തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനും കെപിസിസി പ്രസിഡന്റിനുമെതിരെ വിമർശനവുമായി എ കെ ആന്റണി. കെപിസിസി നേതൃയോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. പാർട്ടിയിൽ പരസ്പരം ഐക്യം ഇല്ലെങ്കിലും അണികളെ എങ്കിലും ബോധ്യപ്പെടുത്താൻ കഴിയണമെന്ന് ആന്റണി വ്യക്തമാക്കി. പാർട്ടിയിൽ ഐക്യം കൊണ്ടുവരേണ്ടത് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നേതാക്കൾ പക്വത കാട്ടണമെന്നും സ്വയം പരിഹാസ്യരാവരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടി നേതൃത്വം എന്നത് സുധാകരനും സതീശനുമാണ്. അത് എല്ലാവരും മനസ്സിലാക്കണമെന്നും ആന്റണി അഭിപ്രായപ്പെട്ടു.
അതേസമയം, പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയിക്കാൻ ഇപ്പോഴത്തെ പ്രവർത്തനം പോരെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ചൂണ്ടിക്കാട്ടി. മണ്ഡലം പുനസംഘടന വൈകുന്നതിനും കെ.സി വേണുഗോപാൽ അതൃപ്തി രേഖപ്പെടുത്തി. ജില്ലകൾ നേതാക്കളുടെ സാമ്രാജ്യം ആണെന്ന് തെറ്റിദ്ധരിക്കരുതെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
ഇത്തവണ കണ്ണൂരിൽ നിന്ന് മത്സരിക്കാനില്ലെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അറിയിച്ചു. കെ.പി.സി.സി അധ്യക്ഷപദവിയും എംപി സ്ഥാനവും ഒന്നിച്ചു കൊണ്ടു പോകാൻ കഴിയാത്തതിനാൽ ഇത്തവണ മത്സരിക്കാനില്ലെന്നാണ് സുധാകരൻ അറിയിച്ചത്.

