പെട്രോളിയം ഇന്ധനങ്ങളുടെ വില കുറയാൻ സാധ്യത; ഉടൻ പ്രഖ്യാപനമുണ്ടായേക്കും

ന്യൂഡൽഹി: രാജ്യത്തെ പെട്രോളിയം ഇന്ധനങ്ങളുടെ വില കുറയാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഇതുസംബന്ധിച്ച പ്രഖ്യാപനം ദീപാവലിയോട് അനുബന്ധിച്ച് കേന്ദ്രസർക്കാർ നടത്തുമെന്നാണ് റിപ്പോർട്ടുകൾ. മൂന്ന് മുതൽ അഞ്ച് രൂപ വരെ പെട്രോൾ, ഡീസൽ വില കുറയുമെന്നാണ് വിവരം.

നേരത്തെ രാജ്യത്ത് ഗാർഹിക, വാണിജ്യ പാചകവാതക സിലിണ്ടറുകളുടെ വിലയിൽ വ്യത്യാസം വരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പെട്രോൾ, ഡീസൽ നിരക്കും കുറയ്ക്കുമെന്ന വാർത്തകൾ പുറത്തുവരുന്നത്. ഓഗസ്റ്റ് 29ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് ഗാർഹിക ഉപയോഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറയ്ക്കാൻ തീരുമാനിച്ചത്. 200 രൂപയാണ് കുറച്ചത്. 10 കിലോ സിലിണ്ടറിന് 158 രൂപയാണ് കുറച്ചത്.