പാക്കിസ്ഥാനിൽ ദാരിദ്രനിരക്ക് ഉയരുന്നു: 9 കോടിയിലധികം പേർ ദാരിദ്ര്യ രേഖയ്ക്ക് താഴെയെന്ന് ലോക ബാങ്ക്

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ 9 കോടിയിലധികം പേർ ദാരിദ്ര്യ രേഖയ്ക്ക് താഴെയെന്ന് ലോക ബാങ്ക്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് പാകിസ്ഥാന്റെ ദാരിദ്രനിരക്ക് 39.4% ഉയർന്നുവെന്ന് ലോകബാങ്ക് വ്യക്തമാക്കുന്നു. നിലവിൽ പാക്കിസ്ഥാനിലെ 9.5 കോടിയോളം ജനങ്ങൾ ദാരിദ്ര്യ രേഖയ്ക്ക് താഴെയാണ്.

പാക്കിസ്ഥാനിൽ സാമ്പത്തികസ്ഥിരത വീണ്ടെടുക്കാൻ നികുതി ജിഡിപി അനുപാതം അഞ്ചു ശതമാനമെങ്കിലും വർദ്ധിപ്പിക്കണം എന്ന നിർദ്ദേശം ലോക ബാങ്ക് മുന്നോട്ടുവയ്ക്കുന്നു. കാർഷിക മേഖലയിലും റിയൽ എസ്റ്റേറ്റ് മേഖലയിലും നികുതി വർദ്ധിപ്പിക്കണമെന്ന നിർദ്ദേശവും ഉയർന്നിട്ടുണ്ട്. നികുതിയിളവുകൾ പിൻവലിക്കണം എന്നാണ് ലോകബാങ്ക് മുന്നോട്ട് വെച്ചിട്ടുള്ള മറ്റൊരു പ്രധാന നിർദ്ദേശം.

സിഗരറ്റിന്റെ എക്സൈസ് തീരുവ വർദ്ധനവ്, ഭൂനികുതി വർദ്ധനവ്, ഊർജ്ജ ചരക്ക് സബ്സിഡി പിൻവലിക്കൽ തുടങ്ങിയ നിർദ്ദേശങ്ങളും ലോക ബാങ്ക് നൽകിയിട്ടുണ്ട്.

ഏറ്റവും കൂടുതൽ കുട്ടികൾ പഠനം ഉപേക്ഷിക്കുന്ന രാജ്യമാണ് പാക്കിസ്ഥാൻ. ദക്ഷിണേഷ്യയിൽ ഏറ്റവും കുറവ് പ്രതിശീർഷ വരുമാനം ഉള്ള രാജ്യവും പാക്കിസ്ഥാൻ തന്നെയാണ്. 2000 ത്തിനും 2020 നും ഇടയിൽ വെറും 1.7 ശതമാനം വർദ്ധനവ് മാത്രമാണ് പാകിസ്താന്റെ പ്രതിശീർഷ വരുമാനത്തിൽ ഉണ്ടായിട്ടുള്ളത്.