സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹം ബുധന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ച് നാസ

സൗരയൂഥത്തിലെ ഏറ്റവും ചെറിയ ഗ്രഹമായ ബുധന്റെ ചിത്രം പങ്കുവെച്ച്‌ നാസ. ബുധനെ ഭ്രമണം ചെയ്യുന്ന ആദ്യ ബഹിരാകാശ പേടകമായ മെസഞ്ചര്‍ ആണ് ഈ അതിശയകരമായ ചിത്രം പകര്‍ത്തിയത്. ഇത് ഗ്രഹത്തിന്റെ ഉപരിതലത്തിലെ പാറകളിലെ രാസ, ധാതു, ഭൗതിക വ്യത്യാസങ്ങൾ വേർതിരിച്ചറിയാൻ സഹായിക്കും എന്നാണ് കരുതുന്നത്. ബുധൻ ഏറ്റവും ചെറിയ ഗ്രഹമാണെങ്കിലും, അത് ഏറ്റവും വേഗതയേറിയതും സെക്കന്റിൽ ഏകദേശം 29 മൈൽ (47 കി.മീ) വേഗതയിൽ അതിന്റെ ഭ്രമണപഥത്തിൽ സഞ്ചരിക്കുന്നതായും നാസ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് അവരുടെ സോഷ്യൽ മീഡിയ പ്ലാറ്റഫോമിൽ കുറിച്ചു.

നാസ പങ്കുവച്ച ചിത്രത്തിൽ ബുധൻ തവിട്ടുനിറവും നീല നിറത്തിലുള്ള നിരവധി ഷേഡുകൾ കാണപ്പെടുന്നുണ്ട്. അതിന്റെ ഉപരിതലത്തിൽ നിരവധി ഗർത്തങ്ങളും ഉള്ളതായി കാണാം. ബുധനിൽ ഒരു വർഷം ഏകദേശം 88 ഭൗമദിനങ്ങളാണ്.
അന്തരീക്ഷത്തിനുപകരം, ഓക്സിജൻ, സോഡിയം, ഹൈഡ്രജൻ, ഹീലിയം, പൊട്ടാസ്യം എന്നിവ അടങ്ങിയ ഒരു നേർത്ത എക്സോസ്ഫിയർ ആണ് ബുധന്.

അന്തരീക്ഷത്തിന്റെ അഭാവവും സൂര്യന്റെ സാമീപ്യവും കാരണം, ബുധന്റെ പകൽ സമയത്തും രാത്രിയിലും താപനില മാറുന്നു, പകൽ സമയത്ത് 800ºF (430ºC) മുതൽലാണെങ്കിൽ രാത്രിയിൽ -290ºF (-180 ºC) വരെയാണ്.