മന്ത്രിമാരുടെ സുരക്ഷ വര്‍ധിപ്പിക്കാൻ 2.53 കോടി

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോകുമ്പോൾ മന്ത്രിമാരുടെ സുരക്ഷ വര്‍ധിപ്പിക്കാൻ രണ്ടരക്കോടിയിലേറെ രൂപ ചെലവ്. സെക്രട്ടറിയേറ്റ് അനക്‌സ് രണ്ടിലെ ഓഫിസുകളില്‍ ക്യാമറകളും മെറ്റല്‍ ഡിറ്റക്ടറുകളും സ്ഥാപിച്ചു. ഇതിനായി 2.53 കോടി രൂപ അനുവദിച്ച് പൊതുഭരണവകുപ്പ് ഉത്തരവിറക്കി. കൊച്ചിയിലെ ഒരു സ്വകാര്യ സ്ഥാപനത്തിനാണ് ക്യാമറകളും മെറ്റല്‍ ഡിറ്റക്ടറുകളും സ്ഥാപിക്കാനുള്ള കോൺട്രാക്റ്റ്.

മന്ത്രിമാരായ പി എ മുഹമ്മദ് റിയാസ്, വീണാ ജോര്‍ജ്, വി ശിവന്‍കുട്ടി, ആര്‍ ബിന്ദു, പി പ്രസാദ്, ജെ ചിഞ്ചുറാണി എന്നിവരുടെ ഓഫിസാണ് അനക്‌സ് രണ്ടില്‍ പ്രവര്‍ത്തിക്കുന്നത്. സെക്രട്ടറിയേറ്റ് അനക്‌സ് രണ്ടിലെ ഓഫിസ് പരിസരത്ത് സിസിടിവി സ്ഥാപിച്ച വകയിലാണ് സര്‍ക്കാര്‍ തുക അനുവദിച്ചിരിക്കുന്നത്. ഏഴ് മെറ്റല്‍ ഡിറ്റക്ടറും 101 സിസിടിവി ക്യാമറകളുമാണ് അനക്‌സ് രണ്ട് പരിസരത്ത് സ്ഥാപിച്ചത്. ആറ് മാസത്തെ സംഭരണശേഷിയുള്ള ക്യാമറകള്‍ക്കും അനുബന്ധ ഉപകരണങ്ങള്‍ക്കും ഉള്‍പ്പെടെയാണ് ഇത്രയും തുക. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴാണ് സർക്കാരിന്റെ ദൂർത്ത് എന്നാണ് പരക്കെയുള്ള വിമർശനം