Entertainment (Page 41)

അന്നപൂരണി വിവാദത്തിൽ മാപ്പ് പറഞ്ഞു നയൻ‌താര. തമിഴ് ചിത്രമായ ‘അന്നപൂരണി’യുടെ പേരിലുണ്ടായ വിവാദത്തിലാണ് നടി തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ ‘ജയ്ശ്രീറാം’ എന്ന തലക്കെട്ടിൽ നൽകിയ കത്തിൽ മാപ്പ് പറഞ്ഞത്. ഒരു വിശ്വാസിയായ തന്റെ പ്രവൃത്തി ആരുടെയും വികാരങ്ങളെ വ്രണപ്പെടുത്താൻ ഉദ്ദേശിച്ചിട്ടില്ലെന്നും ബോധപൂർവമല്ലെന്നും നയൻതാര പറയുന്നു. ചിത്രത്തിലൂടെ ഒരു പോസിറ്റീവ് സന്ദേശം പകരാനാണ് ഉദ്ദേശിച്ചതെന്നും നിശ്ചയദാർഢ്യത്തോടെ പോരാടിയാൽ എന്തും നേടാം എന്ന ആശയത്തെ മുൻ നിർത്തിയാണ് ചിത്രമെന്നും കത്തിൽ പറയുന്നു. ലവ് ജിഹാദ് പ്രോത്സാഹിപ്പിക്കുന്നെന്നും മതവികാരം വ്രണപ്പെടുത്തിയെന്നും പേരിലാണ് സിനിമയുടെ അണിയറ പ്രവർത്തകർക്കും താരങ്ങൾക്കുമെതിരെ പൊലീസ് കേസെടുത്തത്. സംഭവം വലിയ വിവാദമായതോടെയാണ് ചിത്രം നെറ്റ്ഫ്ലിക്സിൽനിന്നും നീക്കം ചെയ്തത്. ഇതിനെ തുടർന്നാണ് നയൻ‌താര തന്റെ ഇൻസ്റ്റാഗ്രാം പേജിൽ മാപ്പ് പറഞ്ഞത്.

‘‘ഹൃദയഭാരത്തോടെയും ആത്മാഭിമാനത്തോടെയുമാണ് ഈ കുറിപ്പെഴുതുന്നത്, അതിനു കാരണം ‘അന്നപൂരണി’ സിനിമയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവവികാസങ്ങളാണ്. ‘അന്നപൂരണി’ എന്ന സിനിമയെടുത്തത് കച്ചവട ലക്ഷ്യത്തോടെയല്ല. അതിലുപരി ഒരു നല്ല ആശയം ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമമായാണ്. നിശ്ചയദാർഢ്യത്തോടെ പോരാടിയാൽ എന്തും നേടാം എന്ന രീതിയിലാണ് ആ സിനിമ ഒരുക്കിയത്.അന്നപൂരണിയിലൂടെ ഒരു പോസിറ്റീവ് സന്ദേശം പകരാൻ ഞങ്ങൾ ആഗ്രഹിച്ചെങ്കിലും അത് ചിലരുടെ മനസ്സിനെ വേദനിപ്പിച്ചതായി ഞങ്ങൾക്ക് തോന്നി. മനഃപൂർവമായിരുന്നില്ല അത്. സെൻസർ ബോർഡ് അംഗീകരിക്കുകയും തിയറ്ററിൽ റിലീസ് ചെയ്യുകയും ചെയ്ത ഒരു സിനിമ ഒടിടിയിൽ നിന്ന് നീക്കം ചെയ്‌തത് ഞങ്ങളെ അതിശയിപ്പിച്ചു. ആരുടേയും വികാരം വ്രണപ്പെടുത്താൻ എനിക്കും എന്റെ ടീമിനും ഉദ്ദേശ്യമില്ല.

കൂടാതെ ഈ വിഷയത്തിന്റെ ​ഗൗരവം എത്രമാത്രമുണ്ടെന്ന് ഞങ്ങൾക്കെല്ലാവർക്കും അറിയാം.എല്ലാ ആരാധനാലയങ്ങളും സന്ദർശിക്കുന്ന ദൈവവിശ്വാസിയായ ഞാൻ ഒരിക്കലും മനഃപൂർവം ഇത് ചെയ്യുമായിരുന്നില്ല. അതിനപ്പുറം, ഏതെങ്കിലും തരത്തിൽ നിങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമിക്കണം. മറ്റുള്ളവരെക്കൂടി പ്രോത്സാഹിപ്പിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുക എന്നതാണ് അന്നപൂരണിയുടെ യഥാർഥ ലക്ഷ്യം, അല്ലാതെ കുറ്റപ്പെടുത്തലല്ല.
പോസിറ്റീവ് ചിന്തകൾ പ്രചരിപ്പിക്കാനും മറ്റുള്ളവരിൽനിന്ന് നല്ല കാര്യങ്ങൾ പഠിക്കാനും മാത്രമാണ് ഈ 20 വർഷത്തെ സിനിമാ യാത്രയുടെ ഉദ്ദേശ്യം എന്ന് ഒരിക്കൽ കൂടി സൂചിപ്പിക്കാൻ ആഗ്രഹിക്കുന്നു.’’–നയൻതാരയുടെ വാക്കുകൾ.

ജനുവരി 22 ന് നടക്കുന്ന അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ വിരാട് കോലി ബിസിസിഐയുടെ അനുവാദം തേടിയതായി റിപ്പോർട്ട്. പ്രണപ്രതിഷ്ഠാ ചടങ്ങിലേക്ക് അനുഷ്ക ശർമയെയും വിരാട് കോലിയെയും ക്ഷണിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ ഇരുവരും ക്ഷണക്കത്ത് വാങ്ങുന്ന ചിത്രം വൈറലായിരുന്നു. ബിസിസിഐ വിരാട് കോലിക്ക് അനുമതി നൽകിയതായാണ് സൂചന. കോലി, ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് മുന്നോടിയായുള്ള പരിശീലന ക്യാമ്പിൽ പങ്കെടുക്കേണ്ടാതാണ്.

എന്നാൽ താരത്തിന് ഒരു ദിവസത്തെ അവധി ബിസിസിഐ നൽകിയതയാണ് റിപ്പോർട്ട്. അതേസമയം ജനുവരി 25 മുതൽ ഇം​ഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളിൽ ആദ്യത്തേത് ഹൈദരാബാദിൽ ആരംഭിക്കാനിരിക്കെ ജനുവരി 20 ന് ഹൈദരാബാദിൽ ടീമിനൊപ്പം ചേരാനും നിർദേശിച്ചതായി റിപ്പോർട്ടിൽ പറയുന്നു. പ്രാണപ്രതിഷ്ഠ ചടങ്ങിലേക്കുള്ള ക്ഷണം മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, എംഎസ് ധോണി എന്നിവർക്കും ലഭിച്ചു. ധോണിക്ക് ആർഎസ്എസ് മുതിർന്ന നേതാവ് ധനഞ്ജയ് സിംഗ് ബിജെപിഓർഗനൈസിംഗ് സെക്രട്ടറി കരംവീർ സിങ്ങും ചേർന്നാണ് ക്ഷണം കൈമാറിയത്.


സിനിമ പ്രേക്ഷരുടെ ഇടയിൽ ഏറെ ശ്രദ്ധേയമായ ഒരു നടിയാണ് പാർവ്വതി തിരുവോത്ത്. സിനിമ രംഗത്തെ സ്ത്രീകൾക്ക് വേണ്ടി നിരന്തരം ശബ്‌ദിക്കുന്ന ഒരു വ്യക്തി കൂടിയാണ് പാർവ്വതി. തന്റെ ആശയങ്ങളും അഭിപ്രായങ്ങളും വളരെ വ്യക്തമായി തന്നെ പറയാനും പാർവ്വതി മടിക്കാറില്ല. ഇപ്പോഴിതാ തന്റെ ഫെമിനിസ്റ്റ് ജീവിതത്തെ കുറിച്ചും സ്കൂൾ ജീവിതത്തിലെ മോർഫിങ്ങിനെ കുറിച്ചും സംസാരിക്കുകയാണ് പാർവ്വതി.

ഒരു അഭിമുഖത്തിലാണ് ഇത് പറഞ്ഞത്. തന്റെ അച്ഛനും അമ്മയുംതാണ് കണ്ടതിൽ വച്ചിട്ടുള്ള ഏറ്റവും വലിയ തുല്യ പങ്കാളികളാണെന്നും താൻ കണ്ടതിൽ വച്ചിട്ട് ആദ്യ ഫെമിനിസ്റ്റ് പുരുഷൻ തന്റെ അച്ഛനെന്നാണെന്നും പാർവതി പറയുന്നു. ആക്ഷണബിളായ കാര്യങ്ങൾ വന്നപ്പോൾ താനും ഫെമിനിസ്റ്റാണെന്നു മനസ്സിലായി എന്ന് പാർവതി പറയുന്നു. അതുപോലെ താൻ സ്കൂളിൽ പടിച്ചപ്പോളാണ് ഒരു പയ്യൻ തന്റെ ചിത്രം പകർത്തി മോർഫ് ചെയ്ത് സ്കൂളിൽ പരത്തിയതെന്നും പാർവ്വതി പറഞ്ഞു. ഒരു കല്യാണ പെണ്ണിന്റെ ചിത്രത്തിലാണ് തന്റെ ഫോട്ടോ മാറ്റിയത്. ആ ഫോട്ടോ സ്കൂളിൽ ചർച്ച ആവുകയും സ്കൂളിൽ പ്രശ്നമാവുകയും ചെയ്തെന്നു പാർവ്വതി പറയുന്നു.

ഒരു വിശ്വാസത്തിനും എതിരല്ലെന്ന് ഡിഎംകെ. അയോധ്യയിലെ രാമക്ഷേത്രത്തിന് എതിരല്ലെന്ന് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. ഡിഎംകെ, വിശ്വാസത്തിനും ആചാരത്തിലും എതിരല്ല. എന്നാൽ ക്ഷേത്രം പള്ളിപൊളിച്ച് നിർമിച്ചതിനെ എതിർക്കുമെന്നും ഉദയനിധി സ്റ്റാലിൻ വ്യക്തമാക്കി. ജനുവരി 22 ന് ലോക്‌സഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് അയോധ്യയിലെ രാമക്ഷേത്രം ഉദ്ഘാടനം ചെയ്യുന്നത് ബിജെപി രാഷ്ട്രീയവത്ക്കരിക്കുകയാണെന്ന് ഡിഎംകെ ആരോപിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഉദയ്‌യുടെ പ്രസ്താവന.

‘അയോധ്യയിലെ രാമക്ഷേത്രത്തോടുള്ള പാർട്ടിയുടെ എതിർപ്പ് ബാബറി മസ്ജിദ് തകർത്തതിന് ശേഷം നിർമ്മിച്ചതിന്റെ പേരിൽ മാത്രമാണ്. ഡിഎംകെ ഒരു വിശ്വാസത്തിനും എതിരല്ല .അവിടെ രാമക്ഷേത്രം നിർമ്മിക്കുന്നതിൽ ഞങ്ങൾക്ക് ഒരു പ്രശ്നവുമില്ല. ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് ക്ഷേത്രം വരുന്നതിനോട് ഞങ്ങൾക്ക് യോജിപ്പില്ല. മസ്ജിദ് തകർക്കുന്നതിനെ ഞങ്ങൾ എതിർത്തു, രാഷ്ട്രീയവും മതവും കൂട്ടിക്കുഴയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല’- ഉദയനിധി പറഞ്ഞു.

ലോകമെമ്പാടുമുള്ള തീയറ്റുറുകളിൽ റിലീസിനായി ഒരുങ്ങി മലൈക്കോട്ടൈ വാലിബന്‍. മോഹന്‍ലാല്‍ നായകനായ പുതിയ ചിത്രം നേരത്തേ തന്നെ യൂറോപ്പില്‍ 35 ല്‍ അധികം രാജ്യങ്ങളില്‍ ചിത്രം എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്‍റെ യുഎസ് റിലീസ് സംബന്ധിച്ച വിവരങ്ങളും പുറത്തെത്തിയിരിക്കുകയാണ്. വാലിബന്‍, യുഎസില്‍ 39 സംസ്ഥാനങ്ങളിലെ 146 നഗരങ്ങളിലായാണ് എത്തുക.

ഇക്കാര്യം അറിയിച്ചിരിക്കുന്നത് ഇന്ത്യന്‍ സിനിമകളുടെ നോര്‍ക്ക് അമേരിക്കന്‍ വിതരണക്കാരായ പ്രൈം മീഡിയയാണ്. നിലവില്‍ അലബാമ, കാലിഫോര്‍ണിയ, ഫ്ലോറിഡ, ജോര്‍ജിയ, ഇന്ത്യാന അടക്കമുള്ള സംസ്ഥാനങ്ങളിലെല്ലാം ചിത്രത്തിന് റിലീസ് തീരുമാനിച്ചിട്ടുണ്ട്. സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങൾ.

പ്രധാനമന്ത്രി നരേന്ദ്രമോദി പശുക്കള്‍ക്ക് തീറ്റ കൊടുക്കുന്ന ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ വിമര്‍ശനവുമായി നടന്‍ പ്രകാശ് രാജ്. അദ്ദേഹം സാമൂഹ്യമാധ്യമമായ എക്‌സില്‍ ‘ലോകത്തിലെ ഏറ്റവും വലിയ ബീഫ് കയറ്റുമതിക്കാരുടെ നാട്ടില്‍ നിന്നുള്ള ഒരാള്‍… എന്തൊരു വിരോധാഭാസം’, എന്നാണ് കുറിച്ചത്. തന്റെ വസതിയിലെ പശുക്കള്‍ക്ക് മകര സംക്രാന്തിയോടനുബന്ധിച്ച്‌ നരേന്ദ്ര മോദി തീറ്റ നല്‍കുന്ന ചിത്രങ്ങള്‍ പ്രധാനമന്ത്രിയുടെ ഓഫീസാണ് പുറത്തുവിട്ടത്.

പ്രധാനമന്ത്രി വസതിയിലെ വിശാലമായ പുല്‍ത്തകിടിയില്‍ പശുക്കള്‍ക്ക് പാത്രത്തില്‍ തീറ്റ നല്‍കുന്നത് ചിത്രങ്ങളിലുണ്ട്.നിരവധിപ്പേരാണ് മോദിയെ അനുകൂലിച്ചും പ്രതികൂലിച്ചും രംഗത്തെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ വസതിയിലെ പശുക്കൾക്ക് മകര സംക്രാന്തിയോടനുബന്ധിച്ച് തീറ്റ നൽകുന്നു എന്ന തലക്കെട്ടിൽ എ.എൻ.ഐ എക്സിൽ പങ്കിട്ട വീഡിയോക്കാണ് പ്രകാശ് രാജിന്‍റെ കമന്‍റ്.

ഏതാനും പശുക്കൾക്ക് വസതിയിലെ വിശാലമായ പുൽത്തകിടിയിൽ പ്രധാനമന്ത്രി പാത്രത്തിൽ തീറ്റ നൽകുന്നതാണ് വീഡിയോ ക്ലിപ്പിലുള്ളത്. കഴിഞ്ഞ ദിവസം കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ പങ്കെടുക്കാൻ പ്രകാശ് രാജ് കോഴിക്കോട് എത്തിയിരുന്നു. മോദി വിമർശകനായ കാരണം കൊണ്ട് തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ മൂന്ന് രാഷ്ട്രീയ പാർട്ടികൾ തന്‍റെ പിന്നാലെയുണ്ടെന്ന് ഒരു സെഷനിൽ പങ്കെടുത്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞിരുന്നു.

ഫൈറ്റര്‍ എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി.ഹൃത്വിക് റോഷന്‍, ദീപിക പദുകോണ്‍, അനില്‍ കപൂര്‍, കരണ്‍ സിങ് ഗ്രോവര്‍, അക്ഷയ് ഒബ്റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ചിത്രത്തിന്റെ ട്രൈലെർ പുറത്തിറങ്ങിയതോടെ ഏറെ ആകാംഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. പുൽവാമ,ആക്രമണത്തിനുള്ള തിരിച്ചടിയായി ബാലാകോട്ട് എ സ്ട്രെയ്ക്കുമായി ബന്ധപ്പെട്ട കഥയാണ് ചിത്രം പറയുന്നതെന്ന് ട്രെയിലർ സൂചിപ്പിക്കുന്നു.

2019 ഫെബ്രുവരി പതിനാലാം തീയതിയാണ് സുരക്ഷാ ഉദ്യോഗസ്ഥരുമായി സഞ്ചരിച്ചിരുന്ന വാഹനങ്ങൾക്കു നേരെ തീവ്രവാദികൾ മനുഷ്യബോംബ് ആക്രമണം നടത്തിയത്. സ്ഫോടനത്തിൽ 49 സൈന്യകരാണ് കൊല്ലപ്പെട്ടത്. രാജ്യത്തിൻറെ തിരിച്ചടിയുടെ കഥ പറയുന്ന ഫൈറ്ററിന്റെ റിലീസിനായി പ്രേക്ഷകർ കാത്തിരിക്കുകയാണ്.ജനുവരി 25 നാണ് ചിത്രത്തിന്റെ റിലീസ്.ഹൃത്വിക് അവതരിപ്പിക്കുന്നത് എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥനായ ഷംഷേര്‍ പത്താനിയ എന്ന കഥാപാത്രത്തെയാണ്. സ്‌ക്വാഡ്രണ്‍ ലീഡര്‍ മിനാല്‍ റാത്തോഡ് എന്ന കഥാപാത്രമായാണ് ദീപിക എത്തുന്നത്.

അയോധ്യയിൽ ഭൂമി സ്വന്തമാക്കി ബോളിവുഡ് താരം അമിതാഭ് ബച്ചൻ. സെവൻ സ്റ്റാർ എൻക്ലേവിൽ സ്ഥലം വാങ്ങിയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 14.5 കോടി രൂപയ്ക്ക് 10,000 ചതുരശ്ര അടി സ്ഥലമാണ് വാങ്ങിയതെന്നും പറയുന്നു. എന്നാൽ കൃത്യമായ വിവരങ്ങളൊന്നും പുറത്തു വിടാൻ കമ്പനി ഇതുവരെ തയ്യാറായിട്ടില്ല. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹൗസ് ഓഫ് അഭിനന്ദൻ ലോധയിൽ നിന്നുമാണ് ബച്ചൻ സ്ഥലം വാങ്ങിയത്. തന്റെ ഹൃദയത്തിൽ അയോധ്യയ്ക്ക് പ്രത്യേക സ്ഥാനമുണ്ടെന്നും അവിടുത്തെ ആത്മീയതയും സംസ്കാര സമ്പന്നതയും അതിർത്തികൾക്കപ്പുറം വൈകാരികമായ ബന്ധം സൃഷ്ടിക്കുന്നു എന്നും ബച്ചൻ പറയുന്നു. ആഗോള ആത്മീയ കേന്ദ്രത്തിൽ ഒരു വീട് നിർമിക്കാൻ താൻ ആഗ്രഹിക്കുന്നുവെന്നും ബച്ചൻ പറഞ്ഞു. അമിതാഭ് ബച്ചന്റെ ജന്മസ്ഥലമായ പ്രയാഗ്‌രാജ് അയോധ്യയിൽ നിന്നും നാല് മണിക്കൂർ ദൂരമേ ഉള്ളു. അയോധ്യ ക്ഷേത്ര പ്രതിഷ്ഠാ ദിനമായ ജനുവരി 22നാണ് എച്ച്ഒഎബിഎല്ലിന്റെ സരയു പദ്ധതി ഉദ്ഘാടനം ചെയ്യുന്നത്.

മാലിദ്വീപിലെ യാത്ര റദ്ദാക്കി നടൻ നാഗാർജുന.സംഗീതസംവിധായകൻ എം.എം. കീരവാണിയുമായുള്ള അഭിമുഖസംഭാഷണത്തിലാണ് നാ​ഗാർജുന ഇക്കാര്യം അറിയിച്ചത്. തന്റെ മാലദ്വീപിലേക്കുള്ള അവധിക്കാല യാത്ര റദ്ദാക്കിയെന്നും പകരം ലക്ഷ്യദ്വീപിലേക്ക് യാത്ര പോകുമെന്നും താരം പറഞ്ഞു. താരം ജനുവരി 17-നാണ് അവധിക്കാലം ആഘോഷിക്കാനായി പോകാൻ ഇരുന്നത്. പകരം അടുത്തയാഴ്ച ലക്ഷ​ദ്വീപിലേയ്ക്ക് പോകാനാണ് തീരുമാനം.

ഭയം കൊണ്ടല്ല ശെരിയല്ലന്ന് തോന്നിയത് കൊണ്ടാണ് യാത്ര റദ്ധാക്കിയതെന്നും താരം പറഞ്ഞു. ലക്ഷദ്വീപിലെ ബം​ഗാരം ദ്വീപിന്റെ ഭം​ഗിയെക്കുറിച്ച് വാചാലനായ നടൻ കീരവാണിയോട് ലക്ഷദ്വീപിലേയ്ക്ക് യാത്ര പോകാനും തമാശരൂപേണ പറഞ്ഞു.മാലദ്വീപ് മന്ത്രിമാരുടെ അധിക്ഷേപദി തുടർന്ന് ഒട്ടനവധി താരങ്ങളാണ് മാലിദ്വീപ് യാത്ര റദ്ദാക്കിയത്. മാലദ്വീപ് ബഹിഷ്‌കരണ കാമ്പെയ്‌നുകളും സാമൂഹികമാധ്യമങ്ങളിൽ നിറയുകയാണ്.

2023 നവംബറിൽ നടി രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ വലിയ വിവാദമായിരുന്നു. നിരവധി ചലച്ചിത്ര നടിമാര്‍ ഡീപ്പ് ഫേക്ക് വീഡിയോകള്‍ക്ക് ഇരയായി എന്ന വാര്‍ത്ത അതിന് പിന്നാലെ വന്നു. ഇപ്പോള്‍ ഒരു അഭിമുഖത്തിൽ ബോളിവുഡ് നടിസണ്ണി ലിയോൺ സെലിബ്രിറ്റികള്‍ക്കെതിരായ ഇത്തരം ഡീപ്ഫേക്ക് ആക്രമണങ്ങളെക്കുറിച്ച് തുറന്നു പറയുകയാണ് . വർഷങ്ങളായി ഇത്തരം ഡീപ്പ് ഫേക്ക് ആക്രമണങ്ങള്‍ തനിക്ക് സംഭവിക്കുന്നുണ്ടെന്നും.ഇത്തരം ഡീപ്‌ഫേക്കുകൾ ഒരു പുതിയ പ്രശ്നം അല്ലെന്നുമാണ് സണ്ണി പറയുന്നത്. ഓണ്‍ലൈനില്‍ ഡീപ്പ് ഫേക്ക് വീഡിയോകളാല്‍ നടിമാര്‍ അപമാനിക്കപ്പെടുന്നത് സംബന്ധിച്ച ചോദ്യത്തിന് സണ്ണിയുടെ മറുപടി ഇതായിരുന്നു.

“ഇവ എനിക്ക് സംഭവിച്ചതാണ്, എന്നാൽ ഞാൻ അതിനെക്കുറിച്ച് അധികം ചിന്തിക്കുന്നില്ല. ഇത് എന്നെ മാനസികമായും മാനസികമായും ബാധിക്കാൻ ഞാൻ അനുവദിക്കുകയും ഇല്ല. എന്നാൽ ഇത് ദുരതമായി മാറുന്ന യുവ നടിമാര്‍‌ ഉണ്ട്. അത് അവരുടെ തെറ്റല്ലെന്ന് അവർ മനസ്സിലാക്കണം. അവർ തെറ്റൊന്നും ചെയ്തിട്ടില്ല.അങ്ങനെ എന്തെങ്കിലും സംഭവിച്ചാൽ ധൈര്യത്തോടെ പോയി അപ്പോള്‍ തന്നെ സൈബര്‍ സെല്ലില്‍ കേസ് കൊടുക്കണം.


നിങ്ങളുടെ മുഖവും അടയാളവും അവർ ദുരുപയോഗം ചെയ്തുവെന്ന് പരാതി കൊടുക്കുക. പോലീസ് നടപടിയെടുക്കും. കൂടാതെ സോഷ്യൽ മീഡിയയിൽ പോലും നിങ്ങൾക്ക് ഈ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്ത് അത് സാങ്കേതികമായി നീക്കം ചെയ്യണം. ഇവിടെ ഒരു സിസ്റ്റം ഉണ്ട് അത് ഉപയോഗിക്കണം”- സണ്ണി പറയുന്നു.

“ഡീപ്പ് ഫേക്ക് ഇപ്പോഴത്തെ ട്രെന്‍റായി വരുന്നതാണ്. എല്ലാവരും പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നു. അതിനാല്‍ തന്നെ ഭയത്തേക്കാള്‍ സെലിബ്രിറ്റികൾ അവരുടെ രൂപസാദൃശ്യം ദുരുപയോഗം ചെയ്യപ്പെടുന്നതിനെ കുറിച്ച് ആശങ്കാകുലരാണ്. കഴിഞ്ഞ വർഷം വ്യാജ ഫോട്ടോകളും വീഡിയോകളും ഇത്തരത്തില്‍ നാം കണ്ടു. ഇത് വളരെക്കാലമായി ഉള്ളതാണ്. ഇത് പുതുമയുള്ള കാര്യമല്ല, പക്ഷെ ഇത്തരം സൌകര്യങ്ങള്‍ ഇപ്പോള്‍ എളുപ്പത്തില്‍ മോശം ആള്‍ക്കാര്‍ക്ക് ലഭിക്കുന്നു എന്നതാണ് പ്രശ്നം “- സണ്ണി തുടര്‍ന്നു.