Career (Page 31)

തിരുവനന്തപുരം: ഹയർ സെക്കണ്ടറി, നോൺ വൊക്കേഷണൽ ഹയർസെക്കണ്ടറി അദ്ധ്യാപക നിയമനത്തിന് കേരള സർക്കാർ ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാനതല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) നുള്ള ഓൺലൈൻ രജിസ്‌ട്രേഷൻ ഒക്ടോബർ 25 വരെ. എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയെയാണ് പരീക്ഷാ നടത്തിപ്പിനു ചുമതലപ്പെടുത്തിയിരിക്കുന്നത്. സെറ്റ് ജനുവരി 2024-ന്റെ പ്രോസ്പെക്ടസും, സിലബസും എൽ ബി എസ് സെന്ററിന്റെ വെബ് സൈറ്റിൽ ലഭിക്കും.

ബിരുദാനന്തര ബിരുദ പരീക്ഷയിൽ 50% ത്തിൽ കുറയാതെ മാർക്ക് അല്ലെങ്കിൽ തത്തുല്യ ഗ്രേഡും, ബി.എഡ്-ഉം ആണ് അടിസ്ഥാന യോഗ്യത. ചില പ്രത്യേക വിഷയങ്ങളിൽ ബിരുദാനന്തര ബിരുദമുള്ളവരെ ബി.എഡ്. വേണമെന്ന നിബന്ധനയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. LTTC, DLED തുടങ്ങിയ ട്രെയിനിംഗ് കോഴ്സുകൾ വിജയിച്ചവരെ സെറ്റിന് പരിഗണിക്കുന്നതാണ്.എസ്.സി./എസ്.ടി. വിഭാഗത്തിൽപ്പെടുന്നവർക്കും പി.ഡബ്ലിയു.ഡി. വിഭാഗത്തിൽപ്പെടുന്നവർക്കും ബിരുദാനന്തര ബിരുദത്തിന് 5% മാർക്കിളവ് അനുവദിച്ചിട്ടുണ്ട്.

പോസ്റ്റ് ഗ്രാജുവേറ്റ് ബിരുദം മാത്രം നേടിയവർ ബി.എഡ് കോഴ്സ് അവസാന വർഷം പഠിച്ചുകൊണ്ടിരിക്കുന്നവർ ആയിരിക്കണം, അവസാനവർഷ പോസ്റ്റ് ഗ്രാജുവേറ്റ് കോഴ്സ് പഠിക്കുന്നവർക്ക് ബി.എഡ്. ബിരുദം ഉണ്ടായിരിക്കണം, ഈ നിബന്ധന പ്രകാരം സെറ്റ് പരീക്ഷ എഴുതുന്നവർ അവരുടെ പി.ജി./ബി.എഡ്. പരീക്ഷയുടെ നിശ്ചിത യോഗ്യത സെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ച തീയതി മുതൽ ഒരു വർഷത്തിനകം നേടിയിരിക്കണം. അല്ലാത്തപക്ഷം അവരെ ആ ചാൻസിൽ സെറ്റ് പരീക്ഷ പാസായതായി പരിഗണിക്കില്ല.

ജനറൽ/ഒ.ബി.സി. വിഭാഗങ്ങളിൽപ്പെടുന്നവർ പരീക്ഷാ ഫീസിനത്തിൽ 1000 രൂപയും, എസ്.സി./എസ്.ടി./പി.ഡബ്ലിയു.ഡി. എന്നീ വിഭാഗങ്ങളിൽപ്പെടുന്നവർ 500 രൂപയും ഓൺലൈൻ ആയി ഒടുക്കേണ്ടതാണ്.പി.ഡബ്ലിയു.ഡി. വിഭാഗത്തിൽപെടുന്നവർ മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ ഗസറ്റഡ് ഓഫീസർ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ്.സി./എസ്.ടി./ വിഭാഗങ്ങളിൽപ്പെടുന്നവർ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ, ഒ.ബി.സി. നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നവർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2022 സെപ്റ്റംബർ 26 നും 2023 ഒക്ടോബർ 25 നും ഇടയിൽ ലഭിച്ചതായിരിക്കണം.) എന്നിവ സെറ്റ് പാസ്സാകുന്ന പക്ഷം അപേക്ഷയോടൊപ്പം ഹാജരാക്കണം.

പി.ഡബ്ലിയു.ഡി. വിഭാഗങ്ങളിൽപ്പെടുന്നവർ മാത്രം മെഡിക്കൽ സർട്ടിഫിക്കറ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഓൺ ലൈൻ അപേക്ഷയോടൊപ്പം ഒക്ടോബർ 30 ന് മുമ്പ് തിരുവനന്തപുരം എൽ ബി എസ് സെന്ററിൽ ലഭിക്കത്തക്കവിധം അയക്കണം. സെറ്റ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നവർ നിർബന്ധമായും എൽ ബി എസ് സെന്ററിന്റെ വെബ് സൈറ്റിൽ ‘ഓൺലൈൻ’ ആയി രജിസ്റ്റർ ചെയ്തിരിക്കണം. ഇതിനുള്ള നിർദ്ദേശം പ്രോസ്പെക്ടസിൽ വിശദമായി നൽകിയിട്ടുണ്ട്. ഓൺലൈൻ രജിസ്ട്രേഷൻ ഒക്ടോബർ 25 ന് 5 മണിക്ക് മുൻപായി പൂർത്തിയാക്കണം. കൂടുതൽ വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ് സൈറ്റിൽ ലഭിക്കും.

തിരുവനന്തപുരം: സംസ്ഥാന പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റിൽ പ്രവർത്തിക്കുന്ന സംസ്ഥാന പരിസ്ഥിത ആഘാതനിർണയ അതോറിറ്റിയിൽ എൻവയോൺമെന്റൽ ഓഫീസർ, അസിസ്റ്റന്റ് എൻവയോൺമെന്റൽ ഓഫീസർ തസ്തികകളിലേക്കുള്ള ഒഴിവുകളിൽ യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും, അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

അപേക്ഷകളും അനുബന്ധരേഖകളും ഡയറക്ടർ, പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ (നാലാം നില), തിരുവന്തപുരം – 695001, ഫോൺ 0471-2326264 (ഓഫീസ്) ഇമെയിൽ environmentdirectorate@gmail.com എന്ന വിലാസത്തിൽ ലഭ്യമാക്കണം. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഒക്ടോബർ 16.

കൊച്ചി: കേരള ഹൈക്കോടതിയിൽ ക്ലറിക്കൽ അസിസ്റ്റന്റ് തസ്തികയിൽ യോഗ്യതയുള്ള ഭിന്നശേഷിക്കാരായ (ലോക്കോമോട്ടർ ഡിസബിലിറ്റിയുള്ളവർ) ഇന്ത്യൻ പൗരന്മാരായ ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു അഥവാ തത്തുല്യമാണ് യോഗ്യത. ഉദ്യോഗാർഥികൾ 02/01/1977 നും 01/01/2005 നും (രണ്ടു തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവരായിരിക്കണം. ഒരു ഒഴിവാണുള്ളത്. ശമ്പള സ്‌കെയിൽ: 25100-57900.

വിശദമായ വിജ്ഞാപനം കേരള ഹൈക്കോടതിയുടെ റിക്രൂട്ട്‌മെന്റ് പോർട്ടലിൽ (www.hckrecruitment.nic.in) ലഭ്യമാണ്. ഉദ്യോഗാർഥികൾക്ക് പോർട്ടൽ മുഖേന അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. സെപ്റ്റംബർ 20 മുതൽ ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കും. ഒക്ടോബർ 19 ആണ് അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി.

തിരുവനന്തപുരം: തിരുവനന്തപുരം കോളജ് ഓഫ് എൻജിനീയറിങ്ങിൽ കംപ്യൂട്ടർ പ്രോഗ്രാമർ തസ്തികയിലേക്ക് ദിവസവേതന കരാറടിസ്ഥാനത്തിൽ ജോലി നോക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത സംബന്ധിച്ച വിവരങ്ങളും അപേക്ഷാ ഫോമിന്റെ മാതൃക www.cet.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും.

താത്പര്യമുള്ളവർ പൂരിപ്പിച്ച അപേക്ഷയും ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം ഒക്ടോബർ 10നു വൈകിട്ട് നാലിനകം പ്രിൻസിപ്പൽ, കോളജ് ഓഫ് എൻജിനീയറിങ്, ട്രിവാൻഡ്രം, തിരുവനന്തപുരം -16 എന്ന വിലാസത്തിൽ അപേക്ഷിക്കണം.

തിരുവനന്തപുരം: തിരുവനന്തപുരം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ പ്രോഗ്രാമിങ് ഓഫീസർ, അസിസ്റ്റന്റ്, ഡി.ടി.പി ഓപ്പറേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഡ്രൈവർ, ടെക്‌നിക്കൽ അറ്റൻഡർ എന്നീ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നു.

യോഗ്യത, ശമ്പള സ്‌കെയിൽ എന്നിവ വിശദമാക്കിക്കൊണ്ടുള്ള വിജ്ഞാപനം www.cee-kerala.org യിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സർവീസിലോ സ്വയംഭരണ സ്ഥാപനങ്ങളിലോ തത്തുല്യമായ തസ്തികകളിൽ ജോലി ചെയ്യുന്നവർക്ക് അപേക്ഷിക്കാം. നിയമനം പരീക്ഷാ കമ്മീഷണർ നേരിട്ട് കൂടിക്കാഴ്ച നടത്തിയശേഷമായിരിക്കും.

താത്പര്യമുള്ളവർ കെ.എസ്.ആർ. 144 അനുസരിച്ചുള്ള പ്രൊഫോർമയും ബയോഡാറ്റയും വകുപ്പ് മേധാവിയുടെ നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റും ഉൾപ്പെടെ മേലധികാരികൾ മുഖേന ഒക്ടോബർ 10നകം പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയം, കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ കോംപ്ലക്‌സ് (ഏഴാം നില), തമ്പാനൂർ, തിരുവനന്തപുരം-1 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ അപേക്ഷ നൽകണം.

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവയിൽ പ്രവർത്തിക്കുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ ഡാറ്റാ എൻട്രി, ഡി ടി പി കോഴ്സുകളിൽ പരിശീലനം നൽകുന്നതിനു കമ്പ്യൂട്ടർ ഇൻസ്ട്രക്ടറെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലയിൽ നിന്നുളള ബിരുദവും, പിജിഡിസിഎയുമാണ് അടിസ്ഥാന യോഗ്യത.

വേർഡ്‌പ്രോസസിങ്, എം.എസ് വേഡ്, സ്‌പ്രെഡ് ഷീറ്റ് പാക്കേജ്, ഡിടിപി, ഐഎസ്എം എന്നിവയിൽ പരിജ്ഞാനമുള്ളവരും ഇവയിൽ അംഗീകൃത സർട്ടിഫിക്കറ്റുകൾ ഉള്ളവരുമായിരിക്കണം. കമ്പ്യൂട്ടർ കോഴ്സ് പരിശീലനത്തിൽ മുൻപരിചയമുളളവർക്ക് മുൻഗണന. താല്പര്യമുളളവർ ബയോഡാറ്റയും, വിദ്യാഭ്യാസ യോഗ്യത, ജാതി, മുൻപരിചയം എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അപേക്ഷ സമർപ്പിക്കണം. എസ്.സി/എസ്.ടി വിഭാഗത്തിൽപ്പെടുന്നവർക്ക് മുൻഗണന നൽകും. വൈകി ലഭിക്കുന്നതോ അപൂർണമായതോ ആയ അപേക്ഷകൾ പരിഗണിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് പ്രിൻസിപ്പാൾ, ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്റർ, സബ് ജയിൽ റോഡ്, ബൈ ലെയ്ൻ, ആലുവ -683 101 എന്ന വിലാസത്തിൽ ബന്ധപ്പെടുക. അപേക്ഷ നൽകേണ്ട അവസാന തീയതി ഒക്ടോബർ 11.

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ആയുർവേദ കോളജിൽ നിലവിൽ ഒഴിവുള്ള ഒരു പ്രൊഫസർ (പഞ്ചകർമ) തസ്തികയിലേക്ക് നിയമനം. കരാർ അടിസ്ഥാനത്തിൽ നിയമനം നടക്കുന്ത്. പഞ്ചകർമ വിഭാഗത്തിൽ പി.ജി.യോടെ ടീച്ചേഴ്‌സ്-കോഡ് സഹിതം 10 വർഷത്തിലധികം അധ്യാപന പരിചയമുള്ളവർക്കായി ഒക്ടോബർ 11ന് അഭിമുഖം നടത്തും.

താത്പര്യമുള്ളവർ അന്നേദവിസം രാവിലെ 11ന് ആരോഗ്യഭവനിൽ ആയുർവേദ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ ചേമ്പറിൽ രേഖകൾ സഹിതം ഹാജരാകണം. പ്രതിമാസ ശമ്പളം ഏറ്റവും കുറഞ്ഞത് 60,000 രൂപ.

തിരുവനന്തപുരം: തിരുവനന്തപുരം വഴുതക്കാട് കാഴ്ചപരിമിതർക്കായുള്ള സർക്കാർ വിദ്യാലയത്തിൽ ആയ, ഫീമെയിൽ ഗൈഡ് തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ഒക്ടോബർ ഒമ്പതിന് രാവിലെ 10 മുതൽ അഭിമുഖം നടത്തും. ആയ തസ്തികയിൽ അപേക്ഷിക്കുന്നതിന് മലയാളം എഴുതുവാനും വായിക്കുവാനും അറിഞ്ഞിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ മുൻപരിചയമുള്ളവരും ഹോസ്റ്റലിൽ താമസിച്ച് സേവനമനുഷ്ഠിക്കാൻ സന്നദ്ധരുമായിരിക്കണം. ഫീമെയിൽ ഗൈഡ് തസ്തികയിൽ എസ്.എസ്.എൽ.സി / തത്തുല്യയോഗ്യത, ഹോസ്റ്റലിൽ താമസിച്ച് സേവനമനുഷ്ഠിക്കാൻ സന്നദ്ധരായിരിക്കണം. ബന്ധപ്പെട്ട മേഖലയിൽ മുൻപരിചയം എന്നിവയും വേണം.

ഉദ്യോഗാർഥികൾ അന്നേ ദിവസം രാവിലെ 10ന് ബയോഡാറ്റയും യോഗ്യതയും മുൻപരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റ്, തിരിച്ചറിയൽ കാർഡ് എന്നിവയുമായി സ്‌കൂൾ ഓഫീസിൽ ഹാജരാകണം. ഈ രണ്ട് തസ്തികയിലും ഓരോ ഒഴിവുകളാണുള്ളത്. ബന്ധപ്പെടേണ്ട വിലാസം: കാഴ്ചപരിമിതർക്ക് വേണ്ടിയുള്ള സർക്കാർ വിദ്യാലയം, വഴുതക്കാട്, തിരുവനന്തപുരം-14. ഫോൺ: 0471-2328184.

കൊല്ലം: കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ കാസ്പ് സ്‌കീമിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്‌നീഷ്യൻ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വയസ്: 18 – 41. വേതനം (കൺസോളിഡേറ്റഡ്): 17,000.

അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഡയാലിസിസ് ടെക്‌നിഷ്യൻ കോഴ്‌സിൽ ഡിഗ്രി / ഡിപ്ലോമയും കേരള സ്റ്റേറ്റ് പാരാമെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം. താത്പര്യമുള്ള ഉദ്യോഗാർഥികൾ അഭിമുഖത്തിനായി യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം ഒക്ടോബർ 10നു രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ എത്തണം.

തിരുവനന്തപുരം: കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിൽ ഒഴിവുള്ള തസ്തികകളിൽ അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം ലഭിക്കാൻ സംസ്ഥാന സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്ന് ഉചിതമാർഗേന നിശ്ചിത മാതൃകയിൽ അപേക്ഷ ക്ഷണിച്ചു.

അപേക്ഷ ബന്ധപ്പെട്ട വകുപ്പ് തലവൻ നൽകുന്ന എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് ഒന്നിലെ 144-ാം ചട്ടത്തിൽ നിർദ്ദേശിച്ചിട്ടുള്ള ഫോം, ബയോഡേറ്റ സഹിതം രജിസ്ട്രാർ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ, റെഡ് ക്രോസ് റോഡ്, തിരുവനന്തപുരം – 35 എന്ന വിലാസത്തിൽ ഒക്ടോബർ 10 നകം വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.