കൊൽക്കത്ത: പശ്ചിമ ബംഗാളിൽ സ്റ്റീൽ ഫാക്ടറി സ്ഥാപിക്കുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ബംഗാളിലെ മേദിനിപൂരിലുള്ള സാൽബോനിയിൽ സ്റ്റീൽ ഫാക്ടറി സ്ഥാപിക്കുമെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. അഞ്ചോ ആറോ മാസത്തിനുള്ളിൽ ഫാക്ടറിയുടെ നിർമാണ പ്രവൃത്തികൾ പൂർത്തിയാകുമെന്നും അദ്ദേഹം വിശദമാക്കി.
ബംഗാളിലെ മൂന്നാമത്തെ സ്റ്റീൽ പ്ലാന്റ് നിർമിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട്. ഇതിന് മുഖ്യമന്ത്രിയോട് നന്ദി പറയാൻ താൻ ഈ അവസരം ഉപയോഗിക്കുന്നു. തനിക്ക് കായിക രംഗത്തു മാത്രമാണ് താത്പര്യം എന്നാണ് പലരും കരുതിയത്. പക്ഷേ തങ്ങൾ 2007-ൽ ഒരു ചെറിയ സ്റ്റീൽ പ്ലാന്റ് തുടങ്ങിയിരുന്നു. അഞ്ചോ ആറോ മാസത്തിനുള്ളിൽ മേദിനിപൂരിൽ തങ്ങളുടെ പുതിയ സ്റ്റീൽ പ്ലാന്റ് നിർമിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
55 വർഷങ്ങൾക്ക് മുമ്പ് തന്റെ മുത്തച്ഛൻ ആരംഭിച്ച കുടുംബ ബിസിനസിനെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഈ സംസ്ഥാനം പലപ്പോഴും ലോകത്തെ മറ്റ് രാജ്യങ്ങളെയും ബിസിനസ് ചെയ്യാനായി സ്വാഗതം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെയും ഇവിടുത്തെ യുവാക്കളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കാൻ ഈ സർക്കാർ ആഗ്രഹിക്കുന്നു എന്നത് വളരെ വ്യക്തമാണെന്നും ഗാംഗുലി കൂട്ടിച്ചേർത്തു.

