തിരുവനന്തപുരം: തമിഴ് സൂപ്പർ താരം രജനീകാന്തിനെ സന്ദർശിച്ച് നടനും സംവിധായകനുമായ ജൂഡ് ആന്റണി ജോസഫ്. 2018 സിനിമയുടെ നിർമ്മാതാക്കളായ വേണു കുന്നപ്പള്ളിയും ആന്റോ ജോസഫും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
തന്റെ 170 -ാമത് സിനിമയുടെ ചിത്രീകരണത്തിനായി രജനീകാന്ത് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് എത്തിയിരുന്നു. 10 ദിവസത്തെ സിനിമാ ചിത്രീകരണത്തിനാണ് അദ്ദേഹം തിരുവനന്തപുരത്ത് വന്നത്. രജനീകാന്തിനെ സന്ദർശിച്ച ശേഷം അദ്ദേഹത്തോടൊപ്പമുള്ള ചിത്രങ്ങൾ ജൂഡ് ആന്റണി സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചു. ഈ ചിത്രങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 2018 സിനിമയെ പ്രശംസിച്ച് രജനീകാന്ത് സംസാരിച്ചതായി ജൂഡ് ആന്റണി വ്യക്തമാക്കി.
എന്തൊരു സിനിമയാണിത് ജൂഡ്, നിങ്ങൾ ഇതെങ്ങനെയാണ് ഈ സിനിമ ഷൂട്ട് ചെയ്തത്? ആശ്ചര്യകരം തന്നെ. പോയി ഓസ്‌കർ കൊണ്ട് വാ, തന്റെ അനുഗ്രഹങ്ങളും പ്രാർത്ഥനകളും നിങ്ങളോടൊപ്പമുണ്ടെന്ന് തന്നെ കണ്ടപ്പോൾ രജനികാന്ത് പറഞ്ഞതായി ജൂഡ് അറിയിച്ചു. ഈ അവിസ്മരണീയമായ അവസരത്തിന് ദൈവത്തിന് നന്ദി. ഇങ്ങനെയൊരു കൂടിക്കാഴ്ച സാദ്ധ്യമാക്കിയതിന് തന്റെ പ്രിയ സുഹൃത്ത് സൗന്ദര്യ രജനികാന്തിനും നന്ദി അറിയിക്കുന്നുവെന്ന് ജൂഡ് ആന്റണി കൂട്ടിച്ചേർത്തു.

