പേ വിഷബാധക്കെതിരെ അതീവ ജാഗ്രത പാലിക്കണം; മുന്നറിയിപ്പ് നൽകി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: പേ വിഷബാധയ്ക്കെതിരെ അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകി ആരോഗ്യ വകുപ്പ്. പട്ടി, പൂച്ച, പെരുച്ചാഴി, കുരങ്ങൻ തുടങ്ങിയവയാൽ മുറിവോ മാന്തലോ ഏറ്റാൽ മുറിവ് സാരമുള്ളതല്ലെങ്കിൽ കൂടി അവഗണിക്കരുതെന്നും പേ വിഷബാധയ് ക്കെതിരെ ചികിത്സ തേടണമെന്നും തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.

കടിയോ മാന്തലോ ഏറ്റ ഭാഗം ഒഴുകുന്ന വെള്ളത്തിൽ സോപ്പുപയോഗിച്ച് നന്നായി തേച്ച് 20 മിനിറ്റ് നേരം കഴുകിയതിനുശേഷം ഉടനടി ചികിത്സ തേടണം. ഐ.ഡി.ആർ.വിക്കൊപ്പം മുറിവിന്റെ തീവ്രതയനുസരിച്ച്
ഇമ്മ്യൂണോഗ്ലോബുലിൻ കുത്തിവയ്പ്പ് കൂടി എടുക്കണം. ഐ.ഡി.ആർ.വി.എല്ലാ സർക്കാർ ജനറൽ -ജില്ലാ – താലുക്ക് – സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും തിരഞ്ഞെടുക്കപ്പെട്ട കുടുംബാരോഗ്യ കേന്ദ്രങ്ങളിലും സൗജന്യമായി ലഭിക്കും. ഇമ്മ്യൂണോഗ്ലോബുലിൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലും തിരുവനന്തപുരം ജനറൽ ആശുപത്രിയിലും ചിറയിൻകീഴ് താലുക്ക് ആസ്ഥാന ആശുപത്രിയിലും ലഭ്യമാണ്.

ശ്രദ്ധിക്കേണ്ടവ

*വളർത്തുമൃഗങ്ങളെ പരിചരിക്കുന്നവരും പെറ്റ് ഷോപ്പുകൾ നടത്തുന്നവരും പേ വിഷബാധക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് നിർബന്ധമായും എടുക്കണം.
*മൃഗങ്ങളെ പരിപാലിച്ചു കഴിഞ്ഞാൽ ഉടൻ തന്നെ കൈകാലുകൾ സോപ്പുപയോഗിച്ച് കഴുകണം.
പട്ടിക്കുഞ്ഞുങ്ങളും പൂച്ചക്കുഞ്ഞുങ്ങളും പരിപാലിച്ചു കഴിഞ്ഞാലും ഉടൻതന്നെ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കുക. അവ മാന്തിയാലും കടിച്ചാലും പേ വിഷബാധ സാദ്ധ്യ തയുണ്ട്
*മുറിവുകളിലോ കാലിലെ വിണ്ടുകീറലിലോ മൃഗങ്ങളുടെ ഉമിനീർ, മൂത്രം തുടങ്ങിയവ പറ്റാതിരിയ്ക്കാൻ ശ്രദ്ധിക്കണം.
*വളർത്തു മൃഗങ്ങൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകുക
*കുട്ടികളെ മൃഗങ്ങളുമായി അടുത്തിടപഴകാൻ അനുവദിക്കരുത്.
*അലഞ്ഞു തിരിഞ്ഞ് നടക്കുന്ന പട്ടി, പൂച്ച തുടങ്ങിയവയുമായി അടുത്ത് ഇടപഴകാതിരിക്കുക. ഇത്തരം മൃഗങ്ങൾ വീട്ടുവരാന്തയിൽ വിശ്രമിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ആ സ്ഥലം കഴുകി വൃത്തിയാക്കുക.

പേ വിഷബാധയുള്ള മൃഗങ്ങളുടെ ലക്ഷണങ്ങൾ:

വെള്ളം കുടിയ്ക്കാൻ ബുദ്ധിമുട്ട്, വിഴുങ്ങാനുള്ള ബുദ്ധിമുട്ട്, അമിതമായ ഉമിനീർ, ആക്രമണ സ്വഭാവം, സാങ്കൽപ്പിക വസ്തുക്കളിൽ കടിക്കുക, പ്രതീക്ഷിക്കുന്നതിലും മെരുക്കമുള്ളതായി കാണപ്പെടുക, ചലിക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയവ

വളർത്തുമൃഗങ്ങളോ വീട്ടിൽ സ്ഥിരമായി വരുന്ന പൂച്ച പോലുള്ള മൃഗങ്ങളോ ഏതെങ്കിലും തരത്തിലുള്ള അസ്വാഭാവിക സ്വഭാവം കാണിച്ചാൽ ജാഗ്രത പാലിക്കണം. ഇത്തരം ലക്ഷണങ്ങളോടെ അവ മരണപ്പെട്ടാൽ, അടുത്തുള്ള ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരേയും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരേയും അറിയിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.