ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേൽ; തീരുമാനം സുരക്ഷാകാര്യ മന്ത്രിസഭാ യോഗത്തിൽ

ടെൽഅവീവ്: പലസ്തീൻ സായുധ സംഘടന ഹമാസിനെതിരെ ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിച്ച് ഇസ്രയേൽ. 1973 ന് ശേഷം ആദ്യമായാണ് ഇസ്രയേൽ ഔദ്യോഗിക യുദ്ധ പ്രഖ്യാപനം നടത്തുന്നത്. ഇസ്രയേൽ സുരക്ഷാകാര്യ മന്ത്രിസഭാ യോഗം ചേർന്നാണ് ഇതുസംബന്ധിച്ച തീരുമാനം പ്രഖ്യാപിച്ചത്. ഇസ്രയേലും ഹമാസും തമ്മിൽ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് പ്രഖ്യാപനം.

അതേസമയം, ഇസ്രായേലിന് സാമ്പത്തിക-സൈനിക സഹായം നൽകുമെന്ന് അമേരിക്ക അറിയിച്ചു. അധിക സാമ്പത്തിക-സൈനിക സഹായം അമേരിക്ക പ്രഖ്യാപിക്കുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യക്തമാക്കിയിരുന്നു.

ഇസ്രയേലിന്റെ സഹായ അഭ്യർത്ഥനകൾ അവലോകനം ചെയ്യുകയാണെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഹമാസ് ആക്രമണത്തിൽ ഇസ്രായേലിനെ അമേരിക്കൻ പൗരന്മാർ കൊല്ലപ്പെട്ടുവെന്ന റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.