Career (Page 27)

കോഴിക്കോട്: കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ ട്രെയിനികളായി ലാബ് അറ്റൻഡർമാരെ ആറു മാസത്തേയ്ക്ക് നിയമിക്കുന്നു. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിങ് ടെക്‌നോളോജി നടത്തുന്ന ഡിപ്ലോമ പ്രോഗ്രാം കോഴിക്കോട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോസ്പിറ്റാലിറ്റി മാനേജ്മെന്റിൽ നിന്നും പാസ്സായവർക്കുള്ളതാണ് ഈ പ്രോഗ്രാം. പതിനായിരം രൂപ പ്രതിമാസ സ്‌റ്റൈപെൻഡ് ലഭിക്കും.

നിശ്ചിത യോഗ്യതയുള്ള താത്പര്യമുള്ളവർ നവംബർ പത്താം തീയതിക്ക് മുൻപായി പ്രിൻസിപ്പൽ മുൻപാകെ അപേക്ഷ സമർപ്പിക്കണം. ഫോൺ : 0495 2385861.

തിരുവനന്തപുരം: തിരുവനന്തപുരം സർക്കാർ ജില്ലാ ഹോമിയോ ആശുപത്രിയിൽ പുതുതായി ആരംഭിക്കുന്ന ഫിസിയോതെറാപ്പി യൂണിറ്റിലേക്ക് ഫിസിയോതെറാപ്പിസ്റ്റിനെ പ്രതിദിനം 1000 രൂപ നിരക്കിൽ നൽകി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് വാക് ഇൻ ഇന്റർവ്യൂ നടത്തും. ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. പ്രായപരിധി: 40 വയസ്. ഒഴിവുകളുടെ എണ്ണം: ഒന്ന്.

തിരുവനന്തപുരം ജില്ലാപഞ്ചായത്ത് കാര്യാലയത്തിൽ വച്ച് നവംബർ എട്ടിനു രാവിലെ 11ന് അഭിമുഖം നടത്തും. ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താത്പര്യമുള്ള ഉദ്യോഗാർഥികൾ അവരുടെ വയസ്, ബയോഡാറ്റ, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകൾ, പകർപ്പുകൾ എന്നിവ സഹിതം ഹാജരാകണം.

തിരുവനന്തപുരം: തിരുവനന്തപുരത്തെ പിറ്റിപി നഗറിൽ റവന്യൂ വകുപ്പിന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റിൽ, എം.ബി.എ (ഡിസാസ്റ്റർ മാനേജ്മെന്റ്) പ്രോഗ്രാമിലേക്ക് നിയമനം. യുജിസി നിഷ്‌കർഷിട്ടുള്ള യോഗ്യതയുളളവരെ പ്രിൻസിപ്പാൾ/ പ്രൊഫസർ തസ്തികയിലേക്കാണ് നിയമനം നടക്കുന്നത്.

ശമ്പളം -50000 രൂപ. കൺസോളിഡേറ്റഡ് ഒഴിവ് – 1, അസിസ്റ്റന്റ് പ്രൊഫസർ (ശമ്പളം – 35000 രൂപ) കൺസോളിഡേറ്റഡ് ഒഴിവ് – 2. നവംബർ 7ന് രാവിലെ 10 ന് ഐഎൽഡിഎം കമ്പ്യൂട്ടർ ക്യാമ്പസിൽ വാക്ക്-ഇൻ ഇന്റർവ്യു നടത്തും. യോഗ്യരായവർ രേഖകൾ സഹിതം സ്ഥാപനത്തിൽ എത്തിച്ചേരണം.

തിരുവനന്തപുരം: കഴക്കൂട്ടം വനിതാ ഐടിഐയിൽ സെക്രട്ടേറിയൽ പ്രാക്ടീസ് (ഇംഗ്ലീഷ്) ട്രേഡിൽ EWS വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള താത്കാലിക ഇൻസ്ട്രക്ടറുടെ ഒരു ഒഴിവുണ്ട്. EWS കാറ്റഗറിയുടെ അഭാവത്തിൽ പൊതുവിഭാഗത്തെ പരിഗണിക്കും.

താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ നവംബർ ഏഴിനു രാവിലെ 10 ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം. കൂടുതൽ വിവരങ്ങൾ കഴക്കൂട്ടം ഗവ.ഐ.ടി.ഐയിൽ ലഭിക്കും.

കൊച്ചി: നോർക്ക റൂട്ട്‌സ് യുകെ കരിയർ ഫെയറിന്റെ മൂന്നാമത് എഡിഷൻ നവംബറിൽ കൊച്ചിയിൽ നടക്കും. കേരളത്തിലെ ആരോഗ്യമേഖലയിൽ നിന്നുളളവർക്ക് യുണൈറ്റഡ് കിംങ്ഡം (UK) മിലെയും, വെയിൽസിലേയും വിവിധ എൻ.എച്ച്.എസ് ട്രസ്റ്റുകളിലേയ്ക്ക് അവസരമൊരുക്കുന്നതാണ് കരിയർ ഫെയർ. വിവിധ സ്‌പെഷ്യാലിറ്റികളിലേയ്ക്കുളള ഡോക്ടർമാർ, നഴ്‌സുമാർ, അൾട്രാ സോണോഗ്രാഫർമാർ എന്നിവർക്കാണ് അവസരമുളളത്. നവംബർ 06 മുതൽ 10 വരെ കൊച്ചിയിലാണ് കരിയർ ഫെയർ.

ഡോക്ടർമാർ-യു.കെ (ഇംഗ്ലണ്ട്)

റേഡിയോളജി, സൈക്രാട്രി, വിഭാഗങ്ങളിലാണ് യു.കെയിൽ ഡോക്ടർമാർക്ക് അവസരം. സ്‌പെഷ്യാലിറ്റികളിൽ ബിരുദാനന്തര ബിരുദത്തിനു ശേഷം നാലുവർഷത്തെ പ്രവർത്തി പരിചയം വേണം. ഇതിൽ രണ്ടു വർഷക്കാലം അധ്യാപനപരിചയമുളളവർക്ക് മുൻഗണന ലഭിക്കും. Professional and Linguistic Assessments Board (PLAB) യോഗ്യത ആവശ്യമില്ല. അഭിമുഖസമയത്ത് OET/IELTS (UK-SCORE) നിർബന്ധമില്ല. നിയമനം ലഭിച്ചാൽ പ്രസ്തുതഭാഷാ യോഗ്യത നേടേണ്ടതാണ്.

ഡോക്ടർമാർ-യു.കെ (വെയിൽസ്) സീനിയർ ക്ലിനിക്കൽ ഫെല്ലോ

ജനറൽ മെഡിസിനിലോ, ഓങ്കോളജിയിലോ ബിരുദാനന്തര ബിരുദം. മൂന്നു വർഷത്തെ പ്രവർത്തി പരിചയം. PLAB നിർബന്ധമില്ല. സ്‌പോൺസർഷിപ്പിലൂടെ യു.കെ യിൽ രജിസ്‌ട്രേഷൻ നേടാൻ അവസരം. അഭിമുഖഘട്ടത്തിൽ IELTS/OET (UK SCORE) യോഗ്യത അനിവാര്യമല്ല. തിരഞ്ഞെടുക്കപ്പെട്ടാൽ പ്രസ്തുത യോഗ്യത നേടേണ്ടതാണ്.

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ www.nifl.norkaroots.org എന്ന വെബ്ബ്‌സൈറ്റിൽ ലഭ്യമായ ലിങ്കിലൂടെ അപേക്ഷിക്കാവുന്നതാണ്. സംശയനിവാരണത്തിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിൽ (ENGLISH, MALAYALAM) 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. ഇ-മെയിൽ uknhs.norka@kerala.gov.in

കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ഫോറൻസിക് വിഭാഗത്തിൽ ഒരു സീനിയർ റസിഡന്റ്്/അസി.പ്രൊഫസറെ നിയമിക്കുന്നു. 70000 രൂപയാണ് ശമ്പളം.

കരാർ അടിസ്ഥാനത്തിൽ 90 ദിവസത്തേക്കാണ് നിയമനം. ഉദ്യോഗാർത്ഥികൾ നവംബർ 8ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 1 വരെ യോഗ്യത, വയസ്, സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന ഒറിജിനൽ രേഖകൾ സഹിതം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൽ ഹാജരാകണം. പ്രവൃത്തി പരിചയം അഭികാമ്യം, ഉദ്യോഗാർത്ഥികൾ പി.ജി/ഡിപ്ലോമ പാസായതിനു ശേഷം നിർബന്ധമായും ഒരു വർഷത്തെ സീനിയർ റസിഡന്റ്സ്ഷിപ്പ് പൂർത്തിയായിരിക്കണം.

തിരുവനന്തപുരം: കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിൽ മാനേജർ, പബ്ലിക് റിലേഷൻസ് ഓഫീസർ, എൽ ഡി ക്ലർക്ക്, കമ്പ്യൂട്ടർ അസിസ്റ്റന്റ്/ഡിറ്റിപി ഓപ്പറേറ്റർ തസ്തികകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമനം. സംസ്ഥാന സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഉചിത മാർഗ്ഗേന നിശ്ചിത മാതൃകയിൽ അപേക്ഷകൾ ക്ഷണിച്ചു.

അപേക്ഷ ബന്ധപ്പെട്ട വകുപ്പ് തലവൻ നൽകുന്ന എൻ.ഒ.സി, കെ.എസ്.ആർ പാർട്ട് ഒന്നിലെ 144-ാം ചട്ടത്തിൽ നിർദേശിച്ചിട്ടുള്ള ഫോം, ബയോഡേറ്റ സഹിതം രജിസ്ട്രാർ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ, റെഡ്ക്രോസ് റോഡ് തിരുവനന്തപുരം -35 എന്ന വിലാസത്തിൽ നവംബർ 11 ന് 5 മണിക്കകം ലഭിക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.

തിരുവനന്തപുരം: ഹൈഡ്രോഗ്രാഫിക് സർവ്വേ വിഭാഗം, ചീഫ് ഹൈഡ്രോഗ്രാഫറുടെ കാര്യാലയത്തിൽ അസിസ്റ്റന്റ് എൻജിനിയർ (മെക്കാനിക്)-ന്റെ താൽക്കാലിക ഒഴിവിൽ ദിവസ വേതാനാടിസ്ഥാനത്തിലുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു.

മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ബി-ടെക് അല്ലെങ്കിൽ തത്തുല്യം അല്ലെങ്കിൽ മെക്കാനിക്കൽ എൻജിനിയറിങ്ങിൽ ഡിപ്ലോമയും, കടലിലും ഉൾനാടൻ ജലാശയങ്ങളിലും ഉപയോഗിക്കുന്ന യാനങ്ങളുടെ നിർമ്മാണത്തിലും, മെയിൻന്റനൻസിലുമുള്ള അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത.

അപേക്ഷകൾ ചീഫ് ഹൈഡ്രോഗ്രാഫർ, ചീഫ് ഹൈഡ്രോഗ്രാഫറുടെ കാര്യാലയം, മണക്കാട് പി.ഒ കമലേശ്വരം, തിരുവനന്തപുരം – 09 എന്ന വിലാത്തിൽ നവംബർ രണ്ടിനു വൈകിട്ട് അഞ്ചിനു ലഭിക്കത്തക്കവിധത്തിൽ തപാൽ മുഖേനയോ നേരിട്ടോ അയക്കണം.

തിരുവനന്തപുരം: ഹയർ സെക്കൻഡറി, നോൺ വൊക്കേഷണൽ അധ്യാപക നിയമനത്തിന് ഏർപ്പെടുത്തിയിരിക്കുന്ന സംസ്ഥാന തല യോഗ്യതാ നിർണ്ണയ പരീക്ഷയായ സെറ്റ് (സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ്) ഓൺലൈൻ രജിസ്ട്രേഷൻ നവംബർ 5 വൈകിട്ട് 5 വരെ നീട്ടി.

ഓൺലൈൻ രജിസ്‌ട്രേഷനിലെ വിവരങ്ങളിൽ മാറ്റം വരുത്തുന്നതിന് നവംബർ 8, 9, 10 തീയതികളിൽ അവസരം ലഭിക്കും. നോൺക്രിമിലെയർ വിഭാഗത്തിൽപ്പെടുന്നവർ സർട്ടിഫിക്കറ്റിന്റെ അസൽ (2022 സെപ്റ്റംബർ 26 നും 2023 നവംബർ 10 നും ഇടയിൽ ലഭിച്ചതായിരിക്കണം) സെറ്റ് പാസായാൽ ഹാജരാക്കണം.

കൊച്ചി: എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ റേഡിയോളജിസ്റ്റ് തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക നിയമനം നടത്തുന്നു. എം.ഡി/ഡി.എൻ.ബി (റേഡിയോ ഡയഗ്‌നോസിസ്), ഡി.എം.ആർ.ഡിയും ടി.എം.സി രജിസ്‌ട്രേഷൻ യോഗ്യതയുള്ള 25നും 60നും മധ്യേ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.

താല്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം നവംബർ മൂന്നിന് മെഡിക്കൽ കോളേജ് സൂപ്രണ്ട് ഓഫീസിന് സമീപമുള്ള കൺട്രോൾ റൂമിൽ രാവിലെ 11ന് നടക്കുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കേണ്ടതാണ്. രാവിലെ 10.30 മുതൽ 11 വരെയാണ് രജിസ്‌ട്രേഷൻ. ഫോൺ : 0484 2754000.