Health (Page 12)

തിരുവനന്തപുരം: കാൻസർ ചികിത്സയ്ക്കുള്ള മരുന്നുകൾ, അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്ക് ശേഷം ഉപയോഗിക്കേണ്ട മരുന്നുകൾ എന്നീ വില കൂടിയ മരുന്നുകൾ സംസ്ഥാനത്ത് ലാഭം ഒട്ടുമില്ലാതെ സീറോ പ്രോഫിറ്റായി രോഗികൾക്ക് നൽകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ കാൻസർ മരുന്ന് വിപണിയിൽ കേരള സർക്കാർ ഇതിലൂടെ നിർണായക ഇടപെടലാണ് നടത്തുന്നത്. 800 ഓളം വിവിധ മരുന്നുകൾ കമ്പനി വിലയ്ക്ക് തന്നെ ലഭ്യമാകുന്നതാണ്. കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുന്നതിലൂടെ ചികിത്സാ ചെലവ് കുറയുന്നത് രോഗികൾക്ക് വളരെയേറെ ആശ്വാസമാകുന്നതാണ്. വളരെ വിലപിടിപ്പുള്ള മരുന്നുകൾ തുച്ഛമായ വിലയിൽ ലഭ്യമാക്കും. സംസ്ഥാന സർക്കാരിന്റെ കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ ലിമിറ്റഡിന്റെ (കെ.എം.എസ്.സി.എൽ.) കാരുണ്യ ഫാർമസികൾ വഴിയായിരിക്കും കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ ലഭ്യമാക്കുക. ഇതിനായി കാരുണ്യ ഫാർമസികളിൽ ‘ലാഭ രഹിത കൗണ്ടറുകൾ’ ആരംഭിക്കും. ജൂലൈ മാസത്തിൽ ഈ പദ്ധതി ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

നിലവിൽ സംസ്ഥാനത്ത് 74 കാരുണ്യ ഫാർമസികളാണ് ഉള്ളത്. ഇന്ത്യയിലെ വിവിധ ബ്രാൻഡഡ് കമ്പനികളുടെ 7,000ത്തോളം മരുന്നുകളാണ് ഏറ്റവും വിലകുറച്ച് കാരുണ്യ ഫാർമസികൾ വഴി നൽകുന്നത്. ഇത് കൂടാതെയാണ് കാൻസറിനും അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾക്കുമുള്ള മരുന്നുകൾ പൂർണമായും ലാഭം ഒഴിവാക്കി നൽകുന്നത്. എല്ലാ ജില്ലകളിലേയും പ്രധാന കാരുണ്യ ഫാർമസികൾ വഴിയായിരിക്കും ലാഭ രഹിത കൗണ്ടറുകൾ ആരംഭിക്കുക. ഇതിനായി പ്രത്യേകം ജീവനക്കാരേയും നിയോഗിക്കുന്നതാണ്.

കാൻസർ ചികിത്സാ, പ്രതിരോധ രംഗത്ത് സർക്കാർ വലിയ ഇടപെടലുകളാണ് നടത്തി വരുന്നത്. സംസ്ഥാനത്ത് ആദ്യമായി ആർസിസിയിലും എംസിസിയിലും കാൻസറിന് റോബോട്ടിക് സർജറി ആരംഭിച്ചു. പ്രധാന ആശുപത്രികൾക്ക് പുറമേ 25 ആശുപത്രികളിൽ കാൻസർ ചികിത്സയ്ക്കുള്ള സൗകര്യമൊരുക്കി. മലബാർ കാൻസർ സെന്ററിനെ 562.25 കോടി രൂപയുടെ കിഫ്ബി ഫണ്ട് ഉപയോഗിച്ച് പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയൻസ് ആന്റ് റിസർച്ച് ആയി ഉയർത്തി. എല്ലാ ആശുപത്രികളിലും ആഴ്ചയിൽ ഒരു ദിവസം കാൻസർ പ്രാരംഭ പരിശോധനാ ക്ലിനിക്കുകൾ ആരംഭിക്കാൻ നടപടി സ്വീകരിച്ചു. കാൻസർ പ്രിവന്റീവ് ക്ലിനിക്കുകൾ ആരംഭിച്ചു. ആർസിസിയിലും എംസിസിയിലും നൂതന ചികിത്സാ സംവിധാനങ്ങൾ ഒരുക്കി. കുട്ടികളിലെ കണ്ണിന്റെ കാൻസറിന് എംസിസിയിൽ നൂതന ചികിത്സാ സംവിധാനമൊരുക്കി. റെറ്റിനോ ബ്ലാസ്റ്റോമയടക്കമുള്ള കാൻസറുകൾക്ക് സമഗ്ര ചികിത്സാ സംവിധാനം ആദ്യമായി എംസിസിയിൽ നടപ്പിലാക്കി.

ഗർഭാശയഗള കാൻസർ കണ്ടെത്തുന്നതിനുള്ള ‘സെർവി സ്‌കാൻ’ ആർസിസി വികസിപ്പിച്ചു. സെർവിക്കൽ കാൻസറിന് എതിരായുള്ള എച്ച്.പി.വി. വാക്സിനേഷൻ പ്ലസ് വൺ, പ്ലസ് ടു തലത്തിലെ പെൺകുട്ടികൾക്ക് നൽകുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആർസിസിയിൽ അതിനൂതന സാങ്കേതിക സൗകര്യങ്ങളുള്ള 3 ടെസ്ല എം.ആർ.ഐ. യൂണിറ്റും 3 ഡി ഡിജിറ്റൽ മാമോഗ്രാഫി യൂണിറ്റും സ്ഥാപിച്ചു. സ്തനാർബുദം പ്രാരംഭഘട്ടത്തിൽ കണ്ടെത്തുന്നതിന് എല്ലാ ജില്ലകളിലും ഒരു ജില്ലാ/താലൂക്ക് തല ആശുപത്രിയിലെങ്കിലും മാമോഗ്രാം, ബയോപ്സി, പാപ് സ്മിയർ സംവിധാനമൊരുക്കി വരുന്നു. ആദ്യഘട്ടത്തിൽ 8 ആശുപത്രികളിൽ മാമോഗ്രാം സംവിധാനമൊരുക്കി. മലബാർ കാൻസർ സെന്ററിൽ മജ്ജമാറ്റിവയ്ക്കൽ ചികിത്സയ്ക്കായി ബോൺമാരോ ഡോണർ രജിസ്ട്രി ആരംഭിച്ചു.

ജീവിതശൈലീ രോഗങ്ങളേയും കാൻസറിനേയും പ്രാരംഭ ഘട്ടത്തിൽ കണ്ടെത്തി ചികിത്സിക്കുന്നതിനായി ഈ സർക്കാർ ആർദ്രം ജീവിതശൈലി രോഗനിർണയ ക്യാമ്പയിൻ ആരംഭിച്ചു. 30 വയസിന് മുകളിലുള്ള 1.54 കോടിയിലധികം പേരുടെ സ്‌ക്രീനിംഗ് ആദ്യ വർഷം നടത്തി. 46,000ത്തിലധികം പേരെ കാൻസർ പരിശോധനയ്ക്ക് വിധേയമാക്കി. കാൻസർ കണ്ടെത്തിയവർക്ക് തുടർ പരിശോധനകളും ചികിത്സയും ഉറപ്പാക്കി. കാൻസർ സ്‌ക്രീനിംഗ് പോർട്ടൽ, കാൻസർ ഗ്രിഡ് എന്നിവ നടപ്പിലാക്കി. ഇതോടൊപ്പം കാൻസർ മരുന്നുകൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കുന്നതോടു കൂടി നൂതന കാൻസർ ചികിത്സാ സംവിധാനങ്ങൾ സാധാരണക്കാർക്ക് പോലും പ്രാപ്യമാകും.

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. കോഴിക്കോട് സ്വദേശിയായ 12 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. 5 ദിവസമായി കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപ്പെട്ട രോഗാണു തലച്ചോറിനെ ബാധിക്കുമ്പോൾ ഉണ്ടാകുന്ന ഒരു രോഗമാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌കജ്വരം. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യശരീരത്തിൽ കടക്കുകയും തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്ന മസ്തിഷ്‌കജ്വരം ഉണ്ടാക്കുകയും ചെയ്യും.

രോഗാണുബാധ ഉണ്ടായി ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിലാണ് രോഗലക്ഷണങ്ങൾ ഉണ്ടാകുന്നത്. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവയാണ് പ്രാഥമിക ലക്ഷണങ്ങൾ. പിന്നീട് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ അപസ്മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും പ്രകടമാകും. നട്ടെല്ലിൽ നിന്നും സ്രവം കുത്തിയെടുത്ത് പരിശോധിക്കുന്നത് വഴിയാണ് രോഗനിർണയം നടത്തുന്നത്.

നേരത്തെ ഈ രോഗം ബാധിച്ച് സംസ്ഥാനത്ത് രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കണ്ണൂർ തോട്ടട സ്വദേശിയായ 13 കാരിയും മലപ്പുറം മുന്നിയൂർ സ്വദേശിയായ അഞ്ച് വയസുകാരിയുമാണ് മരണപ്പെട്ടത്. സംഭവത്തിൽ പിന്നാലെ ആരോഗ്യ വകുപ്പ് അതീവ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. രോഗം റിപ്പോർട്ട് ചെയ്ത കണ്ണൂർ, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലാണ് ആരോഗ്യ വകുപ്പ് ജാഗ്രത നിർദേശം നൽകിയിരിക്കുന്നത്.

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിനെതിരെ ജാഗ്രത പാലിക്കണമെന്നാണ് ആരോഗ്യ വകുപ്പ് വ്യക്തമാക്കുന്നത്. കേരളത്തിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും വെള്ളത്തിൽ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിംഗ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണമെന്നും ആരോഗ്യ വകുപ്പ് നിർദ്ദേശിച്ചു.

തിരുവനന്തപുരം: പകർച്ചവ്യാധി പ്രതിരോധത്തിന്റെ ഭാഗമായി ജൂലൈ മാസത്തേക്ക് ആരോഗ്യ വകുപ്പ് പ്രത്യേക ആക്ഷൻ പ്ലാൻ രൂപീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു. പകർച്ചവ്യാധി പ്രതിരോധത്തിനും മികച്ച ചികിത്സ ഉറപ്പ് വരുത്തുന്നതിനുമാണ് ആക്ഷൻ പ്ലാൻ രൂപീകരിക്കുന്നത്. സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾക്കെതിരെ അതീവ ജാഗ്രത പാലിക്കണം. ജലദോഷം, വൈറൽ പനികൾ, ഡെങ്കിപ്പനി, എലിപ്പനി, ഇൻഫ്‌ളുവൻസ- എച്ച്.1 എൻ.1, വയറിളക്ക രോഗങ്ങൾ എന്നിവയാണ് കൂടുതൽ കാണുന്നത്. കുട്ടികളിലെ പനി ശ്രദ്ധിക്കണം. അസുഖമുള്ള കുട്ടികളെ സ്‌കൂളിൽ അയയ്ക്കരുത്. കൃത്യമായ ചികിത്സയും വിശ്രമവും ഉറപ്പാക്കണം. സ്വയംചികിത്സ പാടില്ല. നീണ്ടു നിൽക്കുന്ന പനിയോ അപായ സൂചനകളായ പനിയോട് കൂടിയ ശ്വാസതടസ്സം, അമിത നെഞ്ചിടിപ്പ്, നെഞ്ച് വേദന, ബോധമില്ലാതെ സംസാരിക്കുക, ബോധക്ഷയം, കഫത്തിൽ രക്തത്തിന്റെ അംശം, അമിത ക്ഷീണം എന്നിവ ഉണ്ടെങ്കിൽ വിദഗ്ധ ചികിത്സ തേടണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.

സ്റ്റേറ്റ് ലെവൽ റാപ്പിഡ് റെസ്‌പോൺസ് ടീം (ആർആർടി) യോഗം ചേർന്ന് സംസ്ഥാനത്തെ പൊതുസാഹചര്യം വിലയിരുത്തി. പക്ഷിപ്പനിയ്‌ക്കെതിരെ ജാഗ്രത പാലിക്കണം. ചത്ത മൃഗങ്ങളെയും പക്ഷികളെയും സുരക്ഷാ മുൻകരുതലുകളില്ലാതെ കൈ കൊണ്ടെടുക്കരുത്. ആരോഗ്യവകുപ്പ് മൃഗസംരക്ഷണ വകുപ്പുമായി യോഗം ചേർന്നിരുന്നു. രണ്ടര ലക്ഷത്തോളം വൺ ഹെൽത്ത് കമ്മ്യൂണിറ്റി വോളന്റിയർമാരുടെ സേവനം പ്രയോജനപ്പെടുത്തുന്നുണ്ട്. വളർത്തു മൃഗങ്ങളെയും പക്ഷികളെയും വളർത്തുന്നവർ പ്രത്യേകം ശ്രദ്ധിക്കണം. ചത്ത പക്ഷികളെയോ മൃഗങ്ങളെയോ കൈകാര്യം ചെയ്തവർക്ക് എന്തെങ്കിലും രോഗ ലക്ഷണങ്ങളുണ്ടെങ്കിൽ ഉടൻ തന്നെ ആരോഗ്യ പ്രവർത്തകരെ വിവരം അറിയിക്കേണ്ടതാണ്.

മാസ്‌ക്, സാമൂഹിക അകലം, കൈകളുടെ ശുചിത്വം തുടങ്ങിയ വ്യക്തിഗത സുരക്ഷാ മാർഗങ്ങളിലൂടെ ഇൻഫ്‌ളുവൻസ, ജലദോഷം, ചുമ എന്നിവയെ പ്രതിരോധിക്കാനാകും. എച്ച്.1 എൻ.1 കേസുകൾ കൂടുന്നതിനാൽ ഇത് പാലിക്കേണ്ടത് വളരെ പ്രധാനമാണ്. ആശുപത്രി സന്ദർശകർ നിർബന്ധമായും മാസ്‌ക് വയ്ക്കണം. രോഗികളല്ലാത്തവർ പരമാവധി ആശുപത്രി സന്ദർശനം ഒഴിവാക്കണം. ജലദോഷമുള്ളവർ മാസ്‌ക് ധരിക്കുന്നതാണ് അഭികാമ്യം. ഗർഭിണികൾ, അനുബന്ധ രോഗമുള്ളവർ, പ്രായമായവർ എന്നിവർ മാസ്‌ക് ഉപയോഗിക്കണം.

എലിപ്പനിയ്‌ക്കെതിരെ ജാഗ്രത പുലർത്തണം. മലിനജലവുമായുള്ള സമ്പർക്കം പരമാവധി ഒഴിവാക്കണം. കൈകാലുകളിൽ മുറിവുകളുള്ളവർ മലിനജലവുമായി സമ്പർക്കം വരാതെ നോക്കുകയോ, വ്യക്തിഗത സുരക്ഷാ മാർഗങ്ങൾ സ്വീകരിക്കുകയോ ചെയ്യണം. മണ്ണ്, ജലം എന്നിവയുമായി ബന്ധപ്പെട്ട തൊഴിലെടുക്കുന്നവർ ബൂട്ട്, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ മുൻകരുതലുകളെടുക്കണം. മലിന ജലത്തിലിറങ്ങിയവർ എലിപ്പനിക്കെതിരെയുള്ള പ്രതിരോധ ഗുളിക ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം നിർബന്ധമായും കഴിക്കേണ്ടതാണ്.

അമീബിക്ക് മെനിഞ്ചോ എൻസെഫലൈറ്റിസിനെതിരെ ജാഗ്രത പാലിക്കണം. കേരളത്തിൽ ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കുന്നതും വെള്ളത്തിൽ ഡൈവ് ചെയ്യുന്നതും പരമാവധി ഒഴിവാക്കണം. വാട്ടർ തീം പാർക്കുകളിലെയും സ്വിമ്മിംഗ് പൂളുകളിലെയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം.

ആരോഗ്യ സംവിധാനം സജ്ജമായിരിക്കണം. ജില്ലാ മെഡിക്കൽ ഓഫീസർമാർ ജില്ലകളുടെ മാപ്പിംഗ് നടത്തി ഇടപെടൽ നടത്തണം. ജീവനക്കാരുടെ എണ്ണവും ലാബ് സൗകര്യവും ഉറപ്പാക്കണം. സ്വകാര്യ ആശുപത്രികൾ കേസുകൾ കൃത്യമായി റിപ്പോർട്ട് ചെയ്യണം. ഡെങ്കി കേസുകൾ എത്രയും നേരത്തെ കണ്ടെത്തി ചികിത്സിക്കണം. ആശുപത്രികൾ പ്രോട്ടോകോളുകൾ കൃത്യമായി പാലിക്കണം. ആശുപത്രികളിൽ മരുന്നിന്റെ ലഭ്യത ഉറപ്പാക്കണം. ക്യാമ്പുകളും പ്രത്യേകം ശ്രദ്ധിക്കണം.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി, എൻ.എച്ച്.എം. സ്റ്റേറ്റ് മിഷൻ ഡയറക്ടർ, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർമാർ, കെ.എം.എസ്.സി.എൽ. ജനറൽ മാനേജർ, ആർ.ആർ.ടി. അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിലെ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിപുലീകരിക്കുന്നതിനും കൂടുതൽ അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനുമായി 2,19,73,709 രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രികൾക്കാണ് തുകയനുവദിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിന് 1.12 കോടി രൂപയും കോട്ടയം മെഡിക്കൽ കോളേജിന് 88.07 ലക്ഷം രൂപയും കോഴിക്കോട് മെഡിക്കൽ കോളേജിന് 19.16 ലക്ഷം രൂപയുമാണ് അനുവദിച്ചത്. ലക്ഷക്കണക്കിന് രൂപ ചെലവുള്ള അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ കൂടുതൽ സാധാരണക്കാർക്ക് ലഭ്യമാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി വ്യക്തമാക്കി.

സർക്കാർ ആശുപത്രികളിൽ അവയവം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ വിപുലമാക്കാൻ വലിയ ഇടപെടലുകളാണ് സർക്കാർ നടത്തി വരുന്നത്. ഈ സർക്കാരിന്റെ കാലത്ത് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടപ്പിലാക്കി. കോട്ടയം, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകൾ നടന്നു വരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൃക്ക, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും കോട്ടയം മെഡിക്കൽ കോളേജിൽ വൃക്ക, കരൾ, ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും കോഴിക്കോട് മെഡിക്കൽ കോളേജിൽ വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയകളും നടന്നു വരുന്നു. രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ എറണാകുളം ജനറൽ ആശുപത്രിയിൽ യാഥാർത്ഥ്യമാക്കി. കോഴിക്കോട് മെഡിക്കൽ കോളേജിലും കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്താനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

സംസ്ഥാനത്തെ മുഴുവൻ അവയവദാനവും നിയന്ത്രിക്കുന്നതിന് കെ-സോട്ടോ (കേരള സ്റ്റേറ്റ് ഓർഗൻ ആന്റ് ടിഷ്യു ട്രാൻസ്പ്ലാന്റ് ഓർഗനൈസേഷൻ) രൂപീകരിച്ചു. അവയവങ്ങളുടെ പ്രവർത്തനക്ഷമത തീരെ കുറഞ്ഞുവരുന്ന രോഗികളുടെ ജീവൻ നിലനിർത്താനുള്ള ഏക ശാസ്ത്രീയ ചികിത്സാരീതി അവയവം മാറ്റിവയ്ക്കലാണ്. നിലവിൽ വൃക്ക മാറ്റിവയ്ക്കാനായി 2265 പേരും, കരൾ മാറ്റിവയ്ക്കാനായി 408 പേരും, ഹൃദയം മാറ്റിവയ്ക്കാനായി 71 പേരും, കൈകൾ മാറ്റിവയ്ക്കാനായി 11 പേരും, പാൻക്രിയാസ് മാറ്റിവയ്ക്കാനായി 10 പേരും, ചെറുകുടൽ മാറ്റിവയ്ക്കാനായി 3 പേരും, ശ്വാസകോശം മാറ്റിവയ്ക്കാനായി 2 പേരും കെ സോട്ടോയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

മരണാനന്തര അവയവദാനം പ്രോത്സാഹിപ്പിക്കേണ്ടതാണ്. ജീവിച്ചിരിക്കുന്നവരിൽ നിന്നുള്ള അവയവദാനം, മരണാനന്തര അവയദാനം വഴി അവയവം ലഭിക്കാത്ത സാഹചര്യത്തിൽ മാത്രം ആശ്രയിയ്ക്കാവുന്ന ചികിത്സാ രീതിയാണ്. മസ്തിഷ്‌ക മരണം സംഭവിച്ച ഒരു ദാതാവ്, അവയവങ്ങൾ ദാനം ചെയ്യുമ്പോൾ അത് എട്ട് പേർക്ക് പുതുജീവിതം പകരും. ഏറ്റവും ശാസ്ത്രീയവും, വികസിത രാജ്യങ്ങൾ എല്ലാം പിന്തുടരുന്നതുമായ മരണാനന്തര അവയവദാനം പ്രോത്സാഹിക്കേണ്ടത് അത്യാവശ്യമാണെന്ന് മന്ത്രി പറഞ്ഞു.

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അനാവശ്യവും അശാസ്ത്രീയവുമായ ഉപയോഗം തടയാനായി സംസ്ഥാനത്ത് രൂപീകരിച്ച ആന്റിമൈക്രോബിയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ (കാർസാപ്പ്) പ്രവർത്തക സമിതി വിപുലീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മുമ്പ് നിലവിലുണ്ടായിരുന്ന 12 അംഗ പ്രവർത്തക സമിതി 15 അംഗങ്ങളാക്കിയാണ് വിപുലീകരിച്ചത്. ദന്തൽ വിഭാഗം, എ.എം.ആർ. (ആന്റി മൈക്രോബ്രിയൽ റസിസ്റ്റൻസ്) സർവൈലൻസിനായുള്ള ലാബ് സിസ്റ്റം, ആന്റിബയോട്ടിക്കുകളുടെ പ്രിസ്‌ക്രിപ്ഷൻ ഓഡിറ്റ് എന്നീ വിഭാഗങ്ങളെക്കൂടി ഉൾപ്പെടുത്തിയാണ് വിപുലീകരിച്ചത്. പ്രവർത്തക സമിതിയുടെ പ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്നത് കാർസാപ്പ് നോഡൽ ഓഫീസർ തിരുവനന്തപുരം മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗം മേധാവിയാണ്. ജില്ലകളിൽ നടക്കുന്ന എഎംആർ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് ആരോഗ്യ വകുപ്പ് (മെഡിക്കൽ) അഡീഷണൽ ഡയറക്ടറായിരിക്കും. തിരുവനന്തപുരം മെഡിക്കൽ കോളേജ് ഇൻഫെക്ഷ്യസ് ഡിസീസസ് വിഭാഗം മേധാവിയാണ് പ്രവർത്തക സമിതിയുടെ കൺവീനർ. ആന്റിബയോട്ടിക് പ്രതിരോധത്തിന് സംസ്ഥാനത്ത് നടക്കുന്ന പ്രവർത്തനങ്ങൾക്ക് ശക്തി പകരാൻ ഈ വിപുലീകരണത്തോടെ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആന്റിബയോട്ടിക് സാക്ഷര കേരളം ആക്ഷൻ പ്ലാൻ, ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് സർവൈലൻസ്, എല്ലാ ജില്ലകളിലേയും ഹബ്ബ് ആന്റ് സ്‌പോക്ക് മോഡൽ എഎംആർ സർവൈലൻസ്, മൃഗസംരക്ഷണം, എൻവയൺമെന്റൽ സർവൈലൻസ്, ഫിഷറീസ് ആന്റ് അക്വാകൾച്ചർ, തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള അവബോധം, സ്‌കൂൾ കുട്ടികൾക്കുള്ള അവബോധം, എഎംആർ പരിശീലനം, സ്വകാര്യ മേഖലയിലെ പ്രവർത്തനങ്ങൾ, ആശുപത്രികളിലെ പ്രവർത്തനങ്ങൾ, ഗവേഷണം, എ.എം.ആർ. സർവൈലൻസിനായുള്ള ലാബ് സിസ്റ്റം, ദന്തൽ വിഭാഗം, ആന്റിബയോട്ടിക്കുകളുടെ പ്രിസ്‌ക്രിപ്ഷൻ ഓഡിറ്റ് എന്നീ വിഭാഗങ്ങളിലായാണ് നോഡൽ ഓഫീസർമാരെ നിയമിച്ചത്. ആരോഗ്യ വകുപ്പ് അഡീഷണൽ ഡയറക്ടർ മെഡിക്കൽ, പബ്ലിക് ഹെൽത്ത് എന്നിവരും സമിതിയുടെ ഭാഗമായിരിക്കും. അസോസിയേഷൻ ഓഫ് ഫിസിഷ്യൻസ് ഓഫ് ഇന്ത്യ, ക്ലിനിക്കൽ ഇൻഫെക്ഷ്യസ് ഡിസീസ് സൊസൈറ്റി ഓഫ് ഇന്ത്യ കേരള ചാപ്റ്റർ, ഇന്ത്യൻ ദന്തൽ അസോസിയേഷൻ എന്നിവയുടെ പ്രതിനിധികളും സമിതിയിലുണ്ട്.

ആന്റിബയോട്ടിക്കുകളുടെ അശാസ്ത്രീയമായ ഉപയോഗം കാരണം 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകൾ ആന്റി മൈക്രോബിയൽ റെസിസ്റ്റൻസ് കൊണ്ട് മരണമടയും എന്നാണ് ലോകാരോഗ്യ സംഘടന കണക്കാക്കിയിരിക്കുന്നത്. ഇതുൾക്കൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് രാജ്യത്തിന് മാതൃകയായ പ്രവർത്തനങ്ങളാണ് നടത്തുന്നത്. രാജ്യത്ത് ആദ്യമായി സംസ്ഥാനതല ആന്റിബയോഗ്രാമും ജില്ലാതല ആന്റിബയോഗ്രാമും പുറത്തിറക്കി. രാജ്യത്ത് ആദ്യമായി എല്ലാ ജില്ലകളിലും ബ്ലോക്കുകളിലും എഎംആർ കമ്മിറ്റികൾ രൂപീകരിച്ചു. കൂടുതൽ ആശുപത്രികളെ കാർസ്‌നെറ്റ് ശൃംഖലയിലേക്കും ആന്റിബയോട്ടിക് സ്മാർട്ടിലേക്കും മാറ്റിയിട്ടുണ്ട്.

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം 2024ൽ പൂർണമായും നിർത്തലാക്കാനുള്ള കഠിന പ്രയത്‌നത്തിലാണ് ആരോഗ്യ വകുപ്പ്. കുറിപ്പടിയില്ലാതെ ഏതെങ്കിലും ഫാർമസികൾ ആന്റിബയോട്ടിക്കുകൾ വിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും വിവരം നൽകാം. (പൊതുജനങ്ങൾക്ക് വിവരം കൈമാറാനുള്ള ടോൾ ഫ്രീ നമ്പർ: 18004253182). ആന്റിബയോട്ടിക്കുകൾ തിരിച്ചറിയുന്നതിന് നീല കവറിൽ നൽകാനും നിർദേശം നൽകിയിട്ടുണ്ട്.

എല്ലുകളുടെ ആരോഗ്യത്തിന് നന്നായി ഭക്ഷണം കഴിക്കേണ്ടത് അത്യാവശ്യമാണ്. കാത്സ്യം, വിറ്റാമിൻ ഡി, വിറ്റാമിൻ കെ, വിറ്റാമിൻ എ, പ്രോട്ടീൻ, സിങ്ക് തുടങ്ങിയ പോഷകങ്ങൾ എല്ലുകളുടെ ആരോഗ്യത്തിന് പ്രധാനമാണ്. എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ബദാം

എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങളിൽ ഒന്നാണ് ബദാം. കാത്സ്യം, ഫാറ്റി ആസിഡുകൾ, വിറ്റാമിൻ ഇ, ആന്റിഓക്സിഡന്റുകൾ, പ്രോട്ടീനുകൾ എന്നിവയെല്ലാം ബദാമിൽ ധാരാളം അടങ്ങിയിട്ടുണ്ട്. അസ്ഥികളുടെ വളർച്ചയ്ക്കും ഹൃദയാരോഗ്യത്തിനും അവ സഹായിക്കുന്നു.

റാഗി

പൊട്ടാസ്യം, ഫോസ്ഫറസ്, കാൽസ്യം, ഇരുമ്പ് എന്നിവയുടെ കലവറയാണ് റാഗി. ഇത് എല്ലുകളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്.

മുരിങ്ങയില

കാൽസ്യം, ഇരുമ്പ് എന്നിവ മുരിങ്ങയിലയിൽ ധാരാളമായുണ്ട്. ഓസ്റ്റിയോപൊറോസിസ്, ഓസ്റ്റിയോ ആർത്രൈറ്റിസ് എന്നിവ ഒഴിവാക്കാനും മുരിങ്ങയില കഴിക്കുന്നത് നല്ലതാണ്.

മുട്ട

വിറ്റാമിൻ ഡിയുടെ ഉറവിടമാണ് മുട്ട. അതിനാൽ മുട്ടയ്ക്ക് എല്ലുകളെ ശക്തിപ്പെടുത്താനുള്ള കഴിവുണ്ട്. മുട്ടയിലെ വൈറ്റമിൻ ഡിയുടെ സാന്നിധ്യം എല്ലുകളെ ബലപ്പെടുത്തും.

തിരുവനന്തപുരം: സംസ്ഥാനത്തെ രക്ത ശേഖരണ രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യയോടെ പുതിയ സംവിധാനം വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. രക്തം ശേഖരിക്കുന്നത് മുതൽ ഒരാൾക്ക് നൽകുന്നത് വരെ നിരീക്ഷിക്കാൻ കഴിയുന്ന അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി (Blood bag traceability) സംവിധാനമാണ് നടപ്പിലാക്കുന്നത്. വെയിൻ ടു വെയിൻ ട്രേസബിലിറ്റി (Vein to vein traceability) സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. ഇതിലൂടെ താപനില കൃത്യമായി തിരിച്ചറിയാനും കാലാവധി കഴിഞ്ഞ് രക്തം നഷ്ടമാകാതിരിക്കാനും സാധിക്കുന്നു. ട്രയൽ റൺ വിജയകരമായതിനെ തുടർന്ന് സംസ്ഥാനത്തെ 42 സർക്കാർ ബ്ലഡ് ബാങ്കുകളിലും 57 ബ്ലഡ് സ്റ്റോറുകളിലും ഈ സംവിധാനം നടപ്പിലാക്കാനുള്ള പരിശ്രമത്തിലാണ് ആരോഗ്യ വകുപ്പെന്നും മന്ത്രി വ്യക്തമാക്കി.

സാധാരണ രക്തം സൂക്ഷിക്കുന്നത് 2 മുതൽ 8 ഡിഗ്രി താപനിലയിലാണ്. ഈ താപനിലയിൽ നിന്നും കുറഞ്ഞാലോ കൂടിയാലോ രോഗിയുടെ ശരീരത്തിൽ റിയാക്ഷൻ ഉണ്ടാകും. ഈ സാങ്കേതികവിദ്യയിലൂടെ കൃത്യമായ താപനില നിരീക്ഷിക്കാൻ കഴിയുന്നു. ഇതിനായി ബ്ലഡ് ബാഗിൽ ആർ.എഫ്.ഐ.ഡി. (Radio Frequency Identification) ലേബൽ ഘടിപ്പിക്കുന്നു. ഇതിലൂടെ ആ രക്തത്തിന്റെ താപനില കൂടിയാലോ കുറഞ്ഞാലോ രജിസ്റ്റർ ചെയ്ത മൊബൈലിലോ ഇ മെയിലിലോ മെസേജ് വരുന്നു. ഉടൻ തന്നെ ആ രക്തം പിൻവലിക്കാൻ സാധിക്കുന്നു. മാത്രമല്ല ഗുണമേന്മ ഉറപ്പാക്കാനും ഇതിലൂടെ സാധിക്കുന്നു. രക്തം എക്‌സ്പിയറി ഡേറ്റ് കഴിയാതെ കൃത്യമായി പോർട്ടലിലൂടെ ഓർമ്മിപ്പിക്കാനും ഈ സാങ്കേതികവിദ്യയിലൂടെ സാധിക്കുന്നു. അതിനാൽ തന്നെ പാഴാവുന്ന രക്തം പരമാവധി കുറയ്ക്കാനും സാധിക്കുന്നു.

പലതരം പ്രക്രിയകളിലൂടെയാണ് സുരക്ഷിതമായ രക്ത ശേഖരണം നടത്തുന്നത്. അണുവിമുക്തമായ കവറിൽ രക്തം ശേഖരിച്ച് കഴിഞ്ഞാൽ രക്തത്തിൽ കൂടി പകരുന്ന രോഗങ്ങളുണ്ടോയെന്ന് പരിശോധിക്കുന്ന സീറോളജി ടെസ്റ്റ് നടത്തും. എച്ച്.ഐ.വി., ഹെപ്പറ്റൈറ്റിസ് ബി-സി, മലേറിയ, സിഫിലീസ് എന്നീ രോഗങ്ങളുണ്ടെന്ന് കണ്ടെത്തിയാൽ ആ രക്തം നശിപ്പിച്ച് കളയും. ഒപ്പം ആ രക്തദാതാവിനെ വിളിച്ച് വരുത്തി ഒരിക്കൽകൂടി പരിശോധിച്ച് ആ രോഗം സ്ഥിരീകരിക്കുകയാണെങ്കിൽ കൗൺസിലിംഗിനും ചികിത്സയ്ക്കും വിധേയമാക്കുകയും ചെയ്യും.

വേർതിരിച്ച രക്ത ഘടകങ്ങൾ ശീതികരണ സംവിധാനമുള്ള പ്രത്യേകം സംഭരണികളിൽ സൂക്ഷിക്കുന്നു. 4 മുതൽ 6 ഡിഗ്രി സെൽഷ്യസിൽ ബ്ലഡ് ബാങ്ക് റെഫ്രിജറേറ്ററിലാണ് റെഡ് സെൽസ് സൂക്ഷിക്കുന്നത്. ഇത് ഒരു മാസത്തോളം കേടാകാതെ സൂക്ഷിക്കാം. 20 മുതൽ 24 ഡിഗ്രി സെൽഷ്യസിൽ പ്ലേറ്റ്ലെറ്റ് അജിറ്റേറ്ററിലാണ് പ്ലേറ്റ്ലെറ്റ് സൂക്ഷിക്കുന്നത്. ഇതിന്റെ ആയുസ് മൂന്ന് മുതൽ അഞ്ച് ദിവസം മാത്രമാണ്. മൈനസ് 20, മെനസ് 40, മെനസ് 80 ഡിഗ്രി സെൽഷ്യസിൽ ഡീപ്പ് ഫ്രീസറിലാണ് പ്ലാസ്മ സൂക്ഷിക്കുന്നത്. പ്ലേറ്റ്ലെറ്റ് ഉടൻ തന്നെ രോഗിക്ക് നൽകണം. പ്ലാസ്മ 30 മിനിറ്റിനകവും റെഡ്‌സെൽസ് 2-3 മണിക്കൂറിനുള്ളിലും മുഴുവൻ നൽകണം.

തിരുവനന്തപുരം: മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ മെഡിക്കൽ കോളേജുകളുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്നതിന് സ്ഥിരം അന്വേഷണ സംവിധാനം സൃഷ്ടിക്കുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. ആലപ്പുഴ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് അമ്പലപ്പുഴ എം. എൽ. എ എച്ച് സലാം ചൂണ്ടിക്കാണിച്ച പ്രശ്‌നങ്ങൾക്ക് നിയമസഭയിൽ മറുപടി നൽകുകയായിരുന്നു മന്ത്രി. ജനങ്ങൾക്ക് ഈ സംവിധാനത്തെ ആശ്രയിക്കാനും പരാതി അറിയിക്കാനും കഴിയും. അത്തരം പരാതികൾ പരിഹരിക്കാനുള്ള സ്ഥിരം സംവിധാനമാവും ഇത്.

ആലപ്പുഴ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ വിഷയങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് ലഭിച്ചിട്ടുണ്ട്. ഇതിൽ സർക്കാരിനു മുന്നിലെത്തിയ റിപ്പോർട്ടിൽ വസ്തുതകൾ പരിശോധിച്ച് ഡി. എം. ഇയോട് വിശദാംശങ്ങൾ ലഭ്യമാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.

സാധാരണക്കാർ ആശ്രയിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളാണ് സർക്കാർ ആശുപത്രികൾ. അവിടെ ഗുണനിലവാരമുള്ള ചികിത്സ ലഭിക്കണം. പിഴവുകൾ ഉണ്ടാവാനും പാടില്ല. പിഴവുകൾ സംഭവിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു. നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഭൂരിപക്ഷം ഡോക്ടർമാർക്കും നാണക്കേടുണ്ടാക്കുന്ന വിധത്തിൽ വളരെ കുറച്ചു പേർ പ്രവർത്തിക്കുന്നതായി സർക്കാരിന്റെ ശ്രദ്ധയിൽപെട്ടിട്ടുണ്ട്. ഇത്തരക്കാർക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി സഭയെ അറിയിച്ചു. ആലപ്പുഴ മെഡിക്കൽ കോളേജിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളും മന്ത്രി വിശദീകരിച്ചു.

ആലപ്പുഴ മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന പരാതികളിൽ സർക്കാർ സമയബന്ധിതമായി അന്വേഷണം പൂർത്തിയാക്കി തെറ്റുചെയ്യുന്നവർക്കെതിരെ കർശന നിലപാട് സ്വീകരിക്കണമെന്ന് എച്ച്. സലാം എം. എൽ. എ ആവശ്യപ്പെട്ടു. ആരോഗ്യ മന്ത്രി ആശുപത്രി സന്ദർശിച്ച് ആവശ്യമായി നടപടി സ്വീകരിക്കണം. കോടികൾ ചെലവഴിച്ച് ചികിത്സ മെച്ചപ്പെടുത്താൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നു. അതിന് പ്രയാസമുണ്ടാക്കുന്ന നടപടിയാണ് ആലപ്പുഴ മെഡിക്കൽ കോളേജിലെ ചില ഡോക്ടർമാർ സ്വീകരിക്കുന്നതെന്ന് എം. എൽ. എ പറഞ്ഞു.

തിരുവനന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി (എച്ച്5 എൻ1) സംബന്ധിച്ച് ആരോഗ്യ വകുപ്പ് പ്രത്യേക മാർഗനിർദേശങ്ങളും (എസ്.ഒ.പി.), സാങ്കേതിക മാർഗനിർദേശങ്ങളും പുറത്തിറക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോൺസ് ടീം (ആർ.ആർ.ടി.) തീരുമാന പ്രകാരമാണ് മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്. ചേർത്തലയിൽ താറാവുകളിലും തുടർന്ന് കാക്കകളിലും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണ് നടപടി. സംസ്ഥാനത്ത് പനി നീരീക്ഷണം ശക്തിപ്പെടുത്തുന്നതാണ്. കർഷകരും പക്ഷി വളർത്തുന്നവരും അവരുമായി ബന്ധപ്പെട്ട ആളുകളും പാലിക്കേണ്ട മാർഗനിർദേശങ്ങളാണ് പുറത്തിറക്കിയത്. പ്രതിരോധ പ്രവർത്തനങ്ങൾക്കും നിരീക്ഷണങ്ങൾക്കും പൊതുജനാരോഗ്യത്തിനും ഊന്നൽ നൽകുന്ന മാർഗരേഖയാണിത്. ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട് എന്നീ രോഗ ലക്ഷണങ്ങളോടെ എത്തുന്നവരെ പ്രത്യേകം നിരീക്ഷിക്കും. പക്ഷിപ്പനി റിപ്പോർട്ട് ചെയ്ത ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളിലെ പരിശീലനം സിദ്ധിച്ച വൺ ഹെൽത്ത് കമ്മ്യൂണിറ്റി വോളന്റിയർമാരുടെ നേതൃത്വത്തിൽ സാമൂഹിക അവബോധം സൃഷ്ടിക്കുകയും പ്രതിരോധ നടപടികൾ സ്വീകരിക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ യോഗം ചേർന്ന് തുടർ നടപടികൾ സ്വീകരിച്ചു. കാക്കകളിലും മറ്റ് പക്ഷികളിലും ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങൾ മൃഗസംരക്ഷണ വകുപ്പിനെ അറിയിക്കേണ്ടതാണ്. മറ്റ് രാജ്യങ്ങളിൽ സസ്തനികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കേരളത്തിൽ ഇതുവരെ അത്തരം കേസ് റിപ്പോർട്ട് ചെയ്തിട്ടില്ല. അതിനാൽ സസ്തനികളിലും പെട്ടന്നുള്ള മരണമുണ്ടായാൽ ബന്ധപ്പെട്ടവരെ വിവരം അറിയിക്കേണ്ടതാണ്. ചത്ത പക്ഷികളെയോ രോഗം ബാധിച്ചവയെയോ കൈകാര്യം ചെയ്യരുത്. നന്നായി പാചകം ചെയ്ത മാംസവും മുട്ടയും മാത്രം ഉപയോഗിക്കുക. അവബോധം ശക്തമാക്കും.

കേരളത്തിൽ പക്ഷിപ്പനി ഇന്നേവരെ മനുഷ്യരെ ബാധിച്ചിട്ടില്ല. എങ്കിലും മുൻ കരുതലുകൾ ആവശ്യമാണ്. ആരോഗ്യ വകുപ്പ് നൽകുന്ന മാർഗനിർദേശങ്ങൾ എല്ലാവരും പാലിക്കണം. രോഗബാധിത പ്രദേശങ്ങളിലുള്ളവരിലെ പനിയും മറ്റ് രോഗലക്ഷണങ്ങളും ആരോഗ്യ വകുപ്പ് പ്രത്യേകം നിരീക്ഷണം നടത്തി വരുന്നു. ഈ പ്രദേശങ്ങളിലുള്ളവർക്ക് ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകളുണ്ടായാൽ ആരോഗ്യ പ്രവർത്തകരെ അറിയിക്കേണ്ടതാണ്.

എന്താണ് പക്ഷിപ്പനി

പക്ഷികളിൽ കാണുന്ന ഒരു സാംക്രമിക രോഗമാണ് പക്ഷിപ്പനി അഥവാ ഏവിയൻ ഇൻഫ്‌ളുവൻസ (എച്ച്5 എൻ1). ഇത് ഒരു വൈറസ് രോഗമാണ്. പക്ഷികളിൽ നിന്നും പക്ഷികളിലേയ്ക്കാണ് ഇത് പകരാറുള്ളത്. പക്ഷികളിൽ നിന്ന് മനുഷ്യരിലേയ്ക്ക് സാധാരണ ഗതിയിൽ ഇത് പകരാറില്ല. എന്നാൽ അപൂർവമായി ചില ഘട്ടങ്ങളിൽ മനുഷ്യരിലേക്ക് പകരാൻ കഴിയും വിധം പക്ഷിപ്പനിയുടെ വൈറസിന് ജനിതക വകഭേദം സംഭവിക്കാം. ഇത്തരത്തിലുള്ള വൈറസ് ബാധ ഗുരുതരമായ രോഗ കാരണമാകാം.

പക്ഷികളുമായി അടുത്തിടപഴകുന്നവർ ശ്രദ്ധിക്കേണ്ടവ

കോഴി, താറാവ്, കാട, വാത്ത, ടർക്കി, അലങ്കാരപക്ഷികൾ തുടങ്ങിയ എല്ലാ പക്ഷികളേയും ഈ രോഗം ബാധിക്കാം. രോഗബാധയേറ്റ പക്ഷികളുമായി അടുത്ത സമ്പർക്കം പുലർത്തുന്നവർ, പരിപാലിക്കുന്നവർ, വളർത്തു പക്ഷികളുമായി ഇടപ്പെടുന്ന കുട്ടികൾ, വീട്ടമ്മമാർ, കശാപ്പുകാർ, വെറ്റിനറി ഡോക്ടർമാർ, മറ്റു ബന്ധപ്പെട്ട ജീവനക്കാർ എന്നിവർ രോഗബാധ ഏൽക്കാതിരിക്കാനുള്ള പ്രതിരോധ നടപടികൾ സ്വീകരിക്കണം.

പ്രതിരോധ മാർഗങ്ങൾ

രോഗബാധയുണ്ടെന്ന് സംശയിക്കുന്ന പക്ഷികളെ കൈകാര്യം ചെയ്യുന്നവർ കൈയ്യുറ, മുഖാവരണം എന്നിവ ധരിക്കുകയും അതതു സമയങ്ങളിൽ കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകുകയും വേണം.

രോഗലക്ഷണങ്ങൾ

ശക്തമായ ശരീര വേദന, പനി, ചുമ, ശ്വാസംമുട്ട്, ജലദോഷം കഫത്തിൽ രക്തം, കൺപോളയിൽ വീക്കം മുതലായവയാണ് രോഗലക്ഷണങ്ങൾ. രോഗപ്പകർച്ചക്ക് സാധ്യതയുള്ള സാഹചര്യത്തിലുള്ളവർ ഈ രോഗലക്ഷണങ്ങൾ കണ്ടാൽ ഉടൻ തന്നെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തേയോ ആരോഗ്യ പ്രവർത്തകരേയോ അറിയിക്കുക.

രോഗബാധിതരായ പക്ഷികളുമായി അടുത്തിടപഴകുന്നവർ ആരോഗ്യ പ്രവർത്തകരെ ബന്ധപ്പെട്ട് പ്രതിരോധ ഗുളിക കഴിക്കേണ്ടതാണ്.

തിരുവനന്തപുരം: മാസം തികയാതെ ജനിച്ച കുഞ്ഞിനെ രക്ഷപ്പെടുത്തി കോഴിക്കോട് മാതൃ ശിശു സംരക്ഷണ കേന്ദ്രം. 74 ദിവസത്തെ തീവ്ര പരിചരണത്തിന് ശേഷമാണ് കുഞ്ഞിനെ സുരക്ഷിതമായി അമ്മയുടെ കൈകളിലേൽപ്പിച്ചത്. കോഴിക്കോട് കോടഞ്ചേരി സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെയാണ് അതീവ ശ്രദ്ധയോടെയുള്ള പരിചരണം നൽകി ജീവിതത്തിലേക്ക് തിരികെ കൊണ്ടു വന്നത്. മികച്ച പരിചരണം ഒരുക്കി കുഞ്ഞിനെ രക്ഷിച്ചെടുത്ത മുഴുവൻ ടീമിനെയും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു.

എപ്രിൽ നാലിനായിരുന്നു പ്രസവം. 48 വയസുള്ള സ്ത്രീയുടെ ആദ്യ പ്രസവമായിരുന്നു. പ്രായക്കൂടുതലിന് പുറമേ യുവതിയ്ക്ക് രക്താതിമർദം, പ്രമേഹം, ഹൈപ്പോതൈറോയിഡിസം, പ്ലാസന്റ തകരാർ എന്നിവയുമുണ്ടായിരുന്നു. അതിനാൽ തന്നെ ഹൈ റിസ്‌ക് പ്രഗ്നൻസി വിഭാഗത്തിലായിരുന്നു. അമ്മയുടെയും കുഞ്ഞിന്റെയും സുരക്ഷയെ കരുതി 28 ആഴ്ചയും 4 ദിവസവുമായപ്പോൾ സിസേറിയൻ നടത്തുകയായിരുന്നു. ഇരട്ട കുഞ്ഞുങ്ങളാണ് ജനിച്ചത്. അതിലൊരു കുഞ്ഞിന്റെ ഭാരം 695 ഗ്രാം മാത്രമായിരുന്നു. മാസം തികയാതെയും മതിയായ ഭാരമില്ലാതെയും പ്രസവിച്ച കുഞ്ഞിന് തീവ്രപരിചരണം ഉറപ്പാക്കാൻ തുടർന്ന് ന്യൂബോൺ കെയറിൽ പ്രവേശിപ്പിച്ചു.

കുഞ്ഞ് കരയാത്തതിനാലും ശ്വാസകോശം വളർച്ചയെത്താത്തതിനാലും കുട്ടിക്ക് വെന്റിലേറ്റർ സപ്പോർട്ട് നൽകി തീവ്രപരിചരണം ഉറപ്പാക്കി. മാത്രമല്ല കുടലിൽ രക്തം എത്താത്ത അവസ്ഥയും കുട്ടിയ്ക്ക് അണുബാധ പ്രശ്‌നവുമുണ്ടായിരുന്നു. അതിനാൽ പ്രത്യേക ഡോക്ടർമാരുടെയും നഴ്‌സുമാരുടെയും സംഘമാണ് കുട്ടിയുടെ തുടർ പരിചരണം ഉറപ്പാക്കിയത്. ഇതോടൊപ്പം അമ്മയ്ക്ക് കൗൺസിലിംഗും നൽകി. കൃത്രിമ ഭക്ഷണമൊന്നും നൽകാതെ അമ്മയുടെ മുലപ്പാലാണ് കുഞ്ഞിന് നൽകിയത്. രണ്ടര മാസം നീണ്ട പരിചരണത്തിന് ശേഷം കുഞ്ഞ് ജീവിതത്തിലേക്ക് തിരികെയെത്തി. നിലവിൽ കുഞ്ഞിന് 1.4 കിലോഗ്രാം ഭാരമുണ്ട്.

37 ആഴ്ചയാണ് സാധാരണ ഗർഭകാലം എന്നിരിക്കേയാണ് 28 ആഴ്ചയും 4 ദിവസവും പ്രായമുള്ള കുഞ്ഞിനെ രക്ഷിച്ചെടുക്കാനായത്. ലക്ഷക്കണക്കിന് ചെലവുള്ള നവജാത ശിശു പരിചരണമാണ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ നിർവഹിച്ചത്. മാതൃ സംരക്ഷണ കേന്ദ്രം സൂപ്രണ്ട് ഡോ. അരുൺ പ്രീതിന്റെ ഏകോപനത്തിൽ, ഡോ. ഗിരീശൻ വി.കെ., ഡോ. കാസിം റാസ്വി, ഡോ. ദീപ കെ.എസ്, ഡോ. പ്രിൻസി കാരോത്ത്, ഡോ. അസീം, നഴ്‌സിംഗ് ഓഫീസർമാരായ പ്രമീള, ബിനി, പ്രമിത തുടങ്ങിയവരടങ്ങിയ നഴ്‌സിംഗ് ടീം എന്നിവരുടെ നേതൃത്വത്തിലാണ് തീവ്രപരിചരണം ഉറപ്പാക്കിയത്.