Career (Page 32)

തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് ടെക്നോജളിയുടെ (സി-മെറ്റ്) കീഴിലുള്ള നഴ്സിങ് കോളജുകളിലെ (തിരുവനന്തപുരം, കോന്നി, നൂറനാട്, ഉദുമ) ഒഴിവുളള എൽ.ഡി ക്ലാർക്ക് തസ്തികയിൽ ഒരു വർഷത്തെ കരാർ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായിരിക്കണം. പരമാവധി പ്രായം 40 വയസ്. (എസ്.സി/എസ്.ടി/ഒ.ബി.സി വിഭാഗക്കാർക്ക് നിയമാനുസൃതമായ വയസിളവുണ്ട്). ശമ്പളം 20,760 രൂപ. ജനറൽ വിഭാഗത്തിന് 500 രൂപയും എസ്.സി/എസ്.ടി വഭാഗത്തിന് 250 രൂപയുമാണ് ഫീസ്.

www.simet.in ലെ എസ്.ബി.കളക്ട് മുഖേന ഫീസ് അടയ്ക്കാം. വെബ്സൈറ്റിലുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് ബയോഡേറ്റയും വയസ് തളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകൾ, യോഗ്യതാ സർട്ടിഫിക്കറ്റുകൾ, മാർക്ക് ലിസ്റ്റുകൾ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ, റിസർവേഷന് യോഗ്യതയുള്ളവർ ജാതി സർട്ടിഫിക്കറ്റ്, നോൺ ക്രിമീലയർ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം പൂരിപ്പിച്ച അപേക്ഷകൾ ഡയറക്ടർ, സി-മെറ്റ്, പാറ്റൂർ, വഞ്ചിയൂർ പി.ഒ തിരുവനന്തപുരം 695 035 എന്ന വിലാസത്തിൽ ഒക്ടോബർ 12 നകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.simet.in, 0471-2302400.

തിരുവനന്തപുരം: സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ നിലവിലുള്ള ജൂഡോ (വനിത), അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ എന്നീ കായിക ഇനങ്ങളിൽ പരിശീലകരുടെ താത്കാലിക ഒഴിവിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

അംഗീകൃത സർവകലാശാല ബിരുദവും ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ് ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർക്ക് 2023 ജനുവരി ഒന്നിന് 40 വയസ് കവിയരുത്. അപേക്ഷകർ ഒക്ടോബർ ആറിന് രാവിലെ 10ന് കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം.

തിരുവനന്തപുരം: സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ആൻഡ് ടെക്‌നോളജി (സി-മെറ്റ്) യുടെ കീഴിലുള്ള നഴ്‌സിംഗ് കോളജുകളിലെ ഒഴിവുള്ള ലൈബ്രേറിയൻ തസ്തികയിൽ നിയമനം. ഒരു വർഷത്തെ കരാർ നിയമനത്തിനാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിലുള്ള സർവകലാശാല ബിരുദമാണ് യോഗ്യത. വിശദവിവരങ്ങൾ www.simet.in ലും 0471 2302400 എന്ന നമ്പറിലും ലഭിക്കും.

7 ഒഴിവുകളാണുള്ളത്. 24,040 രൂപയാണ് ശമ്പളം. ജനറൽ വിഭാഗത്തിന് 500 രൂപയും എസ് സി എസ് ടി വിഭാഗത്തിന് 250 രൂപയുമാണ് അപേക്ഷാ ഫീസ്. അപേക്ഷ നൽകേണ്ട അവസാന തീയതി ഒക്ടോബർ 12.

തിരുവനന്തപുരം: തിരുവന്തപുരം ജില്ലയിലെ ഒരു സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ അസിസ്റ്റന്റ് മറൈൻ സർവേയർ തസ്തികയിൽ എസ് സി വിഭാഗത്തിൽ ഒരു താത്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത എസ്എസ്എൽസി അല്ലെങ്കിൽ തത്തുല്യവും ഇന്ത്യൻ നേവൽ ഹൈഡ്രോഗ്രാഫിക് ബ്രാഞ്ചിന്റെ സർവേ റെക്കോർഡർ ക്ലാസ് വൺ അല്ലെങ്കിൽ ക്ലാസ് ടുവുമുള്ളവർക്ക് അപേക്ഷിക്കാം.

പ്രായം 01/01/2023 ന് 18-41 നും മധ്യേ (നിയമാനുസൃത വയസ്സിളവ് ബാധകം). ശമ്പളം: 55200 -115300. താത്പര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അതാത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ ഒക്ടോബർ അഞ്ചിനു മുൻപായി പേര് രജിസ്റ്റർ ചെയ്യണം.

തിരുവനന്തപുരം: യുകെയിലെ വിവിധ എൻ.എച്ച്.എസ്സ് ട്രസ്റ്റുകളിലേയ്ക്ക് ഓപ്പറേഷൻ ഡിപ്പാർട്ടമെന്റ് പ്രാക്റ്റീഷണർമാർക്ക് (ODP) അവസരങ്ങളുമായി നോർക്ക റൂട്ട്‌സ് റിക്രൂട്ട്‌മെന്റ് സംഘടിപ്പിക്കുന്നു. 2023 ഒക്ടോബർ 14ന് കൊച്ചിയിൽ നടക്കുന്ന അഭിമുഖങ്ങളിൽ (ഫെയ്‌സ്-ടു-ഫെയ്‌സ്) യുകെയിൽ നിന്നുളള പ്രതിനിധികളും പങ്കെടുക്കും.

അനസ്‌തേഷ്യ ടെക്‌നോളജിസ്റ്റ് ബിരുദം (BSc) അല്ലെങ്കിൽ ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയറ്റർ & അനസ്‌തേഷ്യ ടെക്‌നോളജിസ്റ്റോ വിദ്യാഭ്യാസ യോഗ്യതയും HCPC രജിസ്‌ട്രേഷനും അപേക്ഷകർക്ക് ഉണ്ടായിരിക്കണം. കൂടാതെ ഒരു വർഷത്തെ പ്രവർത്തിപരിചയം (കറന്റ് എക്‌സ്പീരിയൻസ്- ഓപ്പറേഷൻ ഡിപ്പാർട്‌മെൻറ് ടെക്‌നിഷ്യൻ തസ്തികയിൽ ) ഉണ്ടായിരിക്കണം.

ഇതോടൊപ്പം ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം തെളിയിക്കുന്ന OET/IELTS യു.കെ സ്‌കോറും ഉളള ഉദ്യോഗാർത്ഥികൾക്ക് മുൻഗണന ലഭിക്കും. നിലവിൽ OET/IELTS യു.കെ സ്‌കോർ നോടാത്തവർ തിരഞ്ഞെടുക്കപെടുകയാണെങ്കിൽ പിന്നീട് പ്രസ്തുത യോഗ്യത നേടേണ്ടതാണ്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ uknhs.norka@kerala.gov.in എന്ന ഇമെയിൽ വിലാസത്തിൽ അവരുടെ ബയോഡാറ്റ, OET /IELTS സ്‌കോർ കാർഡ് , യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പാസ്സ്‌പോർട്ടിന്റെ പകർപ്പ് , എന്നിവ സഹിതം അപേക്ഷിക്കുക. ഷോർട്‌ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ നോർക്ക റൂട്‌സിൽ നിന്നും ബന്ധപെടുന്നതായിരിക്കുമെന്ന് നോർക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.

തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പവർ ലാൻട്രി ഓപ്പറേറ്റർ ആൻഡ് ഇലക്ട്രീഷ്യൻ തസ്തികയിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. എസ്.എസ്.എൽ.സി / തത്തുല്യത, ഐടിഐ ഇലക്ട്രീഷ്യൻ, കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലൈസൻസി ബോർഡ് വയർമാൻ Competency Certificate, രണ്ട് വർഷത്തെ പ്രവൃത്തിപരിചയം എന്നിവയാണ് യോഗ്യത.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ നാല്. അപേക്ഷ നൽകേണ്ട സ്ഥലം : ജില്ലാ പഞ്ചായത്ത്, പട്ടം, തിരുവനന്തപുരം.

തിരുവനന്തപുരം: സിഡിറ്റിൽ കൺസർവേഷൻ / റെക്കോഡ് മാനേജ്‌മെന്റ് കൺസൾട്ടന്റ് നിയമനം. സെന്റർ ഫോർ ഡെവലപ്പ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി (സി-ഡിറ്റ്) ന്റെ ഡിജിറ്റൈസേഷൻ ഡിപ്പാർട്ട്മെന്റ് നടപ്പിലാക്കിവരുന്ന പേപ്പർ കൺസർവേഷൻ പ്രോജക്ടിലേയ്ക്ക് കൺസർവേഷൻ, റെക്കോർഡ് മാനേജ്‌മെന്റ് മേഖലകളിൽ കൺസൾട്ടെന്റ് എന്ന നിലയിൽ സേവനം നൽകുന്നതിന് ഈ മേഖലയിൽ പ്രാവീണ്യമുള്ള പ്രൊഫഷണലുകൾ / വിരമിച്ച ഉദ്യോഗസ്ഥർ എന്നിവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

കൂടുതൽ വിവരങ്ങൾ www.careers.cdit.org ൽ ലഭിക്കും. അവസാന തീയതി ഒക്ടോബർ മൂന്നിന് വൈകിട്ട് 5 മണി.

തിരുവനന്തപുരം: പൂജപ്പുര സർക്കാർ ആയൂർവേദ കോളജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ആശുപത്രി വികസന സമിതി മുഖേന ഒഴിവുള്ള ഫാർമസിസ്റ്റ് (അലോപ്പതി) തസ്തികയിൽ നിയമനം. 179 ദിവസത്തേക്ക് താത്കാലികമായി പ്രതിദിന വേതനാടിസ്ഥാനത്തലാണ് നിയമനം നടത്തുക.

പ്ലസ്ടു, ഡിഫാം, അല്ലെങ്കിൽ ബിഫാം ആൻഡ് ഫാർമസി കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. പ്രായപരിധി 4-10-2023ൽ 40 വയസ് കവിയരുത്. താത്പര്യമുള്ള ഉദ്യോഗാർഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത, എക്‌സ്പീരിയൻസ്, വിലാസം എന്നിവ തെളിയിക്കുന്ന അസൽ രേഖകളും പകർപ്പുകളും ബയോഡേറ്റകളും സഹിതം തിരുവനന്തപുരം സർക്കാർ ആയൂർവേദ കോളജ് ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ ഇന്റവ്യൂവിന് ഹാജരാകണം. ഒക്ടോബർ നാലിന് ഇന്റർവ്യൂ നടത്തും. രജിസ്‌ട്രേഷൻ രാവിലെ 10 മണി മുതൽ 11 മണി വരെ. ഇന്റർവ്യൂ രാവിലെ 10.30ന് ആരംഭിക്കും.

തിരുവനന്തപുരം: പിആർഡിയിൽ ഡെപ്യൂട്ടേഷൻ ഒഴിവുകൾ. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പിൽ നിലവിലുള്ള അസിസ്റ്റന്റ് എഡിറ്ററുടെ ഒൻപത് ഒഴിവുകളിലേക്ക് (വകുപ്പ് ഡയറക്ടറേറ്റ്-2, ഇടുക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസ്-1, ആലപ്പുഴ ജില്ലാ ഇൻഫർമേഷൻ ഓഫീസ്-1, പാലക്കാട് ജില്ലാ ഇൻഫർമേഷൻ ഓഫീസ്-1, കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ്-1, കാസർഗോഡ് ജില്ലാ ഇൻഫർമേഷൻ ഓഫീസ്-1, ന്യൂ ഡൽഹി ഇൻഫർമേഷൻ ഓഫീസർ-1, ടാഗോർ തീയേറ്റർ-1) അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കപ്പെടുവാൻ താത്പര്യമുള്ള ഉദ്യോഗസ്ഥരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

താത്പര്യമുള്ള ഉദ്യോഗസ്ഥർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലഷൻസ് (എ) വകുപ്പിൽ ലഭ്യമാക്കണം. യോഗ്യതകൾ സംബന്ധിച്ച വിശദവിവരങ്ങൾ 2023 സെപ്റ്റംബർ 19 ലെ വാല്യം 12 നം.38 ഗസറ്റ് വിജ്ഞാപനത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷ നൽകേണ്ട അവസാന തീയതി ഒക്ടോബർ 3.

തിരുവനന്തപുരം: ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവ്. കേന്ദ്ര സർക്കാർ പദ്ധതിയായ ചിപ്പ് ടു സ്റ്റാർട്ട് അപ്പ് പ്രോജക്ടിലുള്ള ജൂനിയർ റിസർച്ച് ഫെല്ലോ ഒഴിവിലേക്കുള്ള നിയമനത്തിനായി സെപ്തംബർ 30 ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.

ഇന്റർവ്യൂയിൽ പങ്കെടുക്കാൻ താത്പര്യം ഉള്ളവർ അന്നേ ദിവസം രാവിലെ 9.30 ന് മുൻപായി കോളജ് ഓഫ് എൻജിനിയറിങ് തിരുവനന്തപുരത്തു റിപ്പോർട്ട് ചെയ്യണം. വിശദ വിവരങ്ങൾക്ക് : www.cet.ac.in.