മന്ത്രിമാരുടേയും എംഎൽഎമാരുടേയും ശമ്പളം വർദ്ധിപ്പിച്ചു; പ്രഖ്യാപനവുമായി പശ്ചിമ ബംഗാൾ സർക്കാർ

കൊൽക്കത്ത: മന്ത്രിമാരുടേയും എംഎൽഎമാരുടേയും ശമ്പളം വർദ്ധിപ്പിച്ച് പശ്ചിമ ബംഗാൾ സർക്കാർ. എംഎൽഎമാർ, മന്ത്രിമാർ, ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാർ എന്നിവരുടെ പ്രതിമാസ ശമ്പളത്തിൽ 40,000 രൂപ വീതം വർദ്ധിപ്പിച്ചു. എംഎൽഎമാർക്ക് 50,000 രൂപയും മന്ത്രിമാർക്ക് 50,900 രൂപയും പ്രതിമാസം ശമ്പളയിനത്തിൽ ലഭിക്കുമെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

ഇനിമുതൽ 51,000 രൂപയായിരിക്കും ക്യാബിനറ്റ് പദവിയുള്ള മന്ത്രിമാർക്ക് ശമ്പളം. നേരത്തെയുള്ള ശമ്പളത്തുക യഥാക്രമം 10,000 രൂപ, 10,900 രൂപ, 11,000 രൂപ എന്നിങ്ങനെയായിരുന്നുവെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതേസമയം, ഏറെക്കാലമായി താൻ ശമ്പളം കൈപ്പറ്റാത്തതിനാൽ അതേ രീതിയിൽത്തന്നെ തുടരാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് മമത ബാനർജി വ്യക്തമാക്കി.

ശമ്പള വർധനവോടെ എംഎൽഎമാർക്ക് മറ്റ് ആനുകൂല്യങ്ങളുൾപ്പെടെ ഒരു ലക്ഷത്തി ഇരുപത്തിയൊന്നായിരം (1.21 ലക്ഷം) രൂപ പ്രതിമാസം പ്രതിഫലമായി ലഭിക്കും. 81, 000 രൂപയാണ് എംഎൽഎമാർക്ക് നിലവിൽ ലഭിക്കുന്നത്. മന്ത്രിമാരുടെ പ്രതിഫലം പ്രതിമാസം ഒരുലക്ഷത്തി പതിനായിരം (1.1 ലക്ഷം) രൂപയിൽ നിന്ന് ഒരുലക്ഷത്തി അമ്പതിനായിരം (1.5 ലക്ഷം) രൂപയായാണ് ഉയരുന്നത്.