Entertainment (Page 19)

തിരുവനന്തപുരം: സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളെ കുറിച്ച് പഠിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവിടാൻ സംസ്ഥാന വിവരാവകാശ കമ്മീഷൻ പുറപ്പെടുവിച്ച ഉത്തരവിനെ സ്വാഗതം ചെയ്ത് വിമെൻ ഇൻ സിനിമ കളക്ടീവ്. 2019 മുതൽ 2024 വരെ നീണ്ട നിരാശാജനകമായ നിശബ്ദത ഭേദിക്കുന്ന ഈ ഉത്തരവ് ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് വീണ്ടും ചർച്ചാവിഷയമാകുമ്പോൾ WCC വർഷങ്ങളായി മുന്നോട്ട് വെച്ച ചില ചോദ്യങ്ങൾ വീണ്ടും ചോദിക്കാൻ ആഗ്രഹിക്കുന്നു. കണ്ടെത്തലുകൾ പുറത്തു വിടാതെ നിർദ്ദേശങ്ങൾ നടപ്പിലാക്കാം എന്ന വാദം സിസ്റ്റത്തെ പരിഹസിക്കുന്നതിന് തുല്യമാണ്. സുതാര്യതയോടുകൂടി റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ പുറത്തു വരുന്നത് ഉപയോഗപ്രദമായ പരിഹാരനടപടികൾ പ്രാവർത്തികമാക്കുന്നതിനും പുരോഗമനപരമായ നല്ല മാറ്റങ്ങൾ കൊണ്ട് വരുന്നതിനും ഉപകരിക്കുമെന്ന് WCC ശക്തമായി വിശ്വസിക്കുന്നു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു WCC യുടെ പ്രതികരണം.

വരും തലമുറകൾക്ക് സുരക്ഷിതമായ തൊഴിലിടങ്ങൾ ഉറപ്പ് വരുത്താൻ ഉതകുന്ന, ജനങ്ങൾ നൽകുന്ന നികുതിപ്പണം ഉപയോഗിച്ച് നടത്തിയ ഒരു സുപ്രധാനമായ പഠനം, തുറന്ന് പറച്ചിലുകൾ നടത്തിയ അതിജീവിതരെ സംരക്ഷിച്ച് കൊണ്ട് തന്നെ, ആ പഠന റിപ്പോർട്ടിലുള്ള നിർദേശങ്ങളും നിലവിൽ സിനിമ വ്യവസായത്തെ അപകടത്തിലാക്കുന്ന അനീതികളും അസന്തുലനാവസ്ഥയും നിർബന്ധമായും പുറത്ത് വരേണ്ടവയാണ്. ഇത് കൂടാതെ സിനിമ മേഖലയിൽ സ്ത്രീകൾ അനുഭവിക്കുന്ന വിവേചനങ്ങളും അനീതികളും തുറന്ന് കാണിക്കുന്ന ഷിഫ്റ്റ് ഫോക്കസ് പോലെയുള്ള പഠനങ്ങൾ നടത്തി, ബെസ്‌റ് പ്രാക്ടീസസ് റെക്കമെൻഡേഷൻസ് അടക്കം കളക്ടീവ് ഇതിന് മുൻപും സർക്കാരിന് നൽകിയിട്ടുണ്ട്.

RTI യുടെ പിന്തുണയോടെ കൂടി മുന്നോട്ട് വന്നിരിക്കുന്ന SIC യുടെ നിർദേശത്തിന് പൂർണ്ണമായ പിന്തുണയുമായി മുന്നോട്ട് വന്ന എല്ലാ മാധ്യമ സുഹൃത്തുക്കൾക്കും നന്ദി. നിലനിൽക്കുന്ന അനീതികളെ പൊളിച്ചെഴുതി കൂടുതൽ ലിംഗ സമത്വമുള്ള തൊഴിലിടങ്ങൾ ഉണ്ടാകട്ടെ. വിവരാവകാശ കമ്മീഷന്റെ ഇടപെടലോടു കൂടിയെങ്കിലും അതിജീവിതർക്ക് നീതി ലഭിക്കുമെന്നും, ഭാവിയിലെങ്കിലും നിർഭയരായി, വിവേചനവും, വേർതിരിവും, ചൂഷണങ്ങളും ഇല്ലാത്ത തൊഴിലിടങ്ങളിലേക്ക് തിരിച്ച് പോകാൻ സാധിക്കുമെന്നും പ്രത്യാശിക്കുന്നുവെന്ന് സംഘടന കൂട്ടിച്ചേർത്തു.

കൊച്ചി: ഓൺലൈൻ മാധ്യമങ്ങൾക്കെതിരെ പരാതിയുമായി സിനിമ നിർമാതാക്കൾ. ഓൺലൈൻ മാദ്ധ്യമങ്ങൾക്ക് അക്രെഡിറ്റേഷൻ നിർബന്ധമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രൊഡ്യൂസഴ്‌സ് അസോസിയേഷൻ ഫെഫ്കയ്ക്ക് കത്ത് നൽകി. അഭിനേതാക്കളോട് മോശമായ രീതിയിൽ ചോദ്യങ്ങൾ ചോദിക്കുന്നതും മരണ സ്ഥലത്ത് പോലും ക്യാമറകളുമായി പിന്തുടരുന്ന ഓൺലൈൻ മാധ്യമങ്ങളുടെ രീതിയിൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ഓൺലൈൻ മാധ്യമങ്ങൾ കേന്ദ്രസർക്കാറിന്റെ ഉദ്യം പോർട്ടലിൽ രജിസ്റ്റർ ചെയ്തിരിക്കണമെന്ന നിബന്ധനയും കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. ഫെഫ്ക അംഗീകൃത പിആർഒയുടെ കത്ത് എന്നിവ ഹാജരാക്കിയവർക്ക് മാത്രമേ സിനിമയുമായി ബന്ധപ്പെട്ട പരിപാടികൾ എടുക്കാൻ അനുമതിയുള്ളുവെന്ന് നിർമാതാക്കളുടെ സംഘടന വ്യക്തമാക്കിയിട്ടുണ്ട്.

ഹെലികോപ്റ്ററിൽ നിന്നുള്ള സെൽഫി വീഡിയോ പങ്കുവച്ച് മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാൽ. ആന്റണി പെരുമ്പാവൂരിനൊപ്പമുള്ള വീഡിയോയാണ് മോഹൻലാൽ പങ്കുവെച്ചിരിക്കുന്നത്. ആകാശക്കാഴ്ച്ചകളും ഹെലികോപ്ടറിന്റെ ഉൾഭാഗവുമെല്ലാം വീഡിയോയിൽ പകർത്തിയിട്ടുണ്ട്. ആരാധകർ ഇതിനോടകം തന്നെ വീഡിയോ ഏറ്റെടുത്തു കഴിഞ്ഞു. ആന്റണി പെരുമ്പാവൂരും വീഡിയോ പങ്കുവെച്ചിട്ടുണ്ട്.

മോഹൻലാൽ സാറിനൊപ്പം എന്ന അടിക്കുറിപ്പോടെയാണ് ആന്റണി പെരുമ്പാവൂർ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എമ്പുരാൻ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലേക്ക് പോവുകയാണോയെന്നാണ് വീഡിയോയ്ക്ക് താഴെ ആരാധകർ ചോദിക്കുന്നത്.

എങ്ങോട്ടേക്കാണ് യാത്രയെന്നും ചില ആരാധകർ ചോദിക്കുന്നു. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ വീഡിയോ തരംഗമായി കഴിഞ്ഞു.

ന്യൂഡൽഹി: തിയേറ്ററുകളിൽ മികച്ച വിജയം നേടി മുന്നേറുകയാണ് ബ്രഹ്മാണ്ഡ ചിത്രം കൽക്കി 2898 എഡി. സിനിമയുടെ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നുവെന്നാണ് സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരെല്ലാം ഒരുപോലെ പറയുന്നത്. കൽക്കി 2898 എഡിയുടെ രണ്ടാം ഭാഗത്തെക്കുറിച്ച് പുതിയ അപ്‌ഡേറ്റുകളാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

കൽക്കിയുടെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം 60 ശതമാനത്തോളം പൂർത്തിയായതായാണ് നിർമ്മാതാവ് അശ്വിനി ദത്തിനെ ഉദ്ധരിച്ച് പിആർഒ സുരേഷ് റിപ്പോർട്ട് ചെയ്യുന്നത്. പ്രധാനപ്പെട്ട പല രംഗങ്ങളും ഇനിയും ചിത്രീകരിക്കേണ്ടതുണ്ട്. എന്നാൽ, സിനിമ എന്ന് റിലീസ് ചെയ്യണമെന്നത് സംബന്ധിച്ച് വ്യക്തമായ റിപ്പോർട്ടുകൾ പുറത്തു വന്നിട്ടില്ല.

നാഗ് അശ്വിൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജൂൺ 27നാണ് ചിത്രം തിയേറ്ററിലെത്തിയത്. ദുൽഖർ സൽമാൻ, എസ് എസ് രാജമൗലി, വിജയ് ദേവരകൊണ്ട, രാം ഗോപാൽ വർമ്മ തുടങ്ങിയവരും സിനിമയിൽ കാമിയോ വേഷങ്ങളിലെത്തിയിരുന്നു. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ, പ്രഭാസ്, മൃണാൾ താക്കൂർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്.

കൊച്ചി: വർഷങ്ങൾക്ക് ശേഷം അമ്മ ജനറൽ ബോഡി മീറ്റിംഗിലെത്തി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കൊച്ചിയിൽ ഞായറാഴ്ച്ച ചേർന്ന അമ്മ ജനറൽ ബോഡിയിലാണ് സുരേഷ് ഗോപി എത്തിയത്. 27 വർഷത്തിനു ശേഷമാണ് അദ്ദേഹം അമ്മ മീറ്റിംഗിൽ പങ്കെടുക്കാൻ വേണ്ടി എത്തുന്നത്. ജനറൽ ബോഡിയിലേക്ക് വോട്ടെടുപ്പ് തീരുന്നതിന് തൊട്ടുമുൻപാണ് അദ്ദേഹം എത്തിയത്. തെരഞ്ഞെടുപ്പിൽ അദ്ദേഹം വോട്ട് രേഖപ്പെടുത്തുകയും ചെയ്തു.

മോഹൻലാലാണ് സുരേഷ് ഗോപിയെ വേദിയിലേക്ക് വരവേറ്റത്. സുരേഷ് ഗോപിയ്ക്ക് മോഹൻലാൽ ഉപഹാരം നൽകുകയും ചെയ്തു. കേന്ദ്രമന്ത്രി പദവിയിലെത്തിയ സുരേഷ് ഗോപിയെ അമ്മ താര സംഘടന ആദരിച്ചു. കൂടാതെ, അദ്ദേഹത്തിന് പുതുക്കിയ അംഗത്വ കാർഡും സമ്മാനിച്ചു.

1997-ലാണ് സുരേഷ് ഗോപി അമ്മയിൽ നിന്നും അകന്നത്. ഒരു സ്റ്റേജ് ഷോയുമായി ബന്ധപ്പെട്ട തർക്കത്തിനെ തുടർന്നായിരുന്നു നീക്കം. വർഷങ്ങൾക്ക് ശേഷം ഇടവേള ബാബുവിന്റെ ഇടപെടലിലൂടെ അദ്ദേഹം സംഘടനയിൽ എത്തിയിരുന്നു. 2022-ൽ ‘ഉണർവ്’ എന്ന പേരിൽ നടത്തിയ മെഡിക്കൽ ക്യാമ്പിലേക്കാണ് സുരേഷ് ഗോപി എത്തിയത്. എന്നാൽ, കാൽനൂറ്റാണ്ടിന് ശേഷമാണ് ജനറൽ ബോഡി മീറ്റിംഗിൽ പങ്കെടുക്കുന്നത്.

ചെന്നൈ: എന്തിരൻ, 2.0 സിനിമകളിൽ നിന്ന് എന്തുകൊണ്ട് പിന്മാറി എന്ന ചോദ്യത്തിന് മറുപടി നൽകി നടൻ കമൽ ഹാസൻ. സിനിമാ എന്നത് സങ്കീർണ്ണമായ ഒരു വ്യവസായമാണ്. തന്റെ പ്രതിഫലം, ഡേറ്റ്, മാർക്കറ്റ് ഉൾപ്പടെ നിരവധി കാര്യങ്ങൾ ഒത്തുവരേണ്ടതുള്ളതിനാൽ ആ സമയം എന്തിരൻ ചെയ്യാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ കൃത്യമായ സമയത്ത് ശങ്കർ അതൊരു സിനിമയാക്കി, ചിത്രം വലിയ വിജയവുമായി മാറിയെന്ന് കമൽഹാസൻ ചൂണ്ടിക്കാട്ടി.

എന്തിരന്റെ രണ്ടാം ഭാഗമായ 2.0 യിൽ പക്ഷിരാജൻ എന്ന വില്ലൻ കഥാപാത്രത്തിലേക്കും കമലിനെ ആദ്യം പരിഗണിച്ചിരുന്നു. ഈ കഥാപാത്രവും കമൽ നിരസിക്കുകയായിരുന്നു. എന്തുകൊണ്ട് നിരസിച്ചു എന്ന ചോദ്യത്തിന് തനിക്ക് കുറച്ച നാൾ കൂടി നായകനായി തുടരണമെന്ന് ശങ്കറിനോട് പറഞ്ഞുവെന്ന് കമൽ അറിയിച്ചു.

തിയേറ്ററുകളിൽ മികച്ച കളക്ഷൻ നേടി മുന്നേറുകയാണ് ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി. അമിതാഭ് ബച്ചൻ, കമൽ ഹാസൻ, ദീപിക പദുകോൺ, പ്രഭാസ്, മൃണാൾ താക്കൂർ തുടങ്ങി വൻ താരനിരയാണ് ചിത്രത്തിലുള്ളത്. സിനിമയിലെ കഥാപാത്രത്തെക്കുറിച്ചുള്ള മൃണാലിന്റെ വാക്കുകളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കൽക്കിക്കായി അണിയറപ്രവർത്തകർ സമീപിച്ചപ്പോൾ ഒരു നിമിഷം പോലും ആലോചിക്കാതെ യെസ് പറഞ്ഞുവെന്ന് മൃണാൾ പറയുന്നു.

തനിക്ക് ഈ സിനിമയുടെ നിർമ്മാതാക്കളിൽ അത്രത്തോളം വിശ്വാസമുണ്ടായിരുന്നു. സീതാരാമത്തിനായി അവർക്കൊപ്പം വർക്ക് ചെയ്തത് ആ തീരുമാനത്തിൽ സാധീനിച്ചു. ഈ ബ്രഹ്മാണ്ഡ സിനിമയുടെ ഭാഗമാകണമെന്ന് തനിക്ക് തോന്നിയെന്നും താരം വ്യക്തമാക്കി. ഒരു സാമൂഹ്യ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

നാഗ് അശ്വിൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ജൂൺ 27നാണ് ചിത്രം തിയേറ്ററിലെത്തിയത്. ദുൽഖർ സൽമാൻ, എസ് എസ് രാജമൗലി, വിജയ് ദേവരകൊണ്ട, രാം ഗോപാൽ വർമ്മ തുടങ്ങിയവരും സിനിമയിൽ കാമിയോ വേഷങ്ങളിലെത്തിയിരുന്നു.

കാശി, കോംപ്ലക്‌സ്, ശംഭാള എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ മഹാഭാരതത്തിന്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്‌കരിക്കുന്നത്.

കൊച്ചി: അമ്മയുടെ ജനറൽ സെക്രട്ടറിയായി നടൻ സിദ്ദിഖിനെ തെരഞ്ഞെടുത്തു. എറണാകുളത്ത് നടന്ന സംഘടനയുടെ ജനറൽ ബോഡി യോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ് നടന്നത്. ഉണ്ണി ശിവപാൽ, നടി കുക്കു പരമേശ്വരൻ എന്നിവരാണ് സിദ്ദിഖിനു പുറമേ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചത്.

വൈസ് പ്രസിഡന്റുമാരായി ജഗദീഷ്, ജയൻ ചേർത്തല തുടങ്ങിയവരെ തെരഞ്ഞെടുത്തു. നേരത്തെ അമ്മ സംഘടനയുടെ പ്രസിഡന്റായി മോഹൻലാലും ട്രഷററായി ഉണ്ണി മുകുന്ദനും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. വിദേശത്തായിരുന്നതിനാൽ മമ്മൂട്ടി യോഗത്തിന് എത്തിയിരുന്നില്ല.

ഇടവേള ബാബുവിന്റെ പിൻഗാമിയായിട്ടാണ് സിദ്ദിഖ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എത്തുന്നത്. ജനറൽ സെക്രട്ടറി കസേരയിൽ ഇരുന്നത് എല്ലാവർക്കും വേണ്ടിയായിരുന്നുവെന്ന് വിടവാങ്ങൽ പ്രസംഗത്തിൽ ഇടവേള ബാബു പറഞ്ഞു. സ്വന്തം സന്തോഷത്തിനല്ല.സമൂഹ മാധ്യമങ്ങളിൽ തന്നെ ചിലർ വളഞ്ഞിട്ട് ആക്രമിച്ചു.അന്ന് ഒപ്പമുണ്ടായിരുന്നവർ നിശബ്ദരായി നിന്നു.ആരിൽ നിന്നും സഹായം കിട്ടിയില്ല.പുതിയ ഭരണ സമിതിക്ക് ഇത്തരം ദുരനുഭവം ഉണ്ടാവരുതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഭാരവാഹി തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ താൻ ‘പെയ്ഡ് സെക്രട്ടറി’ ആണെന്ന് ചിലർ പ്രചരിപ്പിച്ചു. എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ജീവിതത്തിലെ പുതിയ സന്തോഷത്തെ കുറിച്ച് ആരാധകരോട് പങ്കുവെച്ച് നടി ലെന. തന്റെ ഭർത്താവിന്റെ പുതിയ നേട്ടത്തെ കുറിച്ചാണ് ലെന തുറന്നു സംസാരിച്ചത്. ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്തിനെയാണ് ലെന വിവാഹം ചെയ്തിരിക്കുന്നത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എയ്‌റോസ്പെയ്സ് എൻജിനീയറിങിൽ പ്രശാന്ത്, എംടെക് റിസർച്ച് കൊളോക്യം അവതരിപ്പിച്ച വാർത്തയാണ് ലെന ഇപ്പോൾ തന്റെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്.

ഇൻസ്റ്റിറ്റ്യൂട്ടിൽ സംസാരിക്കുന്ന പ്രശാന്തിന്റെ വീഡിയോയും ലെന ഷെയർ ചെയ്തിട്ടുണ്ട്. ലെനയുടെ പോസ്റ്റിന് താഴെ നിരവധി പേർ ആശംസകൾ അറിയിച്ചിട്ടുണ്ട്.

ജനുവരി 17-നായിരുന്നു ലെനയുടെ വിവാഹം. ബെംഗളൂരു മല്ലേശ്വരം ക്ഷേത്രത്തിൽ വെച്ചായിരുന്നു ഇരുവരും വിവാഹിതരായത്. സ്വകാര്യ ചടങ്ങായാണ് വിവാഹം നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങളും ലെന പങ്കുവെച്ചിരുന്നു.

ചലച്ചിത്ര നടി മീരാ നന്ദൻ വിവാഹിതയായി. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹത്തിന്റെ ചിത്രങ്ങൾ മീര തന്റെ സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടിലൂടെ പങ്കുവെച്ചു. താലികെട്ടിന്റെ ചിത്രങ്ങൾ മീര സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്. കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും വിവാഹത്തിൽ പങ്കുചേർന്നു.

ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജുവാണ് മീരയെ വിവാഹം ചെയ്തിരിക്കുന്നത്. അതേസമയം, മീരയുടെ ഹൽദിയുടെ ചിത്രങ്ങൾ എല്ലാം വൈറലായിരുന്നു. താരങ്ങൾ പങ്കെടുത്ത മെഹന്ദി ചടങ്ങിന്റെ വീഡിയോകളൂം ഫോട്ടോകളും സാമൂഹ്യ മാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.