തുടര്‍ച്ചയായുള്ള രണ്ട് ഗംഭീര റിലീസുകള്‍ക്ക് ശേഷം മലയാള സിനിമാ പ്രേമികള്‍ക്കായി ‘ഡിസ്‌നി+ഹോട്ട്സ്റ്റാര്‍ മലയാളം’ എന്ന പുതിയ സോഷ്യല്‍മീഡിയ അക്കൗണ്ടുകള്‍ ആരംഭിച്ചിരിക്കുകയാണ് കമ്പനി. ഈയടുത്തായി ഹോട്ട്‌സ്റ്റാറില്‍ പ്രദര്‍ശനത്തിനെത്തിയ നിവിന്‍ പോളി നായകനായ കനകം കാമിനി കലഹവും, ദിലീപ് ചിത്രമായ കേശു ഈ വീടിന്റെ നാഥനും സിനിമാസ്വാദകര്‍ സ്വീകരിച്ചു കഴിഞ്ഞു.
മറ്റ് ഒടിടി പ്ലാറ്റ്‌ഫോമുകളേക്കാള്‍ വൈകിയാണ് ഡിസ്‌നി+ഹോട്ട്സ്റ്റര്‍ മലയാള സിനിമകളുടെ സ്ട്രീമിങ് ആരംഭിച്ചതെങ്കിലുംവളരെ പെട്ടെന്ന് തന്നെ സബ്‌സ്‌ക്രിപ്ഷനിലും കാഴ്ചക്കാരിലും വന്‍ കുതിപ്പ് നേടാന്‍ ഹോട്ട്‌സ്റ്റാറിന് കഴിഞ്ഞു. ഈ വിജയത്തിന് പുറകെയാണ് സമൂഹ മാധ്യമങ്ങളായ യൂട്യുബിലും ഫേസ്ബുക്കിലും ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലും കമ്പനി അക്കൗണ്ടുകള്‍ ആരംഭിച്ചിരിക്കുന്നത്.
ഇനി വരാനിരിക്കുന്ന എല്ലാ മലയാള സിനിമയുടെയും വെബ് സീരീസുകളുടെയും റിലീസ് വിശേഷങ്ങളെല്ലാം ഈ ചാനലുകളിലൂടെയായിരിക്കും പ്രേക്ഷകരിലേക്കെത്തുക. ‘ഡിസ്‌നി ഡേ’ ആയ നവംബര്‍ 12ന് അര്‍ദ്ധരാത്രി 12 മണിക്കാണ് ആദ്യ മലയാള സിനിമ ഹോട്ട്സ്റ്റാറിലൂടെ പ്രദര്‍ശനത്തിനെത്തിയത്.

