ജനുവരിയോടെ ബെംഗളൂരു- ചെന്നൈ എക്‌സ്പ്രസ്‌ വേ ഗതാഗത സജ്ജമാകും; നിതിൻ ഗഡ്കരി

ചെന്നൈ: അടുത്ത വർഷം ജനുവരിയോടെ ബെംഗളൂരു- ചെന്നൈ എക്‌സ്പ്രസ്‌ വേ ഗതാഗത സജ്ജമാകും. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്. അശോക് ലെയ്ലാൻഡ് ലിമിറ്റഡിന്റെ 75-ാം വാർഷിക ചടങ്ങിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമർശം. ചെന്നൈയിലെ ദേശീയപാതാ നിർമ്മാണ പുരോഗതി മന്ത്രി വിലയിരുത്തിയെന്നും അദ്ദേഹം അറിയിച്ചു.

രാജ്യത്ത് 36 ഗ്രീൻ എക്‌സ്പ്രസ് ഹൈവേകളുടെ വികസനം പുരോഗമിക്കുകയാണ്. എക്‌സ്പ്രസ് വേകളിൽ ഇന്ധനച്ചെലവ് വളരെ കുറവാതിനാൽ ടിക്കറ്റ് നിരക്ക് 30 ശതമാനം കുറയ്ക്കാൻ കഴിയും. മണാലി മുതൽ ലഡാക്ക്, ലേ വരെ ആറ് തുരങ്കങ്ങളുടെയും റോഡുകളും നിർമ്മാണം നടക്കുകയാണ്. ഇതിന്റെ ഭാഗമായ സോജില ടണലിന്റെ 70 ശതമാനം ജോലികളും പൂർത്തിയായി. 11.8 കിമി ദൈർഘ്യമുള്ള സോജില ടണൽ ഏഷ്യയിലെ ഏറ്റവും നീളം കൂടിയ തുരങ്ക റോഡാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്കാർ പദ്ധതിയിടുന്നത് 2023-24 സാമ്പത്തിക വർഷത്തിൽ ഏകദേശം 13,800 കിലോമീറ്റർ ദേശീയ പാത നിർമ്മിക്കാനാണ്. ശ്രീനഗറിനെ ജമ്മുവുമായി ബന്ധിപ്പിക്കുന്ന 18 തുരങ്ങളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ഇതിൽ 14 ടണലുകൾ സമ്പൂർണ്ണമായി പൂർത്തിയായി. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഇന്ത്യയിലെ ദേശീയ പാതകളുടെ ആകെ ദൈർഘ്യം ഏകദേശം 59 ശതമാനം വർദ്ധിച്ചു. നരേന്ദ്രമോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം രണ്ടാമത്തെ വലിയ റോഡ് ശൃംഖലയുള്ള രാജ്യമായി ഭാരതം മാറിയെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.