Entertainment (Page 14)

കൊച്ചി: തനിക്കെതിരെയുള്ള ലൈംഗികാരോപണ കേസിൽ പ്രതികരണവുമായി നടൻ നിവിൻ പോളി. തനിക്കെതിരായ ലൈംഗികാരോപണക്കേസ് കെട്ടിച്ചമച്ചതാണെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും താരം പറഞ്ഞു. അങ്ങനെയൊരു പെൺകുട്ടിയെ തനിക്ക് അറിയില്ല. ഓടിയൊളിക്കേണ്ട കാര്യമില്ലെന്ന് അറിയാവുന്നതുകൊണ്ടാണ് വാർത്താസമ്മേളനം വിളിച്ചത്. നിയമപരമായി പോരാടും. എന്നെക്കൊണ്ടാവുന്ന രീതിയിൽ നിരപരാധിത്വം തെളിയിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

എല്ലാവർക്കും ജീവിക്കണമല്ലോ. നാളെ ആർക്കെതിരെയും ആരോപണം വരാം. അവർക്കെല്ലാവർക്കും വേണ്ടിയാണ് താനിത് സംസാരിക്കുന്നത്. ഏതന്വേഷണവുമായും സഹകരിക്കും. ഒന്നരമാസം മുൻപാണ് ഊന്നുകൽ സ്റ്റേഷനിൽ നിന്ന് സി ഐ വിളിച്ചത്. അദ്ദേഹത്തോടും വാസ്തവമല്ലെന്ന് പറഞ്ഞിരുന്നു. തനിക്കെതിരെയുള്ളത് മനഃപൂർവമായ ആരോപണമാണ്. ഇതിനുപിന്നിൽ ഗൂഢാലോചനയുണ്ട്. ബ്ലാക്ക്‌മെയിൽ ആണോ എന്ന് സംശയമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഓഡിഷനുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ ആരോപണം ഉയർന്നപ്പോൾ തന്നെ അതിനെക്കുറിച്ച് അന്വേഷിച്ചിരുന്നു. എന്നാൽ ഓഡീഷൻ നടന്നിട്ടില്ല എന്നായിരുന്നു സംവിധായകൻ ആ സമയത്ത് പറഞ്ഞത്. പരാതിക്കാരി ഉന്നയിക്കുന്ന കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കേണ്ടത് പോലീസാണ്. ഇവരെക്കുറിച്ച് തനിക്ക് അറിയില്ല. ഇവർ ആരാണെന്നറിയില്ല. ഫോൺ വിളിച്ചിട്ടില്ല, മെസേജയച്ചിട്ടില്ല അത്തരത്തിൽ ഒരു തരത്തിലുള്ള ബന്ധവുമില്ല. പലയിടത്തും പോകുമ്പോൾ പലരും സെൽഫി ഒക്കെ എടുക്കാറുണ്ട്. അത്തരത്തിൽ ഫോട്ടോ എടുത്തിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. അല്ലാതെയുള്ള ഒരു രീതിയിലുള്ള ബന്ധവും ഈ പെൺകുട്ടിയുമായിട്ടില്ലെന്നും നിവിൻ പോളി കൂട്ടിച്ചേർത്തു.

ചെന്നൈ: തമിഴ് ഗായിക സുചിത്രക്കെതിരെ നിയമ നടപടിയുമായി നടി റിമ കല്ലിങ്കൽ. റിമയുടെ വസതിയിൽ ലഹരി പാർട്ടി നടത്തിയെന്ന ആരോപണത്തിലാണ് നടപടി. സുചിത്രക്കെതിരെ സിനിമാ മേഖലയിലെ പരാതികൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് റിമ കല്ലിങ്കൽ പരാതി നൽകി.

ഇതിന് പുറമെ, മാനനഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. നടി റിമ കല്ലിങ്കലിന്റെ കൊച്ചിയിലെ വീട്ടിൽ ലഹരി പാർട്ടി സംഘടിപ്പിക്കാറുണ്ടെന്നായിരുന്നു സുചിത്രയുടെ ആരോപണം. പാർട്ടിയിൽ പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും നിരോധിതമായ വസ്തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചിരുന്നുവെന്നും ഇത് റിമയുടെ കരിയറിനെ തന്നെ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം പരാതിയുമായി രംഗത്തെത്തിയത്.

ഹൈദരാബാദ്: ഹേമ കമ്മിറ്റിയെ അഭിനന്ദിച്ച് നടി സാമന്ത റൂത്ത് പ്രഭു. ടോളിവുഡ് സിനിമാ മേഖലയിൽ സ്ത്രീകൾ നേരിട്ട അതിക്രമങ്ങൾ വെളിപ്പെടുത്തണമെന്നും തെലങ്കാനയിലെ ഡബ്ല്യുസിസിയെ പ്രതിനിധീകരിച്ച് സമാന്ത പറഞ്ഞു. മലയാള സിനിമാ മേഖലയിൽ സ്ത്രീകൾക്ക് നേരെയുണ്ടായ അതിക്രമങ്ങൾ തുറന്നുക്കാട്ടുന്ന ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുകൊണ്ടുവരാൻ പ്രയത്നിച്ച സ്ത്രീകൾക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്ന് സാമന്ത അറിയിച്ചു.

തെലുങ്ക് സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ ഉന്നയിക്കുന്നതിനായി 2019ൽ വോയിസ് ഓഫ് വുമൻ എന്ന പേരിൽ ഒരു ഗ്രൂപ്പ് തുടങ്ങിയിരുന്നു. എന്നാൽ സ്ത്രീകളുടെ പ്രശ്നങ്ങൾ കൂടുതൽ ഗൗരവമായി കാണേണ്ടതുണ്ട്. ഹേമ കമ്മിറ്റിക്ക് സമാനമായ കമ്മിറ്റികൾ മറ്റ് സിനിമാ മേഖലയിലും ആരംഭിക്കണമെന്നും സാമന്ത കൂട്ടിച്ചേർത്തു.

കോട്ടയം: മലയാള സിനിമ മേഖലയിൽ നിന്നും തനിക്ക് നേരിട്ട ദുരനുഭവം വെളിപ്പെടുത്തി നടി ചാർമിള. സംവിധായകരും നിർമാതാക്കളും അഭിനേതാക്കളും അടക്കം ഇരുപത്തിയെട്ടുപേർ തന്നോട് മോശമായി പെരുമാറി എന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ.

സംവിധായകൻ ഹരിഹരൻ അഡ്ജസ്റ്റ്‌മെന്റിന് ചോദിച്ചു. തന്റെ സുഹൃത്തായ വിഷ്ണുവിനോടാണു താൻ അഡ്ജസ്റ്റ്‌മെന്റിന് തയാറാണോയെന്ന് ഹരിഹരൻ ചോദിച്ചത്. തയ്യാറല്ലെന്ന് പറഞ്ഞതോടെ ‘പരിണയം’ സിനിമയിൽ നിന്ന് ഒഴിവാക്കി. ‘അർജുനൻ പിള്ളയും അഞ്ച് മക്കളും’ സിനിമയുടെ നിർമാതാവിനെതിരെയും ചാർമിള ആരോപണമുന്നയിച്ചു.

അതേസമയം, സംവിധായകൻ ഹരിഹരനെതിരെ നടി ചാർമ്മിള ഉയർത്തിയ ആരോപണം വാസ്തവമെന്ന് നടിയുടെ സുഹൃത്തും നടനുമായ വിഷ്ണു വ്യക്തമാക്കി. ചാർമ്മിളയോട് അഡ്ജസ്റ്റ് ചെയ്യുമോ എന്ന് ചോദിക്കാൻ ഹരിഹരൻ പറഞ്ഞെന്നും ‘അവർ വഴങ്ങുമോ’ എന്നാണ് തന്നോട് ചോദിച്ചതെന്നും വിഷ്ണു ഒരു ടെലിവിഷൻ ചാനലിനോട് പ്രതികരിച്ചു.

കൊച്ചി : തനിക്കു നേരേ ഉയർന്ന ആരോപണങ്ങൾക്കെതിരെ പ്രതികരണവുമായി ജയസൂര്യ. നിലവിൽ അമേരിക്കയിലുള്ള നടൻ ഫേസ്ബുക്കിലൂടെയാണ് പ്രതികരിച്ചത്. ഈ ആരോപണങ്ങൾ വ്യാജമാണെന്നും നിയമപരമായി ഇതിനെ നേരിടുമെന്നും ജയസൂര്യ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഈ ആരോപണങ്ങൾ തന്നെയും കുടുംബത്തെയും വളരെയേറെ വേദനിപ്പിച്ചു. പാപം ചെയ്യാത്തവർ കല്ലെറിയട്ടെ, പാപികളുടെ നേരെ മാത്രം എന്നും ജയസൂര്യ ഫേസ്ബുക്കിലൂടെ വ്യക്തമാക്കി.

ഇന്ന് തൻറെ ജന്മദിനമാണെന്നും ഈ ജന്മദിനം ഏറ്റവും ദുഖപൂർണ്ണമാക്കിയതിനും അതിൽ പങ്കാളികളായവർക്കും നന്ദി എന്നും ജയസൂര്യ ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു. സത്യം ചെരിപ്പ് ധരിക്കുമ്പോഴേയ്ക്കും നുണ ലോകസഞ്ചാരം പൂർത്തിയാക്കിയിരിക്കും എന്നാണല്ലോ. എങ്കിലും അന്തിമവിജയം സത്യത്തിനായിരിക്കും എന്നത് സുനിശ്ചിതമാണെന്നും ജയസൂര്യ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സിനിമയിൽ ഒരു ശക്തികേന്ദ്രവുമില്ലെന്ന് നടൻ മമ്മൂട്ടി. മലയാള സിനിമാ രംഗത്ത് ഇപ്പോഴുണ്ടായ വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

സമൂഹത്തിന്റെ പരിച്ഛേദം തന്നെയാണ് സിനിമ. സമൂഹത്തിലെ എല്ലാ നന്മതിന്മകളും സിനിമയിലുമുണ്ട്. സിനിമാമേഖല സമൂഹം സൂക്ഷ്മമായി ശ്രദ്ധിക്കുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ അവിടെ സംഭവിക്കുന്ന ചെറുതും വലുതുമായ എല്ലാകാര്യങ്ങളും വലിയ ചർച്ചയ്ക്കിടയാക്കും. ഈ രംഗത്ത് അനഭിലഷണീയമായതൊന്നും സംഭവിക്കാതിരിക്കാൻ സിനിമാപ്രവർത്തകർ ശ്രദ്ധിക്കേണ്ടതും ജാഗരൂകരാകേണ്ടതുമാണ്. ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത ചിലത് സംഭവിച്ചതിനെത്തുടർന്ന് സിനിമാമേഖലയെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് തയ്യാറാക്കി പരിഹാരങ്ങൾ നിർദേശിക്കാനും നടപടികൾ ശുപാർശ ചെയ്യാനും സർക്കാർ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മറ്റി. ആ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നിർദേശങ്ങളെയും പരിഹാരങ്ങളെയും സർവ്വാത്മനാ സ്വാഗതം ചെയ്യുകയും പിന്തുണയ്ക്കുകയും ചെയ്യുന്നുവെന്ന് മമ്മൂട്ടി വ്യക്തമാക്കി.

അവ നടപ്പാക്കാൻ സിനിമാ മേഖലയിലെ എല്ലാ കൂട്ടായ്മകളും വേർതിരിവുകളില്ലാതെ കൈകോർത്തു നില്‌കേണ്ട സമയമാണിത്. ഇപ്പോൾ ഉയർന്നുവന്ന പരാതികളിന്മേൽ പോലീസ് അന്വേഷണം ശക്തമായി മുന്നോട്ടുപോകുന്നു. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിന്റെ പൂർണരൂപം കോടതിയുടെ മുന്നിലുമാണ്. പോലീസ് സത്യസന്ധമായി അന്വേഷിക്കട്ടെ. ശിക്ഷാവിധികൾ കോടതി തീരുമാനിക്കട്ടെ. സിനിമയിൽ ഒരു ‘ശക്തികേന്ദ്ര’വുമില്ല. അങ്ങനെയൊന്നിന് നിലനില്ക്കാൻ പറ്റുന്ന രംഗവുമല്ല സിനിമ. ജസ്റ്റിസ് ഹേമ കമ്മറ്റി റിപ്പോർട്ടിലെ പ്രായോഗികമായ ശുപാർശകൾ നടപ്പാക്കണമെന്നും അതിന് നിയമതടസ്സങ്ങളുണ്ടെങ്കിൽ ആവശ്യമായ നിയമനിർമാണം നടത്തണമെന്നും അഭ്യർഥിക്കുന്നു. ആത്യന്തികമായി സിനിമ നിലനിൽക്കണമെന്ന് മമ്മൂട്ടി കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: താൻ ഒരിടത്തേക്കും ഒളിച്ചോടി പോയിട്ടില്ലെന്ന് മോഹൻലാൽ. സിനിമാ മേഖലയുമായി ബന്ധപ്പെട്ട ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെയുണ്ടായ വിവാദങ്ങൾക്ക് ശേഷം ആദ്യമായാണ് മോഹൻലാലിന്റെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടാകുന്നത്. വ്യക്തിപരമായ കാരണങ്ങളാൽ കേരളത്തിലുണ്ടായിരുന്നില്ല. ഭാര്യയുടെ ശസ്ത്രക്രിയയും ബറോസിന്റെ പ്രവർത്തനങ്ങളുമായി തിരക്കിലായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.

സിനിമകളുടെ റിലീസ് മാറ്റിവച്ചു. ഈ സമയത്ത് അത് റിലീസ് ചെയ്യാനാവില്ല. സിനിമ സമൂഹത്തിന്റെ ഭാഗമാണ്. മറ്റെല്ലായിടത്തും സംഭവിക്കുന്ന കാര്യങ്ങൾ ഇവിടെയും സംഭവിക്കുന്നു. അമ്മ ട്രേഡ് യൂണിയനല്ല. അത് അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണ്. ഹേമ കമ്മിറ്റി റിപ്പോർട്ടുമായി ബന്ധപ്പെട്ട് മറുപടി പറയേണ്ടത് സിനിമാ രംഗം ആകെയാണ്. എന്തിനും ഏതിനും കുറ്റപ്പെടുത്തുന്നത് അമ്മയെയാണ്. ഏറ്റവും കൂടുതൽ ശരങ്ങൾ വരുന്നതും തനിക്കും അമ്മയ്ക്കും നേരെയാണെന്നും അദ്ദേഹം അറിയിച്ചു.

ഈ സാഹചര്യത്തിൽ അഭിഭാഷകരോട് അടക്കം സംസാരിച്ചാണ് അമ്മയുടെ ചുമതലകളിൽ നിന്ന് രാജിവെച്ചതെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

കൊച്ചി: സംവിധായകൻ രഞ്ജിത്ത് നടി രേവതിക്ക് യുവാവിന്റെ നഗ്ന ചിത്രങ്ങൾ അയച്ചുവെന്ന ആരോപണം നിഷേധിച്ച് രേവതി. തനിക്ക് അത്തരം ചിത്രങ്ങളൊന്നും ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇതിനെ കുറിച്ച് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും രേവതി പറഞ്ഞു. ഒരു ദേശീയ മാദ്ധ്യമത്തോടായിരുന്നു രേവതിയുടെ പ്രതികരണം.

രഞ്ജിത്തിനെയും തന്നെയും കുറിച്ച് മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തനിക്കറിയാം. ഇപ്പോൾ ആരോപിക്കപ്പെടുന്ന ഫോട്ടോകൾ തനിക്ക് ലഭിച്ചിട്ടില്ല, അതിനാൽ ഇതിനെക്കുറിച്ച് പ്രതികരിക്കേണ്ട ആവശ്യമില്ലെന്ന് രേവതി വ്യക്തമാക്കി.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സംവിധായകൻ രഞ്ജിത്തിനെതിരെ ലൈംഗികാരോപണവുമായി ബംഗാളി നടിയും ഒരു സിനിമ പ്രവർത്തകനും രംഗത്ത് വന്നിരുന്നു. സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്നായിരുന്നു യുവാവിന്റെ പരാതി.

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമെന്ന് നടൻ മോഹൻലാൽ. തെറ്റ് ചെയ്തിട്ടുള്ളവർ ശിക്ഷിക്കപ്പെടണമെന്ന് അദ്ദേഹം പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിനും പിന്നാലെ ഉയർന്നുവന്ന വിവാദങ്ങൾക്കും ശേഷം ആദ്യമായാണ് മോഹൻലാലിന്റെ പ്രതികരണം. താൻ ഒളിച്ചോടിയിട്ടില്ലെന്നും കേരളത്തിൽ ഇല്ലായിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചു.

നിലവിലെ വിവാദങ്ങൾക്ക് ഉത്തരം പറയേണ്ടത് സിനിമാ മേഖല മുഴുവനാണ്. ഒരുമിച്ചാണ് മുന്നോട്ട് നീങ്ങേണ്ടത്. എല്ലാത്തിനും ‘അമ്മ’ അല്ല ഉത്തരം പറയേണ്ടത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് സമാനമായ റിപ്പോർട്ട് എല്ലാ മേഖലയിലും വരണം. സിനിമാ മേഖല തകർന്നാൽ ഒരുപാടുപേർ നിസ്സഹായരായി നോക്കി നിൽക്കേണ്ടിവരും. ജൂനിയർ ആർട്ടിസ്റ്റുകൾക്ക് സംഘടന വേണം. നിയമനിർമ്മാണം ഉണ്ടാക്കണം. ഇത്തരം കാര്യങ്ങളിൽ തളർന്നുപോകുന്നവരാണ് കലാകാരന്മാർ. ആര് സംസാരിച്ചു സംസാരിച്ചില്ലായെന്നതല്ല. ഈ വ്യവസായം തകർന്നുപോകരുതെന്നും തനിക്ക് പറയാനുള്ളത് ഇതൊക്കെയാണെന്നും അദ്ദേഹം വിശദമാക്കി.

കേരള പൊലീസിന്റെ കാര്യം അവരാണ് നോക്കേണ്ടത്. താനല്ല. തന്റെ കൈയ്യിൽ നിൽക്കുന്ന കാര്യമല്ല. കോടതിയിലിരിക്കുന്ന കാര്യമാണ്. അതിൽ അന്വേഷണം വേണം. അതിൽ കൂടുതലുള്ള കാര്യങ്ങൾ പറയാൻ ഇല്ല. ഇനി ഇത്തരം കാര്യങ്ങൾ സംഭവിക്കാതിരിക്കാൻ ശ്രമിക്കാം. ഒരു ദിവസം കൊണ്ട് താരങ്ങൾ എങ്ങനെയാണ് മാധ്യങ്ങൾക്ക് അന്യരായത്. ഒരു ശുദ്ധീകരണം ആവശ്യമായ ഘട്ടമല്ലേ. തങ്ങൾ സഹകരിക്കുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.

കോഴിക്കോട് : യുവാവിന്റെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരേ പ്രകൃതി വിരുദ്ധ പീഡനത്തിന് കേസെടുത്ത് പോലീസ്. കോഴിക്കോട് കസബ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. നഗ്ന ചിത്രം അയച്ചു നൽകിയ കുറ്റത്തിന് ഐടി ആക്റ്റും രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുണ്ട്.

സിനിമയിൽ അവസരം വാഗ്ദാനം നൽകി ഹോട്ടൽ മുറിയിൽ വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവാവിന്റെ പരാതി. 2012-ൽ ബാവൂട്ടിയുടെ നാമത്തിൽ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ നടന്മാരെ കാണാൻ പോയപ്പോഴാണ് രഞ്ജിത്തിനെ പരിചയപ്പെട്ടത്.

അന്ന് പ്ലസ് ടു വിദ്യാർഥിയായിരുന്നു. പിന്നീട് ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ വരാനാവശ്യപ്പെടുകയും അവിടെ വെച്ച് സിനിമയിൽ അവസരം വാഗ്ദാനം ചെയ്ത് ക്രൂരമായി പീഡിപ്പിച്ചുവെന്നും പരാതിയിൽ കോഴിക്കോട് സ്വദേശിയായ യുവാവ് പറയുന്നു.