തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ആസ്തികൾ മൂല്യനിർണയം നടത്താൻ ഉത്തരവിട്ട് ഹൈക്കോടതി. ഏജൻസിയെ ഉപയോഗിച്ച് മൂല്യനിർണയം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കോടതി നൽകിയിരിക്കുന്ന നിർദേശം. തൊഴിലാളികളുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെതിരായ ഹർജിയിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.
വായ്പക്കായി പണയം വെച്ച ആസ്തികളുടെ വിശദാംശങ്ങൾ നൽകണം. കെഎസ്ആർടിസിയുടെ ആസ്തി ബാധ്യതകൾ വ്യക്തമാക്കുന്ന ബാലൻസ് ഷീറ്റ് സമർപ്പിക്കണെമന്നും കോടതി വ്യക്തമാക്കി. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ മറ്റാവശ്യങ്ങൾക്ക് ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിച്ച തുക വിനിയോഗിക്കാൻ കെഎസ്ആർടിസിക്ക് അവകാശമില്ലെന്ന് ഹൈക്കോടതി നേരത്തെ പറഞ്ഞിരുന്നു. ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പങ്കാളിത്ത പെൻഷൻ പദ്ധതിയിലേക്കും സ്റ്റേറ്റ് ലൈഫ് ഇൻഷ്വറൻസ് പോളിസിയിലേക്കും അടയ്ക്കാൻ പിടിച്ച തുക ആറ് മാസത്തിനകം അതത് പദ്ധതികളിൽ അടയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

