ന്യൂഡൽഹി: വന്ദേഭാരത് ട്രെയിനുകളുടെ നിറം ഓറഞ്ച് ആക്കി മാറ്റിയതിൽ വിശദീകരണവുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. നിറം മാറ്റിയതിൽ രാഷ്ട്രീയമില്ലെന്ന് അദ്ദേഹം പറഞ്ഞു. വന്ദേഭാരതിന് പുതിയ നിറം തെരഞ്ഞെടുത്തത് ശാസ്ത്രത്തിന്റെ പിൻബലത്തിലാണെന്നും അദ്ദേഹം വിശദീകരിച്ചു.
രണ്ട് നിറങ്ങളാണ് മനുഷ്യന്റെ കണ്ണുകളിൽ വേഗത്തിൽ തിരിച്ചറിയാൻ കഴിയുന്നത്. മഞ്ഞയും ഓറഞ്ചുമാണ് ഈ നിറങ്ങൾ. യൂറോപ്പിൽ 80 ശതമാനം ട്രെയിനുകളുടെയും നിറം ഓറഞ്ച് അല്ലെങ്കിൽ മഞ്ഞയുടെയും ഓറഞ്ചിന്റെയും കോംപിനേഷനുകളാണ്. മഞ്ഞയും ഓറഞ്ചും പോലെ തിളക്കമേറിയ ധാരാളം നിറങ്ങൾ വേറെയുണ്ട്. വെള്ളി നിറം തിളക്കമേറിയതാണ്. എന്നാൽ, മനുഷ്യന്റെ കണ്ണുകൾക്ക് പെട്ടെന്ന് തിരിച്ചറിയാൻ കഴിയുന്ന നിറങ്ങൾ ഓറഞ്ചും മഞ്ഞയുമാണ്. ഈ നിറം ഏറ്റവും അനുയോജ്യമായതിനാൽ അവ പരിഗണിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
വിമാനങ്ങളുടെയും കപ്പലുകളുടെയും ബ്ലാക്ക് ബോക്‌സുകൾ ഓറഞ്ച് നിറത്തിലായത് ഇക്കാരണത്താലാണ്. ബോട്ടുകളിൽ ഉപയോഗിക്കുന്ന ലൈഫ് ജാക്കറ്റിന്റെ നിറം ഓറഞ്ച് ആണ്. ദേശീയ ദുരന്തനിവാരണ സേന ഉപയോഗിക്കുന്ന ലൈഫ് ജാക്കറ്റിന്റെ നിറവും ഓറഞ്ചാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

