തിരുവനന്തപുരം : നേമം കോച്ചിങ് ടെർമിനൽ നിർമാണത്തിന് റെയിവേയുടെ അനുമതി. പദ്ധതിക്ക് ഏപ്രിലിൽ തന്നെ 116.57 കോടി രൂപ അനുവദിച്ചിരുന്നു. നിലവിൽ ഒന്നാം ഘട്ടനിർമ്മാണം മാത്രമാണ് നടത്തുന്നത്. 2008 ലാണ് പദ്ധതി തയ്യാറാക്കുന്നത്. എന്നാൽ ആദ്യ പദ്ധതിയിലെ പല നിർദേശങ്ങളും ഒഴിവാക്കിയാണ് നിലവിൽ നിർമാണം നടത്തുന്നത്.
ടെർമിനലിന്റെ നിർമ്മാണം പൂർത്തിയാകുന്നതോടെ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷന്റെ ഉപഗ്രഹ സ്റ്റേഷനായി നേമം മാറും. ഭാവിയിൽ കൂടുതൽ ട്രെയിനുകൾ യാത്ര തുടങ്ങുന്നതും അവസാനിക്കുന്നതും ഇവിടെ നിന്നുതന്നെയാവും.
കോച്ചിങ് ടെർമിലിന് പുതിയ കെട്ടിടം. ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കുള്ള 2 പിറ്റ് ലൈനുകൾ, അറ്റകുറ്റപ്പണി കഴിഞ്ഞവ നിർത്തിയിടാൻ 4 സ്റ്റേബിളിങ് ലൈനുകൾ, വലിയ തകരാറുകൾ പരിഹരിക്കാൻ 2 സിക് ലൈനുകൾ, ഷെഡ് എന്നിവയാണ് നേമത്ത് നിർമിക്കുന്നത്. നാലു പ്ലാറ്റ്ഫോമുകൾ, അവയെ ബന്ധിപ്പിച്ച് അടിപ്പാത, നടപ്പാലം, സബ് വേയിൽ നിന്ന് ഒന്നാം പ്ലാറ്റ്ഫോമിലേക്ക് എസ്കലേറ്ററും ലിഫ്റ്റും, എല്ലാ പ്ലാറ്റ്ഫോമിലും ലിഫ്റ്റ്, പാർക്കിങ് ഏരിയ തുടങ്ങിയവയുമുണ്ട്. സിവിൽ എൻജിനീയറിങ് ജോലികൾക്ക് 99.58 കോടി രൂപ, സിഗ്നൽ നവീകരണത്തിന് 8.44 കോടി, ഇലക്ട്രിക്കൽ ജോലികൾക്ക് 4.25 കോടി, ഇലക്ട്രിക്കൽ ട്രാക്ഷന് 2.85 കോടി എന്നിങ്ങനെയാണ് വിഹിതം. ടെർമിനൽ നിർമാണത്തിനായി ഇതിനോടകം തന്നെ ഭൂമി ഏറ്റെടുത്തു കഴിഞ്ഞു. എന്നാൽ കുറച്ചു ഭൂമി കൂടി ഇനിയും ഏറ്റെടുക്കാനുണ്ട് എന്നാണ് വിവരം.

