Health (Page 13)

തിരുവനന്തപുരം: ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി രണ്ട് ദിവസത്തെ സ്‌പെഷ്യൽ ഡ്രൈവിൽ സംസ്ഥാന വ്യാപകമായി 1993 സ്ഥാപനങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. കടകളിൽ ലഭ്യമാകുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാണ് മെയ് മുതൽ ജൂലൈ വരെ നീണ്ടു നിൽക്കുന്ന ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായി ഡ്രൈവ് നടത്തിയത്. ഭക്ഷ്യ സുരക്ഷാ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ച 90 കടകളുടെ പ്രവർത്തനം നിർത്തിവെയ്പ്പിച്ചു. 315 സ്ഥാപനങ്ങൾക്ക് റെക്ടിഫിക്കേഷൻ നോട്ടീസുകളും 262 സ്ഥാപനങ്ങൾക്ക് കോമ്പൗണ്ടിംഗ് നോട്ടീസുകളും നൽകി. 22 ഇംപ്രൂവ്‌മെന്റ് നോട്ടീസുകളും രണ്ട് ദിവസത്തെ പരിശോധനകളിൽ നൽകി. ഏഴ് സ്ഥാപനങ്ങൾക്കെതിരെ അഡ്ജ്യൂഡികേഷൻ നടപടികളും ആരംഭിച്ചു.

ഹോട്ടൽ, റസ്റ്റോറന്റ് എന്നിവയ്ക്ക് പുറമെ ഭക്ഷണ നിർമ്മാണവും വിതരണവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മുഴുവൻ സ്ഥാപനങ്ങളിലും ഓപ്പറേഷൻ മൺസൂണിന്റെ ഭാഗമായി പരിശോധനകൾ നടത്തും. മഴക്കാലത്ത് കടകൾ വൃത്തിഹീനമായി പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ കടുത്ത നടപടി സ്വീകരിക്കും. ഭക്ഷണം പാകം ചെയ്യുന്നതും വിതരണവും ചെയ്യുന്നതും ശുചിത്വമുള്ള ചുറ്റുപാടിലായിരിക്കണം.

കടകളിൽ ഉപയോഗിക്കുന്ന വെള്ളവും ശുദ്ധമാണെന്ന് ഉറപ്പു വരുത്തണം. പാകം ചെയ്ത ഭക്ഷണം വൃത്തിയുള്ള അന്തരീക്ഷത്തിൽ വേണം സൂക്ഷിക്കാൻ. ഓൺലൈൻ വിതരണക്കാരും ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചു വേണം ഭക്ഷണം കൈകാര്യം ചെയ്യാൻ. രാത്രി കാലങ്ങളിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ പോലുള്ള സ്ഥാപനങ്ങളും കൂടുതൽ ശ്രദ്ധ നൽകി ഭക്ഷണം വിതരണം ചെയ്യേണ്ടതാണ്. വരും ആഴ്ചകളിലും പരിശോധനകൾ തുടരും.

പക്ഷികളിൽ നിന്ന് പക്ഷികളിലേക്ക് പകരുന്ന വൈറസ് രോഗമാണ് പക്ഷിപ്പനി. ഇത് പക്ഷികളിൽ നിന്ന് മനുഷ്യരിലേക്ക് പകരാൻ ഇടയുണ്ടെങ്കിലും സാധ്യത കുറവാണ്. എന്നാൽ മനുഷ്യരിൽ രോഗബാധയുണ്ടായാൽ രോഗം ബാധിച്ച പകുതിയിലേറെ പേർക്കും രോഗം ഗുരുതരമാകാൻ സാധ്യതയുള്ളതിനാൽ ഇതിനെതിരെ കൃത്യമായ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

രോഗം പടരുന്നതെങ്ങനെ

പക്ഷികളുടെ ശ്വാസനാളത്തെയും ദഹന വ്യവസ്ഥയെയുമാണ് വൈറസ് ബാധിക്കുന്നത്. അതിനാൽ പക്ഷികളുടെ കണ്ണിൽ നിന്നും വായിൽ നിന്നും മൂക്കിൽ നിന്നും വരുന്ന സ്രവത്തിലും കാഷ്ഠത്തിലും വൈറസിന്റെ സാന്നിധ്യം ഉണ്ടാകും. പക്ഷികളുടെ തൂവലിൽ ആഴ്ചകളോളം വൈറസ് നിലനിൽക്കും. രോഗബാധിതരായ പക്ഷികളുമായി അടുത്ത് ഇടപഴകുമ്പോൾ മനുഷ്യരുടെ കണ്ണ്, മൂക്ക് വായ ഇവയിലെ നേർത്ത സ്തരങ്ങളിലൂടെയും ശ്വസിക്കുന്നതിലൂടെയും വൈറസ് മനുഷ്യശരീരത്തിൽ കടക്കാം. രോഗബാധയുള്ള പക്ഷികളുടെ സ്രവങ്ങളും കാഷ്ഠവും വീണ പ്രതലങ്ങൾ, വസ്തുക്കൾ ഇവയിൽ സ്പർശിക്കുന്നതിലൂടെയും വൈറസ് പിടിപെടാൻ ഇടയുണ്ട്. രോഗബാധിതരായ പക്ഷികളുടെ സ്രവവും കാഷ്ടവും മറ്റും കലർന്ന വെള്ളത്തിലൂടെയും രോഗബാധ ഉണ്ടാകാൻ അപൂർവ്വമായെങ്കിലും സാധ്യതയുണ്ട്.

രോഗം സ്ഥിരീകരിച്ച പക്ഷികളായോ രോഗം ബാധിച്ച് ചത്തപക്ഷികളായോ വ്യക്തിഗത സുരക്ഷാമാർഗങ്ങൾ ഇല്ലാതെ അടുത്ത സമ്പർക്കം(ആറടി അകലത്തിൽ) ഉണ്ടായാൽ രോഗബാധക്കുള്ള സാധ്യത കൂടുതലാണ്. പോൾട്രി ഫാമുകളിലെ ജോലിക്കാർ, കശാപ്പു ജോലിക്കാർ, കള്ളിംഗിൽ ഏർപ്പെടുന്നവർ, രോഗബാധയുള്ള പക്ഷികളുടെ മാംസം കൈകാര്യം ചെയ്യുന്നവർ, രോഗബാധയുള്ള പക്ഷികളുടെ മാംസം നന്നായി പാകം ചെയ്യാതെ കഴിക്കുന്നവർ തുടങ്ങിയവർക്ക് രോഗസാധ്യത കൂടുതലാണ്.

എങ്ങനെ പ്രതിരോധിക്കാം

പക്ഷികളുമായും മൃഗങ്ങളുമായും സുരക്ഷിതമായ അകലം പാലിക്കുക.

രോഗബാധയുള്ള പക്ഷികളുടെ കാഷ്ഠത്തിൽ നിന്നും മറ്റു സ്രവങ്ങളിൽ നിന്നും വളർത്തു പക്ഷികൾക്കും മൃഗങ്ങൾക്കും രോഗബാധയുണ്ടാകാൻ ഇടയുണ്ട്. വീട്ടിൽ വളർത്തുന്ന പക്ഷികളുടെയും മറ്റു വളർത്തു മൃഗങ്ങളുടെയും സുരക്ഷ ശ്രദ്ധിക്കുക. പക്ഷികളുടെ സ്രവമോ കാഷ്ഠമോ വീണ പ്രതലങ്ങളിൽ സ്പർശിച്ചോ ദേഹത്ത് വീണോ സമ്പർക്കം ഉണ്ടായാൽ ഉടനെ സോപ്പിട്ട് കഴുകുകയോ കുളിക്കുകയോ വേണം.

രോഗമുളള പക്ഷികൾ, ചത്ത പക്ഷികൾ എന്നിവയുമായി സമ്പർക്കത്തിൽ വരുന്നവർ അതാത് പ്രദേശത്തെ ആരോഗ്യ പ്രവർത്തകരെ അറിയിക്കുകയും സ്വയം നിരീക്ഷണത്തിൽ കഴിയുകയും വേണം. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.

വ്യക്തിശുചിത്വം പ്രധാനം

ചത്ത പക്ഷികളെ അലക്ഷ്യമായി കൈകാര്യം ചെയ്യരുത്. ചത്ത പക്ഷികളെ മറവ് ചെയ്യേണ്ട സാഹചര്യം ഉണ്ടായാൽ അതാത് പ്രദേശത്തെ പഞ്ചായത്ത്/മുനിസിപ്പാലിറ്റി അധികൃതരെ വിവരം അറിയിച്ച് അവരുടെ നിർദ്ദേശപ്രകാരം മറവ് ചെയ്യണം. ആരോഗ്യ പ്രവർത്തകരെയും വിവരമറിയിക്കുക. രോഗബാധയുള്ള പക്ഷികളെയും ചത്ത പക്ഷികളെയും കൈകാര്യം ചെയ്യുമ്പോഴും വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം. മാസ്‌കും നീളമുള്ള കൈയ്യുറയും ധരിക്കണം. കൈകൾ സോപ്പിട്ട് കഴുകണം. ചത്ത പക്ഷികൾ, അവയുടെ മുട്ട, കാഷ്ഠം മുതലായവ ആഴത്തിൽ കുഴിച്ചു മൂടുകയോ കത്തിക്കുകയോ ചെയ്യണം. ഇറച്ചി, മാംസം എന്നിവ നന്നായി വേവിച്ച ശേഷം മാത്രം കഴിക്കുക. ബുൾസൈ പോലുള്ള പകുതി വേവിച്ച മുട്ടകൾ കഴിക്കുന്നത് ഒഴിവാക്കുക. പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളിലെ മുട്ട, മാംസം തുടങ്ങിയ പോൾട്രി ഉൽപ്പന്നങ്ങൾ നിരോധിച്ചിട്ടുണ്ട്. കാഷ്ഠം വളമായി ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

മനുഷ്യരിലെ രോഗലക്ഷണങ്ങൾ

ശക്തമായ ശരീരവേദന, പനി, ചുമ, ശ്വാസംമുട്ടൽ, ജലദോഷം, കഫത്തിൽ രക്തം മുതലായവ മനുഷ്യരിലെ രോഗ ലക്ഷണങ്ങളാണ്. രോഗ പകർച്ചയ്ക്ക് സാധ്യതയുള്ളവർ പനി, ജലദോഷം എന്നീ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടനടി അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെയോ ആരോഗ്യ പ്രവർത്തകരെയോ അറിയിക്കുക. പ്രതിരോധ മരുന്ന് മുടക്കമില്ലാതെ കഴിക്കുക. വളർത്തു പക്ഷികളോ മറ്റു പക്ഷികളോ ചത്ത് വീഴുന്നത് ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്തുള്ള ആരോഗ്യ സ്ഥാപനത്തിലും മൃഗാശുപത്രിയിലും അറിയിക്കുക. പക്ഷികളെ ആകർഷിക്കുന്ന രീതിയിൽ മാംസാവശിഷ്ടങ്ങളും ആഹാരാവശിഷ്ടങ്ങളും വലിച്ചെറിയരുത്. അവ സുരക്ഷിതമായി സംസ്‌കരിക്കുക.

തിളപ്പിച്ച വെള്ളത്തിൽ തിളപ്പിക്കാത്ത വെള്ളം ചേർത്ത് നൽകുക, ചട്‌നിയിലും മോരിലുമൊക്കെ ശുദ്ധമല്ലാത്ത വെള്ളം ചേർത്ത് ഉപയോഗിക്കുക എന്നിവയിലൂടെ ഗുരുതരമായ രോഗങ്ങൾ ഉണ്ടാകുമെന്നുള്ളത് ഓർക്കണമെന്ന് മുന്നറിയിപ്പ്. ആരോഗ്യമന്ത്രി വീണാ ജോർജാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്. മലപ്പുറം മൂന്നിയൂർ പഞ്ചായത്തിലെ ഒരു ആഡിറ്റോറിയത്തിൽ മേയ് മാസത്തിൽ നടന്ന 1200 ഓളം പേർ പങ്കെടുത്ത വിവാഹ ചടങ്ങിൽ തിളപ്പിച്ച വെള്ളത്തിനൊപ്പം ശുദ്ധമല്ലാത്ത പച്ചവെള്ളവും ചേർത്ത് നൽകി. ഈ ചടങ്ങിൽ പങ്കെടുത്ത നൂറിലധികം പേർക്കാണ് മഞ്ഞപ്പിത്തം കണ്ടെത്തിയിരിക്കുന്നത്. ജൂൺ മാസം രണ്ടിന് ഒരു മഞ്ഞപ്പിത്ത കേസ് റിപ്പോർട്ട് ചെയ്തപ്പോൾ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിലാണ് കൂടുതൽ കേസുകളും പിഴവും കണ്ടെത്തിയത്. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം.

പൊതുജനാരോഗ്യ നിയമം 2023 രൂപീകരിക്കുമ്പോൾ ഓഡിറ്റോറിയങ്ങൾ ഉൾപ്പെടെ ഭക്ഷണം വിളമ്പുന്ന (ഹോട്ടലുകളും, ഭക്ഷണശാലകളും കൂടാതെ) പൊതുയിടങ്ങളിലെ വൃത്തി ഉറപ്പാക്കുന്നതിന് പ്രത്യേകം വ്യവസ്ഥ ആവശ്യമാണെന്ന് കണ്ടെത്തി അത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾക്ക് വ്യവസ്ഥ ഉൾപ്പെടുത്തിയിരുന്നു. ടാങ്കർ ലോറികളിൽ ശുദ്ധമല്ലാത്ത കുടിവെള്ളം എത്തിക്കുന്നതിനെതിരേയും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്.

നേരത്തെ സംസ്ഥാനത്ത് നിലവിലുണ്ടായിരുന്ന പൊതുജനാരോഗ്യ നിയമത്തിൽ ഈ വ്യവസ്ഥകൾ ഒന്നും ഉണ്ടായിരുന്നില്ല. ഹെപ്പറ്റൈറ്റിസ് എ കണ്ടെത്തിയ സാഹചര്യത്തിൽ പൊതുജനാരോഗ്യ ആക്ട് 2023 പ്രകാരം പ്രസ്തുത സമൂഹത്തിൽ കർശനമായ നടപടികൾ സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു.

ആലപ്പുഴ: പക്ഷിപ്പനി H5N1 പക്ഷികളിൽ നിന്നും പക്ഷികളിലേക്കാണ് സാധാരണയായി പകരാറുള്ളതെങ്കിലും ചില ഘട്ടങ്ങളിൽ മനുഷ്യരിലേക്ക് പകരാൻ ഇടയുണ്ട്. അങ്ങനെ മനുഷ്യരിലേക്ക് രോഗം വന്നാൽ ഗുരുതരമായേക്കാം.

കോഴി, താറാവ് തുടങ്ങിയ വളർത്തു പക്ഷികളിലാണ് സാധാരണയായി പക്ഷി പനി കാണുന്നത്. എന്നാൽ കാക്കയിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ പ്രത്യേക ജാഗ്രത വേണം.

പക്ഷികളുമായും മൃഗങ്ങളുമായും സുരക്ഷിതമായ അകലം പാലിക്കുക.

രോഗബാധയേറ്റ കോഴി ,താറാവ് പോലെയുള്ള പക്ഷികളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർ, പരിപാലിക്കുന്നവർ, വളർത്തു പക്ഷികളുമായി ഇടപഴകുന്നവർ,വീട്ടമ്മമാർ, കശാപ്പുകാർ, വെറ്റിനറി ഡോക്ടർമാർ, പക്ഷികളെ നശിപ്പിക്കാൻ നിയോഗിച്ചവർ, മറ്റു ബസപ്പെട്ട ജീവനക്കാർ എന്നിവർ രോഗബാധ ഏൽക്കാതിരിക്കാനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണം.

പ്രതിരോധ മാർഗ്ഗങ്ങൾ

രോഗബാധയുള്ള പക്ഷികളുടെ കാഷ്ഠ ത്തിൽ നിന്നും മറ്റു സ്രവങ്ങളിൽ നിന്നും രോഗബാധ വളർത്തു പക്ഷികൾക്കും മൃഗങ്ങൾക്കും ഉണ്ടാക്കാൻ ഇടയുണ്ട്.
അതുകൊണ്ടുതന്നെ വീട്ടിൽ വളർത്തുന്ന പക്ഷികളുടെയും മറ്റു വളർത്തു മൃഗങ്ങളുടെയും സുരക്ഷ ശ്രദ്ധിക്കുക.

കാക്കയുടെ കാഷ്ഠവും മറ്റും വീണു മലിനമായ സാഹചര്യങ്ങളുമായി സമ്പർക്കത്തിൽ ആയാൽ കൈകൾ /ശരീരം സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. നന്നായി കുളിക്കുക.

രോഗമുളള പക്ഷികളുമായും ചത്ത പക്ഷികളുമായും സമ്പർക്കത്തിൽ വരുന്നവർ അതാത് പ്രദേശത്തെ ആരോഗ്യ പ്രവർത്തകരെ അറിയിക്കേണ്ടതും സ്വയം നിരീക്ഷണത്തിൽ കഴിയേണ്ടതുമാണ്. ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.

ചത്തുവീണ പക്ഷികളെ അലക്ഷ്യമായി കൈകാര്യം ചെയ്യരുത്.
ചത്ത പക്ഷികളെ കുഴിച്ചിടുമ്പോൾ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശം സ്വീകരിക്കണം. രോഗബാധയുള്ള പക്ഷികളെയും ചത്ത പക്ഷികളെയും, കൈകാര്യം ചെയ്യുമ്പോളും വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കണം:രോഗമുള്ള പക്ഷികളെ കൈകാര്യം ചെയ്യുമ്പോഴും ചത്ത പക്ഷികളെ കുഴിച്ചിടുമ്പോഴും മാസ്‌കും, നീളമുള്ള കൈയ്യുറയും ധരിക്കണം. കൈകൾ സോപ്പിട്ട് കഴുകുകയും ചെയ്യണം.
ചത്തു പോയ പക്ഷികൾ, അവയുടെ മുട്ട, കാഷ്ഠം മുതലായവ ആഴത്തിൽ കുഴിച്ചു മൂടുകയോ കത്തിക്കുകയോ ചെയ്യണം.

ഇറച്ചി ,മാംസം എന്നിവ നന്നായി സമയമെടുത്തു വേവിച്ചതിനു ശേഷം മാത്രം കഴിക്കുക . സമയമെടുത്ത് പാകം ചെയ്യാൻ സാധ്യതയില്ലാത്ത മുട്ട വിഭവങ്ങൾ(ബുൾസൈ,ഓംലെറ്റ്….)ഒഴിവാക്കുക. മുട്ട ഉപയോഗിക്കുന്നതിനു മുമ്പ് പുറംഭാഗം സോപ്പിട്ട് വൃത്തിയായി കഴുകാൻ ശ്രദ്ധിക്കുക.

പക്ഷിപ്പനി ബാധിച്ച പ്രദേശങ്ങളിലെ മുട്ട ,മാംസം തുടങ്ങിയ പൗൾട്രി ഉൽപ്പന്നങ്ങൾ നിരോധിച്ചിട്ടുണ്ട്. കാഷ്ഠം വളമായി ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.

ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ടൽ, ജലദോഷം, കഫത്തിൽ രക്തം മുതലായവ മനുഷ്യരിലെ രോഗ ലക്ഷണങ്ങൾ ആണ്. രോഗ പകർച്ചയ്ക്ക് സാധ്യതയുള്ള സാഹചര്യത്തിലുള്ളവർ പനി , ജലദോഷം എന്നീ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തെയോ ആരോഗ്യ പ്രവർത്തകരെയോ അറിയിക്കുക. പ്രതിരോധ മരുന്ന് മുടക്കം ഇല്ലാതെ കഴിക്കുക.

വളർത്തു പക്ഷികളോ മറ്റു പക്ഷികളോ ചത്ത് വീഴുന്നത് ശ്രദ്ധയിൽപ്പെട്ടാൽ തൊട്ടടുത്തുള്ള ആരോഗ്യ സ്ഥാപനത്തിലും മൃഗാശുപത്രിയിലും അറിയിക്കേണ്ടതാണ്.
പക്ഷികളെ ആകർഷിക്കുന്ന രീതിയിൽ മാംസാവശിഷ്ടങ്ങളും ആഹാര അവശിഷ്ടങ്ങളും വലിച്ചെറിയരുത്. സുരക്ഷിതമായി സംസ്‌കരിക്കുക.

തിരുവനന്തപുരം: കാലിൽ തുടയോട് ചേർന്ന് അതിവേഗം വളർന്ന 10 കിലോഗ്രാം ഭാരമുള്ള ട്യൂമർ സങ്കീർണ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്. ട്യൂമർ മൂലം നടക്കാൻ പോലും ഏറെ ബുദ്ധിമുട്ടിരുന്ന 61 വയസുള്ള തൃശൂർ പുഴക്കൽ സ്വദേശിനിക്കാണ് ശസ്ത്രക്രിയ നടത്തിയത്. ഹെപ്പറ്റെറ്റിസ് രോഗം കൂടി ഉണ്ടായിരുന്നത് ശസ്ത്രക്രിയയുടെ സങ്കീർണത വർധിപ്പിച്ചിരുന്നു. വിജയകരമായ ശസ്ത്രക്രിയയ്ക്ക് ശേഷം രോഗിക്ക് സാധാരണ പോലെ നടക്കാനായത് പുനർജീവനമായാണ് രോഗിയും ബന്ധുക്കളും കരുതുന്നത്. മെഡിക്കൽ കോളേജിലെ സർജറി വിഭാഗവും ഓങ്കോ സർജറി വിഭാഗവും ചേർന്നാണ് ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ മുഴുവൻ ടീമിനേയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

ഒരു മാസം മുമ്പാണ് നടക്കാൻ പോലും കഴിയാതെ കാലിൽ വലിയ മുഴയുമായി 61 വയസുകാരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തുന്നത്. വിദഗ്ധ പരിശോധനയിൽ ട്യൂമർ ആണെന്ന് ബോധ്യപ്പെട്ടു. കാലിൽ തുടയോട് ചേർന്ന് അതിവേഗം വളർന്ന 30x30x15 സെന്റീമീറ്റർ വലിപ്പമുള്ള ട്യൂമറായിരുന്നു. കൂടാതെ രോഗിക്ക് ഹെപ്പറ്റെറ്റിസ് ഉണ്ടായിരുന്നതിനാൽ അധിക മുൻകരുതലുകൾ കൂടിയെടുത്തു. ഈ മാസം പത്താം തീയതിയാണ് ശസ്ത്രക്രിയ നടത്തിയത്. ആറു മണിക്കൂർ നീണ്ടുനിന്ന ശസ്ത്രക്രിയയിലൂടെയാണ് കാലിലേക്കുള്ള രക്തക്കുഴലുകൾ, നാഡീഞരമ്പുകൾ എന്നിവയ്ക്ക് ക്ഷതമേൽക്കാതെ 10 കിലോ തൂക്കവും 30x30x15 സെന്റീമീറ്റർ വ്യാപ്തിയുമുള്ള, സോഫ്റ്റ് ടിഷ്യൂ സാർക്കോമ നീക്കം ചെയ്തത്.

രോഗി സുഖം പ്രാപിച്ചപ്പോൾ അടുത്തഘട്ട ചികിത്സയ്ക്കായി റേഡിയോതെറാപ്പി വിഭാഗത്തിലേക്ക് മാറ്റുകയും, ഫിസിയോതെറാപ്പി വിഭാഗത്തിന്റെ കൂടി ഇടപെടലോടെ കാലിലെ പേശികളുടെ തളർച്ച പരമാവധി കുറച്ചുകൊണ്ട് സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരികയും ചെയ്തിരിക്കുന്നു. സ്വകാര്യ മേഖലയിൽ ലക്ഷക്കണക്കിന് രൂപ ചെലവ് വരുമായിരുന്ന ഈ ശസ്ത്രക്രിയ സർക്കാരിന്റെ വിവിധ സ്‌കീമുകളിൽ ഉൾപ്പെടുത്തി സൗജന്യമായാണ് ചെയ്തത്.

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. അശോകൻ, സൂപ്രണ്ട് ഇൻ ചാർജ് ഡോ. രാധിക എന്നിവരുടെ ഏകോപനത്തിൽ ജനറൽ സർജറി വിഭാഗത്തിലെ പ്രൊഫസർ ഡോ. രവീന്ദ്രൻ, സർജിക്കൽ ഓങ്കോളജി വിഭാഗത്തിലെ ഡോ. ശരത് കൃഷ്ണൻ, ഡോ. സഹീർ, ഡോ. സുമിൻ, ഡോ. ജുനൈദ്, ഡോ. സൗന്ദര്യ എന്നിവരും അനസ്തീഷ്യ വിഭാഗം തലവൻ ഡോ. ബാബുരാജ്, ഡോ. മനീഷ, ഡോ. മെറിൻ, ഡോ. ജെസ്മിൻ എന്നിവരും നഴ്സിംഗ് വിഭാഗത്തിൽ നിന്നുള്ള സൂര്യ ജഗനും ആണ് ഈ ശസ്ത്രക്രിയയിൽ പങ്കെടുത്തത്.

തിരുവനന്തപുരം: അടിക്കടി ഉണ്ടാകുന്ന പക്ഷിപ്പനി നേരിടുന്നതിന് കേരളത്തിനു മാത്രമായി പ്രത്യേക നിരീക്ഷണ സംവിധാനം ഏർപ്പെടുത്തുന്നതിനും പക്ഷിപ്പനി നിയന്ത്രണത്തിനും പ്രതിരോധത്തിനുമായി പ്രത്യേക കർമ്മ പദ്ധതി രൂപികരിക്കുന്നതിനും തീരുമാനിച്ചു. പക്ഷിപ്പനി പടരുന്ന സാഹചര്യത്തിൽ മൃഗ സംരക്ഷണ, ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ നേതൃത്വത്തിൽ കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് കമ്മീഷണറുമായി ഓൺലൈനായി യോഗം ചേർന്നു.

പക്ഷിപ്പനിയെക്കുറിച്ച് പഠിക്കുന്നതിന് രൂപീകരിച്ച വിദഗദ്ധ സംഘവും ചർച്ചയിൽ പങ്കെടുത്തു. പഠന റിപ്പോർട്ട് ഭോപ്പാലിലെ നാഷണൽ ഇൻസ്റ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസസിലേയും ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെറ്ററിനറി എപ്പി ഡെമോളജി ആന്റ് ഡിസീസ് ഇൻഫോർമാറ്റിക്സിലേയും വിദഗദ്ധരുടെ മേൽ നോട്ടവും പഠനത്തിൽ ഉണ്ടാകും എന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.

വയനാട്: പൊതുജനങ്ങൾക്ക് കൊതുകുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത വേണമെന്ന് മുന്നറിയിപ്പ് നൽകി വയനാട് ജില്ലാ മെഡിക്കൽ ഓഫീസർ പി ദിനീഷ്. ഉറവിട നശീകരണ പ്രവർത്തനങ്ങളിൽ തികഞ്ഞ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹ പറഞ്ഞു. വീട്, കടകൾ, വിവിധ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, തോട്ടം മേഖലകൾ ഉൾപ്പെടെ കൊതുക് മുട്ടയിട്ട് വളരാൻ സാധ്യതയുള്ള മാലിന്യങ്ങൾ, പാഴ് വസ്തുക്കൾ, പ്ലാസ്റ്റിക് കവറുകൾ, വസ്തുക്കൾ, ചിരട്ട, പാളകൾ, ടയറുകൾ, ചെടിച്ചട്ടികൾ, റബ്ബർ ശേഖരിക്കുന്ന പാത്രങ്ങൾ, ഫ്രിഡ്ജിന്റെ ട്രേ, അലങ്കാരച്ചെടികൾ, തുറന്ന ടാങ്കുകൾ പരിശോധിച്ച് കൊതുക് മുട്ടയിടുന്നില്ലെന്ന് ഉറപ്പാക്കണം. വെള്ളം കെട്ടിക്കിടന്ന് കൊതുക് മുട്ടയിടുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടാൽ 2023-ലെ കേരള പൊതുജനാരോഗ്യ നിയമ പ്രകാരം കുറ്റകരവും ശിക്ഷാർഹവുമാണ്.

പതിനായിരം രൂപ വരെ പിഴ ചുമത്താം. വീഴ്ച വരുത്തുന്നവർക്കെതിരെ അതത് തദ്ദേശ സ്വയംഭരണ സ്ഥാപന മേഖലയിലെ പ്രാദേശിക പബ്ലിക് ഹെൽത്ത് ഓഫീസർമാരോ ചുമതലയുള്ള ഉദ്യോഗസ്ഥരോ കേരള പൊതുജനാരോഗ്യ നിയമപ്രകാരം നടപടിയെടുക്കും. പകൽ സമയങ്ങളിൽ കടിക്കുന്ന ഈഡിസ് പെൺ കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. കടുത്ത പനി, തലവേദന, സന്ധി-പേശി വേദന, ക്ഷീണം, ഛർദ്ദി, വിശപ്പില്ലായ്മ ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങളാണ്.

കൊതുകുകളെ അകറ്റി കൊതുകുകടി ഏൽക്കാതിരിക്കാനുള്ള ഉപാധികൾ സ്വീകരിക്കണം. മുൻകരുതലുകൾ സ്വീകരിച്ചാൽ ഡെങ്കിപ്പനി വ്യാപനം തടയാൻ സാധിക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. എല്ലാ വെള്ളിയാഴ്ചകളിലും വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചും ശനിയാഴ്ചകളിൽ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും ഞായറാഴ്ചകളിൽ വീടുകളിലും ഉറവിട നശികരണത്തിന് ഡ്രൈഡേ ആചരിക്കും. രോഗ ലക്ഷണങ്ങൾ കണ്ടാൽ ഉടൻ ചികിത്സ തേടണം. സ്വയം ചികിത്സ പാടില്ല.

തിരുവനന്തപുരം: മഴക്കാലത്ത് വയറിളക്ക രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. വയറിളക്കം മൂലമുള്ള സങ്കീർണതകൾ ഒഴിവാക്കാൻ അവബോധം വളരെ പ്രധാനമാണ്. ആഹാരത്തിലൂടെയും വെള്ളത്തിലൂടെയും വയറിളക്ക രോഗങ്ങൾ ഉണ്ടാകാം. അതിനാൽ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക. രുചിയിലോ മണത്തിലോ വ്യത്യാസമുള്ള ഭക്ഷണം കഴിക്കരുത്. ഭക്ഷണവും വെള്ളവും തുറന്ന് വയ്ക്കരുത്. ലോകത്ത് അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ മരണ കാരണമാകുന്ന പ്രധാനപ്പെട്ട രോഗങ്ങളിലൊന്നാണ് വയറിളക്ക രോഗങ്ങൾ. വയറിളക്ക രോഗമുണ്ടായാൽ ശരീരത്തിൽ ജലാംശം നഷ്ടപ്പെടുന്ന അവസ്ഥയായ നിർജലീകരണം ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം. വയറിളക്കം ശ്രദ്ധയിൽപ്പെട്ടയുടൻ തന്നെ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻവെള്ളം, ഒ.ആർ.എസ്. എന്നിവ നൽകുന്നത് വഴി നിർജലീകരണം തടയുവാനും രോഗം ഗുരുതരമാകാതിരിക്കുവാനും സാധിക്കുന്നതാണ്. സംസ്ഥാനത്തെ എല്ലാ സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലും ഒ.ആർ.എസ്., സിങ്ക് എന്നിവ സൗജന്യമായി ലഭിക്കും. വയറിളക്കം നിൽക്കുന്നില്ലെങ്കിൽ എത്രയും വേഗം ഡോക്ടറെ സമീപിക്കേണ്ടതാണെന്നും മന്ത്രി അഭ്യർത്ഥിച്ചു.

വയറിളക്കം മൂലമുള്ള നിർജലീകരണം കുഞ്ഞുങ്ങളിലും പ്രായമുള്ളവരിലും ഗുരുതരമാകാൻ ഇടയുണ്ട്. വയറിളക്ക രോഗങ്ങളുടെ ചികിത്സയിൽ ഒ.ആർ.എസിന്റെ (ഛൃമഹ ഞലവ്യറൃമശേീി ടീഹൗശേീി) പ്രാധാന്യം ഉൾക്കൊണ്ട് ആരോഗ്യ വകുപ്പ് ഈ മാസം 15 വരെ പാനീയ ചികിത്സാ വാരാചരണം ആചരിക്കുന്നു. ഒ.ആർ.എസിന്റെ പ്രാധാന്യം, ഒ.ആർ.എസ്. തയ്യാറാക്കുന്ന വിധം, വയറിളക്ക രോഗ പ്രതിരോധത്തിൽ ആഹാര, പാനീയ, വ്യക്തി ശുചിത്വത്തിന്റെ പ്രാധാന്യം, നിർജലീകരണത്തിന്റെ അപകടം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധമുണ്ടാക്കാനാണ് ഈ വാരാചരണം സംഘടിപ്പിക്കുന്നത്. വയറിളക്കമുള്ളപ്പോൾ ഒ.ആർ.എസിനൊപ്പം ആരോഗ്യ പ്രവർത്തകരുടെ നിർദേശ പ്രകാരം സിങ്ക് ഗുളികയും നൽകേണ്ടതാണ്. ഇതിലൂടെ രോഗം മൂലമുള്ള ജലനഷ്ടവും ലവണനഷ്ടവും പരിഹരിക്കാനാകും.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Ø തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

Ø വ്യക്തിശുചിത്വം പാലിക്കുക.

Ø മലമൂത്ര വിസർജ്ജനം ടോയിലെറ്റുകളിൽ മാത്രം നടത്തുക.

Ø ആഹാരം കഴിക്കുന്നതിന് മുമ്പും മലമൂത്ര വിസർജനത്തിന് ശേഷവും കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകുക.

Ø ഭക്ഷ്യവസ്തുക്കൾ ഈച്ച കടക്കാത്തവിധം മൂടി സൂക്ഷിക്കുക.

Ø വൃത്തിയുള്ള ഇടങ്ങളിൽ പാകം ചെയ്ത ഭക്ഷണം മാത്രം കഴിക്കുക.

Ø ഭക്ഷണം കഴിയുന്നതും ചൂടോടെ കഴിക്കാൻ ശ്രദ്ധിക്കുക.

Ø ആഹാര അവശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിയരുത്. ശാസ്ത്രീയമായി സംസ്‌കരിക്കുക.

Ø ആഹാര, പാനീയ, വ്യക്തി, പരിസര ശുചിത്വം ഉറപ്പാക്കുന്നതിലൂടെ വയറിളക്ക രോഗങ്ങളെ പ്രതിരോധിക്കാൻ കഴിയും.

മനുഷ്യ ശരീരത്തിൽ ആരോഗ്യത്തിന് ഇരുമ്പ് അത്യാവശ്യമാണ്. ശരീരത്തിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ ഇല്ലാതിരിക്കുമ്പോഴാണ് വിളർച്ച സംഭവിക്കുന്നത്. അമിതമായ രക്തനഷ്ടം, ചുവന്ന രക്താണുക്കളുടെ നാശം, അല്ലെങ്കിൽ ആവശ്യത്തിന് ചുവന്ന രക്താണുക്കൾ സൃഷ്ടിക്കാനുള്ള ശരീരത്തിന്റെ കഴിവില്ലായ്മ എന്നിവ മൂലമാണ് ഈ അവസ്ഥ പ്രധാനമായും ഉണ്ടാകുന്നത്. ഇത് അനീമിയ ബലഹീനത, തലകറക്കം, ഓക്കാനം, ക്ഷീണം, വയറുവേദന, വിളർച്ച തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾക്ക് ഇടയാക്കും. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ അനീമിയ തടയുന്നതിന് സഹായിക്കും. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

പച്ച ചീര

ഇരുമ്പിന്റെ പ്രധാന ഉറവിടമാണ് പച്ച ചീര. പ്രോട്ടീനുകൾ, നാരുകൾ, കാൽസ്യം, വിറ്റാമിനുകൾ എ, ഇ എന്നിവ പോലെ മറ്റ് ചില അവശ്യ പോഷകങ്ങളും ഇവയിലുണ്ട്.

വിത്തുകൾ

ഫ്‌ളാക്‌സ് സീഡ്, മത്തങ്ങ, ചിയ തുടങ്ങിയ വിത്തുകൾ ഹീമോഗ്ലോബിൻ അളവ് വർദ്ധിപ്പിക്കാൻ സഹായിക്കുന്ന ഇരുമ്പ്, സിങ്ക്, ഫോളേറ്റ് തുടങ്ങിയ പോഷകങ്ങൾ അടങ്ങിയ ഊർജ്ജം നിറഞ്ഞ ഭക്ഷണങ്ങളാണ്.

ഡാർക്ക് ചോക്ലേറ്റ്

സാധാരണ ചോക്ലേറ്റുമായി താരതമ്യപ്പെടുത്തുമ്പോൾ ഡാർക്ക് ചോക്ലേറ്റ് ഉയർന്ന അളവിൽ കൊക്കോയും ഫ്‌ലേവനോയ്ഡുകളാലും സമ്പന്നമാണ്. കൂടാതെ, ഡാർക്ക് ചോക്ലേറ്റ് ഇരുമ്പിന്റെ മികച്ച ഉറവിടമാണ്.

സോയാ ബീൻസ്

ഇരുമ്പിന്റെയും ചെമ്പ് പോലുള്ള പ്രധാന ധാതുക്കളുടെയും മികച്ച ഉറവിടമാണ് സോയ ബീൻസ്. ഇത് രക്തക്കുഴലുകൾക്കും രോഗപ്രതിരോധ സംവിധാനത്തിനും ഗുണം ചെയ്യും.

നട്‌സ്

പലതരം പരിപ്പുകളും വിത്തുകളും ഇരുമ്പിന്റെ ഉറവിടങ്ങളാണ്. അവയിൽ ആരോഗ്യകരമായ കൊഴുപ്പുകളും പ്രോട്ടീനുകളും കൊണ്ട് സമ്പുഷ്ടമാണ്. മത്തങ്ങ വിത്തുകൾ, കശുവണ്ടി, പിസ്ത, സൂര്യകാന്തി വിത്തുകൾ എന്നിവയിൽ ഇരുമ്പ് അടങ്ങിയിരിക്കുന്നു.

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടവിട്ടുള്ള മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ച പനികൾക്കെതിരെ പ്രത്യേകം ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ജലദോഷം, ചുമ, വൈറൽ പനി, ഇൻഫ്‌ളുവൻസ- എച്ച്.1 എൻ.1, ഡെങ്കിപ്പനി, എലിപ്പനി, വയറിളക്ക രോഗങ്ങൾ എന്നിവയാണ് കൂടുതലായും കാണുന്നത്. കൃത്യമായ ചികിത്സയിലൂടെയും വിശ്രമത്തിലൂടെയും ഇവയെ പ്രതിരോധിക്കാനാകും. അസുഖമുള്ള കുട്ടികളെ സ്‌കൂളിൽ അയക്കാതിരിക്കുന്നതാണ് നല്ലത്. പനിയോ വയറിളക്കമോ ഉള്ളവർ ധാരാളം വെള്ളവും പാനീയങ്ങളും കുടിക്കണം. മൂന്ന് ദിവസത്തിലധികം നീണ്ട് നിൽക്കുന്ന പനിയോ അപായ സൂചനകളോ കണ്ടാൽ എന്തായാലും വിദഗ്ധ ചികിത്സ തേടണം. പനിയോട് കൂടി ശ്വാസതടസം, അമിതമായ നെഞ്ചിടിപ്പ്, നെഞ്ച് വേദന, ബോധമില്ലാതെ സംസാരിക്കുക, ബോധക്ഷയം, കഫത്തിൽ രക്തത്തിന്റെ അംശം, അമിതമായ ക്ഷീണം തുടങ്ങിയ അപായ സൂചനകൾ കണ്ടാൽ എത്രയും വേഗം വിദഗ്ധ ചികിത്സ തേടേണ്ടതാണ്. കുട്ടികൾ, മുതിർന്നവർ, ഗർഭിണികൾ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കണം. മാസ്‌ക്, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാർഗങ്ങളിലൂടെ ഇൻഫ്‌ളുവൻസ, ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കാനാകും. സ്വയം ചികിത്സ പാടില്ലെന്നും മന്ത്രി അഭ്യർത്ഥിച്ചു.

എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പുലർത്തണം. എലി, കന്നുകാലികൾ, നായ്ക്കൾ എന്നിവയുടെ മൂത്രം കൊണ്ട് മലിനമായ വെളളവുമായുളള സമ്പർക്കമാണ് എലിപ്പനിയ്ക്ക് കാരണമാകുന്നത്. അതിനാൽ മലിനജലവുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കുക. കൈകാലുകളിൽ മുറിവുകൾ ഉള്ളവർ മലിനജലവുമായി സമ്പർക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്യുക. തൊഴിലെടുക്കുന്നവർ ബൂട്ട്, ഗ്ലൗസ് തുടങ്ങിയ മുൻകരുതലുകളെടുക്കണം. മലിനജലത്തിൽ ജോലി ചെയ്യേണ്ടി വരുന്നവരും ദുരിതാശ്വാസ പ്രവർത്തനത്തിന്റെ ഭാഗമായി ശുചീകരണ പ്രവർത്തനത്തിൽ ഏർപ്പെടേണ്ടി വരുന്നവരും എലിപ്പനിക്കെതിരെയുള്ള പ്രതിരോധ ഗുളിക (ആഴ്ചയിൽ ഒരിക്കൽ ഡോക്‌സിസൈക്ലിൻ 100 മില്ലീ ഗ്രാമിന്റെ രണ്ട് ഗുളിക) ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം നിർബന്ധമായും കഴിക്കേണ്ടതാണ്.

ഡെങ്കിപ്പനി, മലമ്പനി, ചിക്കൻഗുനിയ മുതലായ കൊതുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പാലിക്കണം. വീടിനും സ്ഥാപനത്തിനും അകത്തും പുറത്തും വെള്ളം കെട്ടി നിന്ന് കൊതുക് വളരുന്ന സാഹചര്യം തടയണം. കൊതുക് കടിയേൽക്കാതിരിക്കാൻ വ്യക്തിഗത മുൻകരുതലുകൾ സ്വീകരിക്കണം.

വയറിളക്ക രോഗങ്ങൾ, കോളറ, ടൈഫോയിഡ്, മഞ്ഞപ്പിത്തം മുതലായവ മഴക്കാലത്ത് കൂടുതലായി കാണുന്ന രോഗങ്ങളാണ്. അതിനാൽ തന്നെ പ്രതിരോധം പ്രധാനമാണ്.

Ø തിളപ്പിച്ചാറിയ വെളളം മാത്രം കുടിക്കുക.

Ø കുടിവെള്ള സ്രോതസുകൾ സൂപ്പർ ക്ലോറിനേറ്റ് ചെയ്യുക.

Ø ഭക്ഷണം പാകം ചെയ്യും മുൻപും കഴിക്കുന്നതിനു മുൻപും മലമൂത്ര വിസർജ്ജനത്തിന് ശേഷവും കൈകൾ സോപ്പും വെളളവും ഉപയോഗിച്ച് കഴുകുക.

Ø വയറിളക്കം വന്നാൽ ഒ.ആർ.എസ്. ലായനി ആവശ്യാനുസരണം കുടിക്കുക. കൂടെ ഉപ്പിട്ട കഞ്ഞിവെളളം, കരിക്കിൻ വെളളം എന്നിവയും കൂടുതലായി നൽകുക.

Ø വയറിളക്കം ബാധിച്ചാൽ ഭക്ഷണവും വെളളവും കൂടുതലായി നൽകണം.

Ø നിർജ്ജലീകരണത്തിന്റെ ലക്ഷണങ്ങൾ (വർദ്ധിച്ച ദാഹം, ഉണങ്ങിയ നാവും ചുണ്ടുകളും, വരണ്ട ചർമ്മം, മയക്കം, മൂത്രത്തിന്റെ അളവിലോ നിറത്തിലോയുള്ള വ്യത്യാസം) കണ്ടാൽ ഉടനെ ആശുപത്രിയിൽ എത്തിക്കുക.