അമേരിക്കൻ യുവതിയുമായി രഹസ്യബന്ധം; ക്വിൻ ഗാങിനെ മന്ത്രിസ്ഥാനത്തു നിന്ന് നീക്കിയതിൽ പുതിയ വിവരങ്ങൾ പുറത്ത്

ബെയ്ജിങ്: വിദേശകാര്യമന്ത്രിയായിരുന്ന ക്വിൻ ഗാങിനെ ചൈന മന്ത്രിസ്ഥാനത്തു നിന്ന് നീക്കിയതിൽ പുതിയ വിവരങ്ങൾ പുറത്ത്. അമേരിക്കൻ യുവതിയുമായുള്ള രഹസ്യബന്ധത്തെ തുടർന്നാണ് നടപടിയെന്നാണ് വിവരം. യു എസ് അംബാസിഡറായിരിക്കെ ഒരു യുവതിയുമായി ക്വിൻഗാങ് അടുപ്പത്തിലായെന്നും ആ ബന്ധത്തിൽ ഒരു കുട്ടിയുണ്ടെന്നും ഇക്കാര്യം കണ്ടെത്തിയതിനെ തുടർന്നാണ് ഗാങിനെ ചൈന പുറത്താക്കിയതെന്നും വാൾസ്ട്രീറ്റ് ജേണൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

ഗാങിന്റെ രഹസ്യബന്ധം രാജ്യസുരക്ഷയെ ബാധിച്ചോ എന്ന് ചൈനീസ് ഭരണകൂടം അന്വേഷിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ജൂലൈ മാസമാണ് ഗാങിനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കിയത്. മന്ത്രിസ്ഥാനം ഏറ്റെടുത്ത് ഏഴു മാസങ്ങൾക്ക് ശേഷമായിരുന്നു നടപടി. അതിനു മുമ്പ് തന്നെ പൊതുപരിപാടികളിലെ ഗാങിന്റെ അസാന്നിധ്യം ശ്രദ്ധേയമായിരുന്നു. ക്വിൻ ഗാംങ്ങിന്റെ തിരോധാനം സംബന്ധിച്ച് വിവിധ അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ ക്വിന്നിന്റെ തന്നെ മുൻഗാമിയായ വാങ് യൂവിനെ പുതിയ വിദേശകാര്യമന്ത്രിയായി നിയോഗിച്ചു.

ആരോഗ്യ പ്രശ്നങ്ങൾ കാരണമാണ് ഗാങ് പൊതുരംഗത്ത് നിന്നും വിട്ടു നിൽക്കുന്നതെന്നായിരുന്നു ആദ്യം ചൈന വ്യക്തമാക്കിയത്.