ചൈനീസ് പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി നരേന്ദ്ര മോദി: അതിർത്തി വിഷയത്തിൽ നിലപാട് അറിയിച്ചു

ജോഹന്നാസ്ബർഗ്: ചൈനീസ് പ്രസിഡന്റ് ഷീ ജിൻ പിംഗുമായി കൂടിക്കാഴ്ച നടത്തി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുവരും തമ്മിൽ ചർച്ച നടത്തിയതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതിർത്തി വിഷയത്തിലെ ഇന്ത്യയുടെ നിലപാട് നരേന്ദ്രമോദി കൂടിക്കാഴ്ചയിൽ ചൈനീസ് പ്രസിഡണ്ടിനെ അറിയിച്ചു. അതിർത്തിയിൽ സമാധാനം നിലനിർത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം ബോധ്യപ്പെടുത്തി.

അതിർത്തിയിൽ നിന്നും ഘട്ടം ഘട്ടമായി പിന്മാറാനും കൂടിക്കാഴ്ചയിൽ ധാരണയായിട്ടുണ്ട്. ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ദക്ഷിണാഫ്രിക്കയിൽ എത്തിയപ്പോഴാണ് ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.

അതേസമയം, ബ്രിക്സ് ഉച്ചകോടിയുടെ ഗ്രൂപ്പ് ഫോട്ടോ സെക്ഷനിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റും അകലം പാലിച്ചിരുന്നു. ഇത് ആശങ്കയ്ക്ക് വഴി വച്ചിരുന്നെങ്കിലും ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച സംബന്ധിച്ച് നിലവിൽ പുറത്തുവരുന്ന വാർത്ത ആശ്വാസകരമാണ്.