ദുല്‍ഖറിന് നന്ദി പറഞ്ഞ് റോഷന്‍ ആന്‍ഡ്രൂസ്
ദുല്‍ഖര്‍ സല്‍മാന്‍ മുഴുനീള പോലീസ് വേഷവുമായി എത്തുന്ന റോഷന്‍ ആന്‍ഡ്രൂസ് ചിത്രം സല്യൂട്ടിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി.ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റിയാണ് ചിത്രത്തില്‍ നായികയാകുന്നത്.മനോജ് കെ. ജയന്‍, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ അയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.
സിനിമ പൂര്‍ത്തിയാക്കുവാന്‍ അകമഴിഞ്ഞ് സഹായിച്ച ദുല്‍ഖറിനും കൂടെ വര്‍ക്ക് ചെയ്തവര്‍ക്കും നന്ദി പറഞ്ഞ് സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസ് സോഷ്യല്‍ മീഡിയയില്‍ പങ്ക് വെച്ച കുറിപ്പ് ഇപ്പോള്‍ ശ്രദ്ധേയമാകുകയാണ്.
റോഷന്‍ ആന്‍ഡ്രൂസിന്റെ കുറിപ്പ്
ഡിക്യു.. ഏറെ സ്‌നേഹത്തോടെയും ബഹുമാനത്തോടെയും നമ്മള്‍ എല്ലാവരും വിളിക്കുന്നത് അങ്ങനെയാണ്. എന്റെ എന്നത്തേയും ഒരു സ്വപ്നമായ താങ്കളോടൊപ്പം ഒരു സിനിമ എന്നത് യാഥാര്‍ഥ്യമാക്കി തന്ന അങ്ങേക്ക് ഹൃദയത്തില്‍ നിന്നും നന്ദിയര്‍പ്പിക്കുന്നു. ഒന്നിച്ചു പ്രവര്‍ത്തിച്ച ഓരോ നാളിലും താങ്കള്‍ എത്രയേറെ നന്മയുള്ള വ്യക്തിയാണ് എന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു. ആ ഒരു മേന്മ തന്നെയാണ് താങ്കളെ മികച്ചൊരു അഭിനേതാവും ആക്കിത്തീര്‍ത്തിരിക്കുന്നത്. ദുല്‍ഖറിനൊപ്പം വര്‍ക്ക് ചെയ്യുക എന്നത് കരിയറില്‍ ഒഴിച്ചുകൂടാനാവാത്ത ഒരു അനുഭവമാണെന്ന് തന്നെ ഞാന്‍ എന്റെ സുഹൃത്തുക്കളായ എല്ലാ സംവിധായകരോടും തീര്‍ച്ചയായും പറയും. കൂടാതെ താങ്കളുടെ പ്രൊഡക്ഷന്‍ കമ്പനി മലയാളത്തിലെ തന്നെ ഏറ്റവും മികച്ചവയില്‍ ഒന്നാണ്. ആ കമ്പനിക്ക് വേണ്ടി ഒരു സിനിമ ചെയ്യുവാന്‍ സാധിച്ചത് ഞാന്‍ ഒരു ഭാഗ്യമായി കരുതുന്നു. ഏറ്റവും മികച്ച പ്രൊഡക്ഷന്‍ കമ്പനികളില്‍ ഒന്നിനോടൊപ്പവും ഏറ്റവും മികച്ച നടന്മാരില്‍ ഒരാളോടൊപ്പവും ഏറ്റവും നല്ല മനുഷ്യന്മാരില്‍ ഒരാളോടൊപ്പവും അതോടൊപ്പം സിനിമ ലോകത്ത് നിന്നും ഞാന്‍ നേടിയെടുത്ത ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളോടൊപ്പവും വര്‍ക്ക് ചെയ്യുവാനുള്ള അസുലഭ അവസരമാണ് താങ്കള്‍ എനിക്ക് നല്‍കിയത്. നമ്മള്‍ പ്രതീക്ഷിച്ചതിനും അപ്പുറത്തെ തലത്തിലേക്ക് അരവിന്ദ് കരുണാകരനെ എത്തിക്കുവാന്‍ സഹായിച്ച താങ്കളോട് എത്ര നന്ദി പറഞ്ഞാലും മതിയാവുകയില്ല. ഇത് എഴുതുമ്പോഴും അരവിന്ദ് കരുണാകരനെ അയാളാക്കി തീര്‍ക്കുവാന്‍ താങ്കള്‍ പകര്‍ന്നേകിയ ഓരോ ചലനങ്ങളും മാനറിസങ്ങളും ഇപ്പോഴും ഞാന്‍ മറന്നിട്ടില്ല. ഈ കൊറോണ സമയത്തും വിചാരിച്ചതിനും മുന്‍പേ ചിത്രീകരണം പൂര്‍ത്തിയാക്കുവാന്‍ സഹകരിച്ച മുഴുവന്‍ ടീമംഗങ്ങള്‍ക്കും പ്രത്യേക നന്ദി. വേഫെറര്‍ ടീമും നമ്മളും ഒന്നിച്ച് നടത്തിയ കഠിനാദ്ധ്വാനം തന്നെയാണ് ഇതെല്ലാം സാധ്യമാക്കിയത്. മനോജേട്ടാ.. താങ്കളെനിക്ക് ഒരു ജ്യേഷ്ഠന്‍ തന്നെയാണ്. ഏതു സാഹചര്യത്തിലും എന്നോട് കൂടെ നില്‍ക്കുന്ന ഒരാള്‍. ഈ സിനിമയില്‍ ഞങ്ങളോട് ഒപ്പം പ്രവര്‍ത്തിച്ച എല്ലാ അഭിനേതാക്കള്‍ക്കും ടെക്‌നീഷ്യന്‍സിനും എന്റെ എല്ലാമെല്ലാമായ ബോബിക്കും സഞ്ജയിനും (ഏതാണ് ബ്രോ നമ്മുടെ അടുത്ത പ്രൊജക്റ്റ്..?) ഈ സ്വപ്നം യാഥാര്‍ഥ്യമാക്കി തീര്‍ത്തതിന് ഒരു ബിഗ് സല്യൂട്ട്,’ റോഷന്‍ ആന്‍ഡ്രൂസ് തന്റെ പോസ്റ്റിനൊപ്പം കുറിച്ചു.