ നിയോഗിക്കാൻ മന്ത്രി നിർദേശം നൽകി.

മഞ്ഞപ്പിത്തം ബാധിച്ച സ്ഥലങ്ങളിൽ പ്രത്യേകം ശ്രദ്ധ വേണം. കുടിവെള്ളത്തിൽ മഴ വെള്ളം കലരുന്നതിനാൽ കിണറുകൾ ഉൾപ്പെടെയുള്ള കുടിവെള്ള സ്രോതസുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യണം. വയറിളക്ക രോഗങ്ങൾക്കെതിരേയും ശ്രദ്ധയുണ്ടാവണം. ഭക്ഷണം മൂടിവയ്ക്കണം. തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക.

ഡെങ്കിപ്പനി വ്യാപിക്കാതിരിക്കാൻ ആരോഗ്യ വകുപ്പ് നേരത്തെ തന്നെ ജാഗ്രതാ നിർദേശങ്ങൾ നൽകിയിരുന്നു. വീടുകളും ഓഫീസുകളും സ്ഥാപനങ്ങളും അവയുടെ പരിസരങ്ങളും പൊതു സ്ഥലങ്ങളും വൃത്തിയായി സൂക്ഷിക്കണം.

എല്ലാ സ്‌കൂളുകളും കുടിവെള്ള സ്രോതസുകളുടെ ശുദ്ധത ഉറപ്പാക്കണം. സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കണം. കുട്ടികൾക്ക് തിളപ്പിച്ചാറ്റിയ വെള്ളം നൽകണം. പനിയോ മറ്റ് രോഗലക്ഷണങ്ങളോ ഉള്ള കുട്ടികളെ സ്‌കൂളിൽ വിടരുത്. കുട്ടികൾക്ക് യഥാസമയം ചികിത്സ ഉറപ്പാക്കണം.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവൈലൻസ് ഓഫീസർമാർ, ആർആർടി അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

ആലപ്പുഴ: ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ പല താഴ്ന്ന പ്രദേശങ്ങളിലും വെള്ളക്കെട്ട് ഉണ്ടാകാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യ വിദഗ്ധർ. മലിനമായ മണ്ണിലും വെള്ളക്കെട്ടിലും എലിപ്പനിയുടെ രോഗാണുക്കൾ ഉണ്ടാകാം. ശരീരത്തിലെ നേർത്ത സ്തരങ്ങളിലൂടെയും മുറിവുകളിലൂടെയും ഇവ ശരീരത്തിൽ പ്രവേശിച്ച് എലിപ്പനിക്ക് കാരണമാകും. മലിനമായ ജലവുമായും മണ്ണുമായും സമ്പർക്കത്തിൽ വരുന്ന പ്രവൃത്തികളിൽ ഏർപ്പെടുന്നവരും ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടുന്നവരും ഗംബൂട്ട് , കൈയ്യുറ എന്നിവ ധരിക്കണം . വെള്ളക്കെട്ടിൽ ഇറങ്ങിയവരും ശുചീകരണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടവരും ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം ഡോക്സി സൈക്ലിൻ ഗുളിക കഴിക്കണം.

ആഹാര പാനീയ വ്യക്തി ശുചിത്വ കാര്യങ്ങളിലും പരിസര ശുചിത്വത്തിലും വളരെ ശ്രദ്ധ വേണം. മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ ജലസ്രോതസ്സുകൾ മലിനമാകാം. ശുചിത്വക്കുറവ് മഞ്ഞപ്പിത്തം, ടൈഫോയ്ഡ്,വയറിളക്കം എന്നീ ജലജന്യ രോഗങ്ങൾക്ക് കാരണമാകാം.

കിണർ വെള്ളം ക്ലോറിനേറ്റ് ചെയ്യുക.തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിക്കുക

ആഹാര സാധനങ്ങൾ അടച്ചു സൂക്ഷിക്കുക. കഴിവതും ചൂടോടെ കഴിക്കുക.പഴകിയ ഭക്ഷണം കഴിക്കരുത്.

ക്യാമ്പുകളിൽ താമസിക്കുന്നവർ ആരോഗ്യവകുപ്പ് നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കാൻ ശ്രദ്ധിക്കുക.

പനി ഉണ്ടായാൽ ഉടൻ ചികിത്സ തേടണം. പനി പല രോഗങ്ങളുടെയും ഒരു രോഗലക്ഷണമാണ്. പനി ചിലപ്പോൾ എലിപ്പനിയോ , ഡെങ്കിപ്പനിയോ , മഞ്ഞപ്പിത്തമോ, പകർച്ചപ്പനിയോ ആകാം. പനി , ശരീര വേദന, ക്ഷീണം തുടങ്ങിയ രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും പെട്ടെന്ന് ചികിത്സ തേടുക. സ്വയം ചികിത്സ പാടില്ല.

തിരുവനന്തപുരം: ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി എറണാകുളം ജില്ലയിൽ 887 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. 69 ടീമുകളാണ് പരിശോധനയിൽ പങ്കെടുത്തത്. ഏപ്രിൽ മാസത്തിൽ ഹെൽത്തി കേരള പരിശോധനയുടെ ഭാഗമായി 95 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടെയാണ് പരിശോധന നടത്തിയത്.

വഴിയോര ഭക്ഷണ ശാലകൾ, ഹോട്ടലുകൾ, തട്ടുകടകൾ, കൂൾ ബാറുകൾ, ജൂസ് കടകൾ, കാറ്ററിംഗ് സെന്റെറുകൾ, ബേക്കറികൾ, ഐസ് ഫാക്ടറികൾ, കുടിവെളള ബോട്ടിലിംഗ് പ്ലാന്റുകൾ, സ്വകാര്യ കുടിവെളള ടാങ്കുകൾ/ ഉറവിടങ്ങൾ ഐസ്‌ക്രീം, സോഡ നിർമ്മാണ യൂണിറ്റുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയത്. പരിശോധനയിൽ പുകവലി നിരോധിത ബോർഡില്ലാത്ത സ്ഥാപനങ്ങൾ, പരിശോധന സമയത്ത് പുകവലിക്കുക, ഹെൽത്ത് കാർഡ് ഇല്ലാതെ ജോലി ചെയ്യുക എന്നിവ കണ്ടെത്തി.

കൂടാതെ വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്യുക, മലിന ജലം പുറത്തേക്ക് ഒഴുക്കുക, മാലിന്യം ശരിയായ രീതിയിൽ സംസ്‌കരിക്കാതിരിക്കുക, പകർച്ചവ്യാധി പടരുന്ന സാഹചര്യം സൃഷ്ടിക്കുക, ഓടകളുടെ പ്രവർത്തനം തടസ്സപ്പെടുത്തുക, ജലസ്രോതസ്സുകൾ മലിനമാക്കുക, ലൈസൻസ് ഇല്ലാതെ സ്ഥാപനം പ്രവർത്തിപ്പിക്കുക തുടങ്ങിയ അപാകതകൾ കണ്ടെത്തിയ 53 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും കൊതുകിന്റെ ഉറവിടം കണ്ടെത്തിയത് നശിപ്പിക്കുകയും ചെയ്തു. പിഴ ഇനത്തിൽ വഴിയോര ഭക്ഷണ ശാലകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ നിന്നും 17,400/- രൂപ ഈടാക്കി.

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ പ്രതിരോധത്തിന് പ്രത്യേക പ്രവർത്തന കലണ്ടർ തയ്യാറാക്കുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജാണ് ഇക്കാര്യം അറിയിച്ചത്. വർഷം മുഴുവൻ ചെയ്യേണ്ട പ്രവർത്തനങ്ങളും നിപ വ്യാപന സാധ്യതയുള്ള മെയ് മുതൽ സെപ്റ്റംബർ വരെയുള്ള പ്രവർത്തനങ്ങളും ഉൾക്കൊള്ളിച്ചാണ് കലണ്ടർ തയ്യാറാക്കുന്നത്.

നിപ, പക്ഷിപ്പനി പ്രതിരോധത്തിന് പ്രാധാന്യം നൽകിയുള്ള പ്രവർത്തനങ്ങൾ നടത്തണം. മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ്, വിദ്യാഭ്യാസ വകുപ്പ് എന്നീ വകുപ്പുകളുമായി സഹകരിച്ച് പ്രവർത്തനങ്ങൾ ശക്തമാക്കണം. സാഹചര്യമുണ്ടായാൽ നേരിടുന്നതിന് മോക് ഡ്രില്ലുകൾ സംഘടിപ്പിക്കണം. കോഴിക്കോട്, വയനാട് ജില്ലകൾ പ്രത്യേകം ശ്രദ്ധിക്കണം. ഈ ജില്ലകളിൽ സെപ്റ്റംബർ മാസം വരെ കാമ്പയിൻ അടിസ്ഥാനത്തിൽ നിപ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമായി നടത്താനും മന്ത്രി നിർദേശം നൽകി.

കോഴിക്കോട്, വയനാട്, ഇടുക്കി, മലപ്പുറം, എറണാകുളം എന്നീ ജില്ലകളിലാണ് വവ്വാലുകളിൽ നിപ വൈറസിന്റെ ആന്റിബോഡി കണ്ടെത്തിയിട്ടുള്ളത്. ഈ ജില്ലകളിൽ ആരോഗ്യ കേന്ദ്രങ്ങൾ വഴി അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കണം. വവ്വാലുകളുടെ ആവാസ വ്യവസ്ഥ നശിപ്പിക്കരുത്, പക്ഷികൾ കടിച്ച പഴങ്ങൾ കഴിക്കരുത്, വാഴക്കുലയിലെ തേൻ കുടിക്കരുത്, വവ്വാലുകളെയോ അവയുടെ വിസർജ്യമോ അവ കടിച്ച വസ്തുക്കളോ സ്പർശിക്കുന്ന സാഹചര്യം ഉണ്ടായാൽ കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകണം. സ്‌കൂൾ ഹെൽത്തിന്റെ ഭാഗമായി കുട്ടികൾക്കും അവബോധം നൽകും.

നിപ പ്രതിരോധത്തിന് വർഷം മുഴുവൻ ചെയ്യേണ്ട പ്രവർത്തനങ്ങളും കലണ്ടറിലുണ്ട്. പനി, തലവേദന, അകാരണമായ ശ്വാസംമുട്ടൽ, മസ്തിഷ്‌ക ജ്വരം എന്നിവയുമായി ആശുപത്രികളിലെത്തുന്നുണ്ടെങ്കിൽ വളരെ ശ്രദ്ധിക്കണം. കാരണം ഉറപ്പുവരുത്തുന്നതിന് മുമ്പ് മരണമുണ്ടായാൽ റിപ്പോർട്ട് ചെയ്യണം. സ്വകാര്യ ആശുപത്രികളും ഇക്കാര്യം ആരോഗ്യ വകുപ്പിനെ അറിയിക്കണം. രോഗ ലക്ഷണങ്ങളിൽ സംശയമുണ്ടെങ്കിൽ കൂടുതൽ ചികിത്സാ സൗകര്യങ്ങളുള്ള ആശുപത്രിയിൽ റഫർ ചെയ്യണം. ശ്വാസകോശ സംബന്ധമായ കേസുകൾ ഓഡിറ്റ് ചെയ്യണം. മസ്തിഷ്‌ക ജ്വരം (AES) കേസുകളിൽ ഡെത്ത് ഓഡിറ്റ് നടത്തണം. ആശുപത്രി ജിവനക്കാർക്ക് അണുബാധ നിയന്ത്രണം, സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗം തുടങ്ങിയവ സംബന്ധിച്ച് വ്യാപകമായി പരിശീലനം നൽകണം.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർ, നിപ ഏകാരോഗ്യ കേന്ദ്രം നോഡൽ ഓഫീസർ, സ്റ്റേറ്റ് മെഡിക്കൽ ബോർഡ് അംഗങ്ങൾ, ആരോഗ്യ രംഗത്തെ വിദഗ്ധ ഡോക്ടർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

തിരുവനന്തപുരം: ഡ്രൈവിംഗ് ഏറ്റവും ദുഷ്‌കരവും അപകടകരവുമായ സമയമാണ് മഴക്കാലം. തുറന്ന് കിടക്കുന്ന ഓടകളും മാൻ ഹോളുകളും വെള്ളം മൂടിക്കിടക്കുന്ന കുഴികളും ഒടിഞ്ഞ് കിടക്കുന്ന മരചില്ലകളും പൊട്ടിക്കിടക്കുന്ന ഇലക്ട്രിക് ലൈനുകളും എല്ലാം അപകടം സൃഷ്ടിക്കുന്നതാണ്. കഴിയുന്നതും യാത്രകൾ ഒഴിവാക്കുക എന്നതാണ് ഉത്തമം എങ്കിലും തീരെ യാത്രകൾ ഒഴിവാക്കാൻ കഴിയാത്ത സാഹചര്യങ്ങളിൽ താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് അപകടം ഒഴിവാക്കുവാൻ സഹായിക്കും.

റോഡിൽ വെള്ളക്കെട്ട് ഉള്ളപ്പോൾ (അത് ചെറിയ അളവിൽ ആണെങ്കിലും) അതിനു മുകളിലൂടെ വേഗത്തിൽ വാഹനം ഓടിക്കരുത്. അത് അത്യന്തം അപകടകരമായ ജലപാളി പ്രവർത്തനം അഥവാ അക്വാപ്ലെയിനിംഗ് എന്ന പ്രതിഭാസത്തിന് കാരണമായേക്കാം.

മഴപെയ്തുക്കൊണ്ടിരിക്കുമ്പോൾ മറ്റ് വാഹനങ്ങളിൽ നിന്ന് അകലം പാലിച്ച് ഓടിക്കണം. മുന്നിൽ പോകുന്ന വാഹനങ്ങളിൽ നിന്ന് തെറിക്കുന്ന ചെളിവെള്ളം വീൻഷീൽഡിൽ അടിച്ച് കാഴ്ചയ്ക്ക് അവ്യക്തതയുണ്ടാകുമെന്ന് മാത്രമല്ല ഈർപ്പംമൂലം ബ്രേക്കിംഗ് ക്ഷമത പൊതുവെ കുറയുമെന്നതിനാൽ മുന്നിലെ വാഹനം പെട്ടെന്ന് നിർത്തുമ്പോൾ നമ്മൾ വിചാരിച്ചിടത്ത് നമ്മുടെ വാഹനം നിൽക്കണമെന്നില്ല, കൂടാതെ മഴക്കാലത്ത് മുന്നിലെ വാഹനത്തിന്റെ ബ്രേക് ലൈറ്റ് പ്രവർത്തിക്കണമെന്നും ഇല്ല.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ

1. വെള്ളം കവിഞ്ഞൊഴുകുന്ന പാലങ്ങളിലൂടെയൊ റോഡിലൂടെയാ ഡ്രൈവ് ചെയ്യരുത്.

2. ശക്തമായ മഴയത്ത് മരങ്ങളൊ മറ്റ് ഇലക്ട്രിക് ലൈനുകളൊ ഇല്ലാത്ത റോഡ് അരികിൽ ഹാസാർഡസ് വാണിംഗ് ലാംപ് ഓൺ ചെയ്ത് സുരക്ഷിതമായി പാർക്ക് ചെയ്യുക.

3. മഴക്കാലത്ത് സഡൻ ബ്രേക്കിംഗ് ഒഴിവാക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്നത് വാഹനം തെന്നിമാറുന്നത് ( Skidding) ഒഴിവാക്കും.

4. മഴക്കാലത്ത് പാർക്ക് ചെയ്യുമ്പോൾ മരങ്ങളുടെ കീഴിലൊ മലഞ്ചെരുവിലൊ ഹൈ ടെൻഷൻ ലൈനുകളുടെ താഴെയൊ ആകാതിരിക്കാൻ ശ്രദ്ധിക്കുക.

5. തീർത്തും ഒഴിവാക്കാൻ സാഹചര്യത്തിൽ വെള്ളക്കെട്ടിലൂടെ പോകേണ്ടിവരുമ്പോൾ ഫസ്റ്റ് ഗിയറിൽ മാത്രം ഓടിക്കുക. ഈ അവസരത്തിൽ വണ്ടി നിൽക്കുകയാണെങ്കിൽ ഒരു കാരണവശാലും വീണ്ടും സ്റ്റാർട്ട് ചെയ്യാതെ വണ്ടിയിൽ നിന്നും ഇറങ്ങി തള്ളി മാറ്റാൻ ശ്രമിക്കണം.

6. ബ്രേക്കിനകത്ത് വെള്ളം കയറുകയാണെങ്കിൽ കുറച്ച് ദൂരത്തേക്ക് ബ്രേക്ക് പതിയെ ചവിട്ടിക്കൊണ്ട് ഫസ്റ്റ് ഗിയറിൽ തന്നെയോടിക്കാം. അതിനുശേഷം ബ്രേക്ക് ചെറുതായി ചവിട്ടി പിടിച്ച് കുറച്ച് ദൂരം ഓടിച്ചതിന് ശേഷം ഒന്നു രണ്ട് തവണ ഇടവിട്ട് ബ്രേക്ക് ചവിട്ടി കാര്യക്ഷമത ഉറപ്പ് വരുത്തണം.

7. വെള്ളത്തിലൂടെ കടന്ന് പോകുമ്പോൾ ഏസി ഓഫ് ചെയ്യുക.

8. മഴക്കാലത്ത് ട്രാഫിക് ബ്ലോക്ക് കൂടും വേഗത കൂട്ടാതെ സമയം കണക്കാക്കി മുൻകൂട്ടി യാത്രതിരിക്കുക.

9. പാർക്ക് ചെയ്തിട്ടുള്ള വാഹനത്തിൽ വെള്ളം കയറിയെങ്കിൽ ഒരു കാരണവശാലും സ്റ്റാർട്ടാക്കാൻ ശ്രമിക്കരുത്. സർവ്വീസ് സെന്ററിൽ അറിയിക്കുക.

10.മഴക്കാലത്ത് ഗൂഗിളിനെ മാത്രം ആശ്രയിച്ച് വാഹനം ഓടിക്കുന്നത് ഒഴിവാക്കുക.

11. വാഹനത്തിന്റെ ടയർ അടക്കമുള്ള ഭാഗങ്ങളും, ഇലക്ട്രിയ്ക്കലും മെക്കാനിക്കലുമായ ഭാഗങ്ങളുടെ ക്ഷമത ഉറപ്പ് വരുത്തുകയും ചെയ്യുക.

തിരുവനന്തപുരം: സ്‌പൈനൽ മസ്‌ക്യുലാർ അട്രോഫി (എസ്.എം.എ.) ബാധിച്ച 12 വയസിന് താഴെയുള്ള കുട്ടികളിൽ അപേക്ഷിച്ച എല്ലാ കുട്ടികൾക്കും സംസ്ഥാന സർക്കാരിന്റെ പ്രത്യേക പദ്ധതിയിലൂടെ സൗജന്യ മരുന്ന് നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഇവർക്കുള്ള തുടർ ചികിത്സയും അടുത്ത ഘട്ടങ്ങളിലേക്കുള്ള സൗജന്യ മരുന്നുകളും നൽകും. മുമ്പ് 6 വയസ് വരെയുള്ള കുട്ടികൾക്ക് മാത്രം നൽകിയിരുന്ന മരുന്ന് അടുത്തിടെ 12 വയസ് വരെയാക്കിയിരുന്നു. 6 വയസിന് മുകളിലുള്ള 23 കുട്ടികൾക്ക് മരുന്ന് നൽകി. ഇതുൾപ്പെടെ 12 വയസുവരെയുള്ള ആകെ 80 കുട്ടികൾക്കാണ് ഒരു ഡോസിന് 6 ലക്ഷത്തോളം വിലയുള്ള മരുന്നുകൾ സൗജന്യമായി നൽകിയത്. ലൈസോസോമൽ സ്റ്റോറേജ് രോഗങ്ങൾ ബാധിച്ച കുട്ടികൾക്ക് പ്രതിമാസം 20 ലക്ഷം രൂപ വില വരുന്ന മരുന്നുകളും സൗജന്യമായി വിതരണം ചെയ്തിരുന്നു. ഇതുകൂടാതെ 50 ലക്ഷത്തോളം രൂപ ചികിത്സാ ചെലവ് വരുന്ന മറ്റ് അപൂർവ രോഗങ്ങൾ ബാധിച്ചവർക്ക് അപൂർവ രോഗങ്ങളുടെ സെന്റർ ഓഫ് എക്‌സലൻസായ എസ്.എ.ടി. ആശുപത്രി വഴി മരുന്ന് നൽകി വരുന്നതായും മന്ത്രി പറഞ്ഞു.

അപൂർവരോഗ ചികിത്സയിൽ ഈ സർക്കാർ നിർണായക ചുവടുവയ്പ്പാണ് നടത്തിയത്. ഇന്ത്യയിൽ ആദ്യമായാണ് ഒരു സംസ്ഥാനത്ത് അപൂർവ രോഗത്തിനുള്ള മരുന്നുകൾ സർക്കാർ തലത്തിൽ സൗജന്യമായി നൽകാനാരംഭിച്ചത്. അപൂർവ രോഗങ്ങൾക്ക് സമഗ്ര പരിപാലനം ഉറപ്പുവരുത്താനായി കെയർ പദ്ധതി (KARE – Kerala United Against Rare Diseases) സംസ്ഥാനം നടപ്പിലാക്കിയിരുന്നു. ക്രൗഡ് ഫണ്ടിംഗിലൂടെ ഉൾപ്പെടെ ധനസഹായം കണ്ടെത്തി ചികിത്സാ പദ്ധതി വ്യാപിപ്പിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. കൂടാതെ രാജ്യത്ത് ആദ്യമായി അപൂർവ രോഗ ചികിത്സയിൽ ഹബ്ബ് ആന്റ് സ്‌പോക്ക് മാതൃക നടപ്പിലാക്കി.

അപൂർവ രോഗം ബാധിച്ചവരുടെ ചികിത്സയ്ക്കായി തിരുവനന്തപുരം എസ്.എ.ടി. ആശുപത്രിയിൽ ആദ്യമായി എസ്.എം.എ. ക്ലിനിക് ആരംഭിച്ചു. എസ്.എം.എ. ബാധിച്ച കുട്ടികളിൽ ഉണ്ടാകുന്ന നട്ടെല്ലിലെ വളവ് പരിഹരിക്കുന്ന അതിനൂതനമായ ശസ്ത്രക്രിയ സർക്കാർ മേഖലയിൽ ആദ്യമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിജയകരമായി ആരംഭിച്ചു. ഇതുവരെ അഞ്ച് ശസ്ത്രക്രിയകളാണ് നടത്തിയത്. സ്വകാര്യ ആശുപത്രികളിൽ 15 ലക്ഷത്തോളം രൂപ ചെലവുള്ള ശസ്ത്രക്രിയയാണ് മെഡിക്കൽ കോളേജുകളിൽ സൗജന്യമായി ചെയ്യുന്നത്. എസ്.എ.ടി. ആശുപത്രിയിൽ ജെനറ്റിക്‌സ് വിഭാഗം ആരംഭിച്ചു. അപൂർവ രോഗങ്ങളിലെ മികവിന്റെ കേന്ദ്രമായ എസ്എടി ആശുപത്രിയിൽ പീഡിയാട്രിക് ന്യൂറോളജി, ജനിതക രോഗവിഭാഗം, ശ്വാസ രോഗ വിഭാഗം, ഓർത്തോപീഡിക് വിഭാഗം, ഫിസിക്കൽ മെഡിസിൻ വിഭാഗം തുടങ്ങി വിവിധ വിഭാഗങ്ങളിലെ വിദഗ്ധ ഡോക്ടർമാരുടെ സേവനം അപൂർവ രോഗം ബാധിച്ചവർക്കായി ഒരു കുടക്കീഴിൽ ലഭ്യമാക്കിയതായും മന്ത്രി അറിയിച്ചു.

പാലക്കാട്: ജില്ലയിൽ ഇടവിട്ട് മഴ പെയ്യുന്ന സാഹചര്യത്തിൽ ഡെങ്കിപ്പനി, എലിപ്പനി പോലുള്ള പകർച്ചവ്യാധികൾക്കെതിരെ ജാഗ്രതവേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ ചിരട്ട, മുട്ടത്തോട്, വിറകുകൾ മൂടാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഷീറ്റ്, അലക്ഷ്യമായി വലിച്ചെറിയുന്ന ബോട്ടിലുകൾ- കളിപ്പാട്ടങ്ങൾ, വീടുകൾക്ക് അകത്തുള്ള മണിപ്ലാന്റ് പോലുള്ള ചെടികൾ വയ്ക്കുന്ന പാത്രങ്ങൾ, പഴയ ടയറുകൾ, ചെടിച്ചട്ടിയുടെ അടിയിലുള്ള പാത്രം, ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, വെള്ളം സംഭരിച്ചുവച്ചിരിക്കുന്ന പാത്രങ്ങൾ, നിർമ്മാണ സ്ഥലങ്ങളിലെ ടാങ്കുകൾ, വീടിന്റെ ടെറസ്സ്, സൺഷെയ്ഡ്, പാത്തികൾ, കവുങ്ങിൻ പാള, റബ്ബർ മരങ്ങളിലെ ചിരട്ടകൾ, അടയ്ക്ക ജാതിക്ക മുതലായവയുടെ തോടുകൾ, തുടങ്ങിയവയിൽ കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലാണ് പൊതുവേ മുട്ടയിടുന്നത്.

അതിനാൽ വീടുകളിലെയും മറ്റു പരിസരങ്ങളിലും ഇത്തരത്തിലുള്ള ചെറിയ വെള്ളക്കെട്ടുകൾ മഴക്ക് ശേഷം നീക്കം ചെയ്യണം. ഇത്തരത്തിലുള്ള ഉറവിട നശീകരണം നടത്തുന്നതിനായി ആഴ്ചയിൽ ഒരിക്കൽ ഡ്രൈ ഡേ ആചരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ വെള്ളിയാഴ്ചയും ഓഫീസ്, കടകൾ, മറ്റു സ്ഥാപനങ്ങൾ എന്നിവ ശനിയാഴ്ചയും, വീടുകളിൽ ഞായറാഴ്ചയും ഡ്രൈ ഡേ ആചരിക്കണം. പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, പേശികളിലും സന്ധികളിലും വേദന, കണ്ണിനു പുറകിൽ വേദന ശരീരത്തിൽ ചെറിയ തടിപ്പുകൾ, ഓക്കാനവും ഛർദിയും എന്നിവയെല്ലാം ഡെങ്കിപ്പനിയുടെ ലക്ഷണങ്ങളാണ്.

എലിപ്പനി തുടക്കത്തിൽ കണ്ടെത്തി ചികിത്സിച്ചില്ലെങ്കിൽ സങ്കീർണതകളിലേക്കും മരണത്തിലേക്കും പോകാൻ സാധ്യതയുള്ള രോഗമാണ്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ എലിയുടെയും മറ്റ് കന്നുകാലികളുടെയും മൂത്രം കലർന്നാണ് എലിപ്പനി പടരുന്നത്. ആയതിനാൽ കാലിൽ മുറിവ്, വിണ്ടുകീറിയ കാൽപ്പാദങ്ങൾ എന്നിവ ഉള്ളവർ കെട്ടിക്കിടക്കുന്ന മലിനജലവുമായി നേരിട്ട് സമ്പർക്കം ഇല്ലെന്ന് ഉറപ്പാക്കണം. പനി, തലവേദന, ക്ഷീണം, ശക്തമായ ശരീരവേദന, നടുവേദന, കാൽവണ്ണയിലെ പേശി വേദന കണ്ണിന് മഞ്ഞനിറം/ ചുവപ്പ് നിറം എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. മലിനജലവുമായി സമ്പർക്കത്തിൽ വരാൻ സാധ്യതയുള്ളവർ, കൃഷിപ്പണിക്കാർ, തൊഴിലുറപ്പ് തൊഴിലാളികൾ, നിർമ്മാണ പ്രവർത്തികളിൽ ഏർപ്പെട്ടിട്ടുള്ളവർ എന്നിവരും, വെള്ളം കയറിയ പ്രദേശത്തുള്ളവരും, രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശാനുസരണം ഡോക്‌സിസൈക്ലിൻ പ്രതിരോധ ഗുളിക ആഴ്ച തോറും കഴിക്കണമെന്നും രോഗലക്ഷണങ്ങൾ ഉണ്ടായാൽ സ്വയം ചികിത്സ ഒഴിവാക്കി ഡോക്ടറുടെ സേവനം തേടണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി ഷവർമ്മ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. 47 സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ 512 വ്യാപാര കേന്ദ്രങ്ങളിലാണ് പരിശോധന പൂർത്തിയാക്കിയത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തനം നടത്തിയ 52 സ്ഥാപനങ്ങളിലെ ഷവർമ്മ വ്യാപാരം നിർത്തി വയ്പിച്ചു. 108 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസും 56 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസും നൽകി. പാർസലിൽ ലേബൽ കൃത്യമായി പതിക്കാതെ വിതരണം നടത്തിയ 40 സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചു. ശക്തമായ പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

ഷവർമ്മ നിർമ്മാണത്തിൽ കടയുടമകൾ മാനദണ്ഡങ്ങൾ പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താനായിരുന്നു പരിശോധന നടത്തിയത്. ഷവർമ്മ നിർമ്മാണവും വിൽപനയും നടത്തുന്ന സ്ഥാപനങ്ങൾ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. ഷവർമ്മ നിർമ്മിക്കുന്ന ഫുഡ് ബിസിനസ് ഓപ്പറേറ്റർമാർ ശാസ്ത്രീയമായ ഷവർമ്മ പാചക രീതിയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ടതും വകുപ്പിന്റെ ബോധവത്കരണ ക്ലാസുകളിൽ പങ്കെടുത്ത് മാർഗ നിർദ്ദേശങ്ങൾ സ്വന്തം സ്ഥാപനങ്ങളിൽ നടപ്പിൽ വരുത്തേണ്ടതുമാണ്.

ഷവർമ്മ പാർസൽ നൽകുമ്പോൾ ഉണ്ടാക്കിയ തീയതി, സമയം, ഒരു മണിക്കൂറിനുള്ളിൽ ഭക്ഷിക്കണം എന്ന നിർദ്ദേശം ഉൾപ്പെടുത്തി ലേബൽ ഒട്ടിച്ച ശേഷം മാത്രം ഉപഭോക്താവിന് നൽകുക. എല്ലാ ഹോട്ടലുകളും റെസ്റ്റാറന്റുകളും ഭക്ഷ്യസുരക്ഷാ അതോറിറ്റിയുടെ ഹൈജീൻ റേറ്റിംഗ് സ്വമേധയാ കരസ്ഥമാക്കേണ്ടതാണ്.

സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് 2024 ഏപ്രിൽ മാസം ആകെ 4545 പരിശോധനകൾ നടത്തി. സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനകളിൽ വിവിധയിനത്തിൽ 17,10,000 രൂപ പിഴ ഈടാക്കി. 716 സ്റ്റാറ്റിയൂട്ടറി സാമ്പിളുകൾ വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ ശേഖരിച്ചു. 3479 സർവൈലൻസ് സാമ്പിളുകളും പരിശോധനക്കെടുത്തു. കഴിഞ്ഞ മാസം 71 സാമ്പിളുകൾ അൺ സേഫും 53 സാമ്പിളുകൾ സബ് സ്റ്റാൻഡേർഡും റിപ്പോർട്ട് ചെയ്തു. മിസ് ബ്രാൻഡഡ് സാംപിളുകളുടെ ഇനത്തിൽ 32 അഡ്ജ്യൂഡിക്കേഷൻ കേസുകൾ ഫയൽ ചെയ്തു.

1605 ലൈസൻസുകളും 11343 രജിസ്‌ട്രേഷനുകളും കഴിഞ്ഞ മാസം നൽകി. 65 അഡ്ജ്യൂഡിക്കേഷൻ കേസുകളും 83 പ്രോസിക്യൂഷൻ കേസുകളും ഏപ്രിൽ മാസം ഫയൽ ചെയ്തു. പരിശോധനകളിൽ നിയമലംഘനം കണ്ടെത്തിയതിനെ തുടർന്ന് 477 റെക്ടിഫിക്കേഷൻ നോട്ടീസുകളാണ് സ്ഥാപനങ്ങൾക്ക് നൽകിയത്.

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ ന്യൂറോളജി വിഭാഗത്തിന് കീഴിൽ ന്യൂറോ ഇന്റർവെൻഷൻ സംവിധാനം സജ്ജമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രാജ്യത്ത് സർക്കാർ മെഡിക്കൽ കോളേജുകളിൽ ആദ്യമായാണ് ന്യൂറോളജി വിഭാഗത്തിന് കീഴിൽ ന്യൂറോ ഇന്റർവെൻഷൻ സംവിധാനം സജ്ജമാക്കിയത്. തലച്ചോറ്, നട്ടെല്ല്, കഴുത്ത് എന്നീ ശരീര ഭാഗങ്ങളിലെ പ്രധാന രക്തക്കുഴലുകളിലെ രോഗാവസ്ഥ കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും ഉപയോഗിക്കുന്ന സംവിധാനമാണ് ന്യൂറോ ഇന്റർവെൻഷൻ. ശസ്ത്രക്രിയയ്ക്ക് പകരം ഉപയോഗിക്കാവുന്ന ഒരു ചികിത്സാ സംവിധാനമാണിത്. ന്യൂറോ ഇന്റർവെൻഷന്റെ പരിശീലന കേന്ദ്രമായും മെഡിക്കൽ കോളേജ് പ്രവർത്തിക്കുന്നു. ഇതിന്റെ ഭാഗമായി 2 വർഷത്തെ ന്യൂറോ ഇന്റർവെൻഷൻ ഫെലോഷിപ്പ് പ്രോഗ്രാമും നടത്തുന്നു. ഇതിലൂടെ വിദഗ്ധ ഡോക്ടർമാരെ സൃഷ്ടിക്കാനും സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സ്‌ട്രോക്ക് ബാധിച്ച് പ്രധാന രക്തക്കുഴലുകൾ അടയുമ്പോൾ കട്ടപിടിച്ച രക്തം എടുത്ത് മാറ്റുന്ന മെക്കാനിക്കൽ ത്രോമ്പക്ടമി ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് മെഡിക്കൽ കോളേജിലെ സമഗ്ര സ്‌ട്രോക്ക് സെന്ററിൽ സജ്ജമാക്കിവരുന്നത്. തലച്ചോറിലേക്കുള്ള വലിയ രക്തക്കുഴലിലെ ബ്ലോക്ക് മാറ്റുന്നതിനുള്ള മെക്കാനിക്കൽ ത്രോമ്പക്ടമി 24 മണിക്കൂറിനുള്ളിൽ ചെയ്യേണ്ടതാണ്. ശരീരം തളരാനും മരണം സംഭവിക്കാനുമുള്ള സാധ്യത പരമാവധി കുറച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാൻ ഇതിലൂടെ കഴിയും. ന്യൂറോ ഇന്റൻവെൻഷൻ സംവിധാനം വന്നതോടു കൂടി തിരുവനന്തപുരം മെഡിക്കൽ കോളേജ് സമഗ്ര സ്‌ട്രോക്ക് സെന്ററായി പൂർണമായി മാറിയിരിക്കുകയാണ്.

സ്‌ട്രോക്ക് ബാധിച്ച് ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളുടെ തലച്ചോറിലെ സിടി ആൻജിയോഗ്രാം എടുക്കുവാനുള്ള സംവിധാനവും ന്യൂറോളജി വിഭാഗത്തിൽ ഈ കാലയളവിൽ സജ്ജമാക്കി. സ്‌ട്രോക്കിന്റെ ചികിത്സയായ രക്തം അലിയിക്കുന്ന ത്രോംബോലൈസിസും മെക്കാനിക്കൽ ത്രോമ്പക്ടമിയും കഴിഞ്ഞ രോഗികൾക്ക് തീവ്ര പരിചരണം നൽകുവാൻ 12 കിടക്കകളുള്ള സ്‌ട്രോക്ക് ഐസിയു സ്ഥാപിച്ചിട്ടുണ്ട്. തീവ്ര പരിചരണത്തിനിടയിൽ തലച്ചോറിൽ അമിതമായ നീർക്കെട്ടുണ്ടായാൽ ന്യൂറോസർജന്റെ സഹായത്തോടു കൂടി ഡികമ്പ്രസീവ് ക്രേനിയെക്ടമി ചെയ്യുവാനുള്ള സംവിധാനവുമുണ്ട്. ചെറിയ രീതിയിൽ സ്‌ട്രോക്ക് വന്നാൽ അതിന്റെ കാരണം കഴുത്തിലെ രക്തക്കുഴലുകളിലെ അടവ് കൊണ്ടാണെങ്കിൽ വാസ്‌ക്യുലർ സർജന്റെ സഹായത്തോട് കൂടി എന്റാർട്ട്‌റെക്ടമി ചെയ്യുവാനുള്ള സംവിധാനവും മെഡിക്കൽ കോളേജിലുണ്ട്.

നൂതന സംവിധാനങ്ങളായ ന്യൂറോ ഇന്റർവെൻഷൻ, ഡി കമ്പ്രസീവ് ക്രയിനെക്ടമി, എന്റാർട്ട്‌റെക്ടമി, തീവ്ര പരിചരണം തുടങ്ങിയവയെല്ലാം സംയോജിപ്പിച്ച് സമഗ്ര സ്‌ട്രോക്ക് സെന്ററാണ് മെഡിക്കൽ കോളേജിൽ സ്ഥാപിച്ചിരിക്കുന്നത്.

കോട്ടയം: മൃഗസംരക്ഷണവകുപ്പിന്റെ മണർകാട് പ്രാദേശിക കോഴി വളർത്തൽ കേന്ദ്രത്തിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരി അറിയിച്ചു. ഒൻപതിനായിരം കോഴികളെയാണ് ഇവിടെ വളർത്തിയിരുന്നത്. കോഴികൾ കൂട്ടത്തോടെ ചത്തതിനെത്തുടർന്നു ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമൽ ഡീസിസസ് ലാബിൽ നടത്തിയ സാമ്പിൾ പരിശോധനയിലാണ് എച്ച്5 എൻ1 സ്ഥിരീകരിച്ചത്.

പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലത്തിന് ഒരു കിലോമീറ്റർ ചുറ്റളവ് പക്ഷിപ്പനി ബാധിതമേഖലയായി പ്രഖ്യാപിച്ചു. ഒരു കിലോമീറ്റർ ചുറ്റളവിലുള്ള എല്ലാ വളർത്തു പക്ഷികളെയും മൃഗസംരക്ഷണവകുപ്പിന്റെ മേൽനോട്ടത്തിൽ അടിയന്തരമായി ദയാവധം ചെയ്തു ശാസ്ത്രീയമായി സംസ്‌കരിക്കും. ഇവിടെ അണുനശീകരണം നടത്താനുള്ള നടപടി സ്വീകരിക്കും. മൃഗസംരക്ഷണ വകുപ്പിന്റെ ദ്രുതകർമസംഘമാണ് പക്ഷികളെ ദയാവധം ചെയ്തു ശാസ്ത്രീയമായി സംസ്‌കരിക്കുക. കേന്ദ്ര സർക്കാരിന്റെ 2021ലെ നിർദേശങ്ങൾ പ്രകാരമാണ് സംസ്‌ക്കരണനടപടി.

മണർകാട് പഞ്ചായത്തിലെ 12,13,14 വാർഡുകളിലെയും പുതുപ്പള്ളി പഞ്ചായത്തിലെ രണ്ട്, മൂന്ന് വാർഡുകളിലെയും കോഴി, താറാവ്, കാട, മറ്റുവളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) തുടങ്ങിയ ഉൽപ്പന്നങ്ങളുടെയും വിൽപനയും കടത്തലും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ പൂർണമായി നിരോധിച്ചു.

ഒരു കിലോമീറ്റർ മുതൽ 10 കിലോമീറ്റർ വരെയുള്ള ചുറ്റളവ് നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചിട്ടുണ്ട്. നിരീക്ഷണ മേഖലയിൽ ഉൾപ്പെടുന്ന മണർകാട്, പുതുപ്പള്ളി പഞ്ചായത്തുകളിലെ മറ്റുവാർഡുകളിലും കോട്ടയം, ഏറ്റുമാനൂർ നഗരസഭകളിലും വിജയപുരം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര, അതിരമ്പുഴ, അയർക്കുന്നം, കിടങ്ങൂർ, അകലക്കുന്നം, പള്ളിക്കത്തോട്, പാമ്പാടി, മീനടം, കറുകച്ചാൽ, വാകത്താനം, പനച്ചിക്കാട്, കൂരോപ്പട ഗ്രാമപഞ്ചായത്തുകളിലും വ്യാഴാഴ്ച (മേയ് 23) മുതൽ മേയ് 29 വരെ ഏഴുദിവസത്തേക്ക് കോഴി, താറാവ്, കാട, മറ്റുവളർത്തുപക്ഷികൾ എന്നിവയുടെ മുട്ട, ഇറച്ചി, കാഷ്ടം(വളം) തുടങ്ങിയ ഉൽപ്പന്നങ്ങളുടെയും വിൽപനയും കടത്തലും നിരോധിച്ചു.

പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടർന്ന് കളക്‌ട്രേറ്റിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം ചേർന്ന് അടിയന്തര നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. മൃഗസംരക്ഷവകുപ്പ്, തദ്ദേശസ്വയംഭരണം, റവന്യൂ, പൊലീസ്, വനം, ആരോഗ്യം, അഗ്‌നിരക്ഷാ സേന, മോട്ടോർവാഹന വകുപ്പ് എന്നീ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ഏകോപിപ്പിച്ചുള്ള പ്രവർത്തനത്തിന് ജില്ലാ കളക്ടർ നിർദേശം നൽകി.