Entertainment (Page 13)

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തുമായി ഡബ്ല്യുസിസി. സ്വകാര്യതയെ അവഹേളിക്കുന്ന വാർത്ത ആക്രമണം തടയണമെന്ന് ഡബ്ല്യുസിസി ആവശ്യപ്പെട്ടു.

ഹേമ കമ്മറ്റി മുമ്പാകെ സിനിമയിൽ പണിയെടുക്കുന്ന സ്ത്രീകൾ നൽകിയ മൊഴികൾ ഇപ്പോൾ സ്‌പെഷൽ ഇൻവസ്റ്റിഗേഷൻ ടീമിന്റെ പരിധിയിലേക്ക് കൊണ്ടു വന്നതോടെ കോടതി ഉത്തരവ് പോലും ലംഘിച്ച് റിപ്പോർട്ടർ ചാനലിലൂടെ നിരുത്തരവാദപരമായ മാധ്യമ വിചാരണകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്. ഈ ആശങ്ക പങ്കുവക്കാനാണ് തങ്ങൾ താങ്കളെ നേരിൽ കണ്ട് കാര്യങ്ങൾ ബോധിപ്പിച്ചത് . എന്നാൽ പീഡിപ്പിക്കപ്പെട്ടവരുടെ സ്വകാര്യത മാനിച്ച് പുറത്തുവിടരുതെന്ന് ഹേമ കമ്മറ്റിയും സർക്കാറും കോടതിയും തീരുമാനിച്ച ഏറ്റവും സ്വകാര്യമായ മൊഴികൾ ഇപ്പോൾ റിപ്പോർട്ടർ ചാനലിലൂടെ എത്തുന്നത് കമ്മറ്റി റിപ്പോർട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കങ്ങളെ സംശയാസ്പദമാക്കിയിരിക്കുന്നുവെന്ന് ഡബ്ല്യുസിസി ചൂണ്ടിക്കാട്ടി.

പുറത്തുവിടുന്ന വിവരങ്ങൾ മൊഴി കൊടുത്തവർ ആരാണെന്ന് പുറം ലോകത്തിന് തിരിച്ചറിയാൻ പാകത്തിലാണ്. പീഡിപ്പിക്കപ്പെട്ടവർക്കൊപ്പം എന്ന പ്രതീതി ജനിപ്പിക്കുന്ന ഈ പ്രവൃത്തി അതിന് വിധേയരായ സ്ത്രീ ജീവിതങ്ങളെ ദുരിത പൂർണ്ണവും കടുത്ത മാനസീക സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു. സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണ്. ഇക്കാര്യത്തിൽ താങ്കൾ അടിയന്തരമായി ഇടപെട്ട് സ്വകാര്യതയെ അവഹേളിക്കുന്ന ആ വാർത്ത ആക്രമണം തടയണമെന്ന് ശക്തമായി ആവശ്യപ്പെടുന്നുവെന്നും ഡബ്ല്യുസിസി കൂട്ടിച്ചേർത്തു.

കോഴിക്കോട്: സിനിമാ ഷൂട്ടിംഗ് ലൊക്കേഷനിൽ ഗുണ്ടാ ആക്രമണം. ഷെയിൻ നിഗം നായകനാകുന്ന ‘ഹാൽ’ എന്ന സിനിമയുടെ ഷൂട്ടിംഗ് ലൊക്കേഷനിലാണ് ഗുണ്ടാ ആക്രമണം ഉണ്ടായത്. കോഴിക്കോട് കാരപ്പറമ്പിലെ സെറ്റിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ പ്രൊഡക്ഷൻ മാനേജർ ടി ടി ജിബുവിന് പരിക്കേറ്റു. അഞ്ചംഗസംഘമാണ് ആക്രമിച്ചതെന്നു സെറ്റിലുണ്ടായിരുന്നവർ അറിയിച്ചു.

ആക്രമണത്തിൽ സാരമായി പരിക്കേറ്റ ജിബുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് വാടകയുമായി ബന്ധപ്പെട്ട തർക്കമാണ് ക്രൂര മർദ്ദനത്തിൽ കലാശിച്ചത്. സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. നടക്കാവ് പോലീസാണ് കേസെടുത്തത്. അബു ഹംദാൻ, ഷബീർ എന്നിവരും മറ്റു മൂന്നു പേരും ചേർന്നാണ് മർദിച്ചതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ ജിബു വ്യക്തമാക്കിയിട്ടുണ്ട്.

ചെന്നൈ: ധനുഷിന് ഏർപ്പെടുത്തിയ സിനിമാ വിലക്ക് പിൻവലിച്ചു. ഒന്നിലധികം നിർമ്മാതാക്കളിൽ നിന്ന് അഡ്വാൻസ് വാങ്ങി അഭിനയിക്കാത്തതിന്റെ പേരിൽ തമിഴ് ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ (ടിഎഫ്പിസി) ധനുഷിന് ഏർപ്പെടുത്തിയ വിലക്കാണ് പിൻവലിച്ചത്. സംയുക്ത ചർച്ചയിലാണ് പ്രശ്‌നം പരിഹരിച്ചതെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ. ജൂലൈ മാസമാണ് ധനുഷിന് വിലക്കേർപ്പെടുത്തിയത്.

പല കാരണങ്ങളാൽ മുടങ്ങിയ ചിത്രങ്ങളുടെ പേരിൽ തേനാൻഡൽ ഫിലിംസിൽ നിന്നും ഫൈവ് സ്റ്റാർ ക്രിയേഷൻസിൽ നിന്നും താരം അഡ്വാൻസ് തുക വാങ്ങിയിരുന്നു. ഇത് തിരിച്ച് നൽകിയില്ലെന്ന നിർമ്മാതാക്കളുടെ പരാതിയിലാണ് വിലക്ക് ലഭിച്ചത്.

താൻ വാങ്ങിയ തുക പലിശ സഹിതം ഫൈവ് സ്റ്റാർ ക്രിയേഷൻസിന് തിരികെ നൽകുമെന്ന് ചർച്ചയിൽ ധനുഷ് വ്യക്തമാക്കിയിരുന്നുവെന്നാണ് വിവരം. തേനാൻഡൽ ഫിലിംസുമായി ഒരു സിനിമ ചെയ്യാനും ധനുഷ് സമ്മതിച്ചു. ഈ വ്യവസ്ഥകൾ അംഗീകരിച്ചതോടെയാണ് ധനുഷിന് ഏർപ്പെടുത്തിയ വിലക്ക് നിർമ്മാതാക്കളുടെ സംഘടന നീക്കിയത്.

മലയാള സിനിമയിൽ കാസ്റ്റിംഗ് കൗച്ച് തടഞ്ഞത് കൊണ്ട് തനിക്ക് സിനിമകൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വെളിപ്പെടുത്തി നടൻ ഗോകുൽ സുരേഷ്. ഇപ്പോൾ മലയാള സിനിമയിൽ നടക്കുന്ന പ്രശ്‌നങ്ങളിൽ എപ്പോഴും ഒരു ജെന്റർ മാത്രമാണ് ബാധിക്കപ്പെടുന്നതെന്ന് പറയാൻ പറ്റില്ലെന്ന് അദ്ദേഹം പറഞ്ഞു.

കാസ്റ്റിങ് കൗച്ചിനെ തടയുന്ന ഒരു മെയിൽ ആക്ടറിന് ചിലപ്പോൾ സിനിമകൾ നഷ്ടമായേക്കാം. അതിന് സമാനമായ ഒരു അവസ്ഥയിലൂടെ താൻ കടന്ന് പോയിട്ടുണ്ട്. അതിനെക്കുറിച്ച് ഇപ്പൊ സംസാരിക്കാൻ താല്പര്യമില്ല. അതിന് കാരണമായ ആളെ താൻ തന്നെ കൈകാര്യം ചെയ്തിട്ടുണ്ട്. പക്ഷേ അതുമൂലം തനിക്ക് ആ സിനിമ നഷ്ടമായി. ഇപ്പോൾ സിനിമ മേഖലയിൽ നടക്കുന്ന വിഷയങ്ങളെക്കുറിച്ച് സോഷ്യൽ മീഡിയ വിളമ്പുന്നതായിരിക്കും സാധാരണ ജനങ്ങൾക്ക് മനസിലാകുന്നത്. അപ്പോൾ ജനങ്ങൾക്ക് ഒരു ഇൻഡസ്ട്രിയോടുള്ള കാഴ്ചപ്പാട് പെട്ടെന്ന് മാറിയെന്ന് വരാം. അങ്ങനെയൊരു ഘട്ടത്തിലാണ് നിവിൻ ചേട്ടനെതിരായ ആരോപണങ്ങൾ തെറ്റാണെന്നുള്ള വാർത്തകൾ വരുന്നത്. ഇപ്പോൾ ജനങ്ങൾക്ക് ഒരു സ്ത്രീയെ മാത്രമല്ല ഒരു പുരുഷനെ കൂടെ ബാധിക്കപ്പെടുമെന്ന് കുറച്ചുകൂടെ വ്യക്തമായി മനസ്സിലായെന്ന് താരം ചൂണ്ടിക്കാട്ടി.

15 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് നടൻ ജയം രവിയും ഭാര്യ ആരതിയും. ജയം രവി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്.

സിനിമയ്ക്ക് അകത്തും പുറത്തുമുള്ള തന്റെ യാത്രയ്ക്ക് നിങ്ങൾ നൽകിയ പിന്തുണയും സ്നേഹവും വലുതാണ്. തന്റെ ആരാധകരോടും മാധ്യമങ്ങളോടും ആത്മാർത്ഥമായിരിക്കുക എന്നതിൽ താൻ എന്നും ശ്രദ്ധിച്ചിട്ടുണ്ട്. ഇപ്പോൾ ഹൃദയ വേദനയോടെ തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള വിവരം നിങ്ങളെ അറിയിക്കുകയാണ്. ഒരുപാടു ചിന്തകൾക്കും ആലോചനകൾക്കും ചർച്ചകൾക്കും ശേഷം, ആരതിയുമായുള്ള വിവാഹബന്ധത്തിൽ നിന്ന് വേർപിരിയുക എന്ന ബുദ്ധിമുട്ടേറിയ തീരുമാനമെടുക്കുകയാണെന്ന് ജയംരവി പറഞ്ഞു.

ഇത് പെട്ടെന്നുണ്ടായ ഒരു തീരുമാനമല്ല. വ്യക്തിപരമായ കാരങ്ങളാണ് ഇതിനു പിന്നിൽ. തങ്ങളുമായി ബന്ധപ്പെട്ട എല്ലാവരുടെയും നല്ലതിനു വേണ്ടിയാണെന്നും ജയം രവി കൂട്ടിച്ചേർത്തു.

പ്രതിസന്ധിയേറിയ ഈ സമയത്ത് തന്റേയും കുടുംബത്തിന്റേയും സ്വകാര്യതയെ മാനിക്കണമെന്ന് വിനീതമായി അഭ്യർത്ഥിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും അനുമാനങ്ങളും ആരോപണങ്ങളും പ്രചരിപ്പിക്കരുത്. ഈ വിഷയം തങ്ങളുടെ സ്വകാര്യ കാര്യമായി കാണണം. തന്റെ പ്രിയപ്പെട്ട ആരാധകർക്ക് താനെപ്പോഴും പഴയ ജയം രവി തന്നെയായിരിക്കും. പിന്തുണയും സ്നേഹവും ഇനിയും വേണമെന്നും അദ്ദേഹം അറിയിച്ചു.

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനെ തുടർന്ന് നിരവധി ആരോപണങ്ങളും വെളിപ്പെടുത്തലുകളുമാണ് മലയാളത്തിലെ നടന്മാർക്കും സംവിധായകർക്കുമെതിരെ ഉയർന്നത്. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി നടി ഹണി റോസ് രംഗത്തെത്തിയത്.

ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് ഹണി റോസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. സിനിമയിൽ ലൈംഗിക ചൂഷണം നടത്തിയവർ ആരായാലും ശിക്ഷിക്കപ്പെടണമെന്നും നിയമം അനുശാസിക്കുന്ന ശിക്ഷ തന്നെ അവർക്ക് ലഭിക്കണമെന്നും താൻ അഭിനയിച്ച സിനിമ സെറ്റുകളിൽ ആരും ചൂഷണത്തിനിരയായതായി അറിവില്ലെന്നും ഹണി റോസ് കൂട്ടിച്ചേർത്തു.

സിനിമാ രംഗത്ത് പുതിയ നിർമ്മാണ കമ്പനിയ്ക്ക് തുടക്കമിട്ട് നടി ഹണി റോസ്. ഹണി റോസ് വർഗീസ് പ്രൊഡക്ഷൻസ് എന്നാണ് താരത്തിന്റെ നിർമാണ കമ്പനിയുടെ പേര്. 20 വർഷത്തോളമായി സിനിമയിൽ തുടരുന്ന തന്റെ സ്വപ്നമാണ് നിർമാണ കമ്പനിയെന്ന് താരം വ്യക്തമാക്കി. സാമൂഹ്യ മാദ്ധ്യമത്തിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

കമ്പനിയുടെ ലോഗോയും താരം പുറത്തിറക്കി. ചിലർക്ക് സിനിമയെന്നാൽ സ്വപ്നവും ഭാവനയും അഭിലാഷവുമെല്ലാമാണ്. എന്നാൽ തനിക്ക്, 20 വർഷത്തോളമായി സിനിമയുടെ ഭാഗമായി നിൽക്കുന്നതിൽ അഭിമാനമാണ് തോന്നുന്നതെന്ന് ഹണി റോസ് പറഞ്ഞു. തന്റെ ചെറുപ്പത്തിലും ജീവിതത്തിലും പഠനത്തിലും സൗഹൃദത്തിലുമെല്ലാം സിനിമ വലിയ പങ്കുവഹിക്കുന്നുണ്ട്. അതിനാൽ ഇൻഡസ്ട്രിയിൽ കുറച്ചുകൂടി വലിയ റോൾ ഏറ്റെടുക്കണമെന്ന് തനിക്ക് തോന്നി. തന്റെ പിറന്നാൾ ദിനത്തിൽ (അധ്യാപക ദിനം കൂടിയാണ്) ഹൃദയം നിറഞ്ഞ അഭിമാനത്തോടെ തന്റെ പുതിയ സംരംഭത്തിന്റെ ലോഗോ പുറത്തിറക്കുകയാണ്. ഹണി റോസ് വർഗീസ് പ്രൊഡക്ഷൻസ്. സിനിമ പ്രേമികളിൽ നിന്ന് തനിക്ക് ലഭിച്ച സ്നേഹമാണ് മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ എന്നെ പ്രാപ്തയാക്കിയത്. ഈ പിന്തുണ തുടരുമെന്ന് ഞാൻ അഭ്യർത്ഥിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നു. എന്റെ യാത്രയിൽ എന്നെ സഹായിച്ച എല്ലാവർക്കും നന്ദി പറയാൻ താൻ ആഗ്രഹിക്കുന്നുവെന്നും താരം അറിയിച്ചു.

എച്ച്ആർവി പ്രൊഡക്ഷൻസിലൂടെ താൻ ലക്ഷ്യമിടുന്നത് മികച്ച പ്രതിഭകൾക്ക് അവസരം നൽകുക എന്നതാണ്. കൂടാതെ നമ്മുടെ സിനിമയെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്ന പുതിയതും രസകരവും അതിശയിപ്പിക്കുന്നതുമായ കഥകൾ പറയാനുമാണ് ആഗ്രഹിക്കുന്നതെന്നും ഹണി റോസ് കൂട്ടിച്ചേർത്തു.

കൊച്ചി: നടൻ നിവിൻ പോളിക്കെതിരെയുള്ള പീഡനാരോപണങ്ങളിൽ പ്രതികരണവുമായി നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. നിവിൻ പോളിക്കെതിരെയുള്ള പീഡന പരാതി വ്യാജമാണെന്ന് അദ്ദേഹം പറഞ്ഞു. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം നിവിൻ തന്റെ കൂടെയായിരുന്നുവെന്നും ചിത്രങ്ങൾ തെളിവായി ഉണ്ടെന്നും അദ്ദേഹം ഒരു സ്വകാര്യ മാദ്ധ്യമത്തോട് വെളിപ്പെടുത്തി.

2023 ഡിസംബർ 14ന് നിവിൻ ഉണ്ടായിരുന്നത് വർഷങ്ങൾക്ക് ശേഷം എന്ന സിനിമയുടെ സെറ്റിലാണ്. 15ന് പുലർച്ചെ മൂന്നുമണിവരെ നിവിൻ തന്നോടൊപ്പം ഉണ്ടായിരുന്നു. യാഥാർത്ഥ്യം ഉടൻ തെളിയണം. എറണാകുളം ന്യൂക്ലിയസ് മാളിലായിരുന്നു ഷൂട്ടിംഗ്. വലിയ ആൾക്കൂട്ടത്തിന് ഇടയിലായിരുന്നു ഷൂട്ടിംഗ്. ഉച്ചയ്ക്കുശേഷം ക്രൗൺ പ്ലാസയിൽ ഉണ്ടായിരുന്നു. ക്രൗൺ പ്ലാസയിൽ പുലർച്ചെ വരെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. ശേഷം ഫാർമ വെബ് സീരീസിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു. നിവിൻ പോയത് ഇതിൽ അഭിനയിക്കാനാണ്. ഷൂട്ടിംഗ് കേരളത്തിൽ ആയിരുന്നുവെന്നും വിനീത് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് നിവിൻ പോളിക്കെതിരെ പീഡന ആരോപണവുമായി യുവതി രംഗത്തെത്തിയത്. അഭിനയിക്കാൻ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചെന്നായിരുന്നു യുവതി നിവിനെതിരെ ഉന്നയിച്ച ആരോപണം.

കൊച്ചി: സൈബർ ആക്രമണങ്ങളെ നിയമപരമായി നേരിടുമെന്ന് സിനിമയിലെ വനിതാ കൂട്ടായ്മ ഡബ്ല്യുസിസി. പ്രതികരിക്കുന്ന സ്ത്രീകളെ മാനസികമായി തകർക്കുക എന്നത് പുരുഷാധിപത്യത്തിന്റെ പ്രവണതയാണെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി. ഹേമ കമ്മറ്റി റിപ്പോർട്ട് ഉണ്ടാക്കിയ ചലനങ്ങളാണ് സൈബർ ആക്രമണങ്ങൾക്ക് കാരണമെന്ന് സംഘടന ചൂണ്ടിക്കാട്ടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു സംഘടനയുടെ പ്രതികരണം.

ഇതിനായി വ്യാജ അക്കൗണ്ടുകൾ കൂട്ടമായി ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. സൈബർ ആക്രമണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഡബ്ല്യുസിസി പറഞ്ഞു. അതേസമയം, മലയാള സിനിമാ മേഖലയിൽ മാറ്റങ്ങൾ അനിവാര്യമെന്ന് സിനിമയിലെ വനിതകളുടെ സംഘടനയായ ഡബ്ല്യുസിസി നേരത്തെ പ്രതികരിച്ചിരുന്നു. ഹേമാ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സ്ത്രീകൾ മൗനം വെടിയാൻ തീരുമാനിച്ചു. തൊഴിലിടത്തെ ചൂഷണങ്ങൾ തിരിച്ചറിഞ്ഞു അടയാളപ്പെടുത്താനും സ്ത്രീകൾ മുന്നോട്ട് വന്നു. ലൈംഗികാതിക്രമം പോലെ തന്നെ ഗൗരവുള്ളതാണ് തൊഴിലിടത്തെ ലിംഗ വിവേചനമെന്നും ഡബ്ല്യുസിസി അറിയിച്ചു.