അമിത് ഷാ ഹിന്ദി ഭാഷയെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നു; രൂക്ഷ വിമർശനവുമായി ഉദയനിധി സ്റ്റാലിൻ

ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മന്ത്രിയും ഡിഎംകെ നേതാവുമായ ഉദയനിധി സ്റ്റാലിൻ. അമിത് ഷാ ഹിന്ദി ഭാഷയെ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചിൽ താഴെ സംസ്ഥാനങ്ങളിൽ സംസാരിക്കുന്ന ഭാഷ രാജ്യത്തെ ഒന്നിപ്പിക്കുന്നുവെന്ന് പറയുന്നത് അസംബന്ധമാണെന്നും അദ്ദേഹം വിമർശിച്ചു.

തമിഴ്നാട്ടിൽ തമിഴ് കേരളത്തിൽ മലയാളം. ഈ രണ്ട് സംസ്ഥാനങ്ങളെ ഹിന്ദി എവിടെയാണ് ഒന്നിപ്പിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. ശാക്തീകരണം എവിടെയാണ് വരുന്നത്. ഹിന്ദി ഒഴികെയുള്ള ഭാഷകളെ പ്രാദേശിക ഭാഷകളായി തരംതാഴ്ത്തുന്നത് അമിത് ഷാ അവസാനിപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

‘ഹിന്ദി രാജ്യത്തെ ജനങ്ങളെ ഒന്നിപ്പിക്കുന്നു, പ്രാദേശിക ഭാഷകളെ ശാക്തീകരിക്കുന്നു,’ പതിവുപോലെ ഹിന്ദിയോടുള്ള സ്നേഹം ചൊരിഞ്ഞുകൊണ്ട് കേന്ദ്രമന്ത്രി അമിത് ഷാ പറഞ്ഞ വാക്കുകളാണിത്. ഹിന്ദി പഠിച്ചാൽ മുന്നേറാം എന്ന ആക്രോശത്തിന്റെ ബദൽ രൂപമാണിതെന്ന് സ്റ്റാലിൻ വ്യക്തമാക്കി.