തൊടുപുഴ: ചിന്നക്കനാലിലെ ഭൂമി സംബന്ധിച്ചുള്ള ആരോപണങ്ങളിൽ പ്രതികരണവുമായി മാത്യു കുഴൽനാടൽ എംഎൽഎ. ‘അനധികൃത നിർമാണവും ബെനാമികളും’ എന്ന ആരോപണത്തിലാണ് അദ്ദേഹം മറുപടി നൽകിയത്. വസ്തുതകൾ പൊതുസമൂഹം വിലയിരുത്തട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ‘കപ്പിത്താൻ ബംഗ്ലാവ്’ റിസോർട്ടിൽ നിന്നുള്ള വീഡിയോ ഫേസ്ബുക്കിൽ പങ്കുവച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഇന്നത്തെ ഭൂനിയമ പ്രകാരം നിയമപരമായി അനുമതിയുള്ള കെട്ടിടമാണെന്ന് അടിവരയിട്ടു പറയുന്നു. കാരണം അപേക്ഷിച്ചതുതന്നെ റെസിഡൻഷ്യൽ പെർമിറ്റിനുവേണ്ടിയതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പട്ടയഭൂമിയിൽ നിയമപരമായി റെസിഡൻഷ്യൽ ബിൽഡിങ് മാത്രമേ പണിയാൻ കഴിയൂ. ഹോം സ്റ്റേയുടെ അനുമതി നേടി റിസോർട്ടോ, ടൂറിസ്റ്റ് കേന്ദ്രമോ ആയി ഉപയോഗിക്കുന്നതിന് യാതൊരു തടസ്സവും ഇല്ല. നാലു കെട്ടിടമാണ് ഇവിടെയുള്ളത്. അതിൽ മൂന്നു കെട്ടിടങ്ങളുടെ പണി 90-95 ശതമാനം പൂർത്തിയായ നിലയിലാണ് വാങ്ങിയത്. വാങ്ങിയതിനു ശേഷം ഒരു കെട്ടിടം പോലും പുതിയതായി പണിതിട്ടില്ല. ചിന്നക്കനാലിൽ ഭൂനിയമം ലംഘിച്ച് റിസോർട്ട് പണിതുവെന്ന് പറയുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
മൂന്നുവർഷം മുൻപ് ഈ പ്രോപ്പർട്ടി വാങ്ങുമ്പോൾ ഇതിനകത്ത് ഉണ്ടായിരുന്ന കെട്ടിടങ്ങളാണ് ഇപ്പോഴും ഉള്ളത്. താഴെ ഒരു ഭാഗം ഇടിഞ്ഞുപോയിരുന്നു. അവിടെ സംരക്ഷണ ഭിത്തി കെട്ടി. പുറമേ, ഇന്റീരിയർ മെയിന്റനസ് വർക്കുകളും ചെയ്തിട്ടുണ്ട്. അതല്ലാതെ പുതിയതായി ഒരു കെട്ടിടം പോലും ഇവിടെ പണിതിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

