ഓണം വാരാഘോഷം: ഓഗസ്റ്റ് 27ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ഓണം വാരാഘോഷത്തിന് തലസ്ഥാനം ഒരുങ്ങി. ഓഗസ്റ്റ് 27ന് മുഖ്യമന്ത്രി പിണറായി വിജയൻ ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. ഓഗസ്റ്റ് 27 മുതൽ സെപ്റ്റംബർ രണ്ടു വരെ തലസ്ഥാനത്ത് നടക്കുന്ന ഓണം വാരാഘോഷത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി മന്ത്രിമാരായ വി. ശിവൻകുട്ടിയും പി. എ. മുഹമ്മദ് റിയാസും അറിയിച്ചു.

ഓഗസ്റ്റ് 27ന് വൈകിട്ട് ആറ് മണിക്ക് നിശാഗന്ധിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓണം വാരാഘോഷത്തിന്റെ ഉദ്ഘാടനം നിർവഹിക്കുമെന്നും മന്ത്രിമാർ വ്യക്തമാക്കി. മാസ്‌കറ്റ് ഹോട്ടലിൽ നടന്ന വിവിധ ഓണാഘോഷ സംഘാടക സമിതികളുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രിമാർ. ഉദ്ഘാടന ചടങ്ങിൽ നടൻ ഫഹദ് ഫാസിലും നർത്തകി മല്ലിക സാരാഭായിയും മുഖ്യ അതിഥികൾ ആകും.

ഉദ്ഘാടന ചടങ്ങിൽ, സംസ്ഥാന സ്‌കൂൾ കലോത്സവത്തിലെ ഒന്നാം സ്ഥാനക്കാരായ പട്ടാമ്പി പെരിങ്ങോട് സ്‌കൂളിലെ വിദ്യാർഥികളുടെ പഞ്ചവാദ്യം, കലാമണ്ഡലത്തിലെ നർത്തകർ അവതരിപ്പിക്കുന്ന നൃത്തശില്പം എന്നിവയും ഉണ്ടാകും. ജില്ലയിൽ വിവിധ ഇടങ്ങളിൽ 30 വേദികളിലായി എണ്ണായിരത്തോളം കലാകാരന്മാർ പരിപാടികൾ അവതരിപ്പിക്കുമെന്നും മന്ത്രിമാർ അറിയിച്ചു. കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് ലോകത്തിനു മുന്നിൽ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഓണം ഒരുമയുടെ ഈണം’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ആഘോഷ പരിപാടികൾ നടക്കുക.

കനകക്കുന്ന്, സെൻട്രൽ സ്റ്റേഡിയം, പൂജപ്പുര, തൈക്കാട്, കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയം, എന്നിവിടങ്ങളാണ് പ്രധാന വേദികൾ. ലേസർ ഷോ പ്രദർശനം ഇത്തവണത്തെ ആഘോഷത്തിന് മാറ്റു കൂട്ടും. കഴിഞ്ഞ രണ്ടു വർഷങ്ങളിലായി സംഘടിപ്പിച്ചു വരുന്ന വെർച്വൽ ഓണപ്പൂക്കളം ഇത്തവണയും ഉണ്ട്. കനകക്കുന്നിൽ വാരാഘോഷ ദിവസങ്ങളിൽ ട്രേഡ് ഫെയറും ഫുഡ് ഫെസ്റ്റും ഉണ്ടാകും.

കലാപരിപാടികൾ

പ്രമുഖ ചലച്ചിത്രപിന്നണി ഗായകരും ചലച്ചിത്ര താരങ്ങളും അണിനിരക്കുന്ന കൈരളി ടീവിയുടെ ചിങ്ങ നിലാവ് ആണ് ഉദ്ഘാടന ദിവസത്തെ കലാപരിപാടി. ഡോ. മല്ലിക സാരാഭായിയുടെ നേതൃത്വത്തിൽ ദർപ്പണ അക്കാദമി ഓഫ് പെർഫോർമിങ് ആർട്സിന്റെ നൃത്ത്യ പരിപാടി, ടിനി ടോം – കലാഭവൻ പ്രജോദ് എന്നിവരുടെ മെഗാ ഷോ, മട്ടന്നൂർ ശങ്കരൻ കുട്ടി – പ്രകാശ് ഉള്ളിയേരി എന്നിവരുടെ ഫ്യൂഷൻ, മനോരമ മെഗാ ഷോ, ഷഹബാസ് അമൻ ഗസൽ സന്ധ്യ, ഹരിശങ്കർ നേതൃത്വം നൽകുന്ന മ്യൂസിക്കൽ നൈറ്റ് എന്നിവ ഒരാഴ്ചക്കാലം നിശാഗന്ധിയെ ആഘോഷത്തിലാക്കും. മറ്റ് പ്രധാന വേദികളായ പൂജപ്പുര, കഴക്കൂട്ടം എന്നിവിടങ്ങളിലും പ്രമുഖ ഗായകരും സംഗീതജ്ഞരും ഓണാഘോഷങ്ങൾക്ക് മാറ്റു കൂട്ടും. പ്രാദേശിക കലാകാരന്മാർക്ക് വലിയ പരിഗണന നൽകിയിട്ടുണ്ടെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു.

വൈദ്യുത ദീപാലങ്കാരം

കവടിയാറിൽ നിന്നും ശാസ്തമംഗലം വരെയും മണക്കാട് വരെയും വൈദ്യുത ദീപാലങ്കാരം ഒരുക്കും. ഇതുകൂടാതെ കനകക്കുന്നിൽ ആകർഷകമായ പ്രത്യേക ദീപാലങ്കാരവും ഉണ്ടാകുമെന്ന് മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചു. ഓഗസ്റ്റ് 26 ന് വൈകിട്ട് ദീപാലങ്കാരങ്ങളുടെ സ്വിച്ച് ഓൺ കർമ്മം നടക്കും.

സമാപന ഘോഷയാത്ര

വാരാഘോഷത്തിന്റെ സമാപനം കുറിച്ചുകൊണ്ട് നടക്കുന്ന ഘോഷയാത്ര സെപ്റ്റംബർ രണ്ടിന് വൈകിട്ട് അഞ്ചുമണിക്ക് മാനവീയം വീഥിക്ക് സമീപം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഫ്ളാഗ് ഓഫ് ചെയ്യും. പൂർണ്ണമായും ഗ്രീൻ പ്രോട്ടോകോൾ പാലിച്ചുകൊണ്ടാണ് ഘോഷയാത്ര നടക്കുക. ഇതിനായി ഒരു ഗ്രീൻ ആർമി രൂപീകരിച്ചിട്ടുണ്ടെന്നും ഇതോടൊപ്പം ടൂറിസം ക്ലബ്ബിന്റെ വോളണ്ടിയർമാരും സേവനത്തിന് ഉണ്ടാകുമെന്നും മന്ത്രി അറിയിച്ചു. വിഐപികൾക്കായി മുൻവർഷങ്ങളിൽ യൂണിവേഴ്സിറ്റി കോളേജിനു മുന്നിൽ ഒരുക്കിയിരുന്ന പവലിയൻ ഇത്തവണ പബ്ലിക് ലൈബ്രറിക്ക് മുന്നിലേക്ക് മാറ്റും. ഭിന്നശേഷി കുട്ടികൾക്ക് ഘോഷയാത്ര കാണാനുള്ള പ്രത്യേക സൗകര്യം ഒരുക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. ഓണാഘോഷത്തിന്റെ ഭാഗമായി നഗരത്തിൽ പഴുതടച്ച സുരക്ഷ ഒരുക്കും.

മാധ്യമ പുരസ്‌കാരങ്ങൾ

ഓണം വാരാഘോഷത്തിന്റെ കവറേജ് മികച്ച നിലയിൽ നടത്തുന്ന മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും ഇത്തവണ ക്യാഷ് അവാർഡും മെമെന്റോയും നൽകും. മികച്ച അച്ചടി മാധ്യമം, അച്ചടി മാധ്യമ റിപ്പോർട്ടർ, ഫോട്ടോഗ്രാഫർ, മികച്ച ദൃശ്യമാധ്യമം, ദൃശ്യമാധ്യമ റിപ്പോർട്ടർ, വീഡിയോഗ്രാഫർ, മികച്ച എഫ് എം, മികച്ച ഓൺലൈൻ മാധ്യമം എന്നിങ്ങനെയാണ് പുരസ്‌കാരങ്ങൾ നൽകുക.

മാസ്‌കറ്റ് ഹോട്ടലിൽ നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രിമാരായ വി. ശിവൻകുട്ടി, പി.എ മുഹമ്മദ് റിയാസ്, ഐ. ബി സതീഷ് എംഎൽഎ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. രാവിലെ മസ്‌കറ്റ് ഹോട്ടലിൽ തന്നെ നടന്ന സംഘാടക സമിതികളുടെ യോഗത്തിൽ മന്ത്രിമാരായ വി. ശിവൻകുട്ടി പി.എ മുഹമ്മദ് റിയാസ്, ജി.ആർ. അനിൽ, എംഎൽഎമാരായ സി.കെ. ഹരീന്ദ്രൻ, ഐ. ബി സതീഷ,് ജി. സ്റ്റീഫൻ, ഡി.കെ മുരളി, വി.കെ. പ്രശാന്ത്, ഒ.എസ് അംബിക, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുത്തു.