ഇന്ത്യ, താനെന്റെ ലക്ഷ്യസ്ഥാനത്തെത്തി, നിങ്ങളും; ചന്ദ്രയാൻ-3 ആദ്യ സന്ദേശമയച്ചു

ബംഗളൂരു: അഭിമാന നിമിഷത്തിൽ ഇന്ത്യ. രാജ്യത്തിന്റെ ചാന്ദ്രദൗത്യം ചന്ദ്രയാൻ-3 ചന്ദ്രനിൽ ലാൻഡ് ചെയ്തതിന് പിന്നാലെ ആദ്യ സന്ദേശമയച്ചു. സാങ്കൽപ്പിക സന്ദേശം ഐ എസ് ആർ ഒ ട്വീറ്റ് ചെയ്തു. ‘ഇന്ത്യ, താനെന്റെ ലക്ഷ്യസ്ഥാനത്തെത്തി. നിങ്ങളും. ചന്ദ്രയാൻ-3 ചന്ദ്രനിൽ വിജയകരമായി ലാൻഡ് ചെയ്തു. അഭിനന്ദനങ്ങൾ ഇന്ത്യ.’ എന്നതായിരുന്നു ചന്ദ്രയാൻ 3 അയച്ച സന്ദേശം.

ഇന്ത്യൻ സമയം 6.04 നായിരുന്നു ചന്ദ്രയാൻ 3 വിജയകരമായ സോഫ്റ്റ് ലാൻഡിംഗ് നടത്തിയത്. 5.44 നാണ് സോഫ്റ്റ് ലാൻഡിംഗ് ദൗത്യം ആരംഭിച്ചത്. മിഷൻ വിജയിച്ചതോടെ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ രാജ്യമെന്ന നേട്ടം ഇന്ത്യയ്ക്ക് സ്വന്തമായി.

ഇന്ത്യയുടെ നേട്ടത്തിൽ അഭിനന്ദനങ്ങൾ അറിയിച്ച് നിരവധി പ്രമുഖർ രംഗത്തെത്തി. മുഖ്യമന്ത്രി പിണറായി വിജയനും ഇന്ത്യയുടെ നേട്ടത്തിൽ അഭിനന്ദനം അറിയിച്ചു.

ഇന്ത്യൻ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ സമുജ്ജ്വലമായ അധ്യായമാണ് ചന്ദ്രയാൻ-3 ന്റെ വിജയകരമായ സോഫ്റ്റ് ലാൻഡിംഗെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ചന്ദ്രന് ചുറ്റും ഒരു മാസത്തിലേറെ നീണ്ട ഭ്രമണത്തിന് ശേഷമാണ് ഇന്ന് ചാന്ദ്രയാൻ3 സോഫ്റ്റ് ലാൻഡ് ചെയ്തത്. ഇതോടെ രാജ്യത്തിന്റെ മൂന്നാം ചാന്ദ്ര പര്യവേഷണ ദൗത്യം അതിന്റെ പ്രധാനപ്പെട്ട ആദ്യ കടമ്പ കടന്നിരിക്കുകയാണ്.

2019 ൽ ചന്ദ്രയാൻ-2 ദൗത്യത്തിനുണ്ടായ അവസാന ഘട്ട തിരിച്ചടിയിൽ നിന്നുള്ള തിരിച്ചറിവുകൾ ഉപയോഗപ്പെടുത്തിയാണ് ഇന്ന് ചന്ദ്രയാൻ-3 സോഫ്റ്റ് ലാൻഡിംഗ് പൂർത്തിയാക്കിയത്. നിശ്ചയിച്ച സ്ഥലത്തേക്ക് ലാൻഡർ മൊഡ്യൂൾ കൃത്യമായ കണക്കുകൂട്ടലുകളിലൂടെ ലാൻഡ് ചെയ്യിപ്പിച്ചു. മുൻ പരീക്ഷണങ്ങളിൽ നിന്നുള്ള അനുഭവങ്ങളും തിരിച്ചറിവുകളും ഉപയോഗപ്പെടുത്തിയാണ് ശാസ്ത്ര ഗവേഷണ രംഗത്ത് വലിയ മുന്നേറ്റങ്ങൾ സാധ്യമാവുന്നത്. ചന്ദ്രയാൻ-3 അതിനൊരു വലിയ ദൃഷ്ടാന്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയുടെ ശാസ്ത്ര സാങ്കേതിക രംഗത്തെ ഗവേഷണ, പര്യവേക്ഷണങ്ങൾക്ക് വലിയ ഊർജ്ജം പകരുന്നതാണ് ചന്ദ്രയാൻ-3 ന്റെ ഈ നേട്ടമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നതമായ ശാസ്ത്രബോധമുള്ള ഒരു സമൂഹത്തിന് മാത്രമേ സർവ്വതല സ്പർശിയായ പുരോഗതി സാധ്യമാവുകയുള്ളു. ഈ ലക്ഷ്യത്തിലേക്കുള്ള വലിയ ചുവടുവെപ്പാകട്ടെ ചന്ദ്രയാൻ-3. ഈ നേട്ടത്തിനായി പ്രവർത്തിച്ച എല്ലാവർക്കും അദ്ദേഹം അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു. ഐഎസ്ആർഒ ചെയർമാൻ ഡോ എസ് സോമനാഥ് ഉൾപ്പെടെ ഒരു കൂട്ടം മലയാളികളും ഇതിന് പിന്നിലുണ്ടെന്നത് ലോകത്തുള്ള എല്ലാ കേരളീയർക്കും ഏറെ അഭിമാനകരമായ കാര്യമാണ്. ബഹിരാകാശ രംഗത്ത് കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ ഐഎസ്ആർഒയ്ക്ക് കഴിയട്ടെ എന്ന് അദ്ദേഹം ആശംസിക്കുകയും ചെയ്തു.