പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്താൻ സുരേഷ് ഗോപി

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്താൻ സുരേഷ് ഗോപി. പ്രധാനമന്ത്രി നരേന്ദ്ര മോദി. സുരേഷ് ഗോപിയെ ഡൽഹിയിലേക്ക് വിളിപ്പിച്ചുവെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. വെള്ളിയാഴ്ച സുരേഷ് ഗോപി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് റിപ്പോർട്ട്.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് തൃശൂരിൽ സുരേഷ് ഗോപിയുടെ നേതൃത്വത്തിൽ പദയാത്ര സംഘടിപ്പിച്ചതിന് പിന്നാലെയാണ് മോദി അദ്ദേഹത്തെ ഡൽഹിയിലേക്ക് വിളിപ്പിച്ചത്. സുരേഷ് ഗോപി തൃശൂരിൽ നടത്തിയ പദയാത്ര സംസ്ഥാനത്തെ ബിജെപിക്ക് ഉണർവേകി എന്നാണ് വിലയിരുത്തപ്പെടുന്നത്.

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ പണം നഷ്ടമായ ഇരകൾക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ടാണ് സുരേഷ് ഗോപി പദയാത്ര നടത്തിയത്. കരുവന്നൂർ സഹകരണ ബാങ്കിന് മുന്നിൽ നിന്നും ആരംഭിച്ച് തൃശൂർ സഹകരണ ബാങ്ക് വരെയായിരുന്നു യാത്ര. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനാണ് യാത്ര ഉദ്ഘാടനം ചെയ്തത്. പദയാത്രയുടെ സമാപന ചടങ്ങ് എം ടി രമേശും ഉദ്ഘാടനം ചെയ്തു.

കരുവന്നൂർ ബാങ്കിൽ തുടരുന്ന ഇഡി നടപടികൾ സഹകരണപ്രസ്ഥാനങ്ങളെ നശിപ്പിക്കാൻ വേണ്ടിയല്ലെന്ന് സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു. ക്രൂരന്മാരുടെ ചതിക്കുഴിയിൽ അകപ്പെട്ട ജനങ്ങളാണ് തനിക്കൊപ്പം നടന്നു നീങ്ങുന്നത്. മനുഷ്യന് വേണ്ടിയാണ് ഈ പദയാത്ര. പാവങ്ങളുടെ കൂടെ നിന്നുകൊണ്ടുള്ള രാഷ്ട്രപ്രവർത്തനമാണിതെന്നും സുരേഷ് ഗോപി അറിയിച്ചിരുന്നു.