Health (Page 14)

തിരുവനന്തപുരം: ജില്ലയിൽ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ ഒരുങ്ങി ആരോഗ്യ വകുപ്പ്. ഇതിന്റെ ഭാഗമായി ക്യാമ്പയിനുകളും ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കും. വിദ്യാഭ്യാസ വകുപ്പ്, തൊഴിൽ വകുപ്പ്, കൃഷിവകുപ്പ്, മൃഗസംരക്ഷണ വകുപ്പ്, തൊഴിലുറപ്പ് പദ്ധതി തുടങ്ങിയ വകുപ്പുകളെ ഏകോപിപ്പിച്ചുകൊണ്ടാണ് പ്രവർത്തനങ്ങൾ നടപ്പിലാക്കുക.

ജില്ലയിൽ കൂടുതൽ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളിൽ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കും. ആരോഗ്യവകുപ്പ്, ശുചിത്വമിഷൻ, ഹരിതകേരളമിഷൻ തുടങ്ങിയവയുടെ നേതൃത്വത്തിൽ പൊതുജനപങ്കാളിത്തത്തോടെ ചിട്ടയായ മാലിന്യനിർമാർജനം, പരിസര ശുചീകരണം കൊതുകുറവിട നശീകരണം തുടങ്ങിയ പ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണ വകുപ്പ് നടപ്പാക്കും. ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെയും അധികാര പരിധിയിൽ വരുന്ന ആശുപത്രികൾ, ക്ലിനിക്കുകൾ തുടങ്ങിയ സ്ഥാപനങ്ങളിൽ സേവനം നൽകപ്പെടുന്ന പകർച്ചവ്യാധിയുടെ വിവരങ്ങൾ യഥാസമയം ഐഡിഎസ്പി (ഇന്റഗ്രേറ്റഡ് ഡിസീസ് സർവൈലൻസ് പ്രോഗ്രാം)യിൽ റിപ്പോർട്ട് ചെയണം.

വീടുകളിലും സ്ഥാപനങ്ങളിലും മാലിന്യനിർമ്മാർജനം ഉറവിട നശീകരണത്തിലൂടെ നടപ്പിലാക്കും. തൊഴിലുറപ്പ് പദ്ധതിയിൽ ഏർപ്പെടുന്നവർക്ക് വ്യക്തിഗത സുരക്ഷാമാർഗങ്ങളും പ്രതിരോധ ചികിത്സയും ഉറപ്പാക്കും. പൊതുസ്ഥലങ്ങളിൽ കൊതുക് വളരാൻ ഇടയുള്ള വസ്തുക്കൾ നീക്കുകയും പാഴ്വസ്തുക്കൾ സംസ്‌കരിക്കുകയും വേണം. ജലദൗർലഭ്യമുള്ള പ്രദേശങ്ങൾ നേരത്തെ കണ്ടെത്തി സമയബന്ധിതമായി ശുദ്ധജലലഭ്യത ഉറപ്പാക്കും. പമ്പിംഗ് സ്റ്റേഷൻ പരിസരത്തെ ജലസ്രോതസുകളുടെ മലിനീകരണം തടയും. കുടിവെള്ളത്തിന്റെ ഗുണമേന്മ പരിശോധനകൾ നടത്തും. ആഴ്ചയിലൊരിക്കൽ ഉറവിട നശീകരണവും ഡ്രൈ ഡേ ആചരണവും നടപ്പാക്കും.

തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ തോട്ടം മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ ആരോഗ്യ സംരക്ഷണത്തിനും പകർച്ച വ്യാധി പ്രതിരോധത്തിനും വേണ്ട നടപടികൾ സ്വീകരിക്കും. വനിതാ ശിശു വികസന വകുപ്പ് അംഗണവാടി ഹെൽപ്പർമാർ , സന്നദ്ധ പ്രവർത്തകർ എന്നിവർ വഴി ഗൃഹ സന്ദർശനവും സ്ഥാപന സന്ദർശനവും നടത്തി ആവശ്യമായ പ്രവർത്തനങ്ങൾ ചെയ്യും. ട്രൈബൽ പ്രൊമോട്ടർമാർ ആരോഗ്യ വകുപ്പുമായി ചേർന്ന് സാംക്രമിക രോഗങ്ങളെ കുറിച്ച് ബോധവത്കരണം നടത്തും. മഴക്കാല പൂർവ ശുചികരണ പ്രവർത്തനങ്ങൾ ഉറപ്പാക്കും. ഭക്ഷ്യ വിഷബാധ ഉണ്ടാകുന്ന സ്ഥലങ്ങളിൽ പരിശോധന നടത്തി നടപടികൾ സ്വീകരിക്കും. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ കൊതുകിന്റെ ഉറവിട നശീകരണം ഉൾപ്പടെയുള്ള പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കും. കൃത്യമായ മോണിറ്ററിങ്ങിലൂടെയാണ് വകുപ്പുകൾ പ്രവർത്തനങ്ങൾ നടപ്പിലാക്കുക.

തിരുവനന്തപുരം: പേ വിഷബാധയ്ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യ വകുപ്പ്. പട്ടി, പൂച്ച, പെരുച്ചാഴി, കുരങ്ങൻ തുടങ്ങിയവയാൽ മുറിവോ മാന്തലോ ഏറ്റാൽ മുറിവ് സാരമുള്ളതല്ലെങ്കിൽ കൂടി അവഗണിക്കരുതെന്നും പേ വിഷബാധയ് ക്കെതിരെ ചികിത്സ തേടണമെന്നും തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

കടിയോ മാന്തലോ ഏറ്റ ഭാഗം ഒഴുകുന്ന വെള്ളത്തിൽ സോപ്പുപയോഗിച്ച് നന്നായി തേച്ച് 20 മിനിറ്റ് നേരം കഴുകിയതിനുശേഷം ഉടനടി ചികിത്സ തേടണം. ഐ.ഡി.ആർ.വിക്കൊപ്പം മുറിവിന്റെ തീവ്രതയനുസരിച്ച്
ഇമ്മ്യൂണോഗ്ലോബുലിൻ കുത്തിവയ്പ്പ് കൂടി എടുക്കണം. ഐ.ഡി.ആർ.വി.എല്ലാ സർക്കാർ ജനറൽ -ജില്ലാ – താലുക്ക് – സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും. ഇമ്മ്യൂണോഗ്ലോബുലിൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലും തിരുവനന്തപുരം ജനറൽ ആശുപത്രിയിലും ചിറയിൻകീഴ് താലുക്ക് ആസ്ഥാന ആശുപത്രിയിലും ലഭ്യമാണ്.

ശ്രദ്ധിക്കേണ്ടവ

*വളർത്തുമൃഗങ്ങളെ പരിചരിക്കുന്നവരും പെറ്റ് ഷോപ്പുകൾ നടത്തുന്നവരും പേ വിഷബാധക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് നിർബന്ധമായും എടുക്കണം.
*മൃഗങ്ങളെ പരിപാലിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ കൈകാലുകൾ സോപ്പുപയോഗിച്ച് കഴുകണം.
പട്ടിക്കുഞ്ഞുങ്ങളും പൂച്ചക്കുഞ്ഞുങ്ങളും പരിപാലിച്ചു കഴിഞ്ഞാലും ഉടൻതന്നെ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക. അവ മാന്തിയാലും കടിച്ചാലും പേ വിഷബാധ സാദ്ധ്യ തയുണ്ട്
*മുറിവുകളിലോ കാലിലെ വിണ്ടുകീറലിലോ മൃഗങ്ങളുടെ ഉമിനീർ, മൂത്രം തുടങ്ങിയവ പറ്റാതിരിയ്ക്കാൻ ശ്രദ്ധിക്കണം.
*വളർത്തു മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുക
*കുട്ടികളെ മൃഗങ്ങളുമായി അടുത്തിടപഴകാൻ അനുവദിക്കരുത്.
*അലഞ്ഞു തിരിഞ്ഞ് നടക്കുന്ന പട്ടി, പൂച്ച തുടങ്ങിയവയുമായി അടുത്ത് ഇടപഴകാതിരിക്കുക. ഇത്തരം മൃഗങ്ങൾ വീട്ടുവരാന്തയിൽ വിശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ആ സ്ഥലം കഴുകി വൃത്തിയാക്കുക.

പേ വിഷബാധയുള്ള മൃഗങ്ങളുടെ ലക്ഷണങ്ങൾ:

വെള്ളം കുടിയ്ക്കാൻ ബുദ്ധിമുട്ട്, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, അമിതമായ ഉമിനീർ, ആക്രമണ സ്വഭാവം, സാങ്കൽപ്പിക വസ്തുക്കളിൽ കടിക്കുക, പ്രതീക്ഷിക്കുന്നതിലും മെരുക്കമുള്ളതായി കാണപ്പെടുക, ചലിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവ

വളർത്തുമൃഗങ്ങളോ വീട്ടിൽ സ്ഥിരമായി വരുന്ന പൂച്ച പോലുള്ള മൃഗങ്ങളോ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവിക സ്വഭാവം കാണിച്ചാൽ ജാഗ്രത പാലിക്കണം. ഇത്തരം ലക്ഷണങ്ങളോടെ അവ മരണപ്പെട്ടാൽ, അടുത്തുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരേയും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരേയും അറിയിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിൽ വിവിധ പേരിലറിയപ്പെടുന്ന ഓപ്പറേഷനുകൾ എല്ലാം കൂടി ഓപ്പറേഷൻ ലൈഫ് എന്ന ഒറ്റ പേരിൽ ഇനി അറിയപ്പെടുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ഭക്ഷ്യ സുരക്ഷയ്ക്കായി ഓപ്പറേഷൻ ഷവർമ, ഓപ്പറേഷൻ മത്സ്യ, ഓപ്പറേഷൻ ജാഗറി, ഓപ്പറേഷൻ ഹോളിഡേ തുടങ്ങിയ നിരവധി ഡ്രൈവുകളാണ് ഈ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയത്. അതിന്റെ കൂടി ഫലമായി ഭക്ഷ്യ സുരക്ഷാ സൂചികയിൽ കേരളം രാജ്യത്ത് ഒന്നാം സ്ഥാനം നേടി. ഈ ഓപ്പറേഷനുകളെല്ലാം ഇനി ഒരൊറ്റ പേരിലായിരിക്കും പരിശോധന നടത്തുകയെന്നും മന്ത്രി വ്യക്തമാക്കി. ലോക ഭക്ഷ്യസുരക്ഷാ ദിനം സംസ്ഥാനതല ഉദ്ഘാടനവും അവാർഡ് വിതരണവും ഭക്ഷ്യസുരക്ഷാ ബോധവൽക്കരണ സെമിനാറും ഉദ്ഘാടനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

സുസ്ഥിരവും ആരോഗ്യകരവുമായ നിലനിൽപ്പിനായാണ് ഭക്ഷ്യ സുരക്ഷാ ദിനം ആചരിക്കുന്നത്. സുരക്ഷിതമല്ലാത്ത ഭക്ഷണം മൂലമുണ്ടാകുന്ന രോഗങ്ങൾ തിരിച്ചറിയുന്നതിനും നിയന്ത്രിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനം പകരുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം. ലോകാരോഗ്യ സംഘടന ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട് ഉയർത്തുന്ന സന്ദേശം തന്നെ ‘Food safety is every one’s business’ എന്നതാണ്.

സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുന്നതിന്റെ പ്രാധാന്യം ഉൾക്കൊണ്ട് തീവ്രയജ്ഞ പരിപാടികളാണ് നടത്തി വരുന്നത്. ‘നല്ല ഭക്ഷണം നാടിന്റെ അവകാശം’ എന്ന ആപ്തവാക്യം ഉൾക്കൊണ്ട് ഈ സർക്കാർ നിരവധി പ്രവർത്തനങ്ങൾ നടത്തി. ഈ സർക്കാരിന്റെ കാലത്ത് ചികിത്സാ സംവിധാനം വലിയ രീതിയിൽ ഒരുക്കിയതിനോടൊപ്പം രോഗ പ്രതിരോധത്തിനും ആരോഗ്യ സംരക്ഷണത്തിനും പ്രാധാന്യം നൽകുന്നു. നല്ല ഭക്ഷണവും വെളളവും ഓരോരുത്തരുടെയും അവകാശമാണ്. ഭക്ഷണത്തിൽ മായം ചേർക്കുന്നത് ക്രിമിനൽ കുറ്റമാണ്. അതിനാൽ തന്നെ കർശന നടപടി സ്വീകരിക്കുന്നു.

ഈ സർക്കാരിന്റെ കാലത്ത് ഭക്ഷ്യ സുരക്ഷാ എൻഫോഴ്‌സ്‌മെന്റ് പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തി. ഭക്ഷ്യ സുരക്ഷാ പരിശോധനയിലും പിഴത്തുകയിലും റെക്കോർഡ് വർധനവാണ് കഴിഞ്ഞ സാമ്പത്തിക വർഷമുണ്ടായത്. പിഴത്തുക ഇരട്ടിയായി വർധിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 65,432 പരിശോധനകളാണ് നടത്തിയത്. 4.05 കോടി രൂപ പിഴ ഈടാക്കി. പ്രാദേശികമായ സമ്മർദ്ദങ്ങൾ അതിജീവിക്കാൻ ഭക്ഷ്യ സുരക്ഷാ പരിശോധനകളെല്ലാം ഓൺലൈനാക്കി. മറ്റ് നടപടികളും സ്വീകരിച്ച് വരുന്നു.

ഭക്ഷ്യ സുരക്ഷ എല്ലാവരുടേയും ഉത്തരവാദിത്തമാണ്. ഭക്ഷണം വിളമ്പുന്നവരുടെ ശുചിത്വം പ്രധാനമാണ്. അതിനാൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കി. കെ.എം.എസ്.സി.എൽ. വഴി കുറഞ്ഞ വിലയ്ക്ക് ടൈഫോയിഡ് വാക്‌സിൻ ലഭ്യമാക്കി. പച്ചമുട്ട ചേർത്തുണ്ടാക്കിയ മയോണൈസ് നിരോധിച്ചു. സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്‌സ് (ഇന്റലിജൻസ്) രൂപീകരിച്ചു. ഭക്ഷ്യ സുരക്ഷാ ഗ്രിവൻസ് പോർട്ടലും ഈറ്റ് റൈറ്റ് കേരള മൊബൈൽ ആപ്പും യാഥാർത്ഥ്യമാക്കി. എൻ.എ.ബി.എൽ. ലാബ് സജ്ജമാക്കി. മൈക്രോബയോളജി ലാബുകൾ സജ്ജമാക്കി വരുന്നു. ക്ലീൻ സ്ട്രീറ്റ് ഫുഡ് ആരംഭിച്ചു. ഭക്ഷ്യ സുരക്ഷാ ഉദ്യോഗസ്ഥർ ഒരു തരത്തിലുള്ള സമ്മർദത്തിനും വഴങ്ങരുത്. നമുക്കും സമൂഹത്തിനും അടുത്ത തലമുറയ്ക്കുമായാണ് പ്രവർത്തിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ആന്റണി രാജു എംഎൽഎ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഭക്ഷ്യ സുരക്ഷാ കമ്മീഷണർ അഫ്സാന പർവീൺ, കൗൺസിലർ പാളയം രാജൻ, ഭക്ഷ്യ സുരക്ഷാ ജോ കമ്മീഷണർ ജേക്കബ് തോമസ്, ഡെപ്യൂട്ടി ഡയറക്ടർ മഞ്ജുദേവി എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: രോഗികളോട് ആർദ്രതയോടെയുള്ള പെരുമാറ്റം ചികിത്സയിൽ പ്രധാനമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അവർക്ക് ഗുണനിലവാരമുള്ള ചികിത്സ ഉറപ്പാക്കണം. അനാവശ്യമായി രോഗികളെ റഫർ ചെയ്യരുത്. ആശുപത്രികളുടെ പ്രവർത്തന സമയം ഉറപ്പാക്കണം. ആശുപത്രികൾ പൂട്ടിയിടുന്ന സാഹചര്യം ഒഴിവാക്കണമെന്നും മന്ത്രി നിർദേശം നൽകി. ആരോഗ്യ വകുപ്പിലെ വിവിധ ആശുപത്രികളിലെ ഡോക്ടർമാരെ ഓൺലൈനായി അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

ജീവനക്കാർ അനധികൃതമായി ജോലിയിൽ നിന്ന് വിട്ട് നിൽക്കാൻ പാടില്ല. ഡോക്ടർമാർ ഉൾപ്പെടെ 2000ത്തോളം ജീവനക്കാരാണ് സർവീസിൽ നിന്നും വിട്ട് നിൽക്കുന്നത്. ഇത് പൊതുജനാരോഗ്യ പ്രവർത്തനങ്ങളേയും ചികിത്സയേയും ബാധിക്കുന്ന വിഷയമാണ്. അതിനാൽ തന്നെ അനധികൃതമായി വിട്ടുനിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും.

ആശുപത്രികളുടെ ഗുണനിലവാരം ഉയർത്തി രോഗികൾക്ക് മികച്ച സൗകര്യങ്ങളൊരുക്കുകയാണ് സർക്കാർ നയം. ആർദ്രം മിഷനിലൂടെ ചികിത്സാ സൗകര്യങ്ങൾ വലിയ തോതിൽ വർധിപ്പിച്ചു. പൊതുജനാരോഗ്യ നിയമം കൃത്യമായി നടപ്പിലാക്കണം. മെഡിക്കൽ ഓഫീസർമാർക്ക് പൊതുജനാരോഗ്യ നിയമത്തിൽ പ്രധാന പങ്കുണ്ട്. പൊതുജനാരോഗ്യ നിയമ പ്രകാരം സമിതികൾ യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിക്കണം. എല്ലാ ആശുപത്രികളിലും സേഫ്റ്റി ഓഡിറ്റ് നടത്തിയിരുന്നു. അതനുസരിച്ച് സുരക്ഷാ ക്രമീകരണം ഉറപ്പാക്കണം. സ്റ്റേറ്റ് മെഡിക്കൽ ഓഫീസർമാരുടെ കോൺഫറസ് പ്രകാരം ജില്ലാതലത്തിലും പ്രാദേശിക തലത്തിലും ഇത്തരം യോഗങ്ങൾ ചേരണം. ആശുപത്രികളിൽ നടക്കുന്ന വികസന പ്രവർത്തനങ്ങൾ തടസപ്പെടരുത്. കൂട്ടായ പ്രവർത്തനങ്ങളിലൂടെ പ്രശ്‌നങ്ങൾ പരിഹരിക്കാനാകും.

സംസ്ഥാനത്ത് ഡയാലിസിസ് സംവിധാനം ശക്തിപ്പെടുത്തും. സ്ഥലമില്ലാത്ത ആശുപത്രികളിൽ മൊബൈൽ യൂണിറ്റുകൾ സജ്ജമാക്കും. ലക്ഷ്യ സ്റ്റാൻഡേർഡ്‌സ് പ്രകാരം ലേബർ റൂമുകൾ സജ്ജമാക്കി വരുന്നു. ഇൻഫെക്ഷൻ കൺട്രോൾ പ്രോട്ടോകോൾ പാലിക്കണം. ഡോക്ടർമാർ ചെയ്യുന്ന സേവനങ്ങൾ വളരെ വിലപ്പെട്ടതാണ്. ഈ കാലയളവിൽ ആരോഗ്യ മേഖല ഒട്ടേറെ വെല്ലുവിളികൾ നേരിട്ടു. കോവിഡ്, സിക, മങ്കിപോക്‌സ്, നിപ തുടങ്ങിയ പകർച്ചവ്യാധികളെ പ്രതിരോധിക്കാനായി. പകർച്ചവ്യാധി പ്രതിരോധത്തിന് വലിയ പ്രാധാന്യമാണ് നൽകി വരുന്നത്. ആരോഗ്യ വകുപ്പ് എന്നത് വ്യക്തിയല്ല. അത് ഒരു ചങ്ങല പോലെയാണ്. അതിനാൽ തന്നെ ഒരുമിച്ച് പ്രവർത്തിക്കാമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ. ഖോബ്രഗഡെ, ആരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. കെ.ജെ. റീന എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: കേരളത്തെ ബാല സൗഹൃദ സംസ്ഥാനമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ, വനിത ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ്. വീട്, സ്‌കൂൾ, കടകൾ, ഷോപ്പിംഗ് മാളുകൾ തുടങ്ങി പൊതു സ്ഥലങ്ങളിലെല്ലായിടത്തും കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. ഇതിലൂടെ കുഞ്ഞുങ്ങളുടെ അവകാശം സംരക്ഷിക്കാനാണ് വനിത ശിശുവികസന വകുപ്പ് പരിശ്രമിക്കുന്നതെന്ന് മന്ത്രി വ്യക്തമാക്കി. അങ്കണവാടി പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനവും അങ്കണ പൂമഴ പുസ്തകങ്ങളുടെ പ്രകാശനവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഇത്തവണ 3+, 4+ എന്നിങ്ങനെ പ്രായമനുസരിച്ചുള്ള കൈപുസ്തകങ്ങൾ അങ്കണവാടികൾക്കായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിലവിൽ ഉപയോഗിക്കുന്ന കൈപുസ്തകങ്ങൾ വ്യത്യസ്ത പ്രായത്തിന്റെ അടിസ്ഥാനത്തിൽ ഉപയോഗിക്കത്തക്ക വിധത്തിൽ ശാസ്ത്രീയമായ മാറ്റങ്ങൾ വരുത്തിയാണ് തയാറാക്കിയിട്ടുള്ളത്. ഈ പുസ്തകത്തിലെ ടീച്ചർ പേജ് ക്യു.ആർ. കോഡ് ഉപയോഗിച്ച് ഡിജിറ്റലാക്കി പരിഷ്‌കരിച്ചാണ് പ്രസിദ്ധീകരിച്ചത്. ഇതുകൂടാതെ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കുട്ടികൾക്ക് കഥകളും പാട്ടും കാണാനും കേൾക്കാനുമുള്ള സൗകര്യങ്ങളും പുസ്തകത്തിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കുട്ടികളുടെ ശാരീരികവും മാനസികവും ബൗദ്ധികവുമായ വികാസത്തിന് ഉന്നൽ നൽകിക്കൊണ്ടുള്ള പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്. അങ്കണവാടികളുടെ ഭൗതിക സാഹചര്യങ്ങൾ മികച്ചതാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് 90 സ്മാർട്ട് അങ്കണവാടികൾ നിർമ്മിച്ചു. അങ്കണവാടികളെ ശിശു സൗഹൃദ- ശിശു പരിപോഷണ കേന്ദ്രങ്ങളാക്കി മാറ്റുന്നതിനും അങ്കണവാടി കെട്ടിടത്തെയും പരിസരത്തെയും ഒന്നാകെ പരിവർത്തനപ്പെടുത്തി. ആകർഷകമായ നിറങ്ങളോട് കൂടിയ ഫർണിച്ചർ, ശിശു സൗഹൃദ ടോയിലറ്റ്, വെർട്ടിക്കൽ ഗാർഡൻ, പച്ചക്കറിത്തോട്ടം, ആധുനിക സൗകര്യങ്ങളോടു കൂടിയ അടുക്കള എന്നീ സൗകര്യങ്ങൾ സ്മാർട്ട് അങ്കണവാടികളുടെ പ്രത്യേകതയാണ്. ഇതുകൂടാതെ ചായം പദ്ധതി വഴി ഭിന്നശേഷി കുട്ടികൾക്കായി 142 അങ്കണവാടികളെ സവിശേഷ അങ്കണവാടികളാക്കി മാറ്റുന്നതിന് ഒരു അങ്കണവാടിയ്ക്ക് 2 ലക്ഷം രൂപ വീതം അനുവദിച്ചിട്ടുണ്ട്.

ഗർഭാവവസ്ഥ മുതൽ കുഞ്ഞിന് 2 വയസ് തികയുന്നത് വരെയുള്ള 1000 ദിനങ്ങളിൽ കുഞ്ഞിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കിയുള്ള പദ്ധതിയും നടപ്പിലാക്കി വരുന്നു. അങ്കണവാടി പ്രീ സ്‌കൂൾ കുട്ടികൾക്ക് പോഷണം ഉറപ്പാക്കാനായി പാലും മുട്ടയും കൂടി നൽകി. നിയമവുമായി പൊരുത്തപ്പെടാൻ സാധിക്കാത്ത കുട്ടികളുടെ മാനസികവും ശാരീരികവും സാമൂഹികവുമായ സുസ്ഥിതി ഉറപ്പാക്കുന്നതിന് സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന കാവൽ, കാവൽ പ്ലസ് പദ്ധതികളെ അടുത്തിടെ സുപ്രീം കോടതി അഭിനന്ദിച്ചിരുന്നു. ഇതുകൂടാതെ സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന ഫോസ്റ്റർ കെയർ പദ്ധതിയെ യുണിസെഫും അഭിനന്ദിച്ചിരുന്നതായും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ 33115 അങ്കണവാടികളിലാണ് പ്രവേശനോത്സവം സംഘടിപ്പിച്ചത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ വനിത ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, കൗൺസിലർമാരായ കസ്തൂരി എം.എസ്., മീന ദിനേശ്, ജെൻഡർ കൺസൾട്ടന്റ് ടി.കെ. ആനന്ദി, ബിന്ദു ഗോപിനാഥ് എന്നിവർ പങ്കെടുത്തു.

ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടതുണ്ട്. പേശികളുടെ ആരോഗ്യത്തിനും എല്ലുകൾക്കും മസിലുകൾക്കും ശക്തി നൽകാനും ശരീരത്തിന് ഊർജം നൽകാനും പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ സഹായിക്കും. രോഗ പ്രതിരോധശേഷി ഉയർത്താനും പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കാം. പ്രോട്ടീൻ ധാരാളം അടങ്ങിയ ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

മുട്ട

ഉയർന്ന പ്രോട്ടീൻ അടങ്ങിയിട്ടുള്ള ഭക്ഷണമാണ് മുട്ട. മുട്ടയിൽ മാത്രമല്ല അവശ്യ അമിനോ ആസിഡും അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തിന് വേണ്ട ഊർജം പകരാനും രോഗ പ്രതിരോധശേഷി മെച്ചപ്പെടാനും മുട്ട കഴിക്കുന്നത് നല്ലതാണ്.

പനീർ

പനീറിലും ധാരാളം പ്രോട്ടിനുകൾ അടങ്ങിയിട്ടുണ്ട്. കാത്സ്യം, ഫോസ്ഫറസ്, വിറ്റമിനുകൾ, മിനറലുകൾ തുടങ്ങിയവയെല്ലാം ഇവയിൽ അടങ്ങിയിട്ടുണ്ട്. എല്ലിന്റെയും പല്ലിന്റെയും വളർച്ചയ്ക്ക് പനീറിലെ കാത്സ്യം, ഫോസ്ഫറസ് എന്നിവ സഹായിക്കുന്നു. രോഗപ്രതിരോധശേഷി കൂട്ടാനും പനീർ സഹായിക്കും.

പരിപ്പ്

പ്രോട്ടീന്റെ കലവറയായ ഭക്ഷണമാണ് പരിപ്പ്. പരിപ്പ് കഴിക്കുന്നതിലൂടെ ശരീരത്തിന് വേണ്ട ഊർജം ലഭിക്കും.

ബദാം

പ്രോട്ടീൻ സമ്പന്നമായ ഭക്ഷണമാണ് ബദാം. ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിൻ ഇ തുടങ്ങിയവയിലും ബദാമിലുണ്ട്. ഇവ ശരീരത്തിന് വേണ്ട ഊർജം പകരാനും, ഹൃദയാരോഗ്യത്തിനും ചർമ്മത്തിന്റെ ആരോഗ്യത്തിനും ബദാം കഴിക്കുന്നത് നല്ലതാണ്.

കടല

പ്രോട്ടീൻ സമ്പന്നമായ കടല ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ആരോഗ്യത്തിന് വളരെ ഉത്തമമാണ്.

സ്‌കൂളിലേക്ക് നടന്നു പോകുന്ന ഒരുപാട് കുട്ടികളുണ്ട് നമുക്ക് ചുറ്റും. അവരുടെ സുരക്ഷക്ക് വാഹനം ഉപയോഗിക്കുന്നവർ പൂർണ്ണമായ ജാഗ്രത പാലിക്കുന്നതോടൊപ്പം നടന്നു പോകുന്ന കുട്ടികളേയും പരിശീലിപ്പിക്കേണ്ടതുണ്ട്. ഇതിന് അധ്യാപകരും രക്ഷിതാക്കളും പൂർണ്ണ പിന്തുണ നൽകേണ്ടതാണ്. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

  1. കുട്ടികൾ വലത് വശം ചേർന്ന് തന്നെയാണ് നടക്കുന്നത് എന്ന് ഉറപ്പ് വരുത്തുക. അധ്യാപകരും രക്ഷിതാക്കളും അങ്ങനെ നടന്ന് മാതൃക കാണിക്കുക.
  2. റോഡിൽ കൂട്ടം കൂടി നടക്കുന്നതും കളിക്കുന്നതും അപകടകരമാണ് എന്ന് ബോധ്യപ്പെടുത്തുക.
  3. റോഡിൽ നിരന്ന് നടക്കാതെ വരിവരിയായി നടക്കുക.
  4. കുട്ടികളെ കൈ പിടിച്ച് നടത്തുമ്പോൾ അവരെ വലത്തേ അറ്റം നടത്തുക. കുട്ടികൾ നമ്മുടെ കയ്യിൽ പിടിക്കുന്നതിനേക്കാൾ സുരക്ഷിതമാണ് നാം അവരുടെ കയ്യിൽ പിടിച്ച് നടത്തുന്നത്. കൊച്ചു കുട്ടികളാന്നെങ്കിൽ നമ്മുടെ പെരു വിരൽ കുട്ടിക്ക് പിടിക്കാൻ കൊടുക്കുകയും മറ്റ് വിരലുകൾ കൊണ്ട് നാം കുട്ടിയുടെ കൈ ചേർത്ത് പിടിക്കുകയും ചെയ്യുക.
  5. അപരിചിതരുടെ വാഹനങ്ങളിൽ ഒരിക്കലും ലിഫ്റ്റ് ആവശ്യപ്പെടുകയില്ലെന്നും അപരിചിതർ ലിഫ്റ്റ് വാഗ്ദാനം ചെയ്താൽ നിരസിക്കണമെന്നും ബോധ്യപ്പെടുത്തുക.

മനുഷ്യ ശരീരത്തിന്റെ ആരോഗ്യം നിലനിർത്താൻ വെള്ളം കുടിക്കേണ്ടത് വളരെ പ്രധാനമാണ്. ശാരീരിക പ്രവർത്തനങ്ങൾ കൃത്യമായി നടക്കാൻ ആവശ്യത്തിനു വെള്ളം കുടിക്കേണ്ടതാണ്. എന്നാൽ പ്ലാസ്റ്റിക് കുപ്പികളിൽ വെള്ളം കുടിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. ചെമ്പു കുപ്പികളിൽ വെള്ളം കുടിക്കുന്നത് കൊണ്ട് ഗുണങ്ങൾ ഏറെ ആണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ ഗുണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ആന്റിഓക്സിഡന്റ് – ആന്റി മൈക്രോബ്യയിൽ ഗുണങ്ങൾ അടങ്ങിയ ചെമ്പു കുപ്പികളിൽ വെള്ളം കുടിക്കുന്നത് രോഗ പ്രതിരോധശേഷി ഉയർത്തും. ദഹനക്കേടിനെ അകറ്റാൻ ചെമ്പുക്കുപ്പികളിൽ വെള്ളം കുടിക്കുന്നത് നല്ലതാണ്. ചെമ്പിന് ആന്റി ഇൻഫ്ളമേറ്ററി ഗുണങ്ങൾ ഉണ്ട്. ഇത് സന്ധിവാതം, മുട്ടുവേദന എന്നിവയ്ക്ക് ആശ്വാസകരമാണ്.

കോപ്പറുടെ രക്തസമ്മർദ്ദത്തെ കുറയ്ക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും ഉള്ള കഴിവുണ്ട്. തലച്ചോറിന്റെ ആരോഗ്യത്തിനും ചെമ്പുകുപ്പിയിൽ വെള്ളം കുടിക്കുന്നത് വളരെ മികച്ചതാണ്. ചർമ്മത്തിന്റെ ആരോഗ്യത്തിനും ഇത് ഗുണം ചെയ്യും.

തിരുവനന്തപുരം: മധ്യവേനലവധി കഴിഞ്ഞ് കുട്ടികൾ സ്‌കൂളിലേക്ക് പോകുമ്പോൾ നല്ല ആരോഗ്യ ശീലങ്ങൾ പാഠമാക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മഴ തുടരുന്ന സാഹചര്യത്തിൽ കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിനും പ്രത്യേക ശ്രദ്ധ കൊടുക്കേണ്ടതായിട്ടുണ്ട്. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഉറപ്പാക്കണം. ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങൾ, മഞ്ഞപ്പിത്തം തുടങ്ങിയ പല പകർച്ചവ്യാധികളേയും കൃത്യമായ പ്രവർത്തനങ്ങളിലൂടെ പ്രതിരോധിക്കാൻ സാധിക്കും. കുട്ടികൾക്ക് നൽകുന്ന ആരോഗ്യ അറിവുകൾ വീട്ടിലേക്ക് എത്തിക്കാനാകും. എപ്പോഴും സ്‌കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കുക. മഞ്ഞപ്പിത്തം, വയറിളക്ക രോഗങ്ങൾ എന്നിവയെ പ്രതിരോധിക്കാൻ വൃത്തിയുള്ള ആഹാരം മാത്രമേ കഴിക്കാവൂ, തിളപ്പിച്ചാറ്റിയ വെള്ളം മാത്രമേ കുടിക്കാവൂ. ഭക്ഷണത്തിലൂടെയും വെള്ളത്തിലൂടെയും നിരവധി മറ്റു രോഗങ്ങളും പകരാൻ സാധ്യതയുള്ളതിനാൽ രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ ശ്രദ്ധിക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

·കുട്ടികൾ കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം എപ്പോഴും തിളപ്പിച്ചാറിയത് ആയിരിക്കണം.

·ഇലക്കറികൾ, പച്ചക്കറികൾ കൂടുതൽ അടങ്ങുന്ന, വീട്ടിലുണ്ടാക്കിയ, സമീകൃതാഹാരം ഉച്ചയൂണായും സ്‌നാക്‌സ് ആയും കുട്ടികൾക്ക് കഴിക്കാനായി കൊടുത്ത് വിടുക. പുറത്ത് നിന്നുള്ള ഭക്ഷണം സ്ഥിരമായി കൊടുക്കരുത്.

·ധാരാളം വെള്ളം കുടിയ്ക്കണം

·ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്.

·ഭക്ഷണം കഴിക്കുന്നതിന് മുമ്പും, ടോയ്ലെറ്റിൽ പോയതിന് ശേഷവും നിർബന്ധമായി കൈകൾ നന്നായി കഴുകുക. സോപ്പ് ഉപയോഗിച്ച് കഴുകുന്നതാണ് നല്ലത്.

·മാങ്ങ, പപ്പായ, നെല്ലിക്ക തുടങ്ങിയ പ്രാദേശികമായി കിട്ടുന്ന പഴവർഗങ്ങൾ ധാരാളം നൽകുക.

·വിറ്റാമിൻ സി കിട്ടാൻ കുട്ടികൾക്ക് നാരങ്ങാ വെള്ളം ദിവസവും കൊടുക്കുന്നത് നല്ലതാണ്.

·കുട്ടികൾ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കളിക്കാതെ ശ്രദ്ധിക്കണം.

·മഴ നനയാതിരിക്കാൻ കുടയോ, റെയിൻകോട്ടോ കുട്ടികൾക്ക് രക്ഷകർത്താക്കൾ നൽകണം.

·കുട്ടികൾ മഴ നനഞ്ഞ് വന്നാൽ തല തോർത്തിയ ശേഷം ഉണങ്ങിയ വസ്ത്രം ധരിപ്പിച്ച് കുടിക്കാൻ പോഷണ ഗുണമുള്ള ചൂട് പാനീയങ്ങൾ (ചൂട് കഞ്ഞിവെള്ളം, ചൂട് പാൽ മുതലായവ) നൽകുക.

·മഴയുള്ള സമയത്ത് കുട്ടികൾക്ക് വൈറൽ പനിയും ശ്വാസകോശ രോഗങ്ങളും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മറ്റ് കുട്ടികളിലേക്ക് അവ പകരാതിരിക്കാൻ ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടാൻ കുട്ടികളെ ശീലിപ്പിക്കുക.

·പനിയുള്ള കുട്ടികൾ സ്‌കൂളിൽ പോകാതിരിക്കുകയാണ് നല്ലത്. കൃത്യമായ ചികിത്സ കുട്ടികൾക്ക് ഉറപ്പാക്കുകയും ചെയ്യണം.

·കുട്ടിക്ക് മലിനമായ വെള്ളവുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടെങ്കിൽ ആ വിവരം ഡോക്ടറെ അറിയിക്കണം.

·അധ്യാപകർ കുട്ടികളെ നിരീക്ഷിച്ച് സുഖമില്ലാത്ത കുട്ടികളുടെ വിവരം രക്ഷകർത്താക്കളെ അറിയിക്കണം.

·വിഷമിച്ച് ഉൾവലിഞ്ഞ് നിൽക്കുന്ന കുട്ടികൾ, ഭിന്നശേഷി കുട്ടികൾ എന്നിവർക്ക് മാനസിക പിന്തുണ ഉറപ്പാക്കി സ്നേഹവും പ്രോത്സാഹനവും നൽകുക.

·ക്ലാസ് മുറികളുടെയും സ്‌കൂൾ പരിസരത്തിന്റെയും സുരക്ഷിതത്വം ഉറപ്പാക്കുക.

·അപകടകരമായ സാഹചര്യം കണ്ടാൽ പരിഹാരത്തിനായി അധ്യാപകരെ വിവരം അറിയിക്കുക.

·രക്ഷകർത്താക്കൾക്കോ അധ്യാപകർക്കോ ആരോഗ്യത്തെ സംബന്ധിച്ചുള്ള സംശയങ്ങൾക്ക് ആരോഗ്യ വകുപ്പിന്റെ ഹെൽപ് ലൈൻ ‘ദിശ’യിൽ 104, 1056, 0471-2552056, 0471-2551056 എന്നീ നമ്പരുകളിൽ വിളിക്കാവുന്നതാണ്.

പലരും നേരിടുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ് ആസ്ത്മ. പാരമ്പര്യഘടകങ്ങളും പാരിസ്ഥിതിക പ്രശ്‌നങ്ങളുമാണ് ആസ്ത്മ ഉണ്ടാകാനുള്ള പ്രധാനകാരണങ്ങൾ. ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലർജിയാണിത്. അലർജി ഉണ്ടാക്കുന്ന ഘടകങ്ങൾ ശ്വസനത്തിലൂടെ ഉള്ളിലേക്കെത്തുന്നതാണ് ആസ്ത്മയുടെ പ്രധാന കാരണം.

ശ്വാസംമുട്ടൽ, വലിവ്, ശ്വാസോച്ഛാസം ചെയ്യുമ്പോൾ വിസിലടിക്കുന്ന ശബ്ദം കേൾക്കുക, വിട്ടുമാറാത്ത ചുമ, നെഞ്ചിന് ഭാരം തോന്നുക തുടങ്ങിയവയാണ് ആസ്ത്മയുടെ പ്രധാന ലക്ഷണങ്ങൾ. കാലാവസ്ഥ, വായു മലിനീകരണം, ജീവിതശൈലി, ചില ഭക്ഷണങ്ങൾ, പാരമ്പര്യം തുടങ്ങിയവയെല്ലാം ആസ്ത്മയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. ആസ്ത്മാ രോഗികൾ മഴക്കാലത്ത് പ്രത്യേകമായി ശ്രദ്ധിക്കേണ്ടതാണ്. കാരണം കൂടുതൽ തണുപ്പ് ആസ്ത്മയുടെ ലക്ഷണങ്ങൾ മൂർച്ഛിക്കാനുള്ള സാധ്യത വർദ്ധിപ്പിക്കും.

മഴക്കാലത്ത് ആസ്ത്മാ രോഗികൾ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

തൈര്

തൈര് പൊതുവേ തണുത്ത ഭക്ഷണമായതിനാൽ ആസ്ത്മാ രോഗികൾ മഴക്കാലത്ത് ഇവ കഴിക്കുന്നത് ഒഴിവാക്കാൻ ശ്രദ്ധിക്കണം. കാരണം ഇവ ആസ്ത്മയുടെ ലക്ഷണങ്ങൾ മൂർച്ഛിക്കാൻ കാരണമായേക്കാം.

ഐസ്‌ക്രീം

ഐസ്‌ക്രീം മഴക്കാലത്ത് കഴിക്കുന്നതും ചിലപ്പോൾ ആസ്ത്മയുടെ ലക്ഷണങ്ങൾ വർദ്ധിപ്പിക്കും.

ജങ്ക് ഫുഡ്

പ്രോസസ്ഡ് ഭക്ഷണങ്ങൾ, ജങ്ക് ഫുഡ്, എണ്ണയിൽ വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ, കൊഴുപ്പ് കൂടുതൽ അടങ്ങിയ ഭക്ഷണങ്ങൾ എന്നിവയും ആസ്ത്മയുടെ ലക്ഷണങ്ങൾ കൂട്ടും. അതിനാൽ ഇവ ഒഴിവാക്കുന്നതാണ് നല്ലത്.

മധുരം

മധുരം ധാരാളം അടങ്ങിയ ഭക്ഷണങ്ങളും അമിതമായി കഴിക്കുന്നതു ചിലപ്പോൾ ആസ്ത്മയുടെ ലക്ഷണങ്ങൾ കൂട്ടിയേക്കും.

പാലുൽപ്പന്നങ്ങൾ

ആസ്ത്മാ രോഗികൾ പാൽ, ചായ, കാപ്പി തുടങ്ങിയവയും പരമാവധി ഒഴിവാക്കണം.

മദ്യം

ആസ്ത്മാ രോഗികൾ അമിത മദ്യപാനം ഒഴിവാക്കേണ്ടതാണ്.