Health (Page 16)

മഴക്കാലത്ത് വാഹനങ്ങൾ റോഡിൽ തെന്നിമറിഞ്ഞും കൂട്ടിയിടിച്ചും അപകടം ഉണ്ടാകാൻ സാധ്യത കൂടുതലാണ്. അല്പമൊന്നു ശ്രദ്ധിച്ചാൽ പല അപകടങ്ങളും ഒരുപരിധി വരെ ഒഴിവാക്കാൻ സാധിക്കും. മഴക്കാലത്ത് വാഹനമോടിക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്നു നോക്കാം.

വേഗം പരമാവധി കുറയ്ക്കുക.

റോഡിൽ വാഹനങ്ങൾ പുറംതള്ളുന്ന എണ്ണത്തുള്ളികൾ മഴപെയ്യുന്നതോടെ അപകടക്കെണികളാകാറുണ്ട്. മഴവെള്ളത്തിനൊപ്പം എണ്ണയും ചേരുന്നതോടെ റോഡ് അപകടകരമാംവിധം വഴുക്കൽ ഉള്ളതാകുന്നു. അതുകൊണ്ട് പരമാവധി പതുക്കെ വാഹനം ഓടിക്കുകയാണ് മഴക്കാലത്ത് ഉത്തമം. സ്റ്റിയറിങ് വെട്ടിത്തിരിക്കുന്നതും പെട്ടെന്ന് ബ്രേക്ക് ചവിട്ടുന്നതും അപകടം വിളിച്ചുവരുത്തും. പരമാവധി ബ്രേക്ക് ഉപയോഗം ഒഴിവാക്കി ആക്സിലറേറ്ററിൽ നിന്ന് കാലെടുത്ത് വേഗം നിയന്ത്രിക്കുന്നതാണ് സുരക്ഷിത ഡ്രൈവിങിന് ഉത്തമം.

ഹെഡ് ലൈറ്റ് ലോ ബീമിൽ ഓണാക്കി വാഹനം ഓടിക്കുക.

വാഹനം ബൈക്കായാലും കാറായാലും ശരി ശക്തമായ മഴയത്ത് ഹെഡ്ലൈറ്റുകൾ ലോ ബീമിൽ കത്തിക്കുന്നത് നല്ലതാണ്. ശക്തമായ മഴയിൽ റോഡ് വ്യക്തമായി കാണുന്നതിനും മറ്റുവാഹനങ്ങളുടെ ഡ്രൈവർമാരുടെ ശ്രദ്ധയിൽ നിങ്ങളുടെ വാഹനം പെടുന്നതിനും ഹെഡ്ലൈറ്റ് സഹായിക്കും. വാഹനത്തിൽ ഫോഗ് ലൈറ്റ് ഉണ്ടങ്കിൽ അത് ഉപയോഗിക്കുന്നതാണ് നല്ലത്.

ടയറുകൾ ശ്രദ്ധിക്കുക

മഴക്കാലത്തിനു മുമ്പ് ടയറിന്റെ നിലവാരം പരിശോധിക്കുന്നത് നല്ലതാണ്. പണം ലാഭിക്കാൻ തേഞ്ഞ ടയർ പരമാവധി ഉപയോഗിക്കാമെന്ന് കരുതുന്നത് വിഡ്ഢിത്തമാകും. തേയ്മാനം കൂടുമ്പോൾ ഗ്രിപ്പ് കുറയുമെന്നത് മറക്കാതിരിക്കുക. അലൈൻമെന്റും വീൽ ബാലൻസിങ്ങും കൃത്യമാക്കുകയും ടയറിലെ വായുമർദ്ദം നിശ്ചിത അളവിൽ നിലനിർത്തുകയും വേണം.

മുൻകരുതൽ നല്ലതാണ്

ഹെഡ്ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ഇൻഡിക്കേറ്റർ, വൈപ്പർ, ഹാൻഡ് ബ്രേക്ക്, തുടങ്ങിയവ ശരിയായി പ്രവർത്തിക്കുന്നുണ്ടോയെന്ന് എല്ലാ ദിവസവും യാത്ര തുടങ്ങുന്നതിനു മുമ്പ് പരിശോധിക്കണം.

വലിയ വാഹനങ്ങളുടെ തൊട്ടുപിന്നാലെ യാത്രവേണ്ട. അവയുടെ കൂറ്റൻ ടയറുകൾ തെറിപ്പിക്കുന്ന ചെളിവെള്ളം നിങ്ങളുടെ കാഴ്ച തടസപ്പെടുത്തുമെന്ന് ഉറപ്പാണ്. ബ്രേക്ക് കിട്ടാതെ അവയ്ക്ക് പിന്നിൽ വാഹനം ഇടിച്ച് അപകടം ഉണ്ടാകാനും സാധ്യതയുണ്ട്. വാഹനം പൂർണ നിയന്ത്രണത്തിലാക്കാൻ മറ്റു വാഹനങ്ങളുമായി പരമാവധി അകലം പാലിക്കുക.

ശക്തമായ മഴക്കാലത്ത് യാത്ര ഒഴിവാക്കുക.

മഴ അതിശക്തമാണെങ്കിൽ വാഹനം റോഡരികിൽ നിർത്തിയിട്ട് അല്പനേരം മഴ ആസ്വദിക്കാം. മഴയുടെ ശക്തി കുറഞ്ഞശേഷം യാത്ര തുടരുകയുമാകാം.

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയുടെ സാഹചര്യത്തിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിൽ സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പകർച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) രൂപീകരിച്ചിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി ചെയർപേഴ്‌സണും പ്രിൻസിപ്പൽ സെക്രട്ടറി കോ ചെയർമാനുമായ ആർആർടിയിൽ 25 അംഗങ്ങളാണുള്ളത്. ഇത് കൂടാതെയാണ് ആരോഗ്യ വകുപ്പിന് കീഴിലുള്ള പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ജനങ്ങൾക്കും ആരോഗ്യ പ്രവർത്തകർക്കുമുള്ള സംശയങ്ങൾ ദൂരീകരിക്കുന്നതിനുമായി സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ പ്രവർത്തകർക്ക് കൺട്രോൾ റൂം നമ്പരിലേക്കും പൊതുജനങ്ങൾക്ക് ഡോക്ടർമാരുടെ പാനലുൾപ്പെട്ട ദിശ കോൾ സെന്ററിലെ നമ്പരിലേക്കും വിളിക്കാവുന്നതാണ്. സംശയ നിവാരണത്തിനായി കൺട്രോൾ റൂമിലെ 04712302160, 9946102865, 9946102862 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്. പകർച്ചവ്യാധി പ്രതിരോധ ഏകോപനം, ഡേറ്റാ മാനേജ്‌മെന്റ്, ആശുപത്രി സേവനങ്ങൾ, മരുന്ന് ലഭ്യത, പ്രോട്ടോകോളുകൾ, സംശയ നിവാരണം എന്നിവയാണ് കൺട്രോൾ റൂമിലൂടെ നിർവഹിക്കുന്നത്.

പൊതുജനങ്ങൾക്ക് ആരോഗ്യ സംബന്ധമായ എല്ലാ സംശയങ്ങളും ഡോക്ടർമാരുടെ പാനലുള്ള ദിശ കോൾ സെന്റർ വഴി ചോദിക്കാവുന്നതാണ്. 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിൽ ദിശയുടെ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാണ്. ഇതുകൂടാതെ ഇ-സഞ്ജീവനി ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്. മുൻകരുതലുകൾ, കഴിക്കുന്ന മരുന്നുകളെപ്പറ്റിയുള്ള സംശയം, ഏതൊക്കെ ഭക്ഷണം കഴിക്കാം, പരിശോധനാ ഫലത്തെപ്പറ്റിയുള്ള സംശയം, മാനസിക പിന്തുണ, രോഗ പ്രതിരോഘം തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് സംസാരിക്കാവുന്നതാണ്. അതുമായി ബന്ധപ്പെട്ട വിദഗ്ധ ഡോക്ടർമാർക്ക് ഫോൺ കൈമാറുന്നതാണ്.

തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധി പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) രൂപീകരിച്ച് ഉത്തരവായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴ ശക്തമായ സാഹചര്യത്തിലും മൺസൂൺ എത്തുന്ന സാഹചര്യത്തിലും ആരോഗ്യ വകുപ്പിന്റെ സ്റ്റേറ്റ് കൺട്രോൾ റൂം ആരംഭിക്കും. കടുത്ത വേനലിൽ നിന്നും മഴയിലേക്ക് കാലാവസ്ഥാ വ്യതിയാനം ഉണ്ടായതിനാൽ പകർച്ചവ്യാധികൾക്കെതിരെ ജാഗ്രത പുലർത്തണമെന്നാണ് നിർദ്ദേശം.

ആശുപത്രികൾ അണുബാധാ നിയന്ത്രണ പ്രോട്ടോകോളും സുരക്ഷാ മാനദണ്ഡങ്ങളും കൃത്യമായി പാലിക്കണം. പ്രധാന ആശുപത്രികളിൽ ഫീവർ ക്ലിനിക് ഉറപ്പാക്കും. ഐഎംഎ, ഐഎപി മുതലായ സംഘടനകളുടെ പിന്തുണ ഉറപ്പാക്കും. ആർആർടി നൽകുന്ന നിർദേശങ്ങൾ എല്ലാവരും കൃത്യമായി പാലിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ സംസ്ഥാനതല ആർആർടി യോഗം ചേർന്ന് സ്ഥിതി അവലോകനം ചെയ്തു. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ), ജലജന്യ രോഗങ്ങൾ എന്നിവ വളരെയേറെ ശ്രദ്ധിക്കണം. വേനൽക്കാലം കഴിഞ്ഞെങ്കിലും ഇനിയും മഞ്ഞപ്പിത്തത്തിനെതിരെ ജാഗ്രത വേണം. മഞ്ഞപ്പിത്തത്തിനെതിരെ ഫീൽഡ് തല പ്രവർത്തനങ്ങൾ നല്ല രീതിയിൽ നടക്കുന്നുണ്ട്.

പൊതുജനാരോഗ്യ നിയമ പ്രകാരം മെഡിക്കൽ ഓഫീസർമാർ കൃത്യമായ ഇടപെടലുകൾ നടത്തണം. ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന ശക്തമാക്കണം. ഹോട്ടലുകൾ തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാൻ നൽകാവൂ. ജീവനക്കാർ ശുചിത്വം പാലിക്കണം. ശാസ്ത്രീയമായ ചികിത്സ മാത്രമേ തേടാവൂ. ചികിത്സാ പ്രോട്ടോകോൾ കൃത്യമായി പാലിക്കണം. ആശുപത്രികൾ മരുന്നുകളുടെ സ്റ്റോക്ക് വിലയിരുത്തി ലഭ്യത ഉറപ്പാക്കണം. വൺ ഹെൽത്ത് കമ്മ്യൂണിറ്റി വോളന്റിയർമാരുടെ സേവനം പ്രയോജനപ്പെടുത്തണം.

മഴക്കാലമായതിനാൽ ഡെങ്കിപ്പനിയ്‌ക്കെതിരെയും എലിപ്പനിയ്‌ക്കെതിരെയും ജാഗ്രത പാലിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിന് മുമ്പ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും കുടിവെള്ള സ്രോതസുകൾ ശുദ്ധമാണെന്ന് ഉറപ്പാക്കുകയും വേണം.

ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആയുഷ് മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ഭക്ഷ്യ സുരക്ഷാ കമ്മീഷണർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ഐ.എസ്.എം വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ആർ.ആർ.ടി. ടീം അംഗങ്ങൾ, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: സുരക്ഷിത ഭക്ഷണം ഉറപ്പു വരുത്തുന്നതിനായി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പ് കഴിഞ്ഞ സാമ്പത്തിക വർഷം 65,432 പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുൻ വർഷങ്ങളേക്കാൾ റെക്കോർഡ് പരിശോധനകളാണ് കഴിഞ്ഞ വർഷം പൂർത്തിയാക്കിയത്. പിഴത്തുകയും ഇരട്ടിയായി. എല്ലാ ജില്ലകളിൽ നിന്നായി 4,05,45,150 രൂപ വിവിധ കാരണങ്ങളാൽ പിഴയിനത്തിൽ ഈടാക്കി. കർശന പരിശോധനയുടേയും നടപടിയുടേയും ഫലമാണിത്. 10,466 സ്റ്റാറ്റിയൂട്ടറി സാമ്പിളുകൾ വിവിധ സ്‌ക്വാഡുകളുടെ നേതൃത്വത്തിൽ ശേഖരിച്ചു. 37,763 സർവൈലൻസ് സാമ്പിളുകളും പരിശോധനയ്‌ക്കെടുത്തു. കഴിഞ്ഞ വർഷം 982 അഡ്ജ്യൂഡിക്കേഷൻ കേസുകളാണ് ഫയൽ ചെയ്തത്. 760 പ്രോസിക്യൂഷൻ കേസുകളും ഫയൽ ചെയ്തു. 7343 റെക്ടിഫിക്കേഷൻ നോട്ടീസുകളും 9642 കോമ്പൗണ്ടിംഗ് നോട്ടീസുകളും 438 ഇമ്പ്രൂവ്‌മെന്റ് നോട്ടീസുകളും നൽകി. പകർച്ചവ്യാധികളുടെ പശ്ചാത്തലത്തിൽ ശക്തമായ പരിശോധനകൾ തുടർന്നു വരുന്നതായും മന്ത്രി വ്യക്തമാക്കി.

ഷവർമ്മ ഉത്പാദന വിതരണ കേന്ദ്രങ്ങളിൽ മാത്രം 6531 പരിശോധനകൾ നടത്തി. നിയമലംഘനം കണ്ടെത്തിയ 2064 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി 85,62,600 രൂപ പിഴ ഈടാക്കി. സമഗ്രമായ പരിശോധനകൾ നടത്തുന്നതിനായി വകുപ്പിൽ രൂപീകരിച്ച സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ 448 സ്ഥാപനങ്ങളിൽ കഴിഞ്ഞ സാമ്പത്തിക വർഷം പരിശോധനകൾ നടത്തി. സ്‌കൂൾ പരിസരങ്ങളിലെ കടകൾ കേന്ദ്രീകരിച്ചും മെഡിക്കൽ കോളേജ് കാന്റീനുകൾ കേന്ദ്രീകരിച്ചും സംസ്ഥാന വ്യാപകമായി സ്‌ക്വാഡുകൾ പരിശോധിച്ചു. സ്‌കൂൾ പരിസരങ്ങളിലുള്ള 116 സ്ഥാപനങ്ങളിൽ നിന്നും 721 സാമ്പിളുകൾ ശേഖരിച്ച് തുടർ പരിശോധനകൾക്കായി കൈമാറി. ഏലയ്ക്ക, ശർക്കര തുടങ്ങിയ നിർമ്മാണ വിതരണ കേന്ദ്രങ്ങളിലെല്ലാം സ്‌പെഷൽ സ്‌ക്വാഡ് പരിശോധിച്ചു. ഷവർമ്മ നിർമ്മാണ വിതരണ ക്രേന്ദ്രങ്ങളിൽ 589 പരിശോധനകളും സ്‌പെഷൽ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തിൽ പൂർത്തിയാക്കി. ഗുരുതര വീഴ്ചകൾ കണ്ടെത്തിയതിനാൽ 60 സ്ഥാപനങ്ങളുടെ പ്രവർത്തനം താത്ക്കാലികമായി നിർത്തി വയ്പിച്ചു.

ഭക്ഷണ നിർമ്മാണ വിപണനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന 21,758 വ്യക്തികൾക്ക് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ വകുപ്പിന്റെ നേതൃത്വത്തിൽ ഫോസ്ടാക് പരിശീലനം നൽകി. ഇതുവഴി ഭക്ഷണം പാചകം ചെയ്യുമ്പോഴും വിതരണം ചെയ്യുമ്പോഴും പാലിക്കേണ്ട മാർഗനിർദ്ദേശങ്ങൾ ജീവനക്കാർക്ക് നൽകാൻ സാധിച്ചു. ഉപയോഗിച്ച എണ്ണ ശേഖരിച്ച് പുനരുപയോഗം നടത്തുന്ന റൂകോ പദ്ധതിയിലൂടെ 9,60,605 ലിറ്റർ ഉപയോഗിച്ച എണ്ണ വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ വർഷം ശേഖരിച്ചു കൈമാറി. ഈ വർഷം ഇത് വർധിപ്പിക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്.

സംസ്ഥാനത്തെ 38 ആരാധനാലയങ്ങൾക്ക് ഈറ്റ് റൈറ്റ് പ്ലേസ് ഓഫ് വർഷിപ്പ് സർട്ടിഫിക്കറ്റ് നൽകി. 20 കേന്ദ്രങ്ങൾക്ക് ക്ലീൻ ഫ്രൂട്ട് ആന്റ് വെജിറ്റബിൾ മാർക്കറ്റ് അംഗീകാരം നൽകി. ഈറ്റ് റൈറ്റ് സ്റ്റേഷൻ സർട്ടിഫിക്കറ്റ് 23 റയിൽവേ സ്റ്റേഷനുകൾ നേടി. 2331 സ്ഥാപനങ്ങൾ ഹൈജീൻ റേറ്റിംഗും 182 വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈറ്റ് റൈറ്റ് സ്‌കൂൾ ആന്റ് കാംപസ് സർട്ടിഫിക്കറ്റും കരസ്ഥമാക്കി. സ്ഥാപനങ്ങളുടെ ലൈസൻസ് ഉറപ്പുവരുത്തുന്നതിനായി നടത്തിയ ഫോസ് കോസ് ഡ്രൈവിൽ 10,545 പരിശോധനകളാണ് നടത്തിയത്. 22,525 സ്ഥാപനങ്ങളാണ് കഴിഞ്ഞ വർഷം സംസ്ഥാനത്ത് ലൈസൻസ് നേടിയത്.

ഉപഭോക്താക്കൾക്ക് ശുദ്ധമായ മത്സ്യം ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കി വരുന്ന ഓപ്പറേഷൻ മത്സ്യയിലൂടെ 5276 പരിശോധനകളാണ് പൂർത്തിയാക്കിയത്. മോശമായ 7212 കിലോ മത്സ്യം നശിപ്പിച്ചു. 2,58,000 രൂപ വിവിധ കാരണങ്ങളാൽ പിഴ ഈടാക്കി. ഭക്ഷണ പാക്കറ്റുകളിൽ ലേബൽ പതിക്കുന്നത് നിർബന്ധമാക്കുകയും ഇത് ഉറപ്പു വരുത്തുന്നതിനായി നടത്തിയ ഓപ്പറേഷൻ ലേബലിൽ 791 പരിശോധനകൾ പൂർത്തിയാക്കി. ഇതുമായി ബന്ധപ്പെട്ട് മാത്രം 122 അഡ്ജ്യൂഡിക്കേഷൻ കേസുകൾ ഫയൽ ചെയ്തു. ഇതോടൊപ്പം ഓണം, ക്രിസ്തുമസ്, ന്യൂ ഇയർ പ്രമാണിച്ച് ചെക്ക് പോസ്റ്റുകളിൽ ഉൾപ്പടെ സ്‌പെഷ്യൽ പരിശോധനകളും വകുപ്പിന്റെ നേതൃത്വത്തിൽ കഴിഞ്ഞ സാമ്പത്തിക വർഷം പൂർത്തിയാക്കി.

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിൽ കനത്ത മഴ പെയ്യുന്ന സാഹചര്യത്തിൽ ജനങ്ങൾ എലിപ്പനിക്കെതിരെ അതീവ ജാഗ്രത പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫിസർ. കെട്ടിക്കിടക്കുന്ന മഴവെള്ളത്തിൽ ഇറങ്ങുകയോ കളിക്കുകയോ കുളിക്കുകയോ കൈ കാലുകളും മുഖവും കഴുകുകയോ ചെയ്യാൻ പാടില്ല. എലി, അണ്ണാൻ, പൂച്ച, പട്ടി, മുയൽ, കന്നുകാലികൾ തുടങ്ങിയവയുടെ വിസർജ്ജ്യങ്ങൾ കലർന്ന ജലവുമായി സമ്പർക്കം ഉണ്ടാകുന്നതും രോഗാണു കലർന്ന ആഹാരവും വെള്ളവും ഉപയോഗിക്കുന്നതും എലിപ്പനിയ്ക്ക് കാരണമാകും.

വെള്ളപ്പൊക്കത്തിൽ അകപ്പെടുന്നവർ, രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടുന്നവർ,മാധ്യമ പ്രവർത്തകർ, കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ഇറങ്ങി ജോലിചെയ്യുന്നവർ, മൃഗങ്ങളെ പരിപാലിക്കുന്നവർ, കെട്ടിട നിർമ്മാണ തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണ തൊഴിലാളികൾ തുടങ്ങി രോഗ സാദ്ധ്യത കൂടിയവർ നിർബന്ധമായും ഡോക്ടറുടെ നിർദ്ദേശ പ്രകാരം പ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിൻ കഴിക്കണം. ഡോക്‌സിസൈക്ലിൻ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽ നിന്നും സൗജന്യമായി ലഭിക്കും. രോഗ സാദ്ധ്യത കൂടിയ ഇടങ്ങളിൽ ജോലി ചെയ്യുന്നവർ കയ്യുറയും കാലുറയും ധരിക്കുന്നത് അഭികാമ്യമാണ്.

ഭക്ഷണാവശിഷ്ടങ്ങൾ വലിച്ചെറിയാതെ സംസ്‌ക്കരിക്കുക. പഴങ്ങളും പച്ചക്കറികളും ശുദ്ധജലത്തിൽ നന്നായി കഴുകി ഉപയോഗിക്കുക. അവൽ പോലുള്ള ഭക്ഷണ പദാർത്ഥങ്ങൾ വൃത്തിയുള്ള സാഹചര്യത്തിൽ തയ്യാറാക്കിയവ മാത്രം ഉപയോഗിക്കുക. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കാൻ ഉപയോഗിക്കുക. ശീതള പാനീയ കുപ്പികളും പാക്കറ്റുകളും കുടിവെള്ള കുപ്പികളും മറ്റു ഭക്ഷണ പാക്കറ്റുകളും എലി കയറാത്ത രീതിയിൽ സൂക്ഷിച്ച് വിൽപ്പന നടത്താൻ കച്ചവടക്കാർ ശ്രദ്ധിക്കണം. ഇത്തരം പാക്കറ്റുകളും കുപ്പികളും വൃത്തിയാക്കിയ ശേഷം പൊട്ടിച്ചു ഉപയോഗിക്കാനും ശ്രദ്ധിക്കണം.

പനി, തലവേദന, കാലുകളിലെ പേശികളിൽ വേദന, കണ്ണിന് മഞ്ഞ – ചുവപ്പ് നിറം, മൂത്രത്തിന്റെ അളവ് കുറഞ്ഞു കടുത്ത നിറം എന്നിവയാണ് എലിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. പനിയോടൊപ്പം മഞ്ഞപ്പിത്തത്തിന്റെ ലക്ഷണങ്ങൾ കൂടി കണ്ടാൽ എലിപ്പനി സംശയിക്കാം. രോഗം ഗുരുതരമായാൽ മരണം സംഭവിക്കാം.

രോഗസാദ്ധ്യത കൂടിയ ഇടങ്ങളിൽ ജോലി ചെയ്തിട്ടുള്ളവർ പനി അനുഭവപ്പെട്ടാൽ ഉടനടി ചികിത്സ തേടുകയും ഡോക്ടറോട് ജോലി ചെയ്ത ഇടത്തെ കുറിച്ച് പറയുകയും ചെയ്യുക. അസുഖ
വിവരം അടുത്തുള്ള ആരോഗ്യപ്രവർത്തകരെ അറിയിക്കുക. സ്വയം ചികിത്സ പാടില്ലന്നും പൂർണ്ണമായും വിശ്രമിക്കണമെന്നും ഡിഎംഒ അറിയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ആരോഗ്യ വകുപ്പ് ജില്ലകൾക്ക് ജാഗ്രതാ നിർദേശം നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ആശുപത്രികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാൻ നേരത്തെ തന്നെ നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞ യോഗത്തിൽ തീരുമാനമെടുത്ത പ്രകാരം എല്ലാ പ്രധാന ആശുപത്രികളിലും ഫീവർ ക്ലിനിക്കുകൾ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം. ദുരിതാശ്വാസ ക്യാമ്പുകൾ ആരോഗ്യ വകുപ്പ് നൽകുന്ന നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും മന്ത്രി നിർദേശം നൽകി.

മഴ തുടരുന്നതിനാൽ ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കും സാധ്യതയുണ്ട്. കൊതുകുകടി ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിടങ്ങൾ നശിപ്പിക്കാനുള്ള നടപടി സ്വീകരിക്കണം. എലിപ്പനി പ്രതിരോധം പ്രധാനമാണ്. ചെളിയിലോ മലിന ജലത്തിലോ കെട്ടിക്കിടക്കുന്ന മഴവെള്ളത്തിലോ ഇറങ്ങരുത്. അഥവാ ഇറങ്ങിയാൽ കൈകാലുകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം. വെള്ളത്തിലിറങ്ങുന്നവർ നിർബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണമെന്നാണ് നിർദ്ദേശം.

കോട്ടയം: ജില്ലയിലെ 32 സർക്കാർ ആശുപത്രികളിൽ ഡിജിറ്റൽ സേവനങ്ങൾ നൽകുന്ന ഇ-ഹെൽത്ത് സംവിധാനം നടപ്പിലായി. ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ ആണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ ആകെയുള്ള 80 ആരോഗ്യ സ്ഥാപനങ്ങളിൽ 40 ശതമാനവും ഡിജിറ്റൽ സേവനങ്ങൾ നൽകിത്തുടങ്ങി.

ഈ ആശുപത്രികളിൽ ഒ പി രജിസ്ട്രേഷൻ, പ്രീ ചെക്ക്, ഡോക്ടറുടെ കൺസൾട്ടേഷൻ, ലബോറട്ടറി പരിശോധന, ഫാർമസി തുടങ്ങിയ എല്ലാഘട്ടങ്ങളിലും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാകും. തുടർന്നുള്ള ചികിത്സകൾക്കും ഇ-ഹെൽത്ത് സംവിധാനമുള്ള മറ്റ് ആശുപത്രികളിലും തുടർ സേവനങ്ങൾ ഡിജിറ്റലായി നൽകും. രോഗിയുടെ സ്വകാര്യതയും വിവരങ്ങളുടെ രഹസ്യാത്മകതയും പൂർണമായി സംരക്ഷിച്ചുകൊണ്ടാണ് ഡിജിറ്റൽ സേവങ്ങൾ നൽകുക. ഒരു വർഷത്തിനകം ജില്ലയിലെ എല്ലാ ആശുപത്രികളിലും ഇ-ഹെൽത്ത് സംവിധാനം നടപ്പാക്കും.

ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാകാൻ എല്ലാവരും യൂണീക് ഐഡന്റിഫിക്കേഷൻ നമ്പർ എടുക്കേണ്ടത് അത്യാവശ്യമാണ്. ഈ നമ്പർ ഉള്ള കാർഡ് ഉപയോഗിച്ചാകും ആരോഗ്യ സേവങ്ങൾ നൽകുക. കൂടാതെ ജീവിതശൈലി രോഗ നിർണയത്തിനുള്ള ശൈലി അപ്ലിക്കേഷൻ, കാൻസർ നിർണയത്തിനുള്ള ക്യാൻ കോട്ടയം തുടങ്ങിയ സർക്കാർ പദ്ധതികളിൽ പരിശോധനകൾ സുഗമമായി നടത്തുന്നതിനും നമ്പർ ആവശ്യമാണ്.

https://ehealth.kerala.gov.in/portal/uhid-reg എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആധാർ നമ്പർ നൽകിയാൽ യൂണിക് ഹെൽത്ത് ഐഡി നമ്പർ സൗജന്യമായി ലഭിക്കും. ഇ-ഹെൽത്ത് സംവിധാനം ലഭ്യമായ ആശുപത്രികളിൽ നിന്ന് ബാർകോഡ് ഉൾപ്പെടെയുള്ള കാർഡ് പ്രിന്റ് ചെയ്ത് ലഭിക്കും.

കോട്ടയം ജില്ലയിൽ ഇഹെൽത്ത് സംവിധാനം ലഭ്യമായ ആശുപത്രികൾ ഇവയെല്ലാം

കോട്ടയം മെഡിക്കൽ കോളജ്

കോട്ടയം, കാഞ്ഞിരപ്പള്ളി, പാലാ ജനറൽ ആശുപത്രികൾ

പാമ്പാടി താലൂക്ക് ആശുപത്രി

കുടുംബാരോഗ്യ കേന്ദ്രങ്ങൾ

നാട്ടകം, മണർകാട്, പാറമ്പുഴ, പനച്ചിക്കാട്, മീനടം, തോട്ടയ്ക്കാട്, വാഴൂർ, പായിപ്പാട്, മാടപ്പള്ളി, വെള്ളാവൂർ, , മുത്തോലി, മീനച്ചിൽ, മൂന്നിലവ്, പൂഞ്ഞാർ, മുണ്ടക്കയം, ഈരാറ്റുപേട്ട, മരങ്ങാട്ടുപിള്ളി, വെളിയന്നൂർ, കടുത്തിരുത്തി, കുറുപ്പുന്തറ, ഉദയനാപുരം, കല്ലറ, വെള്ളൂർ, മറവന്തുരുത്, ബ്രഹ്മമംഗലം, രാമപുരം പെരുന്ന നഗരാരോഗ്യ കേന്ദ്രം.

കരളിനെ ബാധിക്കുന്ന വൈറസ് രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ് അഥവാ മഞ്ഞപ്പിത്തം. വൈറൽ ഹെപ്പറ്റൈറ്റിസിന്റെ എ, ഇ വിഭാഗങ്ങൾ ആഹാരവും കുടിവെള്ളവും വഴി പകരുന്നവയാണ്. ബി, സി.ഡി, എന്നീ വിഭാഗങ്ങൾ അണുബാധയുള്ള രക്തം, ശരീരസ്രവങ്ങൾ എന്നിവയിലൂടെയുമാണ് പകരുന്നത്.

മഞ്ഞപ്പിത്തത്തിന്റെ രോഗാണുക്കൾ ശരീരത്തിലെത്തി രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ മറ്റു പല പകർച്ചവ്യാധി രോഗങ്ങളേക്കാൾ കൂടുതൽ ദിവസങ്ങളെടുക്കാം. എ,ഇ വിഭാഗങ്ങൾക്ക് ഇത് 15 ദിവസം മുതൽ 60 ദിവസം വരെ ആയേക്കാം. ബി.സി.ഡി. വിഭാഗങ്ങൾക്ക് ഇത് 15 ദിവസം മുതൽ 6 മാസം വരെയും നീളാം.

നമ്മുടെ നാട്ടിൽ കൂടുതൽ കണ്ടുവരുന്നത് കുടിവെള്ളം വഴിയും ആഹാരസാധനങ്ങൾ വഴിയും പകരുന്ന എ,ഇ വിഭാഗം ഹെപ്പറ്റൈറ്റിസാണ്. ചെറിയ കുട്ടികളിൽ അത്ര ഗുരുതരമാവാറില്ലെങ്കിലും മുതിർന്നവരിൽ പലപ്പോഴും ഗൗരവകരമാവാറുണ്ട്. നിലവിൽ ജില്ലയിൽ കൂടുതലും റിപ്പോർട്ട് ചെയ്തിട്ടുള്ളത് ഹെപ്പറ്റൈറ്റിസ് എ കേസുകളാണ്.

ശരീര വേദനയോടു കൂടിയ പനി, തലവേദന, ക്ഷീണം, ഓക്കാനം, ഛർദ്ദി തുടങ്ങിയവയാണ് പ്രാരംഭ രോഗലക്ഷണങ്ങൾ. പിന്നീട് മൂത്രത്തിനും, കണ്ണിനും മറ്റു ശരീര ഭാഗങ്ങളിലും മഞ്ഞനിറം പ്രത്യക്ഷപ്പെടാം.

രോഗ പ്രതിരോധ നടപടികൾ

  1. വ്യക്തി ശുചിത്വം

ആഹാരം കഴിക്കുന്നതിനുമുമ്പും കഴിച്ചശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് കഴുകുക.
കുഞ്ഞുങ്ങളുടെ കൈയ്യിലെ നഖം വൃത്തിയായി വെട്ടി സൂക്ഷിയ്ക്കുക.
മലവിസർജ്ജനശേഷം കൈകൾ വൃത്തിയായി സോപ്പ് ഉപയോഗിച്ച് കഴുകുക.

  1. പരിസര ശുചിത്വം

തുറസ്സായ സ്ഥലത്ത് മലമൂത്രവിസർജ്ജനം ചെയ്യാതിരിക്കുക.
മലമൂത്രവിസർജ്ജനം കക്കൂസിൽ മാത്രം ചെയ്യുക.
കുഞ്ഞുങ്ങളുടെ വിസർജ്ജ്യങ്ങൾ സുരക്ഷിതമായി നീക്കം ചെയ്യുക.
വീടിന്റെ പരിസരത്ത് ചപ്പുചവറുകൾ കുന്നുകൂടാതെ ശ്രദ്ധിയ്ക്കുക.
ഈച്ച ശല്യം ഒഴിവാക്കുക.
കന്നുകാലി തൊഴുത്തുകൾ കഴിവതും വീട്ടിൽനിന്ന് അകലെയായിരിക്കണം.
പൊതുടാപ്പുകളും പരിസരവും വൃത്തിയായി സൂക്ഷിയ്ക്കുക.

  1. ആഹാര ശുചിത്വം

ആഹാര സാധനങ്ങൾ എപ്പോഴും അടച്ചു സൂക്ഷിക്കുക.
പഴകിയതും മലിനമായതുമായ ആഹാരം കഴിക്കാതിരിക്കുക.
പഴവർഗ്ഗങ്ങളും പച്ചക്കറികളും നല്ലവണ്ണം കഴുകിയശേഷം മാത്രം ഉപയോഗിയ്ക്കുക.
കുഞ്ഞുങ്ങൾക്ക് മുലപ്പാൽ കഴിയുന്നത്ര കാലം നൽകുക.
കുപ്പിപ്പാൽ ഒഴിവാക്കുക.
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം കുടിയ്ക്കാൻ ഉപയോഗിയ്ക്കുക.
വെള്ളം എപ്പോഴും അടച്ചു സൂക്ഷിയ്ക്കുക.
കിണറിലെ ജലം മലിനപ്പെടാതെ സൂക്ഷിയ്ക്കുക.
കിണറിനു ചുറ്റും മതിൽ കെട്ടുക. ഇടക്കിടെ കിണർവെള്ളം ക്ലോറിനേറ്റ് ചെയ്യുക.
ചെറുതും വലുതുമായ കുടിവെള്ള പമ്പിങ്ങ് സ്റ്റേഷനുകളിൽ ക്ലോറിനേഷനും ശുദ്ധീകരണ പ്രവർത്തനങ്ങളും ഉറപ്പുവരുത്തുക.
ഉത്സവങ്ങൾ, കല്യാണങ്ങൾ മറ്റ് ആഘോഷങ്ങൾ എന്നിവ നടക്കുന്ന സമയമായതിനാൽ പൊതുസ്ഥലങ്ങളിൽനിന്നു വാങ്ങിക്കഴിക്കുന്ന ശീതള പാനീയങ്ങളിൽ ഉപയോഗിക്കുന്ന ഐസും വെള്ളവും ശുദ്ധീകരിച്ചതാണെന്ന് ഉറപ്പാക്കുക
പാനീയങ്ങൾ തയാറാക്കുന്നവരും വിൽക്കുന്നവരും, വ്യാവസായിക അടിസ്ഥാനത്തിൽ തയാറാക്കുന്ന ഐസ് ബ്ലോക്കുകൾ ഉപയോഗിക്കരുത്. ശുദ്ധീകരിച്ച വെള്ളം ഉപയോഗിച്ചുള്ള ക്യൂബ് ഐസ് മാത്രം ഉപയോഗിക്കുക.

തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ് എ വൈറസ് കരളിനെ ബാധിക്കുകയും കരൾ വീക്കത്തിന് കാരണമാവുകയും ചെയ്യുന്നതിനാൽ വളരെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഞ്ഞപ്പിത്തം ബാധിച്ചവരിൽ ശ്രദ്ധിച്ചില്ലെങ്കിൽ അപൂർവമായി രോഗം ഗുരുതരമാവുകയും മരണം വരെ സംഭവിക്കുകയും ചെയ്യുമെന്നതിനാൽ രണ്ടാഴ്ച നിർണായകമാണ്. പനി, ക്ഷീണം, ഛർദ്ദി തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടമായതിന് ശേഷം രണ്ടാഴ്ച വരെയും അല്ലെങ്കിൽ മഞ്ഞപിത്തം ആരംഭിച്ചതിന് ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക. മലിനമായ ജലസ്രോതസുകളിലൂടെയൂം, മലിനമായ ജലം ഉപയോഗിച്ച് നിർമ്മിക്കുന്ന ഭക്ഷണ പാനീയങ്ങളിലൂടെയും രോഗം ബാധിച്ചവരുമായി അടുത്ത സമ്പർക്കം പുലർത്തുന്നതിലൂടെയുമാണ് ഹെപ്പറ്റൈറ്റിസ് എ പകരുന്നത്. അതിനാൽ വളരെ ശ്രദ്ധിക്കണമെന്നും മന്ത്രി വ്യക്തമാക്കി.

ഒരു സ്ഥലത്ത് മഞ്ഞപ്പിത്ത വ്യാപനമുണ്ടായാൽ വീണ്ടും ആ സ്ഥലത്ത് അവരിൽ നിന്നും പൊതു സമൂഹത്തിലേക്ക് (ദ്വിതീയ തലത്തിലേക്ക്) രോഗം പകരാതിരിക്കാൻ വളരെ ശ്രദ്ധിക്കണം. അതിനാൽ ഹെപ്പറ്റൈറ്റിസ് എയുടെ ഇൻക്യുബേഷൻ പീരീഡായ ആറാഴ്ച വിശ്രമിക്കണം. രോഗം മൂർച്ഛിക്കാതിരിക്കാനും മറ്റുള്ളവരിലേക്ക് പകരാതിരിക്കാനും ഇത് പ്രധാനമാണ്. ഭക്ഷ്യ സ്ഥാപനങ്ങളിൽ ജീവനക്കാർക്ക് ഹെൽത്ത് കാർഡ് നിർബന്ധമാണ്. ഹെൽത്ത് കാർഡിന്റെ കാലാവധി തീർന്നവർ സമയബന്ധിതമായി പുതുക്കണം. രോഗം സംശയിക്കുന്നവർ ഒരു കാരണവശാലും ഭക്ഷ്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യരുത്. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ കർശനമാക്കിയിട്ടുണ്ട്.

കുടിവെള്ള സ്‌ത്രോതസുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യുക പ്രധാനമാണ്. പ്യൂരിഫയറുകളിൽ നടക്കുന്ന ശുദ്ധീകരണത്തിലൂടെ മാത്രമായി ഹെപ്പറ്റൈറ്റിസ് എ വൈറസ് നശിക്കുകയില്ല. അതിനാൽ തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുന്നതാണ് ഏറ്റവും സുരക്ഷിതം.

പനി, ക്ഷീണം, ഛർദ്ദിൽ, മഞ്ഞപിത്തം ഉൾപ്പെടെയുള്ള രോഗലക്ഷണങ്ങളാണ് പ്രധാനമായും കാണുക. രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ ശാസ്ത്രീയ ചികിത്സ തേടുക. വ്യാജ പ്രചരണങ്ങൾക്ക് പിന്നാലെ പോയി രോഗം ഗുരുതരമാക്കരുത്. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ വളരെ ശ്രദ്ധിക്കണം.

ഹെപ്പറ്റൈറ്റിസ് രോഗം സ്ഥിരീകരിച്ചതോ, സംശയിക്കുന്നതോ ആയവരും, രോഗികളെ പരിപാലിക്കുന്നവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

·രണ്ട് ആഴ്ച വരെയും അല്ലെങ്കിൽ മഞ്ഞപിത്തം ആരംഭിച്ചതിന് ശേഷം ഒരാഴ്ച വരെയും മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക. (ലൈംഗിക ബന്ധം ഉൾപ്പടെ).

·ഭക്ഷണ, പാനീയങ്ങൾ തയ്യാറാക്കുന്നതിൽ നിന്നും മാറി നിൽക്കുക.

·കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുന്നത് ശീലമാക്കുക, പ്രത്യേകിച്ച് മല-മൂത്ര വിസർജനത്തിന് ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുമ്പും.

·രോഗി ഉപയോഗിക്കുന്ന ശുചിമുറികളിലെ പ്രതലങ്ങൾ, ബ്ലീച്ച് ലായനി ഉപയോഗിച്ച് വൃത്തിയാക്കിയതിന് ശേഷം മാത്രം മറ്റുള്ളവർ ഉപയോഗിക്കുക.

·ഹോസ്റ്റലുകൾ, ഡോർമിറ്ററികൾ തുടങ്ങിയ സ്ഥാപനങ്ങളിൽ രോഗബാധിതരെ പ്രത്യേകമായി താമസിപ്പിക്കുക.

·രോഗി ഉപയോഗിച്ച വസ്ത്രങ്ങളും, പാത്രങ്ങളും മറ്റ് വസ്തുക്കളും മറ്റുളളവരുമായി പങ്കിടരുത്.

·രോഗി ഉപയോഗിച്ച വസ്ത്രങ്ങളും പാത്രങ്ങളും പ്രത്യേകം കഴുകണം. അവ 0.5% ബ്ലീച്ചിംഗ് ലായനി പോലുള്ള അണുനാശിനി ഉപയോഗിച്ച് വൃത്തിയാക്കുക. (15 ഗ്രാം അല്ലെങ്കിൽ 3 ടീ സ്പൂൺ അല്ലെങ്കിൽ 1 ടേബിൾ സ്പൂൺ ബ്ലീച്ചിംഗ് പൗഡർ 1 ലിറ്റർ വെള്ളത്തിൽ കലക്കിയാൽ 0.5% ബ്ലീച്ചിംഗ് ലായനി തയ്യാറാക്കാവുന്നതാണ്.)

·ആൾക്കഹോൾ അടങ്ങിയ ഹാൻഡ് റബ്ബുകൾ ഹെപ്പറ്റൈറ്റിസ് എ അണു നശീകരണത്തിന് ഫലപ്രദമല്ല.

തിരുവനന്തപുരം: ഉഷ്ണ തരംഗവും തുടർന്നുള്ള വേനൽ മഴയും കാരണം വിവിധതരം പകർച്ചപ്പനികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവർത്തിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃത്യമായി നടത്തണം. പൊതുതാമസ ഇടങ്ങൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് ശുചീകരണമുറപ്പാക്കണം. കിണറുകൾ, കുടിവെള്ള സ്‌ത്രോതസുകൾ എന്നിവ ശുചീകരിക്കണം. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കും. സ്‌കൂളുകളിലെ വെള്ളം ശുദ്ധമാണെന്ന് ഉറപ്പാക്കും. ചികിത്സാ പ്രോട്ടോകോൾ കൃത്യമായി പാലിക്കണം. ആശുപത്രികളിൽ പ്രത്യേക ഫീവർ ക്ലിനിക്കുകൾ ആരംഭിക്കും. ഐസൊലേഷൻ കിടക്കകൾ മാറ്റിവയ്ക്കും. ആശുപത്രികൾ മരുന്നുകളുടെ സ്റ്റോക്ക് വിലയിരുത്തി ലഭ്യത ഉറപ്പാക്കും. മരുന്ന് സ്റ്റോക്ക് 30 ശതമാനത്തിന് താഴെയാകുന്നതിന് മുമ്പ് അറിയിക്കണമെന്ന് മന്ത്രി നിർദേശം നൽകി. ജില്ലകളുടെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്.

കേരള പൊതുജനാരോഗ്യ നിയമം പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കും. പൊതു ജല സ്‌ത്രോതസുകൾ ശുദ്ധമായി സൂക്ഷിക്കുക എന്നത് ഉത്തരവാദപ്പെട്ടവരുടെ ചുമതലയാണ്. അതിനാൽ അവർ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണം. മഞ്ഞപ്പിത്തം ബാധിച്ചവർ സെക്കന്ററി ഇൻഫക്ഷൻ വരാതിരിക്കാൻ ആറാഴ്ച വിശ്രമിക്കണം. അവബോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും നിർദേശം നൽകി. പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിന് കാമ്പയിൻ സംഘടിപ്പിക്കണം. പഞ്ചായത്തുകളിൽ മൈക്ക് അനൗൺസ്‌മെന്റ് ഉൾപ്പെടെ നടത്തണം.

പകർച്ചവ്യാധികൾക്കെതിരെ സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും യോഗങ്ങൾ ചേർന്ന് ജാഗ്രതാ നിർദേശം നൽകി പ്രതിരോധം ശക്തമാക്കിയിരുന്നു. ഡെങ്കിപ്പനി, എലിപ്പനി, മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ്-എ) തുടങ്ങിയ രോഗങ്ങളാണ് കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത്. മഴക്കാലം വരുന്നതിനാൽ ശക്തമായ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തണമെന്ന് മന്ത്രി നിർദേശം നൽകി.

ജില്ലകളിലെ സാഹചര്യവും ചെയ്ത പ്രതിരോധ പ്രവർത്തനങ്ങളും ജില്ലാ മെഡിക്കൽ ഓഫീസർമാർ വിവരിച്ചു. എറണാകുളം, മലപ്പുറം, കോഴിക്കോട്, തൃശൂർ, കണ്ണൂർ, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് പ്രധാനമായും മഞ്ഞപ്പിത്തം റിപ്പോർട്ട് ചെയ്തത്. എല്ലാ സ്ഥലങ്ങളിലും വെള്ളത്തിലൂടെയാണ് മഞ്ഞപ്പിത്തം ഉണ്ടായതെന്നാണ് കണ്ടെത്തിയത്. രോഗബാധിത പ്രദേശങ്ങളിലെ എല്ലാ കുടിവെള്ള സ്‌ത്രോതസുകളിലും ക്ലോറിനേഷൻ നടത്താൻ നിർദേശം നൽകി.

ഡെങ്കിപ്പനി ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക പ്രസിദ്ധീകരിക്കും. കൊതുകുകളുടെ ഉറവിട നശീകരണത്തിനായി തദ്ദേശ സ്ഥാപനങ്ങളുടെ ഏകോപനത്തോടെയും പൊതുജന പങ്കാളിത്തത്തോടെയും ഡ്രൈ ഡേ കൃത്യമായി ആചരിക്കാൻ മന്ത്രി നിർദേശിച്ചു. മേയ് 18, 19 തീയതികളിൽ കൃത്യമായ ശുചീകരണ പ്രവർത്തനങ്ങൾ നടത്തണം.

എലിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം. മലിന ജലത്തിലോ മലിനജലം കലർന്ന മഴവെള്ളത്തിലോ ഇറങ്ങിയവർ നിർബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിൻ കഴിക്കണം.

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ പക്ഷിപ്പനി പ്രതിരോധ പ്രവർത്തനങ്ങളും യോഗം ചർച്ച ചെയ്തു. ഗർഭിണികൾ, അനുബന്ധ രോഗങ്ങളുള്ളവർ എന്നിവരിൽ കോവിഡ് രോഗം ഗുരുതരമായി കാണുന്നതിനാൽ നിർബന്ധമായും മാസ്‌ക് ധരിക്കണം.

എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, ആരോഗ്യ വകുപ്പ് ഡയറക്ടർ, അഡീഷണൽ ഡയറക്ടർമാർ, ജില്ലാ മെഡിക്കൽ ഓഫീസർമാർ, ജില്ലാ പ്രോഗ്രാം മാനേജർമാർ, ജില്ലാ സർവൈലൻസ് ഓഫീസർമാർ, രോഗവ്യാപനമുള്ള സ്ഥലങ്ങളിലെ മെഡിക്കൽ ഓഫീസർമാർ എന്നിവർ പങ്കെടുത്തു.