വീട്ടിൽ ലഹരിപ്പാർട്ടി നടത്തിയെന്ന ആരോപണം: തമിഴ് ഗായിക സുചിത്രക്കെതിരെ പരാതി നൽകി നടി റിമ കല്ലിങ്കൽ

ചെന്നൈ: തമിഴ് ഗായിക സുചിത്രക്കെതിരെ നിയമ നടപടിയുമായി നടി റിമ കല്ലിങ്കൽ. റിമയുടെ വസതിയിൽ ലഹരി പാർട്ടി നടത്തിയെന്ന ആരോപണത്തിലാണ് നടപടി. സുചിത്രക്കെതിരെ സിനിമാ മേഖലയിലെ പരാതികൾ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘത്തിന് റിമ കല്ലിങ്കൽ പരാതി നൽകി.

ഇതിന് പുറമെ, മാനനഷ്ടത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. നടി റിമ കല്ലിങ്കലിന്റെ കൊച്ചിയിലെ വീട്ടിൽ ലഹരി പാർട്ടി സംഘടിപ്പിക്കാറുണ്ടെന്നായിരുന്നു സുചിത്രയുടെ ആരോപണം. പാർട്ടിയിൽ പെൺകുട്ടികൾ ഉൾപ്പെടെ നിരവധി പേർ പങ്കെടുക്കാറുണ്ടായിരുന്നുവെന്നും നിരോധിതമായ വസ്തുക്കൾ പാർട്ടിയിൽ ഉപയോഗിച്ചിരുന്നുവെന്നും ഇത് റിമയുടെ കരിയറിനെ തന്നെ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് താരം പരാതിയുമായി രംഗത്തെത്തിയത്.