രാഹുൽ ഗാന്ധിയ്ക്ക് വയനാട്ടിൽ നിന്നല്ലാതെ ഹൈദരാബാദിൽ മത്സരിക്കാനുള്ള ചങ്കുറപ്പുണ്ടോ; ഒവൈസി

ന്യൂഡൽഹി: കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയ്ക്ക് നേരെ വെല്ലുവിളിയുമായി ഓൾ ഇന്ത്യ മജ്ലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ തലവൻ അസദുദ്ദീൻ ഒവൈസി. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയ്ക്ക് വയനാട്ടിൽ നിന്നല്ലാതെ ഹൈദരാബാദിൽ മത്സരിക്കാനുള്ള ചങ്കുറപ്പുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു.

വലിയ വാചക കസർത്തു നടത്താതെ നേരിട്ടു മത്സരത്തിനിറങ്ങൂ. കോൺഗ്രസ് പ്രവർത്തകർക്ക് ഒരുപാട് ന്യായീകരണങ്ങൾ ഉണ്ടാകാം, പക്ഷേ നേരിടാൻ താൻ തയ്യാറാണ്. അയോധ്യയിലെ ബാബറി മസ്ജിദ് ഉൾപ്പെടെ തകർക്കപ്പെട്ടത് കോൺഗ്രസ് ഭരണ കാലത്താണെന്നും അദ്ദേഹം വിമർശിച്ചു.

കോൺഗ്രസ് ബിജെപിയുമായി കൈകോർത്ത് പ്രവർത്തിക്കുകയാണ്. അയോധ്യയിലെ ബാബറി മസ്ജിദ് തകർക്കപ്പെട്ടപ്പോൾ കോൺഗ്രസ് നടപടിയെടുത്തില്ല. മോദിക്കെതിരായ പോരാട്ടത്തിൽ താൻ ഒറ്റയ്ക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.