Entertainment (Page 18)

ചെന്നൈ: ബിഗ് ബോസിന്റെ തമിഴ് പതിപ്പിന്റെ അവതാരക സ്ഥാനത്തുനിന്ന് ഇടവേളയെടുത്ത് ചലച്ചിത്രതാരം കമൽ ഹാസൻ. 2017 ൽ ആരംഭിച്ച ആദ്യ സീസൺ മുതൽ ഈ വർഷം ജനുവരിയിൽ അവസാനിച്ച ഏഴാം സീസൺ വരെ ബിഗ് ബോസ് തമിഴ് പതിപ്പിൽ കമൽ ഹാസനായിരുന്നു അവതാരകനായി എത്തിയത്. ഏഴ് വർഷങ്ങൾക്ക് മുൻപ് ആരംഭിച്ച നമ്മുടെ യാത്രയിൽ നിന്ന് താൻ ഒരു ചെറിയ ഇടവേള എടുക്കുന്ന കാര്യം ഹൃദയഭാരത്തോടെ നിങ്ങളെ അറിയിക്കുകയാണെന്ന് കമൽ ഹാസൻ പറഞ്ഞു. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

സിനിമാ തിരക്കുകൾ കാരണം ബിഗ് ബോസ് തമിഴിന്റെ വരാനിരിക്കുന്ന സീസണിൽ അവതാരകനായി എത്താൻ തനിക്ക് സാധിക്കില്ല. ബിഗ് ബോസ് അവതാരകനെന്ന നിലയിൽ തനിക്ക് ലഭിച്ച സ്‌നേഹത്തിന് പ്രേക്ഷകർക്ക് നന്ദി പറയുന്നു. ബിഗ് ബോസ് തനിക്കും വലിയ പഠനാവസരമായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

കമൽ ഹാസന് പകരം ആരാണ ബിഗ് ബോസ് ഷോയിലേക്ക് അവതാരകനായി എത്തുന്നത് എന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേരളത്തിന് കൈത്താങ്ങായി തെലുങ്ക് താരം അല്ലു അർജുൻ. ഉരുൾപൊട്ടൽ തകർത്തെറിഞ്ഞ വയനാടിനായി കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ അല്ലു അർജുൻ സംഭാവനയായി നൽകി.

വയനാട്ടിൽ സംഭവിച്ച ഉരുൾപൊട്ടലിൽ താൻ അതീവ ദുഃഖിതനാണെന്ന് അല്ലു അർജുൻ പറഞ്ഞു. കേരളം എല്ലായ്പ്പോഴും തനിക്ക് ഒരുപാട് സ്നേഹം തന്നിട്ടുണ്ടെന്നും പുനരധിവാസ പ്രവർത്തനങ്ങൾക്ക് സഹായമാകാൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന ചെയ്യുന്നുവെന്നും താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. ജനങ്ങളുടെ സുരക്ഷയ്ക്കുവേണ്ടി പ്രാർഥിക്കുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ ആഘാതം നേരിടുന്ന മുണ്ടക്കൈയിലും ചൂരൽമലയിലും നടൻ മോഹൻലാൽ എത്തി. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന 122 ഇൻഫൻട്രി ബറ്റാലിയന്റെ ലഫ്റ്റനന്റ് കേണൽ കൂടിയാണ് മോഹൻലാൽ. സൈനിക വേഷത്തിൽ മേപ്പാടി മൗണ്ട് താബോർ വിദ്യാലയത്തിലെ ദുരിതാശ്വാസ ക്യാമ്പിലായിരുന്നു ആദ്യ സന്ദർശനം. തുടർന്ന് ചൂരൽമലയിയും ബെയ് ലി പാലം വഴി മുണ്ടക്കൈയിലുമെത്തി.

മുണ്ടക്കൈയിലെ തകർന്നടിഞ്ഞ വീടുകൾക്കരിയിലൂടെ ദുഷ്‌കരമായ വഴികൾ താണ്ടി പുഞ്ചിരിമറ്റത്തും മോഹൻലാൽ സന്ദർശനം നടത്തി. തിരികെ ചൂരൽമലയിലെത്തിയ അദ്ദേഹം സൈനികരെ അഭിനന്ദിച്ചു. മേജർ ജനറൽ എൻ.ടി. മാത്യു, സംവിധായകൻ മേജർ രവി, ലെഫ്റ്റനൻറ് രാഹുൽ, ഡിഫൻസ് സെക്യൂരിറ്റി കോർ കമാൻഡൻറ് പി.എസ്. നാഗര, കേണൽ ബെൻജിത്ത് തുടങ്ങിയവരും നടനൊപ്പമുണ്ടായിരുന്നു.

ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർന്ന മുണ്ടക്കൈ എൽ.പി. വിദ്യാലയം പുതുക്കി പണിയുന്നതിന് മോഹൻലാലിന്റെ മാതാപിതാക്കളുടെ പേരിൽ സ്ഥാപിതമായ വിശ്വശാന്തി ഫൗണ്ടേഷൻ മൂന്നു കോടി രൂപ നൽകുമെന്ന് മോഹൻലാൽ പറഞ്ഞു. ഈ നാടുമായി തനിക്ക് ആത്മബന്ധമുണ്ടെന്നും രക്ഷാപ്രവർത്തകർ നൽകുന്ന സേവനം മഹത്തരമാണെന്നും മോഹൻലാൽ പറഞ്ഞു.

എറണാകുളം: നടൻ ഹരിശ്രീ അശോകന്റെ പഞ്ചാബി ഹൗസ് എന്ന വീടിന്റെ നിർമാണത്തിൽ വീഴ്ച സംഭവിച്ചെന്ന് കണ്ടെത്തിയെന്ന് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. 17,83, 641 രൂപ പിഴ നൽകണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദേശം. പഞ്ചാബി ഹൗസ് എന്ന വീടിന്റെ നിർമാണം പൂർത്തിയായി അധികനാൾ കഴിയുന്നതിന് മുമ്പ് തന്നെ കേടുപാടുകൾ സംഭവിച്ചതോടെയാണ് ഹരിശ്രീ അശോകൻ കോടതിയെ സമീപിച്ചത്.

വീടിന്റെ തറയോടുകളുടെ നിറം മങ്ങി പോവുകയും പൊട്ടിപ്പൊളിയാൻ തുടങ്ങുകയും ചെയ്തു. പികെ ടൈൽസ് സെന്റർ, കേരള എജിഎൽ വേൾഡ് എന്നീ സ്ഥാപനങ്ങളിൽ നിന്നാണ് ടൈൽസ് വാങ്ങിയിരുന്നത്. എൻഎസ് മാർബിൾ വർക്‌സ് ഉടമ പായസിന്റെ നേതൃത്തിലായിരുന്നു ടൈൽസ് പണികൾ നടന്നത്.

തറ പൊട്ടാൻ തുടങ്ങിയതോടെ നിരവധി തവണ ഹരിശ്രീ അശോകൻ എതിർ കക്ഷികളെ സമീപിച്ചിരുന്നു. എന്നാൽ വ്യക്തമായ മറുപടി നൽകാനോ പരിഹാരം കണ്ടെത്താനോ അവർ തയ്യാറായിരുന്നില്ല. തുടർന്ന് നടൻ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. എന്നാൽ തങ്ങൾക്കെതിരെ യാതൊരു തെളിവുകളും ഇല്ലെന്നും ഇത് സംബന്ധിച്ചുള്ള രേഖകൾ ഹാജരാക്കാൻ പരാതിക്കാരന് കഴിഞ്ഞില്ലെന്നും എതിർകക്ഷികൾ കോടതിയിൽ വാദിച്ചു. എന്നാൽ ഇൻവോയ്‌സും വാറന്റി രേഖകളും ടെസ്റ്റ് റിപ്പോർട്ടും നൽകാതെ കമ്പനി ഉപഭോക്താവിനെ കബളിപ്പിച്ചുവെന്ന് കോടതി വിലയിരുത്തി. തുടർന്നാണ് ഹരിശ്രീ അശോകന് പണം നൽകാൻ കോടതി ഉത്തരവിട്ടത്.

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടലിൽ രക്ഷാ പ്രവർത്തനം നടത്തുന്നവർക്ക് പ്രശംസ അറിയിച്ച് നടൻ മോഹൻ ലാൽ. ദുരന്തത്തിൽ അകപ്പെട്ട ആളുകളെ രക്ഷിക്കുന്നതിനായി സ്വന്തം ജീവൻ പോലും നോക്കാതെ അക്ഷീണം പ്രയത്‌നിക്കുന്ന രക്ഷാപ്രവർത്തകരെയാണ് മോഹൻലാൽ പ്രശംസിച്ചത്. ദുരന്തമുഖത്ത് അതിസാഹസികമായി രക്ഷാപ്രവർത്തനം നടത്തുന്ന സൈനികരുടെ ചിത്രങ്ങൾ അദ്ദേഹം പങ്കുവെയ്ക്കുകയും ചെയ്തു.

ദുരിതബാധിതർക്ക് ആശ്വാസം പകരാനും സ്വന്തം ജീവൻ പോലും മറന്ന് അവരെ രക്ഷപ്പെടുത്തുകയും ചെയ്യുന്നതിന് നന്ദി പറയുന്നുവെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു. നിസ്വാർത്ഥരായ സന്നദ്ധ പ്രവർത്തകർ, പൊലീസ് ഉദ്യോഗസ്ഥർ, ഫയർ ആൻഡ് റെസ്‌ക്യൂ, എൻഡിആർഎഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങീ രക്ഷാപ്രവർത്തനത്തിലേർപ്പെട്ട ഓരോ വ്യക്തിയുടെയും ധൈര്യത്തെ അഭിനന്ദിക്കുന്നുവെന്നും താരം വ്യക്തമാക്കി.

ദുരിതാശ്വാസ ദൗത്യത്തിൽ മുന്നിൽ നിന്ന തന്റെ 122 ഇൻഫൻട്രി ബറ്റാലിയൻ ടിഎ മദ്രാസിന്റെ പ്രയത്‌നങ്ങൾക്കും താൻ നന്ദി അറിയിക്കുന്നു. തങ്ങൾ മുമ്പും നിരവധി വെല്ലുവിളികളെ നേരിടുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുണ്ട്. വളരെയധികം ദുഷ്‌കരമായ ഈ സന്ദർഭത്തിൽ നമ്മൾ ഒറ്റക്കെട്ടായി ഐക്യത്തോടെ നിൽക്കണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.

കൊച്ചി: സിനിമ ചിത്രീകരണത്തിനിടെ കാറപകടം. അഞ്ചു പേർക്ക് പരിക്കേറ്റു. നടൻമാരായ അർജുൻ അശോകും സംഗീത് പ്രതാപും മാത്യു തോമസും സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കൊച്ചി എം ജി റോഡിൽ വെച്ചാണ് അപകടം ഉണ്ടായത്.

വഴിയിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും കാർ തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റു. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു അപകടം.

സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാർ ഓടിച്ചത്. ഇന്ന് പുലർച്ചെ 1.30ഓടെയാണ് അപകടമുണ്ടായത്.

കൊച്ചി: വസ്ത്രധാരണവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് നടി അമല പോൾ. തനിക്ക് ഇഷ്ടപ്പെട്ട വസ്ത്രമാണ് താൻ ധരിച്ചതെന്ന് അമലാ പോൾ വ്യക്തമാക്കി. സിനിമ പ്രമോഷന്റെ ഭാഗമായി കോളജിലെ ഒരു പരിപാടിക്കെത്തിയപ്പോൾ ധരിച്ച വസ്ത്രം വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. താരത്തിനെതിരെ വിമർശനവുമായി കാസയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടിയുടെ പ്രതികരണം.

താൻ ധരിച്ച വസ്ത്രത്തിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടെന്നോ അത് അനുചിതമാണെന്നോ താൻ കരുതുന്നില്ല. ചിലപ്പോൾ അത് ക്യാമറയിൽ കാണിച്ച വിധം അനുചിതമായതായിരിക്കാം. കാരണം, അവിടെ ഉണ്ടായിരുന്ന വിദ്യാർത്ഥികൾക്ക് താൻ ധരിച്ചത് മോശമായ വസ്ത്രമാണെന്ന് തോന്നിയിട്ടില്ല. പക്ഷെ അത് എങ്ങനെയാണ് പുറത്ത് പ്രദർശിക്കപ്പെട്ടതെന്ന് തന്റെ നിയന്ത്രണത്തിലുള്ള കാര്യമല്ലെന്ന് താരം അഭിപ്രായപ്പെട്ടു.

അതിൽ തനിക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. താൻ ധരിച്ചു വന്ന വസ്ത്രം എങ്ങനെ ഷൂട്ട് ചെയ്യണമെന്നോ എങ്ങനെ കാട്ടണമെന്നതോ തന്റെ കൈകളിലുള്ള കാര്യമല്ല. ചിലപ്പോൾ എടുത്ത രീതിയായിരിക്കാം അനുചിതമായത്. അതുതന്നെയാണ് തനിക്ക് വിദ്യർത്ഥികളോടും പറയാനുള്ളത്. നിങ്ങൾ നിങ്ങളായിരിക്കാൻ ശ്രദ്ധിക്കുക, തനിക്ക് ഇഷ്ടമുള്ളതാണ് താൻ ധരിച്ചതെന്നും അമലാ പോൾ വിശദമാക്കി.

സ്വന്തം വസ്ത്ര ബ്രാൻഡിന്റെ ഷർട്ട് മമ്മൂട്ടിയ്ക്ക് സമ്മാനിച്ച് ഫാഷൻ ഡിസൈനറും നടൻ കുഞ്ചന്റെ മകളുമായ സ്വാതി കുഞ്ചൻ. വൈറ്റ് മസ്റ്റാഷ് എന്ന സ്വന്തം ബ്രാൻഡിന്റെ ഷർട്ടാണ് സ്വാതി മമ്മൂട്ടിക്ക് സമ്മാനിച്ചത്. താരത്തിനൊപ്പമുള്ള ചിത്രം സ്വാതി വൈറ്റ് മസ്റ്റാഷിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചു.

ഫാഷൻ ഡിസൈനിങ് മേഖലയിൽ തന്റേതായ ഇടം നേടിയ സ്വാതി നിത അംബാനിയുടെ ഹർ സർക്കിൾ, ഫെമിന എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്. ഫെമിനയിലെ ഹെഡ് സ്‌റ്റൈലിസ്റ്റ് അക്ഷിത സിങ്ങിനൊപ്പമാണ് സ്വാതി കരിയർ ആരംഭിച്ചത്. പിന്നീട് ഹെഡ് സ്‌റ്റൈലിസ്റ്റ് ആയ സ്വാതി ഡിസൈനിങ്ങ് മേഖലയിൽ ലക്ഷങ്ങൾ പ്രതിഫലം ഫാഷൻ സ്‌റ്റൈലിസ്റ്റ് ആണ്.

കുഞ്ചന്റേയും ശോഭയുടേയും ഇളയ മകളാണ് സ്വാതി. ശ്വേതയാണ് മറ്റൊരു മകൾ. ഹെയർ ആന്റ് മേക്കപ്പ് ആർട്ടിസ്റ്റാണ് ശ്വേത. ഏപ്രിലിലായിരുന്നു സ്വാതിയുടെ വിവാഹം. വിവാഹ ചടങ്ങുകൾക്ക് മമ്മൂട്ടിയും മോഹൻലാലുമടക്കം നിരവധി താരങ്ങൾ സന്നിഹിതരായിരുന്നു.

തിരുവനന്തപുരം: സിനിമാതാരം സലിംകുമാറിന്റെ പേരിൽ വ്യാജപോസ്റ്ററുകൾ നിർമ്മിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് എറണാകുളം റൂറൽ വടക്കേക്കര പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

വ്യാജവാർത്തകൾ നിർമ്മിക്കുന്നതും അവ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്നതും കുറ്റകരമാണ്. ഇത്തരക്കാർക്കെതിരെ പോലീസ് കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

അതേസമയം, ഓൺലൈൻ വ്യാജ ഇൻവെസ്റ്റ്‌മെന്റ് തട്ടിപ്പ് സൂക്ഷിക്കണമെന്നും പോലീസ് വ്യക്തമാക്കി. സാമ്പത്തികത്തട്ടിപ്പിനിരയായാൽ ഒരുമണിക്കൂറിനകം തന്നെ വിവരം 1930 ൽ അറിയിക്കുക. എത്രയും നേരത്തെ റിപ്പോർട്ട് ചെയ്താൽ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാനുള്ള സാധ്യത കൂടുതലാണ്. www.cybercrime.gov.in എന്ന വെബ്‌സൈറ്റിലും പരാതി രജിസ്റ്റർ ചെയ്യാവുന്നതാണ്.

മുറിവ് എന്ന ഗാനത്തിനെതിരെ സമൂഹ മാദ്ധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളിൽ പ്രതികരണവുമായി ഗായിക ഗൗരി ലക്ഷ്മി. ഈ ഗാനത്തിലെ വരികൾ തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളാണെന്നാണ് ഗൗരി വ്യക്തമാക്കുന്നത്. ‘എന്റെ പേര് പെണ്ണ്’ എന്നു തുടങ്ങുന്ന ഗൗരിയുടെ ഗാനത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ വലിയ തോതിൽ സൈബർ ആക്രമണം നടന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഗൗരി പ്രതികരണവുമായി രംഗത്തെത്തിയത്.

മുറിവ് തന്റെ അനുഭവമാണ്. അതിൽ ആദ്യം പറയുന്ന എട്ടുവയസ് തന്റെ പേഴ്‌സണൽ എക്‌സ്പീരിയൻസാണ്. ബസിൽ പോകുമ്പോൾ താനിട്ടിരുന്ന ഡ്രസ് വരെ തനിക്ക് ഓർമയുണ്ട്. തന്റെ അച്ഛനെക്കാൾ പ്രായമുള്ള ഒരാളാണ് പിന്നിൽ ഇരുന്നത്. അയാളുടെ മുഖം തനിക്ക് ഓർമ്മയില്ല. തന്റെ ടോപ്പ് പൊക്കി തൻറെ വയറിലേക്ക് കൈവരുന്നത് താൻ അറിഞ്ഞു.താൻ അയാളുടെ കൈ തട്ടിമാറ്റി തനിക്ക് അമ്മയുടെ അടുത്ത് പോകണം എന്ന് പറഞ്ഞ് മുന്നോട്ട് പോയി. അന്ന് അത് എനിക്ക് പറഞ്ഞ് തരാൻ ആരും ഇല്ലായിരുന്നു. പക്ഷെ ഇത് പ്രശ്‌നം പിടിച്ച പരിപാടിയാണ് എന്ന് തനിക്ക് മനസിലായെന്നും ഗൗരി പറയുന്നു.

13-ാം വയസിൽ ബന്ധു വീട്ടിൽ പ്പോയ കാര്യവും പാട്ടിൽ പറയുന്നുണ്ട്. അതും തന്റെ അനുഭവമാണ്. അവധിക്കാലത്ത് സ്ഥിരം പോകുന്ന വീടായിരുന്നു. അയാളുടെ പെരുമാറ്റത്തിൽ മാറ്റം വന്നുതുടങ്ങിയതോടെ താൻ ആ വീട്ടിൽ പിന്നീട് പോകാതായെന്നും ഗൗരി വ്യക്തമാക്കി.